





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."
رواه مسلمഅല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാൾ രാവിലെ ഒരു തിന്മ പ്രവർത്തിക്കുകയും രാത്രി അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഒരാൾ രാത്രിയിൽ ഒരു തിന്മ പ്രവർത്തിക്കുകയും പകൽ അതിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. തൻ്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തോഷമുള്ളവനായും, അത് സ്വീകരിക്കുന്നവനായും അല്ലാഹു അവൻ്റെ കരങ്ങൾ നീട്ടുന്നു. അല്ലാഹുവിൻ്റെ അടുക്കൽ പശ്ചാത്താപത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നു; അന്ത്യനാൾ ആരംഭിച്ചു എന്നതിൻ്റെ അടയാളമായി സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത് വരെ അപ്രകാരം തന്നെ അത് തുടരും. എന്നാൽ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിച്ചാൽ അതോടെ തൗബയുടെ വാതിലുകൾ അടക്കപ്പെടും.
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത്."
رواه البخاريമുൻകാല നബിമാർ തങ്ങളുടെ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ പെട്ട, തലമുറകളായി അവരിൽ നിന്ന് കൈമാറി വരികയും ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരിലേക്ക് വരെ എത്തുകയും ചെയ്ത വസ്വിയ്യത്തുകളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീഥിൽ നബി -ﷺ- അറിയിക്കുന്നത്. അതിപ്രകാരമാണ്: നീ പ്രവർത്തിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് നീ ചിന്തിക്കുക; ലജ്ജിക്കപ്പെടേണ്ടതായ ഒരു കാര്യമല്ല അത് എങ്കിൽ നീ അത് പ്രവർത്തിച്ചു കൊള്ളുക. എന്നാൽ ലജ്ജിക്കപ്പെടേണ്ട ഒരു കാര്യമാണ് അത് എങ്കിൽ നീ അത് ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്യുക. കാരണം മ്ലേഛവൃത്തികൾ പ്രവർത്തിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്ന സ്വഭാവഗുണമാണ് ലജ്ജ എന്നത്. ഒരാൾക്ക് ലജ്ജയില്ലാതായി എങ്കിൽ അവൻ എല്ലാ മ്ലേഛവൃത്തികളിലും തിന്മകളിലും മുങ്ങിക്കുളിക്കുക തന്നെ ചെയ്യും.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- എൻ്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു: "ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ ഇനിയൊരു പകൽ നീ പ്രതീക്ഷിക്കരുത്.പകലിൽ പ്രവേശിച്ചാൽ ഇനിയൊരു വൈകുന്നേരവും നീ പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്കുള്ളതും, നിൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ളതും നീ സമ്പാദിക്കുക."
رواه البخاريനബി -ﷺ- തൻ്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞ ചില വാക്കുകളാണ് ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടുന്ന് പറഞ്ഞു: "ഇഹലോകത്ത് നീ ഒരു അപരിചിതനെ പോലെയായിരിക്കുക; താമസിക്കാൻ ഒരു ഭവനമോ, ആശ്വസിപ്പിക്കാൻ പരിചയമുള്ള ഒരാളോ, കുടുംബമോ കൂട്ടരോ ബന്ധങ്ങളോ ഇല്ലാത്ത ഒരു നാട്ടിലേക്ക് വന്നെത്തിയ ഒരു യാത്രികനെ പോലെ... അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിച്ചു കളയുന്ന കാര്യങ്ങളാണല്ലോ ഇവയെല്ലാം! ശേഷം ഒരു അപരിചിതൻ്റെ അവസ്ഥയേക്കാൾ കഠിനമായ മറ്റൊരു കാര്യം കൂടി അവിടുന്ന് ഓർമ്മപ്പെടുത്തി; ഒരു വഴിയാത്രികനെ പോലെ ജീവിക്കുക എന്നതാണത്. തൻ്റെ നാട് ലക്ഷ്യം വെച്ചു കൊണ്ട് ദേശങ്ങൾ താണ്ടി സഞ്ചരിക്കുന്ന വ്യക്തി അപരിചിതമായ ഒരു നാട്ടിൽ താമസിക്കുന്ന ഒരുവനെക്കാൾ തൻ്റെ ലക്ഷ്യത്തെ കുറിച്ച് ബോധ്യവാനായിരിക്കും. ഇടവേളയില്ലാതെ യാത്രയിൽ മുന്നേറുകയും, തൻ്റെ യാത്രയുടെ വേഗത കുറക്കാതിരിക്കാൻ ഏറ്റവും ലളിതമായ വിഭവങ്ങൾ മാത്രം കയ്യിൽ കരുതുകയും ചെയ്തവനായിരിക്കും അവൻ. തൻ്റെ നാട്ടിലേക്ക് ചെന്നെത്തുക എന്നത് മാത്രമായിരിക്കും അവൻ്റെ ലക്ഷ്യം. തൻ്റെ യാത്രയുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന വിഭവങ്ങളിലേക്കല്ലാതെ മറ്റൊന്നിലേക്കും ഒരു യാത്രികൻ്റെ കണ്ണു പോകുന്നില്ല എന്നത് പോലെ, തൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന വിഭവങ്ങളിൽ മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കണം ഒരു മുഅ്മിനിൻ്റെ ജീവിതയാത്രയും. ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ ഈ ഉപദേശം ജീവിതത്തിൽ സ്വീകരിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു: "നീ നേരം പുലർന്നാൽ ഇനിയൊരു വൈകുന്നേരത്തെ പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ ഇനിയൊരു പകലിനെയും പ്രതീക്ഷിക്കരുത്. മരണപ്പെട്ടു ഖബ്റിലേക്ക് ചെന്നെത്താനുള്ളവനാണ് നീയും എന്ന കണക്കുകൂട്ടൽ നിനക്കുണ്ടായിരിക്കട്ടെ. അതോടൊപ്പം, ആയുസ്സിൽ ആരോഗ്യവേളയും രോഗകാലവുമുണ്ടായിരിക്കുന്നതാണ് എന്ന് നീ ഓർക്കുക; അതിനാൽ നിൻ്റെ ആരോഗ്യകാലത്ത് രോഗകാലത്തിന് വേണ്ടി നന്മകൾ ചെയ്തു വെക്കുക. നിനക്കും സൽകർമ്മങ്ങൾക്കും ഇടയിൽ അസുഖങ്ങൾ തടസ്സം സൃഷ്ടിക്കുന്നതിന് മുൻപ് സൽകർമ്മങ്ങൾ വാരിക്കൂട്ടുക. ഇഹലോകത്തുള്ള നിൻ്റെ ഈ ജീവിതം പ്രയോജനപ്പെടുത്തുകയും, മരണശേഷമുള്ള ജീവിതത്തിലേക്കുള്ള വിഭവങ്ങൾ നീ സ്വരുക്കൂട്ടുകയും ചെയ്യുക."
അബ്ദുല്ലാഹിബ്നു ബുസ്ർ (رضي الله عنه) പറയുന്നു: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇസ്ലാമിന്റെ നിയമനിർദേശങ്ങൾ ധാരാളമായി എനിക്കനുഭവപ്പെടുന്നു. അതിനാൽ എനിക്ക് മുറുകെപ്പിടിക്കാൻ (എളുപ്പമുള്ള) ഒരു കാര്യം പറഞ്ഞുതന്നാലും. നബി -ﷺ- പറഞ്ഞു: "നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ."
رواه الترمذي وابن ماجه وأحمدഐഛികമായ ഇബാദത്തുകൾ ഏറെ അധികമുള്ളതായി തനിക്ക് അനുഭവപ്പെടുന്നതിനാൽ അവ ചെയ്യാൻ താൻ അശക്തനാകുന്നു എന്ന കാര്യം ഒരാൾ നബി -ﷺ- യോട് ആവലാതിയായി പറഞ്ഞു. ശേഷം ധാരാളം പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന ഒരു ലളിതമായ നന്മ തനിക്ക് അറിയിച്ചു തരാനും, അക്കാര്യം താൻ മുറുകെ പിടിച്ചു കൊള്ളാമെന്നും അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും ദിക്റും കൊണ്ട് തൻ്റെ നാവ് സദാ സമയവും ഏതവസ്ഥയിലും ചലിപ്പിച്ചു കൊണ്ടിരിക്കാനും സമൃദ്ധമാക്കാനും നബി -ﷺ- അയാളെ ഉപദേശിച്ചു. തസ്ബീഹുകളും തഹ്മീദുകളും ഇസ്തിഗ്ഫാറുകളും പോലെയുള്ള ദിക്റുകളെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
متفق عليهഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ മുസ്ലിംകളിൽ ഒരാളുടെയും വിശ്വാസം പൂർണ്ണത കൈവരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തനിക്ക് ആഗ്രഹിക്കുന്നത് പോലെ തൻ്റെ സഹോദരനും ആഗ്രഹിക്കേണ്ട കാര്യങ്ങൾ എന്നതിൽ സൽകർമ്മങ്ങളും, ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും ഉൾപ്പെടും. അതോടൊപ്പം തനിക്ക് അനിഷ്ടകരമായ കാര്യം തൻ്റെ സഹോദരന് ബാധിക്കുന്നതിലും അവന് അനിഷ്ടമുണ്ടാകേണ്ടതുണ്ട്. അവനിൽ എന്തെങ്കിലും മതപരമായ ന്യൂനതയോ കുറവോ കണ്ടാൽ അത് പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക എന്നതും, അവനിൽ എന്തെങ്കിലും നന്മ കണ്ടാൽ അവനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും, അവൻ്റെ ഭൗതികവും മതപരവുമായ കാര്യങ്ങളിൽ അവനെ ഗുണദോഷിക്കുക എന്നതുമെല്ലാം ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്ലിമിനെ ചീത്ത പറയൽ (അല്ലാഹുവിനോടുള്ള) ധിക്കാരവും; മുസ്ലിമിനോട് യുദ്ധം ചെയ്യൽ കുഫ്റും ആകുന്നു.''
متفق عليهഒരു മുസ്ലിമായ വ്യക്തി തൻ്റെ മുസ്ലിം സഹോദരനെ ചീത്ത പറയുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. ആരെങ്കിലും അപ്രകാരം ചെയ്യുന്നുവെങ്കിൽ, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കാതിരിക്കുക എന്ന ധിക്കാരമാണ് അവൻ്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത് എന്നും അവിടുന്ന് അറിയിക്കുന്നു. തൻ്റെ സഹോദരനായ മുസ്ലിമിനോട് പോരടിക്കുക എന്നതാകട്ടെ, കുഫ്റൻ പ്രവർത്തനങ്ങളിൽ പെട്ടതാണ് എന്നും അവിടുന്ന് അറിയിക്കുന്നു. (ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് ഈ പ്രവൃത്തി എണ്ണപ്പെടുക.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്. വഴികളിൽ അവരിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയാൽ അതിൻ്റെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് അവരെ ഒതുക്കുക."
رواه مسلمയഹൂദരോടും നസ്വാറാക്കളോടും അങ്ങോട്ട് സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നത് നബി -ﷺ- വിലക്കുന്നു. അവർ (ഇസ്ലാമിക രാജ്യത്ത് കരാറോടെ താമസിക്കുന്ന) ദിമ്മികളാണെങ്കിലും അവർക്ക് ഈ വിധി ബാധകമാണ് എന്നതിനാൽ അവരല്ലാത്ത മറ്റു നിഷേധികൾക്കും ഇത് ബാധകമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. അവരിൽ പെട്ടവരെ വഴിയിൽ കണ്ടുമുട്ടുകയാണെങ്കിൽ വഴിയുടെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കണമെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം മുഅ്മിനിനാണ് വഴിയുടെ മദ്ധ്യഭാഗം നൽകേണ്ടത്. നിഷേധികളാണ് വഴിയുടെ ഓരങ്ങൾ ഉപയോഗിക്കേണ്ടത്. മുസ്ലിമായ ഒരു വ്യക്തി ഒരിക്കലും നിന്ദ്യനോ താഴ്ന്നവനോ ആയി ജീവിക്കേണ്ടതില്ല.
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു."
رواه أبو داود والترمذيഅന്ത്യനാളിൽ മുഅ്മിനിൻ്റെ തുലാസിൽ വെക്കപ്പെടുന്ന വാക്കുകളിലും പ്രവർത്തനങ്ങളിലും വെച്ച് ഏറ്റവും ഭാരം തൂങ്ങുന്നത് നല്ല സ്വഭാവത്തിനായിരിക്കും. നല്ല സ്വഭാവമെന്നാൽ; പ്രസന്നവദനനായിരിക്കുക എന്നതും, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതും, അന്യരെ സഹായിക്കുക എന്നതുമാണ്. വാക്കുകളിലും പ്രവർത്തികളിലും മ്ലേഛതകൾ ചെയ്യുന്നവനെയും, സംസാരിച്ചാൽ അസഭ്യവും അശ്ലീലതയും പറയുന്നവനെയും അല്ലാഹു വെറുക്കുന്നു.
ഹുസൈൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ കുറിച്ച് പറയപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനാണ് യഥാർത്ഥ പിശുക്കൻ."
رواه الترمذي والنسائي في الكبرى وأحمدനബി -ﷺ- യുടെ പേരോ കുൻയതോ വിശേഷണമോ കേൾക്കുന്ന വേളയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലാതിരിക്കുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. 'എൻ്റെ പേര് പരാമർശിക്കപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത്ത് ചെല്ലാതിരിക്കുന്നവനാണ് സമ്പൂർണ്ണാർത്ഥത്തിൽ പിശുക്കനായിരിക്കുന്നത്' എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു. അതിൻ്റെ കാരണം: ഒന്ന്: ചെറുതോ വലുതോ ആയ ഒരു നഷ്ടവും സംഭവിക്കാത്ത, പണമോ പ്രത്യേകിച്ചെന്തെങ്കിലുമൊരു പരിശ്രമമോ വേണ്ടതില്ലാത്ത ഒരു നന്മയിലാണ് അവൻ പിശുക്ക് കാണിച്ചിരിക്കുന്നത്. രണ്ട്: അവൻ തനിക്ക് സ്വയം നന്മ ലഭിക്കുന്ന വിഷയത്തിലാണ് പിശുക്ക് പുലർത്തിയിരിക്കുന്നതും, നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിൻ്റെ പ്രതിഫലം തടഞ്ഞു വെച്ചിരിക്കുന്നതും. കാരണം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിലൂടെ അവിടുത്തെ കൽപ്പന പാലിച്ചു കൊണ്ട് നിർബന്ധമായും ചെയ്യേണ്ട ഒരു ബാധ്യതയിൽ നിന്ന് അവൻ വിട്ടുനിൽക്കുകയും, അതിലൂടെ ലഭിക്കേണ്ട പ്രതിഫലം അവൻ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. മൂന്ന്: നബി -ﷺ- യോട് ഓരോ മുസ്ലിമിനുമുള്ള ബാധ്യതയിൽ നിന്ന് ചെറിയൊരു ഭാഗമെങ്കിലും നിറവേറ്റാനുള്ള അവസരമാണ് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുക എന്നത്. കാരണം നബി -ﷺ- യാണ് നമുക്ക് ദീൻ പഠിപ്പിച്ചു തന്നതും നമുക്ക് നേർവഴി കാണിച്ചു തന്നതും. അല്ലാഹുവിലേക്ക് നമ്മെ ക്ഷണിച്ചതും, ഈ സന്ദേശവും അല്ലാഹുവിൻ്റെ വിധിവിലക്കുകളും നമ്മിലേക്ക് എത്തിച്ചു തന്നതും അവിടുന്നാണ്. അല്ലാഹു കഴിഞ്ഞാൽ, നബി -ﷺ- യാണ് നമ്മുടെ സന്മാർഗത്തിൻ്റെ കാരണം. അവിടുത്തെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലാതിരിക്കുക എന്നത് അയാൾ സ്വന്തം കാര്യത്തിൽ കാണിക്കുന്ന കടുത്ത പിശുക്കാണെന്നതിനൊപ്പം, അവൻ തൻ്റെ റസൂൽ -ﷺ- യോട് നിർവ്വഹിക്കേണ്ട ഏറ്റവും ലളിതമായ ബാധ്യതയിലും പിശുക്ക് കാണിച്ചിരിക്കുന്നു.