





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അവിടുത്തെ വഫാത്തിന് (മരണത്തിന്) മൂന്ന് ദിവസം മുൻപ് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്."
رواه مسلمഅല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കുന്നവനായി കൊണ്ടല്ലാതെ ഒരാളും മരണം വരിക്കരുതെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. അല്ലാഹു എന്നോട് കരുണ കാണിക്കുമെന്നും എനിക്ക് പൊറുത്തു തരുമെന്നുമുള്ള പ്രതീക്ഷയാണ് മരണത്തിൻ്റെ വേളയിൽ (ഭയത്തേക്കാൾ) അധികരിപ്പിക്കേണ്ടത്. കാരണം അല്ലാഹുവിനെ കുറിച്ചുള്ള പേടി പ്രവർത്തനങ്ങൾ നന്നാക്കാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. എന്നാൽ മരണാസന്നനായ ഒരു വ്യക്തിക്ക് പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം ഇനിയില്ല. അതിനാൽ പ്രസ്തുത സന്ദർഭത്തിൽ പ്രതീക്ഷയുടെ ഭാഗമാണ് കൂടുതൽ അധികരിപ്പിക്കേണ്ടത്.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിന് എൻ്റെ സലാം അറിയിക്കുക. സ്വർഗം ശുദ്ധമായ മണ്ണും, രുചികരമായ വെള്ളവുമുള്ള ഇടമാണെന്ന് അവരെ അറിയിക്കുക; അവിടെ പരന്ന ഭൂപ്രദേശങ്ങളുണ്ടെന്നും, അതിലെ ചെടികൾ 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണെന്നും (അവരെ അറിയിക്കുക)."
رواه الترمذيഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിയിൽ ഇബ്രാഹീം നബി (عليه السلام) നെ കണ്ടപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ജനതക്ക് എൻ്റെ സലാം അറിയിക്കുക. സ്വർഗത്തിലേത് ശുദ്ധമായ മണ്ണാണെന്നും, ഇവിടെയുള്ള വെള്ളം യാതൊരു ഉപ്പുരസവുമില്ലാത്ത ശുദ്ധമായ വെള്ളമാണെന്നും അവരെ അറിയിക്കുക. സ്വർഗം വിശാലവും നിരപ്പായതുമാണെന്നും, അവിടെ വൃക്ഷങ്ങളില്ലെന്നും, അവിടെ നട്ടുപിടിപ്പിക്കാവുന്ന ചെടികൾ നല്ല വാക്കുകളാണെന്നും അവരെ അറിയിക്കുക. എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളായി വിശേഷിപ്പിക്കപ്പെട്ട 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണ് ആ നല്ല വാക്കുകൾ. മുസ്ലിമായ ഒരാൾ ഓരോ തവണ ഈ വാക്കുകൾ ആവർത്തിക്കുമ്പോഴും അവന് വേണ്ടി സ്വർഗത്തിൽ പ്രസ്തുത ചെടികൾ നട്ടുപിടിപ്പിക്കപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില കുടുംബക്കാരുണ്ട്; ഞാൻ അവരോട് ബന്ധം ചേർക്കുന്നുവെങ്കിലും അവർ എന്നോട് ബന്ധവിഛേദനം നടത്തുന്നു. ഞാൻ അവരോട് നന്മയിൽ വർത്തിക്കുന്നുവെങ്കിലും അവർ എന്നോട് മോശം പ്രവർത്തിക്കുന്നു. ഞാൻ അവരോട് വിവേകത്തോടെ വർത്തിക്കുന്നുവെങ്കിലും അവർ എന്നോട് അവിവേകം പ്രവർത്തിക്കുന്നു." നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞതു പോലെയാണ് കാര്യമെങ്കിൽ നീയവരെ ചുടുമണ്ണു തീറ്റിക്കുന്നതു പോലെയാണ്. ഈ രൂപത്തിൽ നീ തുടരുന്ന കാലത്തോളം അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊപ്പം ഉണ്ടായിരിക്കും."
رواه مسلمനബി -ﷺ- യോട് ഒരാൾ തൻ്റെ കുടുംബത്തിലുള്ള ചിലരെ കുറിച്ച് പരാതി പറയുകയുണ്ടായി. താൻ അവരോട് നന്മയിൽ വർത്തിക്കുന്നെങ്കിലും അവർ തന്നോട് അതിന് നേർവിപരീതമായാണ് പെരുമാറുന്നത് എന്നും അവരോട് അയാൾ കുടുംബബന്ധം ചേർക്കുകയും അവരുടെ അടുത്തേക്ക് അയാൾ ചെല്ലുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അയാളോട് ബന്ധം മുറിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അയാൾ അവർക്ക് നന്മ ചെയ്യുകയും അവരോട് കുടുംബബന്ധത്തിൻ്റെ മര്യാദകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അയാളോട് അനീതി കാണിക്കുകയും വരണ്ട സ്വഭാവത്തിൽ പെരുമാറുകയുമാണ് ചെയ്യുന്നത്. അയാൾ അവർക്ക് പൊറുത്തു കൊടുക്കുകയും അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നുവെങ്കിലും അവർ അയാൾക്ക് മോശമായ വാക്കുകളും പ്രവർത്തികളും മാത്രമാണ് തിരിച്ചു നൽകുന്നത്. ഈ അവസ്ഥയിൽ അവരോടുള്ള കുടുംബബന്ധം പുലർത്തുന്നത് അയാൾ തുടരേണ്ടതുണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ സംശയം. അയാൾക്ക് മറുപടിയായി നബി -ﷺ- പറഞ്ഞു: "താങ്കൾ പറഞ്ഞത് പോലെയാണ് യാഥാർത്ഥ്യമെങ്കിൽ അവർ നിന്ദ്യതയും അപമാനവും ഏറ്റുവാങ്ങുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്. ചൂടുള്ള മണ്ണ് അവരെ ഭക്ഷിപ്പിക്കുന്നതിന് സമാനമാണ് നിൻ്റെ പ്രവർത്തനം. കാരണം അവരോട് നീ ധാരാളമായി നന്മ ചെയ്യുന്നതിനൊപ്പം അവർ നിന്നോട് മോശമായി വർത്തിക്കുകയാണ് ചെയ്യുന്നത്. ഈ നിലയിൽ തുടരുന്നിടത്തോളം അല്ലാഹുവിൻ്റെ പക്കൽ നിന്ന് അവർക്കെതിരെ നിനക്കൊരു സഹായി ഉണ്ടായിരിക്കും. നീ പറയുന്ന വിധത്തിൽ, അവരോട് നീ നന്മ ചെയ്തു കൊണ്ടിരിക്കുകയും അവർ നിന്നോട് മോശമായി വർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നിടത്തോളം ആ സഹായി അവരുടെ ഉപദ്രവങ്ങളിൽ നിന്ന് നിന്നെ പ്രതിരോധിക്കുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന് സമാനമായതിൽ നിന്നാണ് എഴുന്നേറ്റു പോകുന്നത്. (പ്രസ്തുത സദസ്സ്) അവർക്ക് ഖേദമായിത്തീരുന്നതാണ്."
رواه أبو داودഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒരുമിച്ചു കൂടുകയും ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവരുടെ സ്ഥിതി ചീഞ്ഞളിഞ്ഞ ഒരു കഴുതയുടെ ശവത്തിൻ്റെ അരികിൽ ഒത്തുകൂടിയ ശേഷം പിരിഞ്ഞുപോയ ഒരു കൂട്ടമാളുകളെ പോലെയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നതിൽ നിന്ന് അവർ പൂർണ്ണമായും അശ്രദ്ധരായിരുന്നു എന്നതാണ് അതിന് കാരണം. അന്ത്യനാളിൽ ഈ സദസ്സ് അവർക്ക് നിരാശയും കുറവും വേർപിരിയാത്ത നഷ്ടബോധവുമാണുണ്ടാക്കുക എന്നും നബി -ﷺ- അറിയിക്കുന്നു.
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണമാണ്." ഇമാം മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണ്: "അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടുന്ന ഭവനത്തിൻ്റെയും അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടാത്ത ഭവനത്തിൻ്റെയും ഉപമ ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉപമയാണ്."
متفق عليهഅല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തിയും അവനെ സ്മരിക്കാത്ത ഒരാളും തമ്മിലുള്ള വ്യത്യാസമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിൽ കാഴ്ച്ചയിലും പ്രയോജനത്തിലുമുള്ളതു പോലുള്ള വ്യത്യാസം അവർക്കിടയിലുണ്ട്. അല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തി ജീവസ്സുറ്റ ഒരാളെപ്പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ജീവൻ്റെ വെളിച്ചത്താൽ അലങ്കൃതമായിരിക്കുന്നു. അവൻ്റെ ഉള്ളുകളാകട്ടെ, തിരിച്ചറിൻ്റെ പ്രകാശത്താലും നന്മകളാലും നിറഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ സ്മരിക്കാത്ത ഒരാൾ മൃതദേഹത്തെ പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ചലനരഹിതമായിരിക്കുന്നു. അവൻ്റെ ഉള്ളാകട്ടെ, ഒരു പ്രയോജനവുമില്ലാതെ നിരർത്ഥകവുമായിരിക്കുന്നു. ഇതു പോലെത്തന്നെയാണ് വീടുകളുടെ കാര്യവും; വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നുവെങ്കിൽ അത് ജീവനുള്ള വീടാണ്. അതല്ലെങ്കിൽ അല്ലാഹുവിനെ സ്മരിക്കാത്തവരെ ഉൾക്കൊള്ളുന്ന ആ വീട് മൃതദേഹത്തിന് സമാനമായിരിക്കുന്നു. വീടിനെ കുറിച്ച് ജീവനുള്ളതെന്നും മരിച്ചതെന്നുമെല്ലാം പറയുന്നത് അതിനുള്ളിൽ താമസിക്കുന്നവരെ പരിഗണിച്ചു കൊണ്ടാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- മിമ്പറിന് മുകളിൽ ഇരിക്കുകയും ഞങ്ങൾ നബിയുടെ ചുറ്റും കൂടിയിരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ്." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! നന്മയിലൂടെ തിന്മ ഉണ്ടാകുമെന്നോ?!" അപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. ചോദ്യകർത്താവിനോട് ചിലർ പറഞ്ഞു: "എന്താണ് നിൻ്റെ അവസ്ഥ?! നബി -ﷺ- യോട് നീ പറഞ്ഞതിന് അവിടുന്ന് നിനക്ക് മറുപടിയൊന്നും തരുകയുണ്ടായില്ലല്ലോ?!" പിന്നീട് നബി -ﷺ- ക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെടുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തൻ്റെ വിയർപ്പു തുള്ളികൾ തടവി നീക്കിയ ശേഷം അവിടുന്ന് പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അവിടുന്ന് അയാളെ പുകഴ്ത്തുന്നതു പോലെയായിരുന്നു (ആ ചോദ്യം). ശേഷം നബി -ﷺ- പറഞ്ഞു: "നന്മ തിന്മയും കൊണ്ട് വരികയില്ല. വസന്തം മുളപ്പിക്കുന്നവയിൽ മരണകാരണമാകുന്നതും മരണാസന്നമാക്കുന്നതുമുണ്ട്; മിതമായി പച്ചപ്പിൽ നിന്ന് ഭക്ഷിക്കുന്നവ (മൃഗങ്ങളുടെ കാര്യത്തിൽ) ഒഴികെ. അവ തങ്ങളുടെ വയറുകൾ വശങ്ങളിലേക്ക് വീർക്കുന്നത്ര ഭക്ഷിച്ചു കഴിഞ്ഞാൽ സൂര്യനു നേരെ നിന്ന് വെയിലു കായുകയും, ശേഷം കാഷ്ഠിക്കുകയും മൂത്രമൊഴിക്കുകയും, വീണ്ടും മേയുകയും ചെയ്യും. തീർച്ചയായും ഈ സമ്പത്ത് ഹരിതാഭവും മധുരതരവുമാണ്; അതിൽ നിന്ന് ദരിദ്രനും അനാഥനും വഴിപോക്കനും നൽകുന്നിടത്തോളം അത് മുസ്ലിമിൻ്റെ എത്ര നല്ല സഹയാത്രികനാണ്! എന്നാൽ അതിൽ നിന്ന് അന്യായമായി എടുക്കുന്നവൻ ഭക്ഷിക്കുകയും വയറു നിറയുകയും ചെയ്യാത്ത ഒരുവനെ പോലെയാണ്; അന്ത്യനാളിൽ അവനെതിരെ അത് (സമ്പത്ത്) സാക്ഷിയായിരിക്കും."
متفق عليهഒരു ദിവസം നബി -ﷺ- തൻ്റെ സ്വഹാബികളോട് സംസാരിക്കുന്നതിനായി അവിടുത്തെ മിമ്പറിൽ ഇരുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവുമധികം ഭയക്കുന്നത് ഭൂമിയിലെ അനുഗ്രഹങ്ങളും ഇഹലോകത്തിൻ്റെ അലങ്കാരങ്ങളും സുഖാഢംഭരങ്ങളും എൻ്റെ കാലശേഷം നിങ്ങൾക്ക് മേൽ തുറന്നു നൽകപ്പെടുന്നതിനെയാണ്. നശ്വരമാണെന്നറിഞ്ഞിട്ടും ജനങ്ങൾ പൊങ്ങച്ചവും അഹങ്കാരവും നടിക്കുന്ന അത്തരം വിഭവങ്ങളും വസ്ത്രങ്ങളും കൃഷിയിടങ്ങളും മറ്റുമെല്ലാം (നിങ്ങൾക്ക് തുറന്നു നൽകപ്പെടുമെന്നത് എന്നെ ഭയപ്പെടുത്തുന്നു). അപ്പോൾ ഒരാൾ ചോദിച്ചു: "ഇഹലോകത്തിൻ്റെ അലങ്കാരങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണല്ലോ? അപ്പോൾ ഈ അനുഗ്രഹങ്ങൾ എങ്ങനെയാണ് ശിക്ഷയും ദുരന്തവുമായി ഭവിക്കുക?!" ഈ ചോദ്യം കേട്ടപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. നബി -ﷺ- യെ ആ ചോദ്യം ദേഷ്യം പിടിപ്പിച്ചുവെന്ന് ധരിച്ച ചിലർ ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ നബി -ﷺ- ക്ക് വഹ്യ് (അല്ലാഹുവിൻ്റെ സന്ദേശം) ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും (അതിനാലാണ് അവിടുന്ന് നിശബ്ദത പാലിച്ചതെന്നും) അവർക്ക് പിന്നീട് ബോധ്യമായി. തൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അദ്ദേഹം 'ഞാനാണ്' എന്ന് പറഞ്ഞു. നബി -ﷺ- അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം പറഞ്ഞു തുടങ്ങി: "യഥാർത്ഥ നന്മ ഒരിക്കലും നന്മയല്ലാതെ കൊണ്ടുവരികയില്ല. എന്നാൽ ഐഹികജീവിതത്തിലെ സുഖാഢംഭരങ്ങൾ ഒരിക്കലും സമ്പൂർണ്ണമായ നന്മയല്ല. കാരണം ചിലപ്പോൾ കുഴപ്പങ്ങളിലേക്കും കിടമത്സരങ്ങളിലേക്കും പരലോകത്തിന് വേണ്ടി പൂർണ്ണമായി മാറിയിരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിലേക്കുമാണ് അവ മനുഷ്യരെ നയിക്കുക. അക്കാര്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നബി -ﷺ- ഒരു ഉദാഹരണവും പറഞ്ഞു; അതിപ്രകാരമായിരുന്നു: വസന്തകാലത്ത് മുളക്കുന്ന ചെടികളിലും പച്ചപ്പുകളിലും ചിലത് കന്നുകാലികൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ അവ അധികമായി ഭക്ഷിച്ചാൽ വയറു നിറഞ്ഞ് ചത്തു പോവുകയോ മരണാസന്നമാവുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്തേക്കാം. എന്നാൽ മിതമായി ഭക്ഷിക്കുന്ന ചില കന്നുകാലികളുണ്ട്; അവ തങ്ങളുടെ വയറിൻ്റെ വശങ്ങൾ നിറയുന്നത് വരെ ഭക്ഷിക്കുകയും, പിന്നീട് വെയിൽ കായുകയും, കുഴമ്പു രൂപത്തിൽ കാഷ്ടിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയും, പിന്നീട് വയറ്റിലുള്ളത് വീണ്ടും അയവിറക്കുകയും ,ശേഷം വീണ്ടും മേയാൻ പോവുകയും ചെയ്യും. സമ്പത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെ; പച്ചപ്പു നിറഞ്ഞ രുചികരമായ പുല്ലു പോലെയാണതും. അധികരിച്ചാൽ അത് മനുഷ്യനെ തകർത്തു കളയുകയോ തകർച്ചയുടെ വക്കിലേക്ക് എത്തിക്കുകയോ ചെയ്യും. എന്നാൽ ആവശ്യത്തിനുള്ളതിൽ മാത്രം ഒതുങ്ങുകയും, അനുവദനീയമായ മാർഗത്തിലൂടെ വേണ്ടത് മാത്രം തേടുകയും ചെയ്താൽ അത് കൊണ്ട് ഉപദ്രവമില്ല. ദരിദ്രർക്കും അനാഥർക്കും വഴിപോക്കർക്കും തൻ്റെ സമ്പത്തിൽ നിന്ന് എടുത്തു നൽകുന്നുവെങ്കിൽ ഒരു മുസ്ലിമിന് എത്രമേൽ നല്ലതാണ് സമ്പത്ത്! തനിക്ക് അർഹമായ രൂപത്തിൽ മാത്രം അത് സമ്പാദിക്കുന്നന് അതിൽ അനുഗ്രഹം നൽകപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ തനിക്ക് അർഹമല്ലാത്ത രൂപത്തിൽ അത് സമ്പാദിക്കുന്നവൻ്റെ കാര്യം ഭക്ഷിച്ചിട്ടും ഭക്ഷിച്ചിട്ടും വയറു നിറയാത്ത ഒരുവനെ പോലെയാണ്. അന്ത്യനാളിൽ ആ സമ്പത്ത് അവനെതിരെയുള്ള സാക്ഷിയായിരിക്കുന്നതുമാണ്.
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ."
متفق عليهനരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ രണ്ട് ചെരുപ്പുകളും വാറുകളും ധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയായിരിക്കും; ആ ചെരുപ്പുകളുടെ കഠിനമായ ചൂട് കാരണത്താൽ അവൻ്റെ തലച്ചോർ -ചെമ്പിൻ്റെ കലം തിളക്കുന്നത് പോലെ- തിളച്ചു മറിയുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ധരിക്കുന്നത് തന്നേക്കാൾ കഠിനമായ ശിക്ഷയുള്ള മറ്റൊരാളും നരകത്തിലില്ല എന്നായിരിക്കും. എന്നാൽ അവനാണ് ഏറ്റവും ചെറിയ ശിക്ഷ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ശിക്ഷ അവന് ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം). ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ചെറിയവർ വലിയവർക്ക് സലാം പറയണം. നടക്കുന്നവൻ ഇരിക്കുന്നവനും, കുറച്ചു പേരുടെ സംഘം കൂടുതൽ പേർക്കും."
متفق عليهജനങ്ങൾ തമ്മിൽ സലാം പറഞ്ഞു കൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകളാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിക്കുന്നത്. ''അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു'' എന്നതാണ് ഇസ്ലാമിലെ അഭിവാദനം. ചെറിയവർ വലിയവർക്കും, വാഹനപ്പുറത്തുള്ളവർ നടന്നു പോകുന്നവർക്കും, നടന്നു പോകുന്നവർ ഇരിക്കുന്നവർക്കും, കുറഞ്ഞ എണ്ണമുള്ള സംഘം അവരേക്കാൾ കൂടുതൽ പേരുള്ള സംഘത്തിനും സലാം പറയണം.
നവ്വാസ് ബ്നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ നന്മയെ കുറിച്ചും പുണ്യത്തെ കുറിച്ചും ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "നന്മയെന്നാൽ നല്ല സ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്."
رواه مسلمപുണ്യത്തെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- ഇപ്രകാരം പറഞ്ഞു: നന്മയിലും പുണ്യത്തിലും ഏറ്റവും മഹത്തരമായുള്ളത് സൽസ്വഭാവമാണ്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൊണ്ടും, സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടും ദേഷ്യം നിയന്ത്രിച്ചു കൊണ്ടും, മുഖപ്രസന്നത കാത്തുസൂക്ഷിച്ചു കൊണ്ടും, നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടും, കുടുംബബന്ധം ചേർത്തിയും അനുകമ്പയും പരോപകാരവും നല്ല പെരുമാറ്റവും സൗഹൃദവുമെല്ലാം കാത്തുസൂക്ഷിച്ചു കൊണ്ടാണ് സൽസ്വഭാവമുള്ളവനാകേണ്ടത്. ഇനി തിന്മയെന്നാൽ മനസ്സിൽ സംശയം ജനിപ്പിക്കുകയും മനസ്സിന് സമാധാനം നൽകാതെ -സംശയത്തിലാക്കി കൊണ്ടും, തിന്മയായേക്കുമോ എന്ന ഭയം സൃഷ്ടിച്ചു കൊണ്ടും- ഹൃദയത്തെ അലട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ, മാന്യരും മര്യാദയുള്ളവരുമായ ജനങ്ങൾക്ക് മുൻപിൽ പ്രകടമാകാൻ അവൻ ആഗ്രഹിക്കാത്ത കാര്യങ്ങളുമാണ് തിന്മ. കാരണം മനുഷ്യൻ പൊതുവെ മറ്റുള്ളവർ തന്നിൽ നിന്ന് നന്മകൾ മാത്രം കാണാനാണ് ആഗ്രഹിക്കുക. തൻ്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് മറ്റുള്ളവർ കാണുന്നത് അവന് പ്രയാസമുണ്ടാക്കുന്നെങ്കിൽ അത് നന്മയിൽ പെടാത്ത -തിന്മയിൽ ഉൾപ്പെടുന്ന- കാര്യമാണെന്ന് അവന് മനസ്സിലാക്കാം.