





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ (ഥൗർ) ഗുഹയിലായിരിക്കെ ബഹുദൈവാരാധകരായ മുശ്രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടിട്ടുണ്ട്; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ അബൂബക്ർ! മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"
متفق عليهഅബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹിജ്റയുടെ സന്ദർഭത്തിൽ നടന്ന ഒരു സംഭവം ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു: ഞങ്ങൾ ഥൗർ ഗുഹയിലായിരിക്കെ മുശ്രിക്കുകളുടെ കാലുകൾ ഞങ്ങളുടെ തലക്ക് മുകളിൽ ഞാൻ കണ്ടു; അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവരിൽ ആരെങ്കിലും തൻ്റെ കാലുകളിലേക്കൊന്ന് നോക്കിയാൽ അതിൻ്റെ താഴെ ഇരിക്കുന്ന നമ്മെ അവർ കാണുക തന്നെ ചെയ്യും." അപ്പോൾ നബി -ﷺ- പറഞ്ഞു: "അബൂബക്ർ, സഹായിക്കാനും പിന്തുണക്കാനും സംരക്ഷിക്കാനും നേർവഴിയിൽ നയിക്കാനുമെല്ലാം മൂന്നാമതായി അല്ലാഹുവുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ ധാരണയെന്താണ്?!"
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അല്ലാഹുവിന്റെ നബി -ﷺ- കിസ്റക്കും (പേർഷ്യൻ രാജാവ്), കൈസറിനും (റോമൻ രാജാവ്), നജ്ജാശിക്കും (അബിസീനിയൻ രാജാവ്), കൂടാതെ ഓരോ സ്വേച്ഛാധിപതിക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- മയ്യിത്ത് നിസ്കരിച്ച നജ്ജാശിയല്ല ഇത്."
رواه مسلمനബി -ﷺ- തന്റെ മരണത്തിന് മുമ്പ്, ചുറ്റുമുള്ള നാടുകളിലെ രാജാക്കന്മാർക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചതായി അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് കിസ്റക്ക് കത്തെഴുതി; പേർഷ്യ ഭരിക്കുന്ന എല്ലാവർക്കും പറയുന്ന സ്ഥാനപ്പേരാണത്. കൈസറിനും കത്തെഴുതി; റോം ഭരിക്കുന്നവർക്കുള്ള സ്ഥാനപ്പേരാണത്. നജാശിക്കും കത്തെഴുതി; അബ്സീനിയയിലെ രാജാക്കന്മാർക്കുള്ള സ്ഥാനപ്പേരാണത്. ജനങ്ങളെ അടക്കിഭരിക്കുന്ന ഓരോ സ്വേച്ഛാധിപതിക്കും അവിടുന്ന് കത്തെഴുതി. എന്നാൽ ഹദീഥിൽ പറയപ്പെട്ട, കത്തയക്കപ്പെട്ട ഈ നജാശി, നേരത്തെ ഇസ്ലാം സ്വീകരിച്ച ശേഷം മരണപ്പെടുകയും നബി -ﷺ- വിദൂരത്തുള്ളവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം (സ്വലാത്തുൽ ഗാഇബ്) നിർവഹിക്കുകയും ചെയ്ത നജാശിയല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: «അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ മുസ്ലിംകളിൽ ഏതെങ്കിലും ഒരാളെ ഞാൻ ചീത്ത പറയുകയോ, ശപിക്കുകയോ, അടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അയാൾക്ക് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും (നിൻ്റെ പക്കൽ നിന്നുള്ള) കാരുണ്യവും ആക്കി നിശ്ചയിക്കേണമേ.»
متفق عليهഹദീഥിൽ വിവരിക്കപ്പെട്ട നബിയുടെ -ﷺ- പ്രാർത്ഥനയുടെ ഉദ്ദേശ്യം ഇപ്രകാരമാണ്: അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. മനുഷ്യർക്ക് ദേഷ്യം വരുന്നത് പോലെ എനിക്കും ദേഷ്യം വരും. അതിനാൽ ഏതെങ്കിലും ഒരു മുഅ്മിനിനെ ഞാൻ വേദനിപ്പിക്കുകയോ, ശകാരിക്കുകയോ, ചീത്ത പറയുകയോ, ശപിക്കുകയോ -അഥവാ നിൻ്റെ കാരുണ്യത്തിൽ നിന്ന് അവനെ അകറ്റിനിർത്താൻ പ്രാർത്ഥിക്കുകയോ-, അല്ലെങ്കിൽ അവനെ അടിക്കുകയോ പ്രഹരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അവന് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും, (നിന്നിലേക്ക്) അടുപ്പിക്കുന്ന നന്മയും, അവൻ്റെ പാപത്തിനുള്ള പ്രായശ്ചിത്തവും, നീ അവന് നൽകുന്ന കാരുണ്യവുമായി മാറ്റേണമേ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബിയോട് (ﷺ) പറയപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ, താങ്കൾ മുശ്രിക്കുകൾക്കെതിരെ പ്രാർത്ഥിച്ചാലും." അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ ശപിക്കുന്നവനായല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, കാരുണ്യമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്."
رواه مسلمഅല്ലാഹുവിൽ പങ്ക് ചേർക്കുന്ന മുശ്രിക്കുകൾക്കെതിരെ പ്രാർത്ഥിക്കാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ശപിക്കുന്നവനായല്ല എന്നെ അല്ലാഹു നിയോഗിച്ചിരിക്കുന്നതും നിങ്ങളിലേക്ക് അയച്ചിരിക്കുന്നതും. അഥവാ ജനങ്ങളെ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും അകറ്റാനും ആട്ടിയകറ്റാനും പ്രാർത്ഥിച്ചുകൊണ്ട് അവരെ നന്മയിൽ നിന്ന് വഴിമുടക്കാനല്ല ഞാൻ നിയോഗിതനായത്. മറിച്ച്, പൊതുവെ എല്ലാ ജനങ്ങൾക്കും അവരിൽ തന്നെ മുഅ്മിനീങ്ങൾക്ക് പ്രത്യേകമായും നന്മയും കാരുണ്യവും നൽകപ്പെടുന്നതിനുള്ള കാരണമായാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: വഹ്യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ) ആരംഭമായി നബിക്ക് -ﷺ- ആദ്യം തുടക്കം കുറിച്ചത് സത്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു. അവിടുന്ന് ഉറക്കത്തിൽ ഏതൊരു സ്വപ്നം കണ്ടാലും പ്രഭാതം പൊട്ടിവിടരുന്നത് പോലെ അത് പുലർന്നു കാണുമായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാക്കപ്പെട്ടു. ഹിറാ ഗുഹയിൽ അവിടുന്ന് ആരാധനകളുമായി ഏകാന്തനായി -രാത്രികൾ- കഴിച്ചു കൂട്ടുമായിരുന്നു. പിന്നീട് അവിടുന്ന് തന്റെ വീട്ടുകാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലും. വീണ്ടും ഏകാന്തനായി ഇരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഒരുക്കും. വീണ്ടും -സമാനമായ ദിവസങ്ങൾക്ക് വേണ്ടി- ഖദീജയുടെ അരികിലേക്ക് തിരിച്ചു ചെല്ലും. അങ്ങനെയിരിക്കെ -അവിടുന്ന് ഹിറാ ഗുഹയിൽ ആയിരിക്കുന്ന വേളയിൽ- അവിടുത്തേക്ക് ആ സത്യം വന്നെത്തി. മലക്ക് അവിടുത്തെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "വായിക്കുക!" നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അവിടുന്ന് പറഞ്ഞു: "അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു." ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്റെ റബ്ബിൻ്റെ നാമത്തില് നീ വായിക്കുക! മനുഷ്യനെ അവന് ഭ്രൂണത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-5) നബി (ﷺ) അതുമായി മടങ്ങിവന്നു. അവിടുത്തെ ഹൃദയാന്തരം കിടുങ്ങി വിറക്കുന്നുണ്ടായിരുന്നു. ഖദീജഃയുടെ അരികിൽ പ്രവേശിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു: "എന്നെ പുതപ്പിക്കൂ! എന്നെ പുതപ്പിക്കൂ!" അവർ അവിടുത്തെ പുതപ്പിച്ചു. അവിടുത്തെ പരിഭ്രാന്തി നീങ്ങിയപ്പോൾ നബി (ﷺ) ഖദീജയോട് കാര്യങ്ങൾ പറഞ്ഞു. "എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി." അവിടുന്ന് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു സത്യം! അവനൊരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു. (അശരണരുടെ) പ്രയാസങ്ങൾ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് (ദാനം) നൽകുന്നു. അതിഥിയെ ആദരിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളേണ്ട വേളകളിൽ അതിന് സഹായമേകുന്നു." അങ്ങനെ നബിയെയും (ﷺ) കൂട്ടി ഖദീജ (رضي الله عنها) അവരുടെ പിതൃസഹോദരനായ വറഖതു ബ്നു നൗഫലിൻ്റെ അരികിൽ ചെന്നു. ജാഹിലിയ്യത്തിൽ നസ്വാറാ മതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഹീബ്രു ഭാഷയിൽ എഴുതാറുണ്ടായിരുന്നു. ഇഞ്ചീലിൽ നിന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം പകർത്തി എഴുതാറുമുണ്ടായിരുന്നു. ഏറെ പ്രായം ചെന്നതിനാൽ കണ്ണുകൾക്ക് അന്ധത ബാധിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖദീജ (رضي الله عنها) പറഞ്ഞു: "പിതൃസഹോദരാ! താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേട്ടുനോക്കൂ." വറഖ ചോദിച്ചു: "എന്താണ് മകനേ നീ കാണുന്നത്?" നബി (ﷺ) അദ്ദേഹത്തോട് താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇത് കേട്ടപ്പോൾ വറഖ പറഞ്ഞു: "മൂസായുടെ മേൽ വന്നെത്തിയ അതേ നാമൂസ് തന്നെയാണിത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ..! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ..!" അത് കേട്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?!" വറഖ പറഞ്ഞു: "അതെ! താങ്കൾ കൊണ്ടുവന്നതിന് സമാനമായ കാര്യവുമായി വന്ന ഒരാളും തന്നെ ശത്രുക്കളെ സമ്പാദിക്കാതിരുന്നിട്ടില്ല. ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി സഹായിക്കുക തന്നെ ചെയ്യും." എന്നാൽ പിന്നീട് അധികം വൈകാതെ തന്നെ വറഖ മരണപ്പെട്ടു. വഹ്യ് (താൽക്കാലികമായി) നിലക്കുകയും ചെയ്തു."
متفق عليهനബിക്ക് (ﷺ) അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ആരംഭമായി ഉണ്ടായത് അവിടുന്ന് ഉറക്കത്തിൽ കാണാറുള്ള സത്യസന്ധമായ സ്വപ്നങ്ങളായിരുന്നു; അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും സൂര്യവെളിച്ചം പോലെ വ്യക്തമായി അവ പുലരുമായിരുന്നു. പിന്നീടാണ് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാകുന്നത്. അങ്ങനെ നബി (ﷺ) ഹിറാ ഗുഹയിൽ പല രാത്രികൾ ആരാധനകളുമായി കൂടുമായിരുന്നു. പിന്നീട് അവിടുന്ന് തൻ്റെ വീട്ടിലേക്ക് തിരിച്ചു പോവുകയും വീണ്ടും അതു പോലെ വിഭവങ്ങൾ കയ്യിലെടുത്ത് തിരിച്ചു പോവുകയും ചെയ്യുമായിരുന്നു. വീണ്ടും ഖദീജഃ (رضي الله عنها) യുടെ അടുത്ത് വരികയും, രാത്രികൾ കഴിയാനുള്ള വിഭവങ്ങൾ സ്വരുക്കൂട്ടിയ ശേഷം ഹിറായിലേക്ക് തിരിച്ചു പോവുകയും ചെയ്യും. അങ്ങനെ, അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ നബിക്ക് (ﷺ) സത്യദീനിൻ്റെ സന്ദേശം വന്നെത്തി. അല്ലാഹുവിൻ്റെ മലക്കായ ജിബ്രീൽ (عليه السلام) നബിയുടെ (ﷺ) അടുത്ത് വരികയും, അവിടുത്തോട് 'വായിക്കാൻ' കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ അറിയില്ല." അപ്പോൾ ജിബ്രീൽ നബിയെ (ﷺ) അണച്ചു പിടിക്കുകയും ശക്തമായി കെട്ടിപ്പിടിക്കുകയും, നബിക്ക് (ﷺ) അങ്ങേയറ്റത്തെ പ്രയാസവും കഠിനതയും ബാധിക്കുന്ന വിധത്തിൽ അത് ശക്തമാവുകയും ചെയ്തു. ശേഷം നബിയെ (ﷺ) അയച്ചു വിടുകയും, അവിടുത്തോട് വീണ്ടും വായിക്കാൻ കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറയുന്നു: അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്റെ റബ്ബിൻ്റെ നാമത്തില് വായിക്കുക! മനുഷ്യനെ അവന് ഭ്രൂണത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-3) അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് അവതരിച്ച ഈ വചനങ്ങളുമായി നബി (ﷺ) വീട്ടിലേക്ക് മടങ്ങി; മരണഭയത്താൽ അവിടുത്തെ ഹൃദയം വിറക്കുന്നുണ്ടായിരുന്നു. മുഅ്മിനീങ്ങളുടെ മാതാവും നബിയുടെ (ﷺ) പ്രിയപത്നിയുമായിരുന്ന ഖദീജഃ (رضي الله عنها) യുടെ അടുത്ത് ചെന്നു കൊണ്ട് അവിടുന്ന് പറഞ്ഞു: "എന്നെ ഒരു വസ്ത്രം കൊണ്ട് പുതക്കുക! എന്നെ ഒരു വസ്ത്രം കൊണ്ട് മൂടുക." അവർ നബിയെ (ﷺ) വസ്ത്രം കൊണ്ട് മൂടിയണക്കുകയും, അവിടുത്തെ ഭയം നീങ്ങുകയും ചെയ്തു. അപ്പോൾ ഖദീജഃ (رضي الله عنها) യോട് നബി (ﷺ) കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: "എൻ്റെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു പോയി." അപ്പോൾ ഖദീജഃ (رضي الله عنها) പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു തന്നെ സത്യം! താങ്കളെ അല്ലാഹു ഒരിക്കലും നിന്ദ്യനാക്കുന്നതല്ല. അങ്ങ് കുടുംബബന്ധം ചേർക്കുകയും, സ്വന്തം കാര്യങ്ങൾ നോക്കാൻ ശേഷിയില്ലാത്ത ദുർബലരുടെ പ്രയാസങ്ങൾ വഹിക്കുകയും, യാതൊന്നും കയ്യിലില്ലാത്ത പരമദരിദ്രർക്ക് മറ്റൊരാളും നൽകാത്തത് താങ്കൾ നൽകുകയും ചെയ്യുന്നു. അതിഥികളെ ആദരിക്കുകയും, സത്യത്തിൻ്റെ വക്താക്കൾക്ക് സഹായം നൽകുകയും ചെയ്യുന്നു." അങ്ങനെ ഖദീജഃ (رضي الله عنها) നബിയെയും (ﷺ) കൂട്ടി വറഖതു ബ്നു നൗഫൽ ബ്നി അസദ് ബ്നി അബ്ദിൽ ഉസ്സാ എന്ന വ്യക്തിയുടെ അടുത്ത് ചെന്നു; ഖദീജഃ (رضي الله عنها) യുടെ പിതൃവ്യ പുത്രനായിരുന്നു അദ്ദേഹം. ബഹുദൈവാരാധകരുടെ ജാഹിലിയ്യഃ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയും, നസ്റാനീ (ക്രൈസ്തവ) മതം സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഹീബ്രു ഭാഷയിൽ ഇഞ്ചീലിൽ നിന്ന് അദ്ദേഹം ചിലതെല്ലാം പകർത്തിയെഴുതാറുണ്ടായിരുന്നു. കാഴ്ച നഷ്ടമായ ഒരു വയോധികനായിരുന്നു അദ്ദേഹം; ഖദീജഃ (رضي الله عنها) അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃവ്യപുത്രാ! താങ്കളുടെ സഹോദരന്റെ മകന് പറയാനുള്ളത് കേൾക്കൂ!" വറഖ ചോദിച്ചു: "മകനേ! എന്താണ് നീ കാണുന്നത്?" നബി (ﷺ) താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വറഖഃ പറഞ്ഞു: "അല്ലാഹു തൻ്റെ ദൂതനായ മൂസായുടെ അരികിലേക്ക് നിയോഗിച്ച ജിബ്രീലാകുന്നു അത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ.! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ.!" അപ്പോൾ നബി (ﷺ) ചോദിച്ചു: "എന്നെ അവർ പുറത്താക്കുകയോ?!" വറഖഃ പറഞ്ഞു: "അതെ. താങ്കൾ കൊണ്ടുവന്നതിന് സമാനമായത് കൊണ്ടുവന്ന ഒരാളും ഉപദ്രവങ്ങൾ ഏറ്റുവാങ്ങുകയും ശത്രുവാക്കപ്പെടുകയും ചെയ്യാതെ ഉണ്ടായിട്ടില്ല. താങ്കളുടെ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കൾക്ക് ശക്തമായ സഹായം നൽകുന്നതാണ്." പിന്നീട് അധികം താമസിയാതെ തന്നെ വറഖഃ മരണപ്പെട്ടു; ഒരു ചെറിയൊരിടവേള അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്യ് നിലക്കുകയും ചെയ്തു.
അബൂ സലമ ബ്നു അബ്ദിർറഹ്മാൻ നിവേദനം: ജാബിർ ബ്നു അബ്ദില്ല അൽ-അൻസാരി -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: അദ്ദേഹം 'ഫത്റത്തുൽ വഹ്യി'നെപ്പറ്റി (വഹ്യ് താൽക്കാലികമായി നിലച്ച കാലഘട്ടത്തെപ്പറ്റി) സംസാരിക്കവെ ഇപ്രകാരം പറഞ്ഞു: നബി (ﷺ) പറഞ്ഞു: "ഞാൻ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന അതേ മലക്ക് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് (കഠിനമായ) ഭയം തോന്നി. ഞാൻ (വീട്ടിലേക്ക്) മടങ്ങുകയും, 'എന്നെ പുതപ്പിക്കൂ' എന്ന് പറയുകയും ചെയ്തു. അപ്പോൾ അല്ലാഹു (ഈ വചനങ്ങൾ) അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ, എഴുന്നേൽക്കുക, എന്നിട്ട് താക്കീത് നൽകുക" (മുദ്ദഥിർ: 2) എന്നത് മുതൽ "പാപം നീ വെടിയുക" (മുദ്ദഥിർ: 5) എന്നത് വരെ. പിന്നീട് വഹ്യ് വരുന്നതിന് ചൂടുപിടിക്കുകയും, തുടരെത്തുടരെ അല്ലാഹുവിൽ നിന്നുള്ള സന്ദേശം വരാൻ തുടങ്ങുകയും ചെയ്തു."
متفق عليهനബി -ﷺ- തന്റെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ വഹ്യ് നിലക്കുകയും ഇറങ്ങുന്നത് തടസ്സപ്പെടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു: "ഞാൻ മക്കയിലെ വഴിയിലൂടെ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന മലക്ക് ജിബ്രീൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് കഠിനമായ ഭയം തോന്നി. ഞാൻ എന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങി. എന്നിട്ട് ഞാൻ പറഞ്ഞു: എന്നെ വസ്ത്രം കൊണ്ട് പുതപ്പിക്കൂ." അപ്പോൾ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ" അതായത് തൻ്റെ വസ്ത്രം കൊണ്ട് ശരീരം ചുറ്റിയവനേ, പ്രബോധനത്തിനായി, "എഴുന്നേൽക്കുക"; "എന്നിട്ട് താക്കീത് നൽകുക"; താങ്കളുടെ ദൗത്യത്തിൽ വിശ്വസിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകുക. "താങ്കളുടെ റബ്ബിനെ" ആരാധിക്കപ്പെടുന്ന താങ്കളുടെ ഇലാഹിനെ "മഹത്വപ്പെടുത്തുക"; അവനെ സ്തുതിക്കുകയും മഹത്വമുടയവനായി വാഴ്ത്തുകയും ചെയ്യുക. "താങ്കളുടെ വസ്ത്രങ്ങളെ -മാലിന്യങ്ങളിൽ (നജസ്) നിന്നും- ശുദ്ധിയാക്കുക" വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിക്കുക എന്ന "പാപം നീ വെടിയുകയും" ഉപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം വഹ്യ് ശക്തമാവുകയും വഹ്യിൻ്റെ ആഗമനം വർദ്ധിക്കുകയും ചെയ്തു.
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. ഞാനും അക്കൂട്ടത്തിൽ പുറപ്പെട്ടു. ഞങ്ങൾക്ക് (യുദ്ധാർജിത സ്വത്തായി) ഒട്ടകങ്ങളെയും ആടുകളെയും ലഭിച്ചു. ഞങ്ങളോരോരുത്തരുടേയും ഓഹരി പന്ത്രണ്ട് ഒട്ടകങ്ങൾ വീതമെത്തുകയുണ്ടായി. അത് കൂടാതെ അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് ഓരോ ഒട്ടകങ്ങൾ വീതം അധികമായി നൽകുകയുണ്ടായി.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: "എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.എനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ ഖന്ദഖ് ദിവസത്തിൽ (ആ യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി) ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് എനിക്ക് അനുവാദം നൽകി.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്അബൂ ഹാസിം (رحمه الله) നിവേദനം: ഞാൻ അബൂ ഹുറൈറയോടൊപ്പം (رضي الله عنه) അഞ്ച് വർഷത്തോളം നിന്നിട്ടുണ്ട്. നബി (ﷺ) പറഞ്ഞതായി അദ്ദേഹം ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു. ഓരോ നബിയും മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മറ്റൊരു നബി വരും. എന്നാൽ എനിക്ക് ശേഷം ഇനിയൊരു നബിയില്ല. എനിക്ക് ശേഷം ഭരണാധികാരികളുണ്ടാകും; അവർ അധികരിക്കുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെ സംഭവിച്ചാൽ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?!" അവിടുന്ന് പറഞ്ഞു: "ആദ്യത്തെയാളോടുള്ള കരാർ കഴിഞ്ഞാൽ അടുത്തയാൾ എന്ന നിലക്ക് നിങ്ങൾ കരാർ നിറവേറ്റുക. ശേഷം അവർക്കുള്ള അവകാശങ്ങൾ നിങ്ങൾ നൽകുകയും ചെയ്യുക. അവരുടെ കീഴിലുള്ളവരെ കുറിച്ച് അല്ലാഹു അവരോട് തീർച്ചയായും ചോദിക്കുന്നതാണ്."
متفق عليهഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു എന്നും, ഇക്കാലഘട്ടത്തിൽ ഭരണാധികാരികളും നേതാക്കന്മാരും നിർവ്വഹിക്കുന്നത് പോലുള്ള ദൗത്യം നിറവേറ്റിയിരുന്നത് അവരായിരുന്നുവെന്നും നബി ﷺ അറിയിക്കുന്നു. അവരിൽ കുഴപ്പങ്ങൾ പ്രകടമാകുമ്പോഴെല്ലാം അല്ലാഹു അവരിലേക്ക് നബിമാരെ നിയോഗിക്കുകയും, അവരെക്കൊണ്ട് കാര്യങ്ങൾ നേരെയാക്കുകയും, ജനങ്ങൾ മാറ്റത്തിരുത്തലുകൾ വരുത്തിയ കാര്യങ്ങൾ നേർസ്ഥിതിയിലാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബി (ﷺ) ക്ക് ശേഷം ഇനിയൊരു നബിയുണ്ടാകുന്നതല്ല. ഇസ്രാഈല്യരെ നബിമാർ നയിച്ചതു പോലെ ഈ ഉമ്മത്തിനെ നയിക്കുന്നവരുണ്ടാകുകയില്ല. എന്നാൽ നബി (ﷺ) ക്ക് ശേഷം അനേകം ഖലീഫമാർ (ഭരണാധികാരികൾ) ഉണ്ടാകുന്നതാണ്. അവർ അധികരിക്കുകയും, അവർക്കിടയിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉടലെടുക്കുകയും ചെയ്യുന്നതാണ്. അപ്പോൾ സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "ഈയൊരു സ്ഥിതി വന്നെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് അങ്ങ് കൽപ്പിക്കുന്നത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: ഒരു ഖലീഫക്ക് ശേഷം മറ്റൊരു ഖലീഫക്ക് ബയ്അത്ത് (അനുസരണക്കരാർ) നൽകപ്പെടുന്ന സ്ഥിതി ഉണ്ടായാൽ ആദ്യം നൽകിയ ബയ്അത്താണ് സാധുവാകുക; അതാണ് നിറവേറ്റാൻ ബാധ്യതയുള്ളത്. രണ്ടാമത്തെ ബയ്അത്ത് ഇത്തരുണത്തിൽ അസാധുവാകുന്നതാണ്. അത് ജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ അയാൾക്ക് അനുവാദവുമില്ല. ഭരണാധികാരികൾക്ക് നിങ്ങളുടെ മേലുള്ള അവകാശങ്ങൾ നിങ്ങൾ വകവെച്ചു നൽകുക. അവരെ അനുസരിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾ -തിന്മകൾ അല്ലാത്തിടത്തോളം- കേട്ടുകൊണ്ടും അനുസരിച്ചു കൊണ്ടും നിങ്ങൾ അവരോട് സഹവസിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവരെ ചോദ്യം ചെയ്യുകയും, അവർ നിങ്ങളോട് പ്രവർത്തിച്ചതിനെ കുറിച്ച് അവരെ വിചാരണ നടത്തുകയും ചെയ്യുന്നതാണ്.