





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഉബാദത്തു ബ്നു സ്വാമിത്ത് -رَضِيَ اللَّهُ عَنْهُ- നിവേദനം: പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും സന്താപത്തിലും, (ഭരണാധികാരി) സ്വേഛകൾക്ക് ഞങ്ങളേക്കാൾ മുൻഗണന കൽപ്പിച്ചാലും (അവരെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- ക്ക് ഞങ്ങൾ കരാർ നൽകി. ഭരണകാര്യത്തിൽ അതിൻ്റെ ആളുകളോട് എതിരാകില്ലെന്നും, ഞങ്ങൾ എവിടെയായിരുന്നാലും സത്യം പറയുന്നതാണെന്നും, അല്ലാഹുവിൻ്റെ കാര്യത്തിൽ ഒരാക്ഷേപകൻ്റെയും ആക്ഷേപത്തെയും ഞങ്ങൾ ഭയക്കില്ലെന്നും (അവിടുത്തേക്ക് കരാർ നൽകി)."
متفق عليهഇസ്ലാമിക ഭരണകർത്താക്കളെയും അധികാരികളെയും എളുപ്പത്തിലും പ്രയാസത്തിലും, ധന്യതയിലും ദാരിദ്ര്യത്തിലും, അവരുടെ കൽപ്പനകൾ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിച്ചതാണെങ്കിലും തങ്ങൾക്ക് അനിഷ്ടകരമാണെങ്കിലും അനുസരിച്ചു കൊള്ളാമെന്നും അവർക്ക് കീഴൊതുങ്ങാമെന്നും നബി -ﷺ- തൻ്റെ സ്വഹാബികളിൽ നിന്ന് കരാർ വാങ്ങുകയും ഉറപ്പാക്കുകയും ചെയ്യുന്നു. ഭരണാധികാരികൾ ഭരണീയർക്ക് അർഹതപ്പെട്ട പൊതുസ്വത്തിലും സ്ഥാനങ്ങളിലും മറ്റുമെല്ലാം സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കിയാൽ പോലും അവരുടെ തിന്മയല്ലാത്ത കൽപ്പനകളിൽ അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നത് നിർബന്ധമാണ്. അവർക്കെതിരെ വിപ്ലവം നയിക്കുക എന്നത് പാടില്ലാത്തതുമാണ്. കാരണം അവരോട് പോരാടുന്നതിലൂടെ സംഭവിക്കുന്ന കുഴപ്പങ്ങളും പ്രശ്നങ്ങളുമാണ് അവരുടെ അതിക്രമത്തിലൂടെ ഉണ്ടാകുന്ന കുഴപ്പങ്ങളേക്കാൾ ഗുരുതരവും കഠിനവും. അതോടൊപ്പം, ഏതു സ്ഥലത്തായിരുന്നാലും അല്ലാഹുവിൻ്റെ പ്രീതി മാത്രം പ്രതീക്ഷിക്കുന്നവരായി കൊണ്ട് സത്യം തുറന്നു പറയുമെന്നും, അക്കാര്യത്തിൽ തങ്ങളെ ആക്ഷേപിക്കുന്നവരുടെ ആക്ഷേപങ്ങളെ ഭയക്കില്ലെന്നും അവിടുന്ന് സ്വഹാബികളോട് കരാർ ചെയ്തു.
മുഅ്മിനീങ്ങളുടെ മാതാവായ ഉമ്മുസലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ചില ഭരണാധികാരികൾ (ഭാവിയിൽ) ഉണ്ടാകുന്നതാണ്; (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോജിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോജിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും (തിന്മകളെ) അറിഞ്ഞാൽ അവൻ (കുറ്റത്തിൽ നിന്ന്) വിമുക്തനായിരിക്കുന്നു. ആരെങ്കിലും അവയെ എതിർക്കുന്നുവെങ്കിൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും അതിനെ പിന്തുടരുകയും ചെയ്താൽ..." സ്വഹാബികൾ ചോദിച്ചു: "ഞങ്ങൾ അവരോട് പോരാടട്ടെയോ?!" നബി -ﷺ- പറഞ്ഞു: "പാടില്ല. അവർ നിസ്കരിക്കുന്നിടത്തോളം."
رواه مسلمമുസ്ലിംകൾക്ക് മേൽ ചില ഭരണാധികാരികൾക്ക് അധികാരം നൽകപ്പെടുമെന്നും, അവരുടെ ചില പ്രവർത്തനങ്ങൾ - അവ അല്ലാഹുവിൻ്റെ ദീനിനോട് യോജിക്കുന്നതാണ് എന്നതിനാൽ - അവ നിങ്ങൾ തിരിച്ചറിയും. അവയിൽ ചിലത് ദീനിന് എതിരാണ് എന്നതിനാൽ നിങ്ങൾ എതിർക്കുകയും ചെയ്യും. ആരെങ്കിലും തൻ്റെ ഹൃദയം കൊണ്ട് ആ തിന്മകളെ വെറുക്കുകയും, ആ തിന്മയെ എതിർക്കാൻ അവന് സാധിക്കാതെ വരികയും ചെയ്താൽ അവൻ തെറ്റിൽ നിന്നും കപടതയിൽ നിന്നും വിമുക്തനായിരിക്കുന്നു. ആർക്കെങ്കിലും കൈ കൊണ്ടോ നാവ് കൊണ്ടോ എതിർക്കാൻ സാധിക്കുകയും, അങ്ങനെ ആ തിന്മകളെ അവരോട് അവൻ എതിർക്കുകയും ചെയ്താൽ അവൻ തിന്മയിൽ നിന്നും, അതിൽ അവരോട് പങ്കുചേരുന്നതിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അവരുടെ തിന്മകളിൽ തൃപ്തിപ്പെടുകയും, അതിൽ അവരെ പിൻപറ്റുകയും ചെയ്യുന്നവൻ അവരെ പോലെത്തന്നെ നാശമടഞ്ഞിരിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ നബി -ﷺ- യോട് ചോദിച്ചു: "ഈ രൂപത്തിലുള്ള ഭരണാധികാരികൾക്കെതിരെ ഞങ്ങൾ പോരടിക്കട്ടെയോ?!" എന്നാൽ നബി -ﷺ- അവരെ അതിൽ നിന്ന് വിലക്കുകയും 'അവർ നിസ്കാരം നിങ്ങൾക്കിടയിൽ നിലനിർത്തുന്നിടത്തോളം അത് പാടില്ലെന്ന്' ഓർമ്മപ്പെടുത്തുകയും ചെയ്തു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "(അല്ലാഹുവിൻ്റെ) ദാസൻ രോഗിയാവുകയോ യാത്രക്കാരനാവുകയോ ചെയ്താൽ അവൻ നാട്ടിൽ താമസിക്കുന്ന വേളയിൽ ആരോഗ്യവാനായിരിക്കെ ചെയ്തു കൊണ്ടിരുന്നത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."
رواه البخاريഅല്ലാഹുവിൻ്റെ ഔദാര്യവും കാരുണ്യവും ഈ ഹദീഥിലൂടെ നബി -ﷺ- ബോധ്യപ്പെടുത്തുന്നു. മുസ്ലിമായ ഒരാൾ തൻ്റെ ആരോഗ്യാവസ്ഥയിൽ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളും, അവൻ്റെ നാട്ടിൽ താമസിക്കുമ്പോൾ ചെയ്തു കൊണ്ടിരുന്ന നന്മകളും രോഗം ബാധിച്ചതിനാൽ ചെയ്യാൻ സാധിക്കാതെ വരികയോ യാത്രക്കാരനായതിൻ്റെ തിരക്കുകൾ കാരണത്താൽ നടക്കാതെ വരികയോ ചെയ്താൽ അവന് അല്ലാഹു മുഴുവൻ പ്രതിഫലവും രേഖപ്പെടുത്തുന്നതാണ്. സ്വന്തം നാട്ടിൽ ആരോഗ്യത്തോടെ കഴിയുമ്പോൾ ചെയ്തിരുന്ന പ്രവർത്തനങ്ങളുടെ അതേ പ്രതിഫലം. യാത്രയോ രോഗമോ അല്ലാത്ത മറ്റു ഒഴിവുകഴിവുകൾ ബാധിച്ചാലും ഈ വിധി ബാധകമായിരിക്കും.
തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
رواه مسلمഇസ്ലാം മതം നിലകൊള്ളുന്നത് ആത്മാർത്ഥതയിലും സത്യസന്ധതയിലുമാണ് എന്ന് നബി ﷺ അറിയിക്കുന്നു. അപ്പോഴാണ് അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളെല്ലാം കുറവോ വഞ്ചനയോ ഇല്ലാതെ അതിൻ്റെ മുറപോലെ പൂർണമായും നിർവ്വഹിക്കാൻ കഴിയുക. അപ്പോൾ നബി ﷺ യോട് ചോദിക്കപ്പെട്ടു: "ആരോടാണ് ഗുണകാംക്ഷ പുലർത്തേണ്ടത്?" അവിടുന്ന് പറഞ്ഞു: ഒന്നാമതായി: അല്ലാഹുവിനോടാണ് ഒരാൾക്ക് ഗുണകാംക്ഷ വേണ്ടത്. പ്രവർത്തനങ്ങൾ അവന് നിഷ്കളങ്കമാക്കി കൊണ്ടും, അവനിൽ മറ്റൊരാളെയും പങ്കുചേർക്കാതെയും, അവൻ മാത്രമാണ് (സർവ്വതിൻ്റെയും) രക്ഷാധികാരിയെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ ഏകനാണെന്നും വിശ്വസിച്ചു കൊണ്ടുമായിരിക്കണം ഈ ഗുണകാംക്ഷ പുലർത്തേണ്ടത്. അതോടൊപ്പം അല്ലാഹുവിൻ്റെ കൽപ്പനകളെ അവൻ ആദരിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം. രണ്ടാമതായി: അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനിനോട് ഗുണകാംക്ഷ ഉണ്ടായിരിക്കണം. അല്ലാഹുവിൻ്റെ സംസാരമാണ് അത് എന്നും, അവൻ്റെ വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് അത് എന്നും, മുൻപുള്ള മതനിയമങ്ങളെല്ലാം അത് ദുർബലമാക്കിയിട്ടുണ്ട് എന്നും അവൻ വിശ്വസിക്കണം. അതോടൊപ്പം ഈ ഗ്രന്ഥത്തെ ആദരിക്കുകയും, അർഹമായ വിധത്തിൽ അത് പാരായണം ചെയ്യുകയും, അതിലെ ഖണ്ഡിതമായ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അതിലെ ആശയസദൃശ്യതയുള്ളവ അംഗീകരിക്കുകയും ചെയ്യണം. ഈ ഗ്രന്ഥത്തെ ദുർവ്യാഖ്യാനിക്കുന്നവരുടെ ശ്രമങ്ങളിൽ നിന്ന് അതിനെ പ്രതിരോധിക്കുകയും, അതിലെ ഉപദേശങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയും, അതിലെ വിജ്ഞാനങ്ങൾ പ്രചരിപ്പിക്കുകയും, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യണം. മൂന്നാമതായി; അല്ലാഹുവിൻ്റെ റസൂലായ മുഹമ്മദ് നബി ﷺ യോട് ഗുണകാംക്ഷ പുലർത്തണം. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതന്മാരിൽ അവസാനത്തെ ദൂതനാണെന്നും, അവിടുന്ന് കൊണ്ടുവന്നതെല്ലാം സത്യമാണെന്നും നാം വിശ്വസിക്കണം. അവിടുത്തെ കൽപ്പനകൾ നിറവേറ്റുകയും അവിടുന്ന് വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിനെ ആരാധിക്കാൻ അവിടുന്ന് കാണിച്ചു തന്ന വഴിയല്ലാതെ നാം സ്വീകരിക്കാൻ പാടില്ല. അതോടൊപ്പം, നബി ﷺ യുടെ അവകാശങ്ങളെ നാം ആദരിക്കുകയും, അവിടുത്തെ ബഹുമാനിക്കുകയും, അവിടുത്തെ പ്രബോധനം വ്യാപിപ്പിക്കുകയും, അവിടുത്തെ മതാദ്ധ്യാപനങ്ങൾ പ്രചരിപ്പിക്കുകയും, അവിടുത്തേക്കെതിരെയുള്ള ആരോപണങ്ങൾ പ്രതിരോധിക്കുകയും വേണം. നാലാമതായി; മുസ്ലിംകളിലെ നേതാക്കന്മാരായ (ഭരണാധികാരികളോടും പണ്ഡിതന്മാരോടും) ഗുണകാംക്ഷ പുലർത്തണം. അവരെ സത്യമാർഗത്തിൽ സഹായിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾക്ക് എതിരു നിൽക്കാതെയും, അല്ലാഹുവിനെ അനുസരിക്കുന്ന കാര്യങ്ങളിൽ അവരുടെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ടുമാണ് ഈ ഗുണകാംക്ഷ പുലർത്തേണ്ടത്. അഞ്ചാമതായി; മുസ്ലിം പൊതുജനങ്ങളോട് ഗുണകാംക്ഷ പുലർത്തണം. അവരോട് നന്മ ചെയ്തു കൊണ്ടും, അവരെ നന്മയിലേക്ക് ക്ഷണിച്ചു കൊണ്ടും, അവർക്ക് ഉപദ്രവങ്ങൾ വരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും, അവർക്ക് നന്മ ലഭിക്കാൻ ആഗ്രഹിച്ചു കൊണ്ടുമാണ് ഈ ഗുണകാംക്ഷ നിറവേറ്റേണ്ടത്. അതോടൊപ്പം നന്മകളിലും ധർമ്മനിഷ്ഠയിലും അവരുമായി പരസ്പരസഹകരണം നിലനിർത്തുകയും വേണം.
ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ എൻ്റെ ഈ വീട്ടിൽ വെച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരെ പ്രയാസപ്പെടുത്തുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ട് അവരോട് സൗമ്യത പുലർത്തുകയുമാണെങ്കിൽ നീ അവനോട് സൗമ്യത കാണിക്കേണമേ!"
رواه مسلمമുസ്ലിം സമൂഹത്തിൻ്റെ കാര്യങ്ങളിൽ നിന്ന് ചെറുതോ വലുതോ ആയ എന്തെങ്കിലുമൊന്ന് ഏറ്റെടുക്കുകയും, അതിൽ സൗമ്യത പുലർത്താതെ അവർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് കഠിനത വരുത്തേണമേ എന്ന് നബി ﷺ പ്രാർത്ഥിക്കുന്നു. കാരണം അല്ലാഹു ഓരോ പ്രവർത്തനങ്ങൾക്കും അവയുടെ അതേ ഇനമനുസരിച്ചാണ് പ്രതിഫലം നൽകുക. ഹദീഥിൽ 'കാര്യങ്ങൾ ഏറ്റെടുക്കുക' എന്ന് പറഞ്ഞതിൽ മുസ്ലിം ഉമ്മത്തിൻ്റെ മൊത്തത്തിലുള്ള ഭരണം ഏറ്റെടുക്കുന്നതും, ഏതെങ്കിലും ഭാഗികമായ വിഷയങ്ങളിൽ കൈകാര്യകർതൃത്വം ഏറ്റെടുക്കുന്നതും ഉൾപ്പെടും. അതേ സമയം മുസ്ലിംകളുടെ കാര്യങ്ങളിൽ അവരോട് സൗമ്യത പുലർത്തുകയും, അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകുകയും ചെയ്തവർക്ക് എളുപ്പം നൽകേണമേ എന്നും നബി ﷺ പ്രാർത്ഥിച്ചിട്ടുണ്ട്.
മഅ്ഖിൽ ബ്നു യസാർ അൽ-മുസനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."
متفق عليهജനങ്ങളുടെ മേൽ അധികാരമുള്ളവനും ഉത്തരവാദിത്തമുള്ളവനുമായി അല്ലാഹു ഒരാളെ മാറ്റുകയും, ശേഷം തൻ്റെ അധികാരപരിധിയിൽ വരുന്നവരോട് പാലിക്കേണ്ട ബാധ്യതകളിൽ അവൻ കുറവ് വരുത്തുകയും, അവരെ വഞ്ചിക്കുകയും, അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും ചെയ്താൽ അവൻ ഹദീഥിൽ പറയപ്പെട്ട കഠിനമായ ശിക്ഷക്ക് അർഹതയുള്ളവനായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഇവിടെ അധികാരം എന്നു പറഞ്ഞതിൽ പൊതുവായ അധികാരം ഉൾപ്പെടും; രാജാവിനുള്ള അധികാരം പോലെ. അതു പോലെ, ഭാഗികമായ അധികാരവും ഉൾപ്പെടും; പുരുഷനും സ്ത്രീക്കും തങ്ങളുടെ വീടുകളിൽ ഉള്ള അധികാരം പോലെ. ഈ ബാധ്യതകളിൽ ഭൗതികമായവയും മതപരമായവും ഒരു പോലെ ഉൾപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും, ജമാഅത്തിനെ വെടിയുകയും മരണപ്പെടുകയും ചെയ്താൽ ജാഹിലിയ്യാ മരണമാണ് അവൻ വരിച്ചിരിക്കുന്നത്. ആരെങ്കിലും അന്ധമായ കൊടിക്കൂറക്ക് കീഴിൽ പോരാടുകയും, വിഭാഗീയതക്ക് വേണ്ടി കോപിക്കുകയും, വിഭാഗീയതയിലേക്ക് ക്ഷണിക്കുകയും, വിഭാഗീയതയെ സഹായിക്കുകയും, അങ്ങനെ കൊല്ലപ്പെടുകയും ചെയ്താൽ അത് ജാഹിലിയ്യാ മരണമാണ്. ആരെങ്കിലും എൻ്റെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും (ഒന്നും നോക്കാതെ) കൊലപ്പെടുത്തുകയും, അവരിലെ വിശ്വാസിയെ (കൊല്ലുന്നതിൽ) ഒരു ഗൗരവവും കാണാതിരിക്കുകയും, കരാറുള്ളവൻ്റെ കരാർ പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല. ഞാൻ അവനിൽ പെട്ടവനുമല്ല."
رواه مسلمമുസ്ലിം ഭരണാധികാരികൾക്കുള്ള അനുസരണം അവസാനിപ്പിക്കുകയും, ഒരു ഭരണാധികാരിക്ക് കീഴിൽ ഒരുമിച്ചിട്ടുള്ള മുസ്ലിം പൊതുജമാഅത്തിനോട് എതിരാവുകയും, ഈ അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുന്ന വ്യക്തി ജാഹിലിയ്യാ കാലഘട്ടത്തിലെ ജനങ്ങളുടെ മരണമാണ് വരിച്ചിരിക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ജാഹിലിയ്യാ കാലഘട്ടത്തിലെ ജനങ്ങൾ ഏതെങ്കിലും ഭരണാധികാരിയെ അനുസരിക്കുകയോ, ഏതെങ്കിലും ഐക്യപ്പെട്ട കൂട്ടത്തിലേക്ക് ചേർന്നു നിൽക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. മറിച്ച്, അവർ വ്യത്യസ്ത കക്ഷികളായി ചിഹ്നഭിന്നമായി നിലകൊള്ളുകയും, പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയുമാണ് ചെയ്തിരുന്നത്. സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയാത്ത വിധം നിലകൊള്ളുന്ന ഏതെങ്കിലുമൊരു കൊടിക്കൂറക്ക് കീഴിൽ ആരെങ്കിലും യുദ്ധം ചെയ്യുകയും, ഇസ്ലാം ദീനിനെയും സത്യത്തെയും സഹായിക്കണമെന്ന ഉദ്ദേശ്യമില്ലാതെ തൻ്റെ ഗോത്രത്തിനോ ജനതക്കോ വേണ്ടിയുള്ള അന്ധമായ കക്ഷിത്വത്തിൽ മറ്റുള്ളവരോട് കോപിക്കുകയും അങ്ങനെ വ്യക്തമായ ഉൾക്കാഴ്ച്ചയോ വിജ്ഞാനമോ ഇല്ലാതെ പരസ്പരം പോരടിക്കുകയും അങ്ങിനെ അവൻ കൊല്ലപ്പെടുകയും ചെയ്താൽ അവൻ്റെ മരണവും ജാഹിലിയ്യാ മാർഗത്തിലായിരിക്കും. ഇതു പോലെ, മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും വധിക്കുകയും, വിശ്വാസികളെ കൊലപ്പെടുത്താൻ ഒരു ഭയവുമില്ലാതിരിക്കുകയും, ഭരണാധികാരികൾക്കും അമുസ്ലിംകൾക്കും മറ്റും നൽകിയ കരാറുകളും ഉടമ്പടികളും പാലിക്കാതിരിക്കുകയും ചെയ്യുക വൻപാപങ്ങളിൽ പെട്ട തിന്മയാണ്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവന് ഈ ഹദീഥിൽ പറയപ്പെട്ട കഠിനമായ താക്കീത് ബാധകമായിരിക്കുന്നു.
അർഫജഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "നിങ്ങളുടെ ഭരണകാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക."
رواه مسلمമുസ്ലിംകൾ ഒരു ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും, ഒരു കൂട്ടമായി ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന വേളയിൽ ആരെങ്കിലും ഈ ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ വേണ്ടി വരികയോ, മുസ്ലിംകളുടെ ഈ ഐക്യത്തെ നശിപ്പിച്ച് ഒന്നിലധികം കക്ഷികളാക്കി അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ തടയുകയും അവരോട് പോരാടുകയും ചെയ്യുക എന്നത് മുസ്ലിംകളുടെ മേൾ നിർബന്ധമാണ്. അവൻ്റെ ഉപദ്രവം ഇല്ലാതെയാക്കുന്നതിനും, മുസ്ലിംകളുടെ രക്തം ചിന്തപ്പെടാതെ സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിക്രമിയായ ഭരണാധികാരിയുടെ അരികിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും മഹത്തരമായ ജിഹാദിൽ പെട്ടതാണ്".
رواه أبو داود والترمذي وابن ماجه وأحمدഅല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൻ്റെ (ധർമ്മ സമരങ്ങൾ) കൂട്ടത്തിൽ ഏറ്റവും ഉപകാരപ്രദവും മഹത്തരവുമായ രൂപങ്ങളിലൊന്നാണ് അതിക്രമിയായ ഒരു ഭരണാധികാരിയുടെ അടുക്കൽ നീതിയുടെയും സത്യത്തിൻ്റെയും വാക്ക് സംസാരിക്കുക എന്നത്. കാരണം നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക എന്ന ഇസ്ലാമിലെ മഹത്തരമായ ആരാധനാകർമ്മമാണ് ഈ പ്രവർത്തി നിർവ്വഹിക്കുന്നതിലൂടെ നടക്കുന്നത്. പ്രയോജനകരമായ നേട്ടം ലഭിക്കുവാനും ഉപദ്രവകരമായ കാര്യങ്ങൾ തടുത്തു നിർത്താനും സാധിക്കുന്ന വിധത്തിലുള്ള വാക്കു കൊണ്ടും, എഴുത്തു കൊണ്ടും, പ്രവർത്തിയിലൂടെയും മറ്റുമെല്ലാം ഇത് നിർവ്വഹിക്കാവുന്നതാണ്.