





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക."
متفق عليهമുസ്ലിംകളുടെ സമ്പത്തിലും ഐഹികമായ കാര്യങ്ങളിലും തങ്ങളുടെ സ്വേഛകളും ഇഷ്ടങ്ങളും നടപ്പിൽ വരുത്തുന്ന ഭരണാധികാരികൾ ഉണ്ടാകുന്നതാണെന്നും, അവർ പൊതുസമ്പത്തിൽ തങ്ങളുടെ ഇഷ്ടമനുസരിച്ച് കൈകടത്തുകയും, മുസ്ലിം പൊതുജനങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം മതപരമായ വിഷയങ്ങളിൽ അനിഷ്ടകരമായ പലതും അവരിൽ നിന്നും ഉണ്ടാകുന്നതാണ്. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "ഈ അവസ്ഥയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" ഭരണാധികാരികൾ പൊതുസമ്പത്ത് സ്വന്തത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് അവരോട് നിങ്ങൾക്കുള്ള ബാധ്യത -അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്- നിങ്ങൾ തടയരുത്. മറിച്ച്, അവരുടെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും അവരെ കേൾക്കുകയും അനുസരിക്കുകയും ഭരണവിഷയങ്ങളിൽ അവർക്കെതിരെ നിലകൊള്ളാതിരിക്കുകയും ചെയ്യുക. നിങ്ങൾക്ക് അർഹതപ്പെട്ടത് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക. ഭരണാധികാരികളെ നേർവഴിയിലാക്കാനും അവരെ കൊണ്ടുള്ള ഉപദ്രവങ്ങളും അവരുടെ അതിക്രമങ്ങളും തടുയാനും അല്ലാഹുവിനോട് തേടുക.
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലകൊള്ളുന്നവനും അവയെ ലംഘിക്കുന്നവനുമുള്ള ഉപമ ഒരു കപ്പലിൽ നറുക്കെടുപ്പ് നടത്തിയവരെ പോലെയാണ്. അങ്ങനെ അവരിൽ ചിലർക്ക് മുകൾഭാഗവും മറ്റുചിലർക്ക് താഴ്ഭാഗവും ലഭിച്ചു. താഴ്ഭാഗത്തുള്ളവർ വെള്ളത്തിന് ആവശ്യം വരുമ്പോൾ മുകളിലുള്ളവരുടെ അടുത്തു കൂടെ പോകേണ്ടതായുണ്ട്. അപ്പോൾ അവർ പറഞ്ഞു: "നമുക്ക് ലഭിച്ച ഈ താഴ്ഭാഗത്ത് നാമൊരു ദ്വാരമുണ്ടാക്കിയാൽ മുകളിലുള്ളവരെ നമുക്ക് പ്രയാസപ്പെടുത്തേണ്ടതില്ലല്ലോ?" അവരുടെ ഉദ്ദേശം പോലെ അവർ ചെയ്യട്ടെ എന്ന നിലക്ക് (മുകളിലുള്ളവർ താഴെയുള്ളവരെ) വിട്ടേച്ചു കളഞ്ഞാൽ അവരെല്ലാം ഒരുമിച്ച് നശിക്കും. എന്നാൽ അവർ ഇവരുടെ കൈകൾ പിടിച്ചുവെച്ചാൽ ഇവരും അവരുമെല്ലാം രക്ഷപ്പെടും."
رواه البخاريഅല്ലാഹുവിൻ്റെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ നിറവേറ്റുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരുടെ ഉപമയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അതോടൊപ്പം നന്മകൾ ഉപേക്ഷിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുള്ള ഉപമയും, അത് സമൂഹത്തിൻ്റെ രക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്നും നബി -ﷺ- വിവരിച്ചിരിക്കുന്നു. ഇവരുടെ ഉപമ കപ്പലിൽ യാത്ര ചെയ്യുന്ന ഒരു സമൂഹത്തിൻ്റെ ഉപമയാണ്. അങ്ങനെ ആരാണ് കപ്പലിൻ്റെ മുകൾതട്ടിൽ യാത്ര ചെയ്യേണ്ടത് എന്നും, ആരാണ് താഴെ യാത്ര ചെയ്യേണ്ടത് എന്നും തീരുമാനിക്കാൻ വേണ്ടി അവർ നറുക്കെടുപ്പ് നടത്തി. യാത്രക്കാരിൽ ചിലർക്ക് മുകൾഭാഗവും മറ്റുള്ളവർക്ക് താഴ്ഭാഗവും ലഭിച്ചു. താഴ്ഭാഗത്തുള്ളവർക്ക് വെള്ളം എടുക്കേണ്ടി വന്നാൽ മുകൾഭാഗത്തുള്ളവരുടെ അടുത്ത് പോകേണ്ടതായി ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ താഴെയുള്ളവരിൽ ചിലർ പറഞ്ഞു: "നമ്മൾ ഇരിക്കുന്ന ഈ താഴ്ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കിയാൽ അതിലൂടെ നമുക്ക് വെള്ളം ലഭിക്കുമായിരുന്നു. മുകൾതട്ടിലുള്ളവരെ പ്രയാസപ്പെടുത്തുന്നത് നമുക്ക് അവസാനിപ്പിക്കുകയും ചെയ്യാം." മുകൾതട്ടിലുള്ളവർ താഴ്ഭാഗത്തുള്ളവരുടെ ഈ തീരുമാനം അറിഞ്ഞിട്ടും നിശബ്ദരായിരുന്നാൽ കപ്പൽ തകരുകയും അവരെല്ലാം മുങ്ങിമരിക്കുകയും ചെയ്യും. എന്നാൽ താഴെയുള്ളവരെ അവർ തടയുകയും എതിർക്കുകയും ചെയ്താൽ രണ്ട് വിഭാഗങ്ങൾക്കും ഒരുമിച്ച് രക്ഷപ്പെടാൻ സാധിക്കുകയും ചെയ്യും.
അബൂ ബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ഖുർആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നു: "ഈമാനുള്ളവരെ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല." എന്നാൽ നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും."
رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمدഖുർആനിലെ ഒരു ആയത്ത് ജനങ്ങളിൽ ചിലർ പാരായണം ചെയ്തു തെറ്റായി മനസ്സിലാക്കുന്നതിനെ കുറിച്ച് ഉണർത്തുകയാണ് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിലൂടെ. "ഈമാനുള്ളവരെ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല." (മാഇദ: 105) ഒരാൾ തൻ്റെ സ്വന്തം കാര്യങ്ങൾ മാത്രം ശരിയാക്കിയാൽ മതിയാകും; അതുണ്ടെങ്കിൽ മറ്റുള്ളവർ വഴിപിഴക്കുന്നതോ മറ്റോ അവന് യാതൊരു ഉപദ്രവവും ചെയ്യില്ല; നന്മ കൽപ്പിക്കുക എന്നതോ തിന്മ വിരോധിക്കുക എന്നതോ അവരുടെ ആവശ്യമല്ല എന്നാണ് അവർ ഈ വചനത്തിൽ നിന്ന് മനസ്സിലാക്കുന്നത്. അവരെ തിരുത്തിക്കൊണ്ടും ഈ വചനത്തിൻ്റെ ഉദ്ദേശ്യം അതല്ല എന്ന് ബോധ്യപ്പെടുത്തി കൊണ്ടും നബി -ﷺ- യിൽ നിന്ന് കേട്ട ഒരു ഹദീഥ് അദ്ദേഹം വിവരിക്കുന്നു. ജനങ്ങൾ തിന്മയും അതിക്രമവും കാണുകയും, അതിക്രമിക്കുന്നവനെ തടയാനുള്ള ശക്തിയുണ്ടായിട്ടും അവർ അത് തടയാതെ വിടുകയും ചെയ്യുന്നുണ്ടെങ്കിൽ അവർക്കെല്ലാം -തിന്മ പ്രവർത്തിക്കുന്നവനെയും അതിനെ കുറിച്ച് നിശബ്ദത പാലിക്കുന്നവനെയും- ഒരു പോലെ ബാധിക്കുന്ന വിധത്തിലുള്ള ശിക്ഷ അല്ലാഹുവിൽ നിന്ന് വന്നെത്തുന്നതാണെന്ന് അവിടുന്ന് അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്. രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പുകളും ദാനമാണ്. വഴിയിൽ നിന്ന് ഒരു ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ്."
متفق عليهഓരോ മനുഷ്യൻ്റെയും ശരീരത്തിലുള്ള സന്ധികളുടെ എണ്ണമനുസരിച്ചുള്ള ഐഛികമായ ദാനങ്ങൾ നൽകാൻ ഓരോ മുസ്ലിമിൻ്റെയും മേൽ ബാധ്യതയുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു അവന് നൽകിയ സൗഖ്യത്തിനുള്ള നന്ദിയുടെ ഭാഗമാണത്. അവൻ്റെ എല്ലുകൾക്കിടയിൽ സന്ധികൾ നിശ്ചയിച്ചു കൊണ്ട് -അവന് വസ്തുക്കൾ പിടിക്കാനും വിടർത്താനും സാധിക്കുന്ന വിധത്തിലാക്കിയതിനുള്ള നന്ദിയുമാണത്. എന്നാൽ ഈ ദാനം പണം കൊണ്ട് മാത്രമല്ല നൽകാൻ കഴിയുക എന്നു കൂടി നബി -ﷺ- അറിയിക്കുന്നു. ശേഷം ഈ ദാനങ്ങളിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ അവിടുന്ന് എണ്ണിപ്പറയുന്നു: തർക്കത്തിൽ അകപ്പെട്ട രണ്ടു പേർക്കിടയിൽ നീതിപൂർവ്വം രഞ്ജിപ്പുണ്ടാക്കുന്നത് ദാനമാണ്. തൻ്റെ വാഹനത്തിന് മുകളിൽ കയറാൻ സാധിക്കാത്ത ഒരാളെ അതിനു സഹായിക്കുന്നതും, ഭാരം കയറ്റിവെക്കാൻ പ്രയാസപ്പെടുന്ന ആൾക്ക് അതിനായി സഹായം നൽകുന്നതും അവൻ്റെ വിഭവങ്ങൾ ഉയർത്താൻ സഹായിക്കുന്നതും ദാനം തന്നെ. നല്ല വാക്ക് പറയുക ദാനധർമ്മമാണ്. ദിക്റുകൾ, ദുആകൾ, സലാം പറയൽ തുടങ്ങിയവയെല്ലാം ഈ പരിധിയിൽ പെടും. നിസ്കാരത്തിലേക്കുള്ള ഓരോ കാൽവെപ്പുകളും ദാനധർമമാണ്. വഴിയിലുള്ള ഉപദ്രവകരമായ വസ്തുക്കൾ നീക്കുന്നതും അതിൽ പെട്ടതു തന്നെ.
അബൂ ഹുനൈദഃ വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: സലമതു ബ്നു യസീദ് അൽജുഅ്ഫി നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരേ! ഞങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും, തങ്ങൾക്കുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ഭരണാധികാരികൾ ഞങ്ങൾക്ക് മേൽ അധികാരത്തിലെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് താങ്കൾ കൽപ്പിക്കുന്നത്?" നബി -ﷺ- അദ്ദേഹത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അദ്ദേഹം ആ ചോദ്യം വീണ്ടും ചോദിച്ചു. നബി -ﷺ- വീണ്ടും തിരിഞ്ഞു കളഞ്ഞു. എന്നാൽ അദ്ദേഹം രണ്ടോ മൂന്നോ തവണ വീണ്ടും ചോദ്യം ആവർത്തിച്ചു. അശ്അസ് ബ്നു ഖയ്സ് അദ്ദേഹത്തെ പിടിച്ചു വലിച്ചു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർക്ക് മേലുള്ള ബാധ്യതകൾ അവരുടെ മേലും, നിങ്ങൾക്കുള്ള ബാധ്യതകൾ നിങ്ങളുടെ മേലുമുണ്ട്."
رواه مسلمഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന ജനങ്ങളുടെ മേലുള്ള ബാധ്യതയിൽ കണിശത പുലർത്തുകയും, ജനങ്ങൾക്ക് അവരുടെ മേലുള്ള അവകാശങ്ങൾ തടഞ്ഞു വെക്കുകയും, ചെയ്യുന്ന ഭരണാധികാരികളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. നീതി നടപ്പാക്കുക, യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് ജനങ്ങൾക്കുള്ള അവകാശം നൽകുക, അന്യായങ്ങൾ പരിഹരിക്കുക, ജനങ്ങളെ തുല്യമായി പരിഗണിക്കുക എന്നിങ്ങനെയുള്ള ബാധ്യതകൾ നിറവേറ്റാത്ത ഇത്തരം ഭരണാധികാരികളോട് ഞങ്ങൾ എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. നബി -ﷺ- ആ ചോദ്യം ആദ്യത്തിൽ അവഗണിക്കുകയാണുണ്ടായത്. അവിടുത്തേക്ക് ഇത്തരം ചോദ്യങ്ങൾ അനിഷ്ടകരമായതു പോലെ. എന്നാൽ ചോദ്യകർത്താവ് തൻ്റെ ചോദ്യം രണ്ടാം തവണയും മൂന്നാം തവണയും ആവർത്തിച്ചപ്പോൾ അശ്അസ് ബ്നു ഖയ്സ് എന്ന സ്വഹാബി അദ്ദേഹത്തെ നിശബ്ദനാക്കുന്നതിന് വേണ്ടി തൻ്റെ അടുത്തേക്ക് പിടിച്ചു വലിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരം നൽകി; അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരുടെ വാക്കുകൾ കേൾക്കുകയും, അവരുടെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക. അവരുടെ മേൽ ബാധ്യതയുള്ളത് അവർ നീതി പുലർത്തുകയും ഭരണീയരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളതാണ്. നിങ്ങളുടെ മേൽ ബാധ്യതയുള്ളത് അവരെ അനുസരിക്കുക എന്നതും, അവരോടുള്ള ബാധ്യതകൾ നിറവേറ്റുകയും, പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നുള്ളതുമാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക, നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക. അതിരാവിലെകളിലും വൈകുന്നേരങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ നിന്ന് കുറച്ചും (ആരാധനകൾ നിർവ്വഹിച്ചു കൊണ്ട്) നിങ്ങൾ സഹായം തേടുക."
رواه البخاريഎളുപ്പമാക്കുകയും, എല്ലാ കാര്യങ്ങളിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന അടിത്തറയിലാണ് ഇസ്ലാം മതം നിലകൊള്ളുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്തെങ്കിലും പ്രയാസമോ ആവശ്യമോ ഉണ്ടാകുന്ന വേളകളിൽ ഈ എളുപ്പത്തിൻ്റെ വഴികൾ കൂടുതൽ പ്രകടമാകുന്നതാണ്. മതപരമായ വിഷയങ്ങളിൽ അനാവശ്യമായ ചികഞ്ഞന്വേഷിക്കൽ നടത്തുന്നതും, സൗമ്യത ഉപേക്ഷിക്കുന്നതും അവസാനം നന്മകൾ പൂർണ്ണമായി ഉപേക്ഷിക്കുന്നതിലേക്കോ ഭാഗികമായി നിലക്കുന്നതിലേക്കോ ആണ് നയിക്കുക എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. ഏതു കാര്യത്തിലും അതിരുകവിയാതെ മിതത്വം പുലർത്താനും നബി -ﷺ- പ്രേരിപ്പിക്കുന്നു; അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ കുറവ് വരുത്തുകയോ ഒരാൾക്ക് അസാധ്യമായ കാര്യങ്ങൾ വഹിക്കാൻ ശ്രമം നടത്തുകയോ വേണ്ടതില്ല. ഒരു കൽപ്പന പരിപൂർണ്ണമായി നിറവേറ്റാൻ കഴിയില്ലെങ്കിൽ സാധ്യമായത്ര അതിൻ്റെ പൂർണ്ണതയോട് അടുപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതോടൊപ്പം, പൂർണ്ണമായി നന്മകൾ ചെയ്യാൻ സാധിക്കാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്ഥിരമായി പ്രവർത്തിക്കുന്ന നന്മകൾക്ക് -അത് വളരെ കുറച്ചേ ഉള്ളൂവെങ്കിലും- മഹത്തരമായ പ്രതിഫലമുണ്ടെന്ന് കൂടി നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. കാരണം ഒരാളുടെ ഭാഗത്ത് നിന്ന് സ്വയം സംഭവിച്ചതല്ലാത്ത ശേഷിക്കുറവ് കൊണ്ട് ഒരു പ്രവർത്തനത്തിൽ കുറവ് സംഭവിച്ചാൽ, അതിനുള്ള പ്രതിഫലത്തിൽ കുറവുണ്ടാകുന്നതല്ല. ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാവഴിയാണെന്നതും, ഇവിടെ നിന്ന് പരലോകത്തേക്ക് വിഭവങ്ങൾ കൊണ്ടു പോവുക എന്നതാണ് അടിമയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം എന്നതും പരിഗണിച്ചു കൊണ്ട് നബി -ﷺ- ആരാധനകൾ നിർവ്വഹിക്കുന്നതിനെ ഒരു യാത്രയായി വിശേഷിപ്പിക്കുകയും, ഈ യാത്ര ഉന്മേഷകരമായ മൂന്ന് സന്ദർഭങ്ങളിൽ നിർവ്വഹിക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു: ഒന്ന്: പകലിൻ്റെ ആദ്യവേള; സുബ്ഹ് നിസ്കാരത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയമാണത്. രണ്ട്: സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് മാറിയതിന് ശേഷം. മൂന്ന്: രാത്രിയുടെ മുഴുവനോ ഭാഗികമോ ആയ ഭാഗം. രാവിലെ കർമ്മങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രയാസകരമായിരിക്കും രാത്രിയിൽ ചെയ്യുക എന്നത് പരിഗണിച്ചു കൊണ്ടാണ് രാത്രിയുടെ ഒരു ഭാഗം മാത്രം ആരാധനകൾ നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചത്.
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിശ്ചയിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. (യാത്രക്കിടയിൽ) അദ്ദേഹം കോപിഷ്ഠനായപ്പോൾ തൻ്റെ കീഴിലുള്ളവരോട് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിങ്ങളോട് കൽപ്പിച്ചില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ നിങ്ങൾ എനിക്കുവേണ്ടി വിറക് ശേഖരിക്കുക." അവർ വിറക് ശേഖരിച്ചു. അദ്ദേഹം പറഞ്ഞു: "ഇനി നിങ്ങൾ തീ കത്തിക്കുക." അവർ തീ കത്തിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അതിൽ പ്രവേശിക്കുക." അങ്ങനെ അവർ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി; എന്നാൽ അവരിൽ ചിലർ മറ്റുചിലരെ പിടിച്ചുനിർത്തി; അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാനാണല്ലോ നാം നബിയുടെ (ﷺ) അടുക്കലേക്ക് ഓടിവന്നത്." അങ്ങനെയിരിക്കെ തീ അണഞ്ഞു; അദ്ദേഹത്തിന്റെ കോപം കെട്ടടങ്ങുകയും ചെയ്തു. ഇക്കാര്യം നബി (ﷺ) അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ മാത്രമാണ്."
متفق عليهനബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിയമിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. യാത്രക്കിടയിൽ ആ നേതാവിന് തൻ്റെ കീഴിലുള്ളവരോട് കോപം വന്നപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) കൽപ്പിച്ചിട്ടില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ നിങ്ങളോട് വിറക് ശേഖരിക്കാനും തീ കത്തിക്കാനും എന്നിട്ട് അതിൽ പ്രവേശിക്കാനും കൽപ്പിക്കുന്നു." അപ്പോൾ അവർ വിറക് ശേഖരിക്കുകയും തീ കത്തിക്കുകയും ചെയ്തു. എന്നാൽ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ അവർ അന്യോന്യം നോക്കാൻ തുടങ്ങി. അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ലേ നമ്മൾ നബിയെ (ﷺ) പിന്തുടർന്നത്; എന്നിട്ടും നമ്മൾ അതിൽ പ്രവേശിക്കണമോ?" അവർ അങ്ങനെ നിൽക്കുമ്പോൾ തീയുടെ ജ്വാല കെട്ടടങ്ങുകയും നേതാവിന്റെ കോപം ശമിക്കുകയും ചെയ്തു. ഈ വിവരം നബിയെ (ﷺ) അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ അനുസരിക്കുകയും അവർ കത്തിച്ച തീയിൽ പ്രവേശിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ദുനിയാവ് നിലനിൽക്കുന്ന കാലത്തോളം അവർ അതിൽ ശിക്ഷിക്കപ്പെടുമായിരുന്നു; അതിൽ നിന്ന് പുറത്തുവരാൻ അവർക്ക് കഴിയുമായിരുന്നില്ല.അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ഒരു സൃഷ്ടിയോടും അനുസരണമില്ല. അനുസരണം നന്മയിൽ മാത്രമാണ്, തിന്മയിലല്ല.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല. അവൻ എൻ്റെ അടുക്കൽ ഹൗദ്വിൻ്റെ അടുക്കൽ വരുന്നതല്ല. അവരുടെ കളവുകളെ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്യാത്തവനാകട്ടെ; അവൻ എന്നിൽ നിന്നാണ്; ഞാൻ അവനിൽ പെട്ടവനുമാണ്. എൻ്റെ അടുക്കൽ ഹൗദ്വിങ്കൽ അവൻ വന്നെത്തുന്നതുമാണ്."
رواه أحمدനബിയുടെ (ﷺ) കാലശേഷം ജനങ്ങളുടെ ഭരണാധികാരികളായി ചിലർ വന്നെത്തുമെന്നും, അവർ കളവ് പറയുകയും തങ്ങൾ പ്രവർത്തിക്കാത്തത് അവകാശപ്പെടുകയും, ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ അന്യായം പ്രവർത്തിക്കുകയും ചെയ്യുമെന്നും നബി (ﷺ) അറിയിക്കുന്നു. ആരെങ്കിലും അവരെ സമീപിക്കുകയും അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങൾക്ക് സഹകരണം നൽകുകയോ, അത്തരം ഭരണാധികാരികളുടെ അടുപ്പവും സ്ഥാനവും ആഗ്രഹിച്ചു കൊണ്ട് അവരുടെ ചെയ്തികളെ ന്യായീകരിച്ചു കൊണ്ട് മതവിധി നൽകുകയോ ചെയ്യുന്നുവെങ്കിൽ നബി (ﷺ) അവരിൽ നിന്ന് ഒഴിവാകുന്നു; 'ഞാൻ അവരിൽ പെട്ടവനോ, അവർ എന്നിൽ പെട്ടവരോ അല്ലെന്നും, എൻ്റെ അടുക്കൽ അന്ത്യനാളിൽ ഹൗദ്വുൽ കൗഥറിൻ്റെ ചാരെ അവർ വരുന്നതല്ലെന്നും' അവിടുന്ന് അറിയിക്കുന്നു. എന്നാൽ ഇത്തരം ഭരണാധികാരികളെ സമീപിക്കുകയോ, അവരുടെ കളവുകൾ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയോ ചെയ്യാതെ നിലകൊള്ളുന്നവർ എന്നിൽ പെട്ടവരും ഞാൻ അവരിൽ പെട്ടവനുമാണെന്നും, അവർ അന്ത്യനാളിൽ എൻ്റെ ചാരെ ഹൗദ്വുൽ കൗഥറിൽ വന്നെത്തുന്നതാണെന്നും നബി (ﷺ) അറിയിക്കുന്നു.