





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!" സ്വഹാബികൾ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "പ്രയാസകരമായ സന്ദർഭങ്ങളിലും വുദൂഅ് പൂർണമായെടുക്കുക. മസ്ജിദിലേക്ക് ചുവടുകൾ അധികരിപ്പിക്കുക. ഒരു നിസ്കാരത്തിന് ശേഷം അടുത്ത നിസ്കാരം കാത്തിരിക്കുക; അതാണ് യഥാർത്ഥ രിബാത്വ് (അതിർത്തി സംരക്ഷണം)."
رواه مسلمതിന്മകൾ പൊറുത്തു നൽകപ്പെടാനും, അവ മലക്കുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏടുകളിൽ നിന്ന് മായ്ച്ചു കളയപ്പെടാനും, സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കാനും കാരണമാകുന്ന ഒരു പ്രവർത്തി അറിയിച്ചു തരട്ടെയോ എന്ന് നബി -ﷺ- സ്വഹാബികളോട് ചോദിച്ചു. അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി. നബി -ﷺ- പറഞ്ഞു: ഒന്നാമത്തെ കാര്യം: പ്രയാസകരമായ ഘട്ടങ്ങളിലും വുദൂഅ് പൂർണമായെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന് ശൈത്യകാലഘട്ടത്തിലും, വെള്ളം കുറവുള്ള സന്ദർഭങ്ങളിലും, ശരീരത്തിൽ വേദനയുള്ളപ്പോഴും, ചൂടുള്ള വെള്ളം കൊണ്ട് വുദൂഅ് ചെയ്യേണ്ടി വന്നാലും. രണ്ടാമത്തെ കാര്യം: മസ്ജിദിലേക്ക് കൂടുതൽ കാൽവെപ്പുകൾ ഉണ്ടാവുക എന്നത്. വീട് ദൂരെയുള്ളവർക്കും, മസ്ജിദിലേക്ക് ധാരാളമായി നടന്നു പോകുന്നവർക്കും ഈ പറഞ്ഞ ശ്രേഷ്ഠത നേടിയെടുക്കാൻ കഴിയും. മൂന്നാമത്തെ കാര്യം; നിസ്കാരത്തിൻ്റെ സമയം കാത്തിരിക്കുക എന്നതും, ഹൃദയം അതുമായി ബന്ധിപ്പിച്ചു കൊണ്ടും അതിന് തയ്യാറെടുത്തു കൊണ്ടും നിലകൊള്ളുക എന്നതാണ്. ജമാഅത്ത് നിസ്കാരം കാത്തുനിന്നു കൊണ്ട് മസ്ജിദിൽ ഇരിക്കുക എന്നതും, ഒരു നിസ്കാരം കഴിഞ്ഞാൽ അടുത്തതിന് വേണ്ടി കാത്തിരിക്കുക എന്നതും അതിൽ ഉൾപ്പെടും. ഈ പറയപ്പെട്ട കാര്യങ്ങളാണ് യഥാർത്ഥ അതിർത്തി സംരക്ഷണം എന്ന് നബി -ﷺ- ശേഷം ഓർമ്മപ്പെടുത്തി. കാരണം മനസ്സിലേക്ക് പിശാചിൻ്റെ പ്രവേശനത്തെ തടയുന്ന വഴികളാണ് ഇതെല്ലാം. തന്നിഷ്ടങ്ങളെ അതിജയിക്കാനും, ദുർ മന്ത്രണങ്ങളായ വസ്വാസുകളെ നശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. അല്ലാഹുവിൻ്റെ സൈന്യം പിശാചിൻ്റെ പടയാളികളെ പരാജയപ്പെടുത്തുന്നത് ഇപ്രകാരമാണ്. അതിനാൽ അതു തന്നെയാണ് ഏറ്റവും വലിയ യുദ്ധം. ശത്രുവിൻ്റെ കടന്നുവരവിനെ തടഞ്ഞു നിർത്തുന്ന അതിർത്തി സംരക്ഷണത്തിൻ്റെ സ്ഥാനം ഈ പ്രവർത്തനങ്ങൾക്ക് നൽകപ്പെട്ടത് അത് കൊണ്ടാണ്.
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ ഉയർത്തിത്തരുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ നിങ്ങൾക്കുത്തമവും, നിങ്ങളുടെ ശത്രുവിനെ നിങ്ങൾ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങൾ അവരുടെ കഴുത്തിനു വെട്ടുകയും അവർ നിങ്ങളുടെ കഴുത്തിനു വെട്ടുകയും ചെയ്യുന്നതിനേക്കാൾ ഉത്തമവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" സ്വഹാബിമാർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചെയ്യൽ)."
رواه الترمذي وابن ماجه وأحمدനബി -ﷺ- തൻ്റെ സ്വഹാബികളോട് ചോദിക്കുന്നു: നിങ്ങളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠമായതും നന്മയേറിയതും പരിശുദ്ധമായതുമായ പ്രവർത്തനം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? സ്വർഗത്തിൽ നിങ്ങൾ ഏറ്റവും ഉയർന്ന പദവി നൽകാൻ കാരണമാകുന്നതും, സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനേക്കാൾ നല്ലതും, നിങ്ങൾ യുദ്ധത്തിൽ ശത്രുക്കളെ നേരിടുന്നതിനും അവരെ വധിക്കുന്നതിനും അവർ നിങ്ങളെ വധിക്കുന്നതിനേക്കാളും നല്ലതുമായ ഒരു പ്രവർത്തി (ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?!) അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി. നബി -ﷺ- പറഞ്ഞു: "എല്ലാ സന്ദർഭങ്ങളിലും എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുക എന്നതാണത്."
സുലൈമാൻ ബ്നു സ്വുറദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ രണ്ട് പേർ പരസ്പരം ചീത്തവിളിക്കുന്നുണ്ട്. അതിലൊരാളുടെ മുഖം ചുവക്കുകയും, കണ്ഠനാഢികൾ പുറത്തേക്ക് തള്ളുകയും ചെയ്തിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും. أَعُوذُ بِاللَّهِ مِنَ الشَّيْطَان 'الرجيم 'ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ ചോദിക്കുന്നു' എന്നവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം ഇല്ലാതെയാകും." അങ്ങനെ സ്വഹാബികൾ അയാളോട് ഇക്കാര്യം പറഞ്ഞു: "നീ ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് രക്ഷ ചോദിക്കണമെന്ന് നബി -ﷺ- പറഞ്ഞിരിക്കുന്നു." അപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് ഭ്രാന്ത് വല്ലതുമുണ്ടോ?"
متفق عليهരണ്ടാളുകൾ നബി -ﷺ- യുടെ മുൻപിൽ വെച്ച് തർക്കിക്കുകയും പരസ്പരം ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തു. അതിൽ ഒരാളുടെ മുഖം ചുവക്കുകയും, അയാളുടെ കഴുത്തിൻ്റെ ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "കടുത്ത ദേഷ്യത്തിൽ നിലകൊള്ളുന്ന ഈ വ്യക്തിയുടെ ദേഷ്യം അകറ്റിക്കളയുന്ന ഒരു വാക്ക് എനിക്കറിയാം. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്നതാണത്. 'പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി -ﷺ- നിന്നോട് കൽപ്പിക്കുന്നു' എന്ന് സ്വഹാബികളിൽ ചിലർ അയാളോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ ഭ്രാന്തനാണോ?" പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് ഭ്രാന്തുള്ളവർ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ.
അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല."
متفق عليهസന്തോഷം പകരുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, ദുഃഖവും പ്രയാസവും സൃഷ്ടിക്കുന്നവ പിശാചിൽ നിന്നുള്ളതാണെന്നും നബി -ﷺ- പഠിപ്പിക്കുന്നു. ആരെങ്കിലും പ്രയാസകരമായ എന്തെങ്കിലും സ്വപ്നം കണ്ടാൽ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ചെറുതായി) തുപ്പുകയും, അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും ചെയ്യണം. എങ്കിൽ ആ സ്വപ്നം അവന് പ്രയാസമുണ്ടാക്കുന്നതല്ല. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ മാർഗങ്ങൾ സ്വപ്നത്തിൻ്റെ ദുഷ്ഫലങ്ങൾ തടയാനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.
ഉഖ്ബത്തു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക."
رواه الترمذي وأحمدഇഹലോകത്തും പരലോകത്തും രക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് നബി -ﷺ- യോട് ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- ചോദിക്കുകയുണ്ടായി. മൂന്ന് കാര്യങ്ങൾ മുറുകെ പിടിക്കാനാണ് നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞത്: ഒന്ന്: നന്മയല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും, തിന്മയടങ്ങുന്ന സർവ്വതിൽ നിന്നും നിൻ്റെ നാവിനെ നീ സംരക്ഷിക്കുക. നന്മയല്ലാതെ നീ ഒരിക്കലും സംസാരിക്കരുത്. രണ്ട്: ഏകാന്തമായി അല്ലാഹുവിനെ ആരാധിക്കുന്നതിനും, അല്ലാഹുവിനുള്ള ആരാധനകളിൽ മുഴുകുന്നതിനും വേണ്ടി നിൻ്റെ വീട്ടിൽ നീ കഴിഞ്ഞു കൂടുകയും, (നാട്ടിൽ വ്യാപകമാകുന്ന) കുഴപ്പങ്ങളിൽ നിന്ന് നിൻ്റെ വീട്ടിൽ കഴിഞ്ഞു കൊണ്ട് നീ അകലം പാലിക്കുകയും ചെയ്യുക. മൂന്ന്: നീ ചെയ്തു പോയ തിന്മകളുടെ പേരിൽ ഖേദിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് കണ്ണുനീർ വാർക്കുകയും ചെയ്യുക.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ അഅ്റാബിയായ ഒരു മനുഷ്യൻ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക." അദ്ദേഹം പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ പറഞ്ഞതിൽ ഞാൻ യാതൊന്നും കൂട്ടുകയില്ല." അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ നോക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ മനുഷ്യനെ നോക്കട്ടെ."
متفق عليهഗ്രാമീണനായ ഒരു അറബി നബി -ﷺ- യുടെ അടുക്കൽ വന്നു. തന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു പ്രവർത്തനം പറഞ്ഞു തരണമെന്നതായിരുന്നു അയാളുടെ ആവശ്യം. ഇസ്ലാമിൻ്റെ സ്തംഭങ്ങൾ പ്രവർത്തിക്കുന്നതിലൂടെയാണ് ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുക എന്ന് നബി -ﷺ- അദ്ദേഹത്തിന് മറുപടി നൽകി. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക രാത്രിയും പകലുമായി അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിർവ്വഹിക്കുക, അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകുക, റമദാൻ മാസത്തിലെ നോമ്പുകൾ അതിൻ്റെ സമയത്ത് നിർവ്വഹിക്കുക. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! താങ്കളിൽ നിന്ന് ഞാൻ കേട്ട ഈ നിർബന്ധ കർമ്മങ്ങളിൽ യാതൊന്നും ഞാൻ അധികരിപ്പിക്കുകയോ അതിൽ എന്തെങ്കിലുമൊരു കുറവ് വരുത്തുകയോ ഇല്ല." അയാൾ തിരിച്ചു പോകുമ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ ഗ്രാമീണ അറബിയെ നോക്കട്ടെ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത മനുഷ്യൻ നശിക്കട്ടെ. വീണ്ടും നശിക്കട്ടെ. വീണ്ടും നശിക്കട്ടെ."
رواه مسلمചിലയാളുകൾക്ക് കടുത്ത അപമാനവും നിന്ദ്യതയും സംഭവിക്കട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു; തൻ്റെ മൂക്ക് മണ്ണിൽ വെക്കേണ്ടി വരുന്നത്ര അവനെ അപമാനം ബാധിക്കട്ടെ എന്ന് മൂന്ന് തവണ -ആവർത്തിച്ചാവർത്തിച്ചു കൊണ്ട്- അവിടുന്ന് പ്രാർത്ഥിച്ചു. 'ആർക്കെതിരെയാണ് -നബിയേ!- താങ്കൾ പ്രാർത്ഥിച്ചത്?' എന്ന് അവിടുത്തോട് ചോദിക്കപ്പെട്ടു. ഉത്തരമായി നബി -ﷺ- അറിയിച്ചു: വാർദ്ധക്യം ബാധിച്ച മാതാപിതാക്കൾ ഉണ്ടായിട്ടും, -അവർ രണ്ടു പേരുമോ അവരിൽ ഒരാളോ ഉണ്ടായിട്ടും- അവരെ കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവനാണ് അവൻ. അവരോട് നന്മ ചെയ്യാത്തതു കൊണ്ടും, അവരെ ധിക്കരിച്ചതു കൊണ്ടുമാണ് അവന് ഈ അവസ്ഥ വന്നെത്തിയത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കവെ 'ജുംദാൻ' എന്നു പേരുള്ള ഒരു മലയുടെ അരികിലൂടെ യാത്ര ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഈ ജുംദാൻ പർവ്വതം കടക്കുക! 'മുഫർരിദുകൾ'മുൻകടന്നിരിക്കുന്നു!" സ്വഹാബികൾ ചോദിച്ചു: "ആരാണ് മുഫർരിദുകൾ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും."
رواه مسلمഅല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ പദവിയും ശ്രേഷ്ഠതയുമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. അവർ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തരാവുകയും, സുഖാനുഗ്രഹങ്ങളുടെ സ്വർഗങ്ങളിൽ ഉന്നതപദവികൾ നേടിയെടുത്തു കൊണ്ട് മറ്റുള്ളവരെ മറികടക്കുകയും ചെയ്തിരിക്കുന്നു. മറ്റു പർവ്വതങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ജുംദാൻ പർവ്വതത്തോട് നബി -ﷺ- അവരെ ഉപമിക്കുകയും ചെയ്തു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ. തിന്മകൾ പരസ്യമാക്കുക എന്നതിൽ പെട്ടതാണ്: ഒരാൾ രാത്രിയിൽ ഒരു കാര്യം പ്രവർത്തിക്കുകയും, പിന്നീട് അല്ലാഹു അവനെ മറച്ചു വെച്ചു കൊണ്ടിരിക്കുകയും, അവനാകട്ടെ നേരം പുലർന്നാൽ, 'ഞാൻ കഴിഞ്ഞ രാത്രിയിൽ ഇന്നയിന്നതെല്ലാം ചെയ്തിരിക്കുന്നു' എന്ന് പറയുകയും ചെയ്യുക എന്നത്. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു."
متفق عليهതിന്മകൾ പ്രവർത്തിക്കുന്ന ഒരു മുസ്ലിമിന് അല്ലാഹുവിൻ്റെ പാപമോചനവും പൊറുക്കലും പ്രതീക്ഷിക്കാൻ വഴിയുണ്ട്; എന്നാൽ തിന്മകൾ അഹങ്കാരത്തോടെയും ലജ്ജയില്ലാതെയും പരസ്യമാക്കുന്നവർക്ക് ഈ പാപമോചനത്തിന് അർഹതയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയിൽ തിന്മ പ്രവർത്തിക്കുകയും, അല്ലാഹു അവനെ മറച്ചു പിടിക്കുകയും, നേരം പുലർന്നപ്പോൾ താൻ പ്രവർത്തിച്ച തിന്മകളെ കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യുന്നവൻ അതിൽ പെടുന്നതാണ് എന്നും അവിടുന്ന് അറിയിച്ചു. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു!!