





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."
رواه مسلمഅല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള ഒരു വ്യക്തിയുടെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള സ്ഥിതി ഗതികളിൽ നബി -ﷺ- അത്ഭുതം കൂറുകയും, അതിൻ്റെ നന്മ എടുത്തു പറയുകയും ചെയ്യുന്നു. കാരണം അവൻ്റെ എല്ലാ അവസ്ഥകളും അവന് നന്മയാണ്. അതാകട്ടെ, ഒരു മുഅ്മിനിനല്ലാതെ ഉണ്ടാവുകയുമില്ല. അവന് ഒരു സന്തോഷം ലഭിച്ചാൽ അതിന് അല്ലാഹുവിനോട് അവൻ നന്ദി കാണിക്കും. അതിലൂടെ അല്ലാഹുവിന് നന്ദി കാണിച്ചതിൻ്റെ പ്രതിഫലം അവന് ലഭിക്കും. ഇനി അവനൊരു പ്രയാസം ബാധിച്ചാലാകട്ടെ, അവൻ ക്ഷമിക്കുകയും അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യും. അതോടെ അവൻ്റെ ക്ഷമക്കുള്ള പ്രതിഫലവും അവന് ലഭിക്കും. ചുരുക്കത്തിൽ, എല്ലാ സന്ദർഭത്തിലും അവൻ പ്രതിഫലാർഹൻ തന്നെയാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും."
رواه أبو داود والترمذي وأحمدനബി -ﷺ- തുമ്മിയാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുമായിരുന്നു; 1- തൻ്റെ കയ്യോ, തൻ്റെ വസ്ത്രമോ കൊണ്ട് വായ മൂടും; വായിൽ നിന്നോ മൂക്കിൽ നിന്നോ എന്തെങ്കിലും പുറത്തു വരുകയും, അത് അടുത്തിരിക്കുന്ന വ്യക്തിയെ പ്രയാസപ്പെടുത്തുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 2- തൻ്റെ ശബ്ദം -ഉച്ചത്തിലാകാത്ത വിധം- താഴ്ത്തും.
ഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹത്തോട് ചിലർ പറഞ്ഞു: "താങ്കൾ (ഖലീഫ) ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, അദ്ദേഹത്തോട് (ഉപദേശിച്ചു) സംസാരിക്കുകയും ചെയ്യുന്നില്ലേ?!" ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിങ്ങളെ കേൾപ്പിച്ചു കൊണ്ടല്ലാതെ ഞാൻ അദ്ദേഹത്തോട് സംസാരിക്കരുത് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എനിക്കും അദ്ദേഹത്തിനും ഇടയിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്; എന്തെങ്കിലുമൊരു കുഴപ്പത്തിന് ഞാൻ വാതിൽ തുറന്നിടാത്ത വിധത്തിൽ. അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നത് ഞാനാകാൻ എനിക്ക് യാതൊരു ഇഷ്ടവുമില്ല. എൻ്റെ മേൽ ഭരണാധികാരിയായിട്ടുള്ള ഒരാളോട് അദ്ദേഹം ജനങ്ങളിൽ ഏറ്റവും നല്ലവനാണെന്ന് -നബി -ﷺ- ഇപ്രകാരം പറഞ്ഞു കേട്ടതിന് ശേഷം- ഞാനൊരിക്കലും പറയുകയുമില്ല: "ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ കുടൽമാലകൾ വേഗതയിൽ പുറത്തേക്ക് തെറിച്ചു കൊണ്ടിരിക്കുകയും ചെയ്യും. കഴുത ആട്ടുകല്ലിൽ തിരിയുന്നത് പോലെ, അവനതുമായി തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്. അപ്പോൾ നരകക്കാർ അവൻ്റെ അരികിൽ ഒരുമിച്ചു കൂടും. അവർ ചോദിക്കും: അല്ല മനുഷ്യാ! നിനക്കെന്തു സംഭവിച്ചു?! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നല്ലോ?" അപ്പോൾ അയാൾ പറയും: "അതെ! ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറുണ്ടായിരുന്നില്ല. ഞാൻ തിന്മ വിരോധിക്കാറുണ്ടെങ്കിലും അത് പ്രവർത്തിക്കുമായിരുന്നു."
متفق عليهഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരിക്കൽ ചിലർ ചോദിച്ചു: "താങ്കൾ ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, ജനങ്ങൾക്കിടയിൽ സംഭവിച്ചിരിക്കുന്ന ഫിത്നകളെ കുറിച്ചും, അത് പരിപൂർണ്ണമായി അണച്ചു കളയേണ്ടതിനെ കുറിച്ചും സംസാരിക്കുന്നില്ലേ?!" എന്നാൽ താൻ അദ്ദേഹത്തോട് രഹസ്യമായി സംസാരിച്ചിട്ടുണ്ട് എന്നും, കുഴപ്പം ആളിക്കത്തിക്കാതിരിക്കാൻ വേണ്ടിയാണ് താൻ അപ്രകാരം ചെയ്തത് എന്നും, ഭരണാധികാരികളെ പരസ്യമായി തിരുത്തുക എന്നത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യത്തിൽ പെട്ടതല്ലെന്നും, അത് ഖലീഫഃക്കെതിരെ ജനങ്ങൾ നീങ്ങുന്നതിനും അങ്ങനെ വലിയ കുഴപ്പവും തിന്മയും ഉടലെടുക്കുന്നതിനും കാരണമാകുമെന്നും, അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നവൻ താനായിത്തീരണമെന്ന് തനിക്ക് തീരെ ആഗ്രഹമില്ലെന്നും ഉസാമഃ അവർക്ക് മറുപടി നൽകി. ശേഷം ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: അദ്ദേഹം ഭരണാധികാരികളെ രഹസ്യമായാണ് തിരുത്താറുള്ളത്. ഭരണാധികാരിയോടാണെങ്കിൽ പോലും. അവരെ മുഖത്ത് നോക്കി അന്യായമായി പുകഴ്ത്തി കൊണ്ടും, അവരോട് വിധേയത്വം കാണിച്ചു കൊണ്ടും അദ്ദേഹം സംസാരിക്കുകയില്ല. നബി -ﷺ- യുടെ ഒരു ഹദീഥ് കേട്ടതിന് ശേഷം അദ്ദേഹം അക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ആ ഹദീഥിൽ നബി -ﷺ- പറഞ്ഞതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അന്ത്യനാളിൽ ഒരു മനുഷ്യൻ കൊണ്ടുവരപ്പെടുകയും, നരകത്തിലേക്ക് അവൻ വലിച്ചെറിയപ്പെടുകയും ചെയ്യും. അങ്ങനെ അവൻ്റെ വയറ്റിനുള്ളിൽ നിന്ന് കുടൽമാലകൾ വേഗത്തിൽ പുറത്തേക്ക് ചാടിക്കൊണ്ടിരിക്കും; നരകാഗ്നിയുടെ കഠിനമായ ചൂടും, ശിക്ഷയുടെ കടുപ്പവും കാരണത്താലാണത്. തൻ്റെ കുടൽമാലകളുമായി അവൻ ഈ അവസ്ഥയിൽ നരകത്തിൽ ചുറ്റിക്കൊണ്ടിരിക്കും; ഒരു കഴുത ആട്ടുകല്ലിന് ചുറ്റും കറങ്ങുന്നത് പോലെയായിരിക്കും അത്. അങ്ങനെ നരകക്കാർ അവൻ്റെ ചുറ്റും കൂടിനിൽക്കുകയും, അവനോട് ചോദിക്കുകയും ചെയ്യും: ഹേ മനുഷ്യാ! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരാളാണല്ലോ?! അപ്പോൾ അയാൾ പറയും: അതെ! എന്നാൽ ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറില്ലായിരുന്നു. തിന്മ ഞാൻ വിരോധിക്കാറുണ്ടായിരുന്നെങ്കിലും അത് ഞാൻ ചെയ്യാറുണ്ടായിരുന്നു.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ അവനും ഞാനും ഇപ്രകാരമായിരിക്കും." (എന്നു പറഞ്ഞു കൊണ്ട്) തൻ്റെ വിരലുകൾ അവിടുന്ന് ചേർത്തുപിടിച്ചു.
رواه مسلمആർക്കെങ്കിലും രണ്ട് പെൺമക്കളോ സഹോദരിമാരോ ഉണ്ടായിരിക്കുകയും, അവരെ വളർത്തുന്നതിൻ്റെ ചെലവ് അവൻ വഹിക്കുകയും, അവരെ നല്ല സ്വഭാവ മര്യാദകൾ പഠിപ്പിക്കുകയും, നന്മയിലേക്ക് വഴികാണിക്കുകയും, തിന്മകളിൽ നിന്ന് താക്കീത് നൽകുകയും മറ്റുമെല്ലാം ചെയ്യുകയും, അങ്ങനെ അവർ വലുതാവുകയും പ്രായപൂർത്തിയെത്തുകയും ചെയ്താൽ അതിനുള്ള പ്രതിഫലമായി അന്ത്യനാളിൽ അവൻ നബി -ﷺ- യോടൊപ്പമായിരിക്കും വന്നെത്തുക; നബിയുമായുള്ള അവരുടെ അടുപ്പം സൂചിപ്പിച്ചു കൊണ്ട്) അവിടുന്ന് -ﷺ- തൻ്റെ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചു കാണിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”
رواه مسلمഅല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലുമെല്ലാം വിശ്വസിച്ചവർ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്ന് നബി -ﷺ- വ്യക്തമാക്കുന്നു. ഒരാളുടെ ഈമാൻ പൂർണ്ണമാവുകയും, മുസ്ലിം സമൂഹത്തിൻ്റെ കെട്ടുറപ്പ് നന്നാവുകയും ചെയ്യണമെങ്കിൽ അവർക്കിടയിൽ പരസ്പര സ്നേഹം ഉണ്ടായിരിക്കണം എന്നും അവിടുന്ന് അറിയിക്കുന്നു. ജനങ്ങൾക്കിടയിൽ സ്നേഹം വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പ്രവർത്തിയെ കുറിച്ചാണ് ശേഷം നബി -ﷺ- അറിയിക്കുന്നത്. മുസ്ലിംകൾക്കിടയിൽ പരസ്പരം സലാം പറയുക എന്നത് വ്യാപിപ്പിക്കണമെന്നാണ് അതിനായി അവിടുന്ന് കൽപ്പിച്ചത്. അല്ലാഹു തൻ്റെ ദാസന്മാർക്കിടയിൽ നിശ്ചയിച്ച അഭിവാദനരൂപമാണ് സലാം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."
رواه مسلمഒരു ശരീരം താഴെ വന്നു പതിക്കുന്നത് പോലെ പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദം നബി -ﷺ- കേൾക്കുകയുണ്ടായി. അവിടുത്തോടൊപ്പമുള്ള സ്വഹാബിമാരിൽ ചിലരോട് നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." അപ്പോൾ നബി -ﷺ- അവർക്ക് പറഞ്ഞു കൊടുത്തു: "നിങ്ങൾ കേട്ട ഈ ശബ്ദം നരകത്തിൻ്റെ വായ്ത്തലയിൽ നിന്ന് എഴുപത് വർഷങ്ങൾക്ക് മുൻപ് എറിയപ്പെട്ട ഒരു കല്ല് അതിൻ്റെ അടിത്തട്ടിലേക്ക് പതിച്ച ശബ്ദമാണ്. ഇത്രയും കാലം അത് താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു."
സലമത്തുബ്നുൽ അക്വഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ." അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവനെ തടഞ്ഞത്. പിന്നീട് തൻ്റെ വായിലേക്ക് അവൻ വലതു കൈ ഉയർത്തിയിട്ടില്ല.
رواه مسلمഇടതു കൈ കൊണ്ട് ഭക്ഷിക്കുന്ന ഒരാളെ കണ്ടപ്പോൾ അവനോട് തൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കാൻ നബി -ﷺ- കൽപ്പിച്ചു. എന്നാൽ ഈ മനുഷ്യൻ അഹങ്കാരത്തോടെ 'തനിക്കത് സാധ്യമല്ലെന്ന്' കള്ളം പറഞ്ഞു. വലതു കൈ കൊണ്ട് ഭക്ഷിക്കാൻ ഇനി സാധിക്കാതെ വരട്ടെ എന്ന് നബി -ﷺ- അവനെതിരെ ഈ സന്ദർഭത്തിൽ പ്രാർത്ഥിച്ചു. അല്ലാഹു അവിടുത്തെ പ്രാർത്ഥന സ്വീകരിക്കുകയും, അവൻ്റെ വലതു കയ്യിൻ്റെ സ്വാധീനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ വേണ്ടി അവൻ തൻ്റെ വലതു കൈ വായിലേക്ക് ഉയർത്തിയിട്ടില്ല.
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അവിടുത്തെ വിടവാങ്ങൽ ഹജ്ജിൽ (ഹജ്ജതുൽ വദാഇൽ) ഇപ്രകാരം പ്രസംഗിക്കുന്നത് ഞാൻ കേട്ടു. "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ് അതിൻ്റെ മാസത്തിൽ അനുഷ്ഠിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ റബ്ബിൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം."
رواه الترمذي وأحمدഹജ്ജതുൽ വദാഇൽ, അറഫഃ ദിവസം നബി -ﷺ- ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഹിജ്റ പത്താം വർഷത്തിലായിരുന്നു അത്. നബി -ﷺ- ജനങ്ങളോട് വിടവാങ്ങൽ നടത്തിയ ഹജ്ജായതിനാലാണ് ഹജ്ജതുൽ വദാഅ് എന്ന് അതിന് പേര് വന്നത്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചൂ കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, രാവിലെയും രാത്രിയിലുമായി നിർവ്വഹിക്കണമെന്ന് അല്ലാഹു നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കണമെന്നും അവിടുന്ന് അവരോട് കൽപ്പിച്ചു. റമദാൻ മാസത്തിലെ നോമ്പ് അനുഷ്ഠിക്കാനും, തങ്ങളുടെ സമ്പത്തിൽ നിന്നുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകാനും, അതിൽ പിശുക്ക് കാണിക്കാതിരിക്കാനും അല്ലാഹു അവരുടെ ഭരണകാര്യങ്ങൾ ഏൽപ്പിച്ചു നൽകിയിട്ടുള്ളവരെ -അല്ലാഹുവിനെ ധിക്കരിക്കുക എന്നതിലൊഴികെ- അനുസരിക്കാനും അവിടുന്ന് അവരോട് കൽപ്പിച്ചു. ഈ പറയപ്പെട്ട കാര്യങ്ങൾ ഒരാൾ പ്രവർത്തിച്ചാൽ അവന് സ്വർഗപ്രവേശനം പ്രതിഫലമായി ലഭിക്കുമെന്നും നബി -ﷺ- അറിയിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."
رواه أبو داودഒരു മുസ്ലിമായ വ്യക്തി തൻ്റെ മുസ്ലിമായ മറ്റൊരു സഹോദരനെ കണ്ടുമുട്ടുമ്പോഴെല്ലാം സലാം പറയാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. രണ്ടു പേർ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളയിൽ അവർക്കിടയിൽ ഒരു മരമോ മതിലോ വലിയൊരു കല്ലോ മറയിടുകയും, വീണ്ടും അവർ ഉടനടി കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കിൽ പോലും അവർ വീണ്ടും സലാം പറയട്ടെ എന്നും അവിടുന്ന് അറിയിക്കുന്നു.