





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സഹ്ൽ ബ്നു മുആദ് ബ്നു അനസ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
رواه أبو داود والترمذي وابن ماجه وأحمدഭക്ഷണം കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കാനും, താൻ കഴിച്ച ഈ ഭക്ഷണം കണ്ടെത്താനോ, അത് ഭക്ഷിക്കാനോ അല്ലാഹുവിനെ കൊണ്ടും അവൻ്റെ സഹായം കൊണ്ടുമല്ലാതെ സാധിക്കില്ല എന്ന് സ്മരിക്കാനും നബി -ﷺ- പഠിപ്പിക്കുന്നു. ഈ ആശയമുള്ള പ്രാർത്ഥന ചൊല്ലിയ വ്യക്തിക്ക് അവൻ്റെ കഴിഞ്ഞു പോയ ചെറുപാപങ്ങൾ ഇതിലൂടെ പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന സന്തോഷവാർത്തയും നബി -ﷺ- അറിയിക്കുന്നു.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല."
رواه أبو داود والترمذي والنسائيബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥനയുടെ ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. പ്രസ്തുത പ്രാർത്ഥന തള്ളപ്പെടുകയില്ല എന്നും, അതിന് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുണ്ട് എന്നും, അതിനാൽ ആ സമയം നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുവിൻ എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ."
رواه مسلمഎല്ലാ മാന്യമായ സ്വഭാവങ്ങളുടെയും അടിത്തറകൾ ഒരുമിപ്പിക്കുന്ന ഒരു പ്രാർത്ഥനയാണ് നബി -ﷺ- -ഈ ഹദീഥിൽ വന്ന പ്രാർത്ഥനയിലൂടെ- നിർവ്വഹിച്ചിരിക്കുന്നത്. ദീനും ദുനിയാവും പരലോകവും നന്നാക്കിത്തീർക്കാൻ വേണ്ടിയുള്ള ഈ പ്രാർത്ഥനയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ ഈ മൂന്ന് അടിത്തറകളെ അവിടുന്ന് ഒരുമിപ്പിച്ചിരിക്കുന്നു. ദീൻ നന്നാക്കാൻ വേണ്ടിയുള്ള തേട്ടമാണ് അവിടുന്ന് ആദ്യം ആരംഭിച്ചത്; കാരണം ദുനിയാവും പരലോകവും അതിലൂടെ മാത്രമാണ് നന്നാവുക. അവിടുന്ന് പ്രാർഥിച്ചു: "അല്ലാഹുവേ, എന്റെ ദീനിനെ നീ നന്നാക്കി തീർക്കേണമേ." അതായത് ദീനിൻ്റെ മര്യാദകൾ അതിൻ്റെ പൂർണ്ണവും കൃത്യവുമായ രൂപത്തിൽ നിറവേറ്റാൻ നീ എനിക്ക് സൗഭാഗ്യം ഏകണേ! "എന്റെ രക്ഷാകവചമായ (ദീനിനെ)" ദീൻ എൻ്റെ എല്ലാ കാര്യങ്ങൾക്കുമുള്ള സംരക്ഷണമാണ്. അത് മോശമായാൽ എൻ്റെ കാര്യങ്ങളെല്ലാം മോശമായി. അതോടെ ഞാൻ പരാജിതനാവുകയും നഷ്ടക്കാരിൽ പെടുകയും ചെയ്തു. ദീൻ പൂർണ്ണമായി ശരിയാകാൻ ദുനിയാവും ശരിയാകേണ്ടതുണ്ട് എന്നതിനാൽ അവിടുന്ന് അടുത്തതായി പ്രാർത്ഥിച്ചു: "എന്റെ ഇഹലോകം നീ നന്നാക്കി തീർക്കേണമേ." എൻ്റെ ശരീരത്തിന് ആരോഗ്യവും, എനിക്ക് നിർഭയത്വവും ഉപജീവനവും സച്ചരിതയായ ഒരു ഇണയെയും നല്ല സന്താനങ്ങളെയും എനിക്ക് ആവശ്യമായതും നൽകിക്കൊണ്ട്... അവയെല്ലാം അനുവദനീയമായ രൂപത്തിലാക്കുകയും നിന്നെ അനുസരിക്കാൻ സഹായകമായതാക്കുകയും ചെയ്തു കൊണ്ട് (നീ എൻ്റെ ദുനിയാവിനെ നന്നാക്കേണമേ!). എന്തു കൊണ്ട് ദുനിയാവ് നന്നാക്കണമെന്നതിനുള്ള കാരണമാണ് പിന്നീട് അവിടുന്ന് ഉണർത്തിയത്: "എന്റെ ഉപജീവനമായ ഇഹലോകം..." അതായത് ഞാൻ ജീവിക്കുന്ന സ്ഥലവും എൻ്റെ ആയുസ്സ് കഴിച്ചു കൂട്ടുന്ന ഇടവുമാണത്. "എന്റെ മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ." എൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും, അല്ലാഹുവിനെ നിഷ്കളങ്കനായി ആരാധിക്കാനും, അന്ത്യം നന്നാവാനും എനിക്ക് സൗഭാഗ്യമേകിക്കൊണ്ടും (എൻ്റെ പരലോകം നന്നാക്കേണമേ!). ഇഹലോകത്തിന് ശേഷമാണ് നബി -ﷺ- പരലോകം പറഞ്ഞത്; കാരണം ഇഹലോകം പരലോകം നന്നാക്കാനുള്ള വഴിയും മാർഗവുമാണ്. ആരെങ്കിലും ദുനിയാവിൽ നേർപാതയിലാവുകയും, അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റുകയും ചെയ്താൽ അവൻ്റെ പരലോകവും അവന് നേരെയാവുന്നതാണ്. അവിടെയും അവൻ സൗഭാഗ്യം കൈവരിക്കുന്നതാണ്. "എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ." എൻ്റെ ആയുസ്സിൽ മുഴുവനും നന്മകൾ അധികരിപ്പിക്കാനുള്ള അവസരം നീ നൽകേണമേ! "എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ." എല്ലാ കുഴപ്പങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും, തിന്മകളിലും അശ്രദ്ധയിലും അകപ്പെട്ടു പോയേക്കാവുന്നതിൽ നിന്നും, ഇഹലോകത്തിൻ്റെ പ്രയാസങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നുമെല്ലാമുള്ള രക്ഷയും ആശ്വാസവുമായി മരണത്തെ എനിക്ക് നീ നിശ്ചയിക്കേണമേ എന്നർത്ഥം.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു."
متفق عليهനബി -ﷺ- യുടെ പ്രാർത്ഥനകളിൽ ഏറെ ആശയസമ്പുഷ്ടമായ പ്രാർത്ഥനകളിലൊന്നാണ് ഇത്. അവിടുന്ന് പറയാറുണ്ടായിരുന്നു: എൻ്റെ റബ്ബേ! എനിക്ക് സംഭവിച്ച അബദ്ധങ്ങളും തിന്മകളും എൻ്റെ പക്കൽ നിന്ന് അറിവില്ലാതെ സംഭവിച്ച തെറ്റുകളും നീ എനിക്ക് പൊറുത്തു തരണേ! എൻ്റെ എല്ലാ കാര്യങ്ങളിലും സംഭവിച്ചു പോയ കുറവുകളും അതിരുകവിച്ചിലുകളും പരിധി ലംഘനങ്ങളും എനിക്ക് പൊറുത്തു തരണേ! എൻ്റെ പക്കലുള്ള തിന്മകളിൽ നിന്ന് ഞാൻ മറന്നു പോയ -എന്നാൽ നീ അറിഞ്ഞിട്ടുള്ള- തിന്മകളും നീ പൊറുത്തു തരേണമേ! ഞാൻ ബോധപൂർവ്വം പ്രവർത്തിച്ചതും തിന്മയാണെന്നറിഞ്ഞിട്ടും ചെയ്ത തെറ്റുകളും നീ പൊറുക്കണേ! തമാശയായി സംഭവിച്ചതും ഗൗരവത്തിൽ ചെയ്തതുമായ തിന്മകളും പൊറുത്തു തരണേ! ഇത്രയും ഞാൻ പറഞ്ഞതെല്ലാം -ഈ വിധത്തിലുള്ള തിന്മകളെല്ലാം- ഞാൻ ചെയ്തു പോയിരിക്കുന്നു. അവയെല്ലാം എൻ്റെ പക്കലുണ്ട്. എൻ്റെ കഴിഞ്ഞു പോയതും സംഭവിച്ചു കഴിഞ്ഞതുമായ തിന്മകളും, വരാനിരിക്കുന്ന തിന്മകളും എനിക്ക് നീ പൊറുത്തു തരണമേ! ഞാൻ രഹസ്യമാക്കിയതും ഒളിപ്പിച്ചു വെച്ചതും, ഞാൻ പരസ്യമാക്കിയതും പ്രകടമാക്കിയതുമായ തിന്മകൾ പൊറുത്തു തരണേ! നീയാകുന്നു മുഖദ്ദിമും മുഅഖ്ഖിറും ആയവൻ: നിൻ്റെ സൃഷ്ടികളിൽ നീ ഉദ്ദേശിക്കുന്നവരെ -നിൻ്റെ കാരുണ്യത്താൽ- നിനക്ക് തൃപ്തികരമായതിലേക്ക് നീ വഴികാട്ടുന്നു. നീ ഉദ്ദേശിച്ചവരെ നീ അതിലേക്ക് എത്താൻ കഴിയാത്ത വിധം പരാജിതരാക്കുകയും ചെയ്യുന്നു. നീ പിന്നോട്ട് വെച്ചതിനെ മുന്നിലേക്ക് വെക്കാനോ, നീ മുന്നിലേക്ക് വെച്ചതിനെ പിന്നോട്ടാക്കാനോ ഒരാളുമില്ല. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഉദ്ദേശിച്ചതെല്ലാം നടപ്പിലാക്കാനും, പ്രവർത്തിക്കാനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു നീ.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."
رواه أبو داود والنسائي وابن ماجه وأحمدപകലിലും രാത്രിയിലും നബി -ﷺ- -ഒരിക്കലും ഉപേക്ഷിക്കാതെ ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനയാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. "അല്ലാഹുവേ! ഞാൻ നിന്നോട് സൗഖ്യം ചോദിക്കുന്നു." സൗഖ്യം എന്നാൽ അസുഖങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഐഹികജീവിതത്തിലെ കഠിനതകളിൽ നിന്നും, മതപരമായ വിഷയങ്ങളിൽ വഴിപിഴക്കുകയോ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയോ ചെയ്യുന്നതിൽ നിന്നെല്ലാമുള്ള സൗഖ്യമാണ്. ഇരുലോകത്തും സൗഖ്യം നബി -ﷺ- ഇവിടെ ചോദിച്ചിരിക്കുന്നു. "അല്ലാഹുവേ! ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു." അതായത് എൻ്റെ തിന്മകൾ മായ്ച്ചു കളയാനും, അവ എനിക്ക് വിട്ടുപൊറുത്തു തരാനും ഞാൻ നിന്നോട് തേടുന്നു. അതു പോലെ, കുറവുകളിൽ നിന്ന് എന്നെ സുരക്ഷിതാനാക്കാനും, എൻ്റെ ദീനിൻ്റെ കാര്യത്തിൽ ശിർക്കിലോ ബിദ്അത്തിലോ തിന്മകളിലോ അകപ്പെട്ടു പോകുന്നതിൽ നിന്നും, എൻ്റെ ഭൗതിക ജീവിതത്തിൽ പ്രയാസങ്ങളോ ഉപദ്രവങ്ങളോ ദുരിതങ്ങളോ ബാധിക്കുന്നതിൽ നിന്നും, എൻ്റെ കുടുംബത്തിന് -എൻ്റെ ഇണകൾക്കും മക്കൾക്കും കുടുംബത്തിനും- പ്രയാസങ്ങൾ സംഭവിക്കുന്നതിൽ നിന്നും, എൻ്റെ സമ്പത്തിനും ജോലിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ! എൻ്റെ ന്യൂനതകളും എന്നിലുള്ള കുറവുകളും അബദ്ധങ്ങളും നീ മറച്ചു പിടിക്കുകയും, എൻ്റെ തിന്മകൾ നീ മായ്ച്ചു കളയുകയും, എൻ്റെ ഭയവും പേടിയും നീക്കി നീയെനിക്ക് നിർഭയത്വം നൽകുകയും ചെയ്യേണമേ! അല്ലാഹുവേ! എന്നെ നീ സംരക്ഷിക്കുകയും, എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എൻ്റെ മുൻപിൽ നിന്നും പിറകിൽ നിന്നും വലതു നിന്നും ഇടതു നിന്നും എൻ്റെ മുകളിൽ നിന്നും നീ എനിക്ക് സംരക്ഷണം നൽകുകയും ചെയ്യേണമേ! എല്ലാ ദിശകളിൽ നിന്നും തനിക്ക് വേണ്ടി അല്ലാഹു സംരക്ഷണം ഒരുക്കാൻ തേടുകയാണ് ഈ പ്രാർത്ഥനയിലൂടെ; കാരണം അവനെ ബാധിക്കുന്ന ഏതൊരു പ്രയാസവും ഈ ദിശകളിൽ ഏതെങ്കിലും ഒരു വഴിയിലൂടെയായിരിക്കും അവനെ ബാധിക്കുന്നത്. അശ്രദ്ധയിലായിരിക്കെ എൻ്റെ താഴ്ഭാഗത്ത് നിന്ന് ശിക്ഷ വന്നെത്തുകയും, ഞാൻ പൊടുന്നനെ പിടിക്കപ്പെടുകയും, അങ്ങനെ ഞാൻ ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടു കൊണ്ട് നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവർക്ക് ഇപ്രകാരം ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: "അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവർത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ!"
رواه ابن ماجه وأحمدആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നബി -ﷺ- പഠിപ്പിച്ചു നൽകിയ ഏറെ ആശയസമ്പുഷ്ടമായ ഒരു പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്. നാല് പ്രാർത്ഥനകളാണ് അതിലുള്ളത്.: ഒന്നാമത്തെ പ്രാർത്ഥന: എല്ലാ നന്മകൾക്കും വേണ്ടിയുള്ള പൊതുവായ തേട്ടമാണ്. അല്ലാഹുവേ! എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. സമീപസ്ഥമായി ലഭിക്കേണ്ട നന്മകളും വിദൂരമായി കാലങ്ങൾക്ക് ശേഷം ലഭിക്കാനുള്ള നന്മകളും ഞാൻ ചോദിക്കുന്നു. നീ എനിക്ക് പഠിപ്പിച്ചു നൽകിയ എനിക്ക് അറിവുള്ള നന്മകളും, നിനക്ക് മാത്രം അറിവുള്ള -എനിക്കറിയാത്ത- നന്മകളും ഞാൻ നിന്നോട് തേടുന്നു. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനും ഗോപ്യമായത് അറിയുന്നവനുമായ അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ തേട്ടമാണിത്; അല്ലാഹു അവൻ്റെ മുസ്ലിമായ ദാസന് ഏറ്റവും ശ്രേഷ്ഠവും ഏറ്റവും നല്ലതുമായ കാര്യമാണ് തിരഞ്ഞെടുക്കുക. അതിന് ശേഷം എല്ലാ തിന്മകളിൽ നിന്നും -അടുത്തുള്ളതും വിദൂരത്തുള്ളതുമായ തിന്മകളിൽ നിന്നും, എനിക്ക് അറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും- ഞാൻ അല്ലാഹുവിനോട് രക്ഷ തേടുകയും അവനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു എന്നും അവൻ തേടുന്നു. രണ്ടാമത്തെ പ്രാർത്ഥന: അല്ലാഹുവേ! നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- നിന്നോട് തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്ന എല്ലാ കാര്യങ്ങളും പ്രത്യേകമായി എടുത്തു പറയാതെ, അവിടുത്തെ പ്രാർത്ഥനകളെല്ലാം ഈ ദുആയിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രാർത്ഥനയിൽ അതിരു കവിയാതെ മുസ്ലിമിനെ സംരക്ഷിക്കുന്ന ദുആ കൂടിയാണിത്. മൂന്നാമത്തെ പ്രാർത്ഥന: സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള തേട്ടമാണ്. ഓരോ മുസ്ലിമിൻ്റെയും ലക്ഷ്യവും അവൻ്റെ പ്രവൃത്തിയുടെ പിന്നിലുള്ള ഉദ്ദേശ്യവും അതാണ്. 'അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗം ലഭിക്കാനുള്ള സൗഭാഗ്യം തേടുന്നു. അതിലേക്ക് നയിക്കുന്ന -നിനക്ക് തൃപ്തികരമായ- നല്ല വാക്കുകളും പ്രവൃത്തികളും ചെയ്യാനുള്ള തൗഫീഖും നിന്നോട് തേടുന്നു. നരകത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന -നിൻ്റെ കോപം വരുത്തി വെക്കുന്ന- തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മ്ലേഛമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും നിൻ്റെ ഔദാര്യം കൊണ്ടല്ലാതെ ഒരാൾക്കും രക്ഷയില്ല. നാലാമത്തെ പ്രാർത്ഥന: അല്ലാഹുവിൻ്റെ വിധിയിലുള്ള തൃപ്തിക്ക് വേണ്ടിയുള്ള തേട്ടമാണ്. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും നന്മയാക്കേണമേ എന്നാണ് അതിലൂടെ അവൻ അല്ലാഹുവിനോട് ചോദിക്കുന്നത്.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു."
رواه مسلمനാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിൽ രക്ഷ തേടുന്നു. ഒന്ന്: അല്ലാഹുവേ! നിൻ്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മതപരവും ഭൗതികവുമായ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നുള്ള രക്ഷാതേട്ടമാണിത്. ഇസ്ലാമിൽ തന്നെ അടിയുറച്ചു നിൽക്കാനും, അനുഗ്രഹങ്ങളെ ഇല്ലാതാക്കി കളയാൻ കാരണമാകുന്ന തിന്മകളിലേക്ക് വീണു പോകാതിരിക്കാനുമുള്ള തേട്ടം അതിൻ്റെ ഉള്ളടക്കത്തിലുണ്ട്. രണ്ട്: നിൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നീങ്ങിപ്പോകുകയും, ദുരിതങ്ങളായി അത് മാറിമറിയുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എൻ്റെ സൗഖ്യം എന്നെന്നും നിലനിൽക്കാനും, വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നൽകാനും ഞാൻ നിന്നോട് തേടുന്നു. മൂന്ന്: നിൻ്റെ ശിക്ഷകളായി കുഴപ്പങ്ങളും വിപത്തുകളും പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവിൽ നിന്നുള്ള ശിക്ഷ പൊടുന്നനെ ഒരാൾക്ക് മേൽ വന്നിറങ്ങിയാൽ അയാൾക്ക് തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനോ തൻ്റെ പ്രവൃത്തികൾ നന്നാക്കാനോ ഉള്ള ഒരു സാവകാശം പോലും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ അത്തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഗുരുതരവും തീവ്രവുമായിരിക്കും എന്നതിൽ സംശയമില്ല. നാല്: നിൻ്റെ എല്ലാ കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ ആരോടെങ്കിലും കോപിച്ചാൽ അവൻ തുലഞ്ഞു പോവുകയും നാശമടയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും ഒരാളിൽ നിന്ന് അകറ്റപ്പെടുന്നതിന് വേണ്ടിയാണ് 'സർവ്വ കോപവും' എന്ന അർത്ഥം വരുന്ന പദം നബി -ﷺ- പ്രയോഗിച്ചത്.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു."
رواه النسائي وأحمدനബി -ﷺ- ഈ ഹദീഥിൽ ചില പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയിരിക്കുന്നു: ഒന്ന്: അല്ലാഹുവേ! കടം എന്നെ വരിഞ്ഞു മുറുക്കുകയും, അതിൻ്റെ ആകുലത എന്നെ ബാധിക്കുകയും, ദുരിതം ഞാൻ അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുകയും അഭയം ചോദിക്കുകയും ചെയ്യുന്നു. കടം വീട്ടുവാനും കൊടുത്തു തീർക്കാനും നീ എന്നെ സഹായിക്കണമെന്നും ഞാൻ നിന്നോട് തേടുന്നു. രണ്ട്: ശത്രു എന്നെ കീഴടക്കുകയും എനിക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അവനിൽ നിന്നുള്ള ഉപദ്രവങ്ങൾ തടുത്തു നിർത്താനും, അവനെതിരെ എന്നെ സഹായിക്കാനും ഞാൻ നിന്നോട് തേടുന്നു. മൂന്ന്: മുസ്ലിംകൾക്ക് പ്രയാസങ്ങൾ ഉണ്ടാവുകയും, അവരെ കുഴപ്പങ്ങളും പ്രശ്നങ്ങളും ബാധിക്കുകയും ചെയ്തതിൻ്റെ പേരിൽ ശത്രുക്കൾക്ക് ആഹ്ളാദവും സന്തോഷവും ലഭിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ-പ്രഭാതമായാൽ ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." വൈകുന്നേരമായാൽ അവിടുന്ന് പറയും: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾക്ക് വൈകുന്നേരമായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായതും. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ചിലപ്പോൾ (അവസാനത്തിൽ അവിടുന്ന് പറയും): "നിന്നിലേക്കാണ് സർവ്വരുടെയും മടക്കവും."
رواه أبو داود والترمذي والنسائي في الكبرى وابن ماجهനബി -ﷺ- ദിവസത്തിൻ്റെ ആദ്യഘട്ടമായ പ്രഭാതത്തിലേക്ക് പ്രവേശിച്ചാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നിന്നെ കൊണ്ട് ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു" : അതായത് നിൻ്റെ സംരക്ഷണം ലഭിക്കുന്നവരും, നിൻ്റെ അനുഗ്രഹങ്ങളുടെ വിശാലതയാൽ വലയം ചെയ്യപ്പെട്ടവരും, നിന്നെ സ്മരിക്കുന്നതിൽ വ്യാപൃതരായും, നിൻ്റെ നാമം കൊണ്ട് നിന്നോട് സഹായം തേടുന്നവരും, നിൻ്റെ തൗഫീഖിനാൽ ധന്യരായവരും, നിൻ്റെ പക്കൽ നിന്നുള്ള ശക്തിയും സഹായവും കൊണ്ട് ചലിക്കുന്നവരുമായി കൊണ്ട് ഞങ്ങൾ നേരം പുലർന്നിരിക്കുന്നു. "നിന്നെ കൊണ്ട് ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു" : പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോഴുള്ള അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ പ്രദോഷത്തിൽ ഈ ദിക്ർ ചൊല്ലുമ്പോൾ 'ബിക അംസയ്നാ' എന്ന ഭാഗം ആദ്യം പറയേണ്ടതുണ്ട്. "നിന്നെ കൊണ്ട് ഞങ്ങൾ ജീവിക്കുകയും, നിന്നെ കൊണ്ട് ഞങ്ങൾ മരിക്കുകയും ചെയ്യുന്നു" : കാരണം അല്ലാഹുവാണ് ജീവൻ നൽകുന്നവൻ; അവനെ കൊണ്ടാണ് നാം ജീവിക്കുന്നത്. അവൻ തന്നെയാണ് മരിപ്പിക്കുന്നവനും; അവനെ കൊണ്ടാണ് നാം മരിക്കുന്നതും. "നിന്നിലേക്ക് തന്നെയാണ് പുനരുത്ഥാനവും" : മരണത്തിന് ശേഷം ജീവിക്കപ്പെടുന്നതും, മനുഷ്യരെല്ലാം ചിതറിത്തെറിച്ചതിന് ശേഷം ഒരുമിച്ചു കൂട്ടപ്പെടുന്നതും നിന്നിലേക്കാണ്. എല്ലാ സമയങ്ങളിലും എല്ലാ അവസ്ഥാന്തരങ്ങളിലും ഞങ്ങളുടെ സ്ഥിതി ഇതേ അവസ്ഥയിലാണ് തുടരുന്നത്. അതിൽ നിന്ന് എനിക്കൊരു വേർപ്പെടലില്ല; ഞാൻ അതിൽ നിന്ന് അകന്നു പോകുന്നതുമല്ല. അസ്വർ നിസ്കാരത്തിന് ശേഷം പ്രദോഷത്തിലേക്ക് പ്രവേശിച്ചാൽ ഈ ദിക്ർ 'അല്ലാഹുമ്മ ബിക അംസയ്നാ' എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്. അവസാനത്തിൽ 'വ ഇലയ്കൽ മസ്വീർ' എന്നുമാണ് പറയേണ്ടത്. അതായത്, ഇഹലോകത്ത് നിന്ന് ഞങ്ങൾ മടങ്ങാനിരിക്കുന്നതും, അവസാനമായി ചെന്നണയുന്നതും അല്ലാഹുവിലേക്കാണ്. (അല്ലാഹുവേ!) നീയെന്നെ ജീവിപ്പിക്കുകയും നീ തന്നെ എന്നെ മരിപ്പിക്കുകയും ചെയ്യുന്നു.