





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!"
متفق عليهആശയസമ്പുഷ്ടമായ വാക്കുകൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി -ﷺ- അധികരിപ്പിക്കാറുണ്ടായിരുന്നു. അതിൽ പെട്ടതാണ് ഈ പ്രാർത്ഥന: "അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ." ഈ പ്രാർത്ഥന ഒരേ സമയം ദുനിയാവിലെ നന്മകളും പരലോകത്തിലെ നന്മകളും ഉൾക്കൊള്ളുന്നു; ഇഹലോകത്തിലെ നന്മകളിൽ വിശാലവും ഹലായതുമായ ഉപജീവനം, സച്ചരിതയായ ഭാര്യ, കൺകുളിർമ്മ നൽകുന്ന മക്കൾ, ആശ്വാസം, ഉപകാരപ്രദമായ വിജ്ഞാനം, സൽകർമ്മങ്ങൾ എന്നിങ്ങനെ മനുഷ്യർ ആഗ്രഹിക്കുന്നതും അനുവദനീയമായതുമായ എല്ലാ നന്മകളും ഉൾപ്പെടും. പരലോകത്തിലെ നന്മകളിൽ ഖബ്ർശിക്ഷയിൽ നിന്നുള്ള രക്ഷ, വിചാരണയിലെ ഭയത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനം, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കുക, ശാശ്വതമായ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കുക, കരുണാവാരിധിയായ അല്ലാഹുവിനോടുള്ള സാമീപ്യം എന്നിങ്ങനെയുള്ള കാര്യങ്ങളും ഉൾപ്പെടും.
ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."
رواه البخاريഅല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് പ്രാർത്ഥിക്കാൻ ധാരാളം പ്രാർത്ഥനകളുടെ രൂപങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായിട്ടുള്ളത് ഇപ്രകാരം പറയലാണ്: "اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عَهْدِكَ وَوَعْدِكَ ما اسْتَطَعْتُ أعوذ بك من شر ما صنعتُ أَبُوءُ لك بنعمتك عليَّ وأَبُوءُ لك بذنبي فَاغْفرْ لي فإنه لا يغفر الذنوب إلا أنت" "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാർ (നിറവേറ്റാമെന്നുള്ള ഉറപ്പിലും) നിൻ്റെ വാഗ്ദാനത്തിൽ (പ്രതീക്ഷയർപ്പിച്ചു കൊണ്ടുമാണുള്ളത്). ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല." ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ആദ്യം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നു. അല്ലാഹുവാണ് തൻ്റെ സ്രഷ്ടാവ് എന്നും, അവൻ മാത്രമാണ് തൻ്റെ ആരാധ്യൻ എന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും അവൻ അംഗീകരിക്കുന്നു. തനിക്ക് സാധ്യമായ വിധത്തിൽ അല്ലാഹു തന്നോട് കൽപ്പിച്ചിട്ടുള്ള വിശ്വാസം സ്വീകരിക്കാമെന്നും അവനെ അനുസരിക്കാമെന്നും അല്ലാഹുവിനോട് അവൻ കരാർ ചെയ്യുന്നു. കാരണം മനുഷ്യൻ എത്രയെല്ലാം ആരാധനകൾ നിർവ്വഹിച്ചാലും അല്ലാഹു കൽപ്പിച്ചതെല്ലാം മുഴുവൻ പ്രവർത്തിക്കാനും, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അവനോട് നന്ദി കാണിക്കാനും അവന് സാധിക്കുകയില്ല. അതിനാൽ താൻ അല്ലാഹുവിലേക്ക് അഭയം തേടുന്നുവെന്നും, അവനെ മുറുകെ പിടിക്കുന്നുവെന്നും, താൻ സ്വന്തത്തോട് ചെയ്തുവെച്ച തിന്മകളിൽ നിന്നും അവയുടെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നുവെന്നും ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ഏറ്റുപറയുന്നു. അല്ലാഹു തനിക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഈ പ്രാർത്ഥനയിലൂടെ അവൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. അതോടൊപ്പം തൻ്റെ പക്കൽ നിന്ന് തെറ്റുകളും തിന്മകളും സംഭവിക്കുന്നതും അവൻ അല്ലാഹുവിനോട് ഏറ്റുപറയുന്നു. ഈ രൂപത്തിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിയതിന് ശേഷം അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയും കാരുണ്യവും മഹത്വവും കൊണ്ട് തൻ്റെ പാപങ്ങൾ പൊറുത്തു തരാനും, അവ മറച്ചു പിടിക്കാനും, അവയുടെ ഉപദ്രവങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാനും തൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിക്കുന്നു. കാരണം തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല തന്നെ. ശേഷം 'ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന ദൃഢബോധ്യത്തോടെയും ഹൃദയസാന്നിദ്ധ്യത്തോടെയും അർത്ഥം അറിഞ്ഞു കൊണ്ടും വിശ്വാസത്തോടെയും പകലിൽ -സൂര്യൻ ഉദിച്ചതിനും അത് മദ്ധ്യാഹ്നത്തിൽ നിന്ന് നീങ്ങുന്നതിനും ഇടയിൽ- ചൊല്ലുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന രാത്രിയിൽ -സൂര്യൻ അസ്തമിച്ചത് മുതൽ പുലരി ഉദിക്കുന്നതിന് ഇടയിൽ- ചൊല്ലുകയും, നേരം പുലരുന്നതിന് മുൻപ് മരിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അക്രമത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അക്രമം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും കടുത്ത പിശുക്കാണ് നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത്. അവരുടെ രക്തം ചിന്താനും, അവർക്ക് നിഷിദ്ധമായത് അനുവദനീയമാക്കാനും അതാണവരെ പ്രേരിപ്പിച്ചത്."
رواه مسلمഅന്യായവും അതിക്രമവും പ്രവർത്തിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹുവിനോടുള്ള ബാധ്യതകളിലും, ജനങ്ങളോടുള്ള ഇടപാടുകളിലും, സ്വന്തം ശരീരത്തോടുള്ള കാര്യങ്ങളിലും അന്യായം സംഭവിക്കാം. അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് നൽകാതിരിക്കുക എന്നതാണ് അക്രമം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിക്രമങ്ങളും അന്യായങ്ങളും അന്ത്യനാളിൽ പ്രയാസങ്ങളും ഭീതിതമായ കഠിനതകളും വരുത്തിവെക്കുന്നതാണ്. അതോടൊപ്പം കടുത്ത പിശുക്കും അത്യാർത്തിയും ഉണ്ടാകുന്നതിൽ നിന്നും നബി -ﷺ- വിലക്കുന്നു. സാമ്പത്തികമായ ബാധ്യതകളിൽ വരുത്തുന്ന കുറവുകളും, ഇഹലോകം വെട്ടിപ്പിടിക്കാനുള്ള അത്യാർത്തിയും അതിൽ പെട്ടതാണ്. ഈ തരത്തിലുള്ള അതിക്രമങ്ങളും അന്യായങ്ങളുമാണ് മുൻകഴിഞ്ഞ സമൂഹങ്ങളെ നശിപ്പിച്ചത്. പരസ്പരം പോരടിക്കുന്നതിലേക്കും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അനുവദനീയമാക്കുന്നതിലേക്കും അവരെ നയിച്ചത് അതായിരുന്നു.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
متفق عليهനബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു: ഒന്ന്: ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നത് അധികരിപ്പിക്കൽ. ദാനം നൽകുന്നതും, സമ്മാനം നൽകുന്നതും, അതിഥേയത്വം ഒരുക്കുന്നതും, വിവാഹവേളയിൽ ഭക്ഷണം നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. വിശപ്പും ദാരിദ്ര്യവും വ്യാപിക്കുകയും, വിലക്കയറ്റം അധികരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതൽ ശ്രേഷ്ഠതയുള്ളതാകും. രണ്ട്: എല്ലാ മുസ്ലിമിനും -അവനെ നിനക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും- സലാം പറയൽ.
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറയുകയുണ്ടായി: "നീ പ്രാർത്ഥിക്കുക: അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണേ! സന്മാർഗം ചോദിക്കുമ്പോൾ (യാത്രാ)വഴികളിലേക്ക് നയിക്കപ്പെടുന്നതും, നേരെനിലനിർത്തുന്നത് ചോദിക്കുമ്പോൾ അമ്പ് ലക്ഷ്യത്തിൽ ശരിയായി തറക്കുന്നതും നീ ഓർക്കുക."
رواه مسلمഅല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കേണ്ട രണ്ട് കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ അലി -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നത്. "അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കേണമേ!" അതായത് എനിക്ക് നേർവഴി കാണിച്ചു തരികയും എന്നെ വഴിനയിക്കുകയും ചെയ്യേണമേ എന്നർത്ഥം. "എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണമേ!" എൻ്റെ എല്ലാ കാര്യങ്ങളിലും എനിക്ക് നീ തൗഫീഖ് നൽകുകയും, നേരായ മാർഗത്തിൽ തന്നെ നിലനിർത്തുകയും ചെയ്യേണമേ എന്നർത്ഥം. ഹുദാ / ഹിദായത്ത്: എന്നത് കൊണ്ട് ഉദ്ദേശം സന്മാർഗമാണ്. ഏതാണ് ശരിയായ മാർഗം എന്നത് പൊതുവായും വിശദമായും അറിയാൻ സാധിക്കുകയും, അത് മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകുകയും ചെയ്യലാണ് സന്മാർഗം നൽകപ്പെടുക എന്നതിൻ്റെ അർത്ഥം. സദാദ് എന്നത് കൊണ്ട് ഉദ്ദേശ്യം: എല്ലാ കാര്യങ്ങളിലും നേരായ മാർഗത്തിൽ നിൽക്കാനും ശരി പ്രവർത്തിക്കാനുമുള്ള തൗഫീഖ് നൽകപ്പെടുകയും ചെയ്യുക എന്നതാണ്. വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും ശരിയുടെ വഴി സ്വീകരിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ ആശയങ്ങൾ കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ സാധിക്കും. അതിനാൽ അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമ്പോൾ യാത്ര ചെയ്യുന്ന ഒരു വ്യക്തി അവന് വേണ്ട വഴിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനെ കുറിച്ച് നീ ഓർക്കുക. തനിക്ക് വിവരിച്ചു നൽകപ്പെട്ട വഴിയിൽ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ അവൻ ചെരിഞ്ഞു പോവുകയില്ല. വഴിതെറ്റിപ്പോകാതിരിക്കാനും, സുരക്ഷിതമായി യാത്ര പൂർത്തീകരിക്കാനും, തൻ്റെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനും വേണ്ടി അക്കാര്യം അവൻ ഏറെ ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. അല്ലാഹുവിനോട് നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്താൻ ചോദിക്കുമ്പോൾ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരുന്ന കൃത്യതയാർന്ന അമ്പിനെ കുറിച്ച് നീ സ്മരിക്കുക. അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യത്തിലേക്ക് അമ്പെത്തുന്നതിനായി എത്ര കൃത്യത വരുത്താൻ ശ്രദ്ധിക്കുമോ, അതു പോലെ ജീവിതം ശരിപ്പെടുത്തി നൽകാനാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. അതിലൂടെ സന്മാർഗമെന്ന ലക്ഷ്യവും, ഏറ്റവും ശരിയായ മാർഗത്തിൽ എത്തിക്കണമെന്നും ആണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യം കൃത്യമായി നിർണയിക്കുന്നത് പോലെയുള്ള ശരിയും കൃത്യതയുമാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത് എന്ന കാര്യം നിൻ്റെ ഹൃദയത്തിൽ നീ ഓർക്കുക.
അലി -رَضِيَ اللَّهُ عَنْهُ- നിവേേദനം: ആട്ടുകല്ല് ഉപയോഗിക്കുന്നത് മൂലം തൻ്റെ കയ്യിനുണ്ടാകുന്ന പ്രയാസം ബോധിപ്പിച്ചു കൊണ്ട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ നബി -ﷺ- യുടെ അരികിൽ വന്നു. നബി -ﷺ- യുടെ അടുക്കൽ കുറച്ച് അടിമകൾ വന്നെത്തിയിട്ടുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് അവർ നബി -ﷺ- യുടെ അടുത്ത് വന്നത് എങ്കിലും അവിടുന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- കാര്യം അറിയിച്ചു. അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: അങ്ങനെ നബി -ﷺ- ഞങ്ങളുടെ അടുക്കൽ വന്നു; അവിടുന്ന് എത്തുമ്പോൾ ഞങ്ങൾ വിരിപ്പിൽ കിടന്നു കഴിഞ്ഞിരുന്നു. (നബി -ﷺ- യെ കണ്ടപ്പോൾ) എഴുന്നേൽക്കാൻ വേണ്ടി ഞങ്ങൾ തുനിഞ്ഞെങ്കിലും അവിടുന്ന് പറഞ്ഞു: "അവിടെത്തന്നെ ഇരിക്കൂ." അവിടുന്ന് വന്ന് എനിക്കും ഫാത്വിമക്കും ഇടയിൽ ഇരുന്നു. അവിടുത്തെ കാൽപാദങ്ങളുടെ തണുപ്പ് എൻ്റെ വയറ്റിൽ ഞാൻ അനുഭവിക്കുന്നത്ര (അവിടുന്ന് ഞങ്ങളുടെ അടുത്തിരുന്നു). ശേഷം അവിടുന്ന് പറഞ്ഞു: "നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്."
متفق عليهഭക്ഷണത്തിനുള്ള മാവ് കുഴക്കുന്ന ആട്ടുകല്ല് ഉപയോഗിച്ചത് കൊണ്ട് നബി -ﷺ- യുടെ മകളായ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യുടെ കൈകളിൽ പാടുകളുണ്ടാകാറുണ്ടായിരുന്നു. നബി -ﷺ- യുടെ അടുക്കൽ ചില അടിമകളെ കൊണ്ടുവന്നിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞപ്പോൾ അതിൽ നിന്ന് ഒരാളെ തനിക്ക് ജോലിക്കായി നിർത്തിത്തരണം എന്ന ആവശ്യവുമായി അവർ നബി -ﷺ- യുടെ അരികിൽ ചെന്നു. എന്നാൽ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നപ്പോൾ നബി -ﷺ- വീട്ടിലുണ്ടായിരുന്നില്ല. അവിടുത്തെ പത്നിയായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് അവർ കാര്യമറിയിച്ചു. നബി -ﷺ- വന്നപ്പോൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നതിനെ കുറിച്ചും, ഒരു വേലക്കാരനെ ആവശ്യപ്പെട്ടതിനെ കുറിച്ചും ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിച്ചു. ഫാത്വിമയും അവരുടെ ഭർത്താവായ അലി -رَضِيَ اللَّهُ عَنْهُ- വും ഉറങ്ങാൻ വേണ്ടി തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് നബി -ﷺ- അവരുടെ വീട്ടിലേക്ക് ചെന്നത്. അവർക്ക് രണ്ടു പേർക്കുമിടയിൽ അവിടുന്ന് ഇരുന്നു; നബി -ﷺ- യുടെ കാലിൻ്റെ തണുപ്പ് തൻ്റെ വയറ്റിന് മേൽ അനുഭവപ്പെട്ടു എന്നാണ് അലി -رَضِيَ اللَّهُ عَنْهُ- അതിനെ കുറിച്ച് പറഞ്ഞത്. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നോട് ഒരു വേലക്കാരനെ ചോദിച്ചുവല്ലോ; എന്നാൽ അതിനേക്കാൾ നല്ല ഒന്ന് ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?! അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു കൊടുത്തു: നിങ്ങൾ ഉറങ്ങാനായി നിങ്ങളുടെ വിരിപ്പിലേക്ക് ചെന്നാൽ 'അല്ലാഹു അക്ബർ' എന്നു മുപ്പത്തി നാല് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തുക. സുബ്ഹാനല്ലാഹ് എന്ന് മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമം ഈ ദിക്ർ ചൊല്ലുന്നതാണ്.
അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."
رواه أبو داود والترمذي والنسائيഅബ്ദുല്ലാഹി ബ്നു ഖുബൈബ് എന്ന മഹാനായ സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. സ്വഹാബികളിൽ ചിലർ ധാരാളം മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ, തങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടി നബി -ﷺ- യെ അന്വേഷിച്ചു കൊണ്ടിറങ്ങി. അങ്ങനെ അവർ നബി -ﷺ- യെ കണ്ടെത്തുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് 'നീ പറയുക / പാരായണം ചെയ്യുക' എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം യാതൊന്നും പറയുകയോ പാരായണം ചെയ്യുകയോ ചെയ്തില്ല. അപ്പോൾ നബി -ﷺ- തൻ്റെ കൽപ്പന വീണ്ടും ആവർത്തിച്ചു. അപ്പോൾ അബ്ദുല്ല ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എന്താണ് പാരായണം ചെയ്യേണ്ടത്!" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് സൂറത്തുൽ ഇഖ്ലാസും, സൂറത്തുൽ ഫലഖും, സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞു. വൈകുന്നേരവും രാവിലെയും മൂന്നു തവണ വീതം ഈ സൂറത്തുകൾ പാരായണം ചെയ്താൽ അത് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ നിന്നും നിന്നെ തടുക്കുകയും ചെയ്യുന്നതാണ്.
അബാൻ ബ്നു ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നതായി ഞാൻ കേട്ടു: നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു."
رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمدഎല്ലാ ദിവസവും പ്രഭാതത്തിലും, എല്ലാ രാത്രിയിലും പ്രദോഷത്തിലും (സൂര്യൻ അസ്തമിക്കുന്നതിന് മുൻപ്) നബി -ﷺ- ചൊല്ലാൻ നബി -ﷺ- ഈ ഹദീഥിൽ ഒരു ദിക്ർ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രസ്തുത ദിക്റിൻ്റെ ആശയം ഇപ്രകാരമാണ്: "അല്ലാഹുവിൻ്റെ നാമത്തിൽ അവനോട് ഞാൻ സഹായം തേടുകയും, എല്ലാ ഉപദ്രവകരമായ കാര്യത്തിൽ നിന്നും അഭയം തേടുകയും ചെയ്യുന്നു. അവൻ്റെ നാമം ഉച്ചരിച്ചെങ്കിൽ ശേഷം ഒരു വസ്തുവും -അതെത്ര വലുതോ ഗുരുതരമോ ആകട്ടെ, ഭൂമിയിലോ അതിൽ നിന്ന് പുറപ്പെടുന്നതോ ആകാശത്തിലുള്ളതോ അവിടെ നിന്ന് പതിക്കുന്നതോ ആകട്ടെ-; അവയൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ നമ്മുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും, നമ്മുടെ എല്ലാ അവസ്ഥകളും അറിയുന്നവനുമാകുന്നു. ഈ ദിക്ർ ആരെങ്കിലും വൈകുന്നേരം പറയുന്നുവെങ്കിൽ പ്രഭാതമാകുന്നത് വരെ പെട്ടെന്ന് ഭവിക്കുന്ന ഒരു വിപത്തും അവനെ ബാധിക്കുകയില്ല. ആരെങ്കിലും ഈ ദിക്ർ രാവിലെ പറയുകയാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ ഒരു ഉപദ്രവവും പൊടുന്നനെ അവനെ ബാധിക്കുന്നതല്ല. ഈ ഹദീഥ് ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്ത വ്യക്തിയാണ് അബാൻ ബ്നു ഉഥ്മാൻ. അദ്ദേഹത്തിന് ശരീരത്തിൻ്റെ ഒരു ഭാഗത്ത് വാതം ബാധിക്കുകയുണ്ടായി. അബാൻ -رَحِمَهُ اللَّهُ- ഈ ഹദീഥ് പറയുന്നത് കേട്ടവരിൽ ഒരാൾ അദ്ദേഹത്തിൻ്റെ നേരെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- അയാളോട് പറഞ്ഞു: നീ എന്തിനാണ് എന്നെ നോക്കുന്നത്? അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ മേൽ കളവ് കെട്ടിച്ചമച്ചിട്ടില്ല. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മേൽ കളവ് പറഞ്ഞതുമല്ല. മറിച്ച് അല്ലാഹു എനിക്ക് ചില കാര്യങ്ങൾ നിശ്ചയിക്കുകയും എന്നെ കോപം പിടികൂടുകയും, ഞാൻ ഈ ദിക്ർ പറയാൻ മറന്നു പോവുകയും ചെയ്തു. പ്രസ്തുത ദിവസം ഈ ദിക്ർ പറയാൻ അല്ലാഹു എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.
സഅ്ദ് ബ്നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു ഗ്രാമീണ അറബി വന്നു കൊണ്ട് ചോദിച്ചു: "എനിക്ക് പറയാൻ ഒരു വാക്ക് പഠിപ്പിച്ചു തരിക." നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، سُبْحَانَ اللهِ رَبِّ الْعَالَمِينَ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَزِيزِ الْحَكِيمِ (സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ. അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു. പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല." ആഗതൻ ചോദിച്ചു: "ഇത് എൻ്റെ രക്ഷിതാവിനുള്ളതാണ്. ഇനി എനിക്കെന്താണുള്ളത്?" നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (സാരം) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരികയും, എന്നോട് കരുണ കാണിക്കുകയും, എന്നെ നേർമാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"
رواه مسلمഗ്രാമീണരിൽ പെട്ട ഒരാൾ തനിക്ക് എന്തെങ്കിലും ഒരു ദിക്ർ (പ്രകീർത്തനം) പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ ഇപ്രകാരം പറയുക: "لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരുമില്ല." അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന സാക്ഷ്യവചനം കൊണ്ട് അവിടുന്ന് ആരംഭിച്ചു. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല എന്നാണ് അതിൻ്റെ അർത്ഥം. "الله أكبر كبيرًا" "അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ." അല്ലാഹു എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനുമാണ് എന്നർത്ഥം. "والحمد لله كثيرًا" "അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു." അല്ലാഹുവിൻ്റെ വിശേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും എണ്ണമില്ലാത്ത അനുഗ്രഹങ്ങളുടെയും പേരിൽ അല്ലാഹുവിന് അനേകമനേകം സ്തുതികൾ എന്നർത്ഥം. "سبحان الله رب العالمين" "സർവ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു." എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നർത്ഥം. "لا حول ولا قوة إلا بالله العزيز الحكيم" "പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല." അതായത്, ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറാൻ അല്ലാഹുവിൻ്റെ സഹായവും അവൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹവുമില്ലാതെ സാധ്യമല്ല. ആഗതൻ ചോദിച്ചു: "ഇത് എൻ്റെ രക്ഷിതാവിനെ -സ്മരിക്കാനും മഹത്വപ്പെടുത്താനും - ഉള്ളതാണ്. എൻ്റെ സ്വന്തത്തിന് വേണ്ടി പ്രാർത്ഥിക്കാനായി എനിക്കെന്താണുള്ളത്?" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ പറയുക: "اللهم اغفر لي" "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരണേ!" എൻ്റെ തെറ്റുകൾ മായ്ച്ചു കൊണ്ടും അവ മറച്ചു വെച്ചു കൊണ്ടും എനിക്ക് പൊറുത്തു തരേണമേ എന്നർത്ഥം. "وارحمني" "എന്നോട് കരുണ കാണിക്കണേ!" എനിക്ക് ഐഹികവും പാരത്രികവുമായ നന്മകൾ എത്തിച്ചു നൽകിക്കൊണ്ട് എന്നോട് കരുണ ചൊരിയണേ എന്നർത്ഥം. "واهدني" "എന്നെ നേർമാർഗത്തിലേക്ക് നയിക്കണേ!" ഏറ്റവും നല്ല അവസ്ഥകളിലേക്കും നേരായ മാർഗത്തിലേക്കും നയിക്കണേ എന്നർത്ഥം,. "وارزقني" "എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!" അനുവദനീയമായ സമ്പത്തും ആരോഗ്യവും എല്ലാ നന്മകളും സൗഖ്യവും എനിക്ക് നൽകണേ എന്നർത്ഥം.