





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ."
متفق عليهഅല്ലാഹുവിന് പുറമെയുള്ളവരുടെ പേരിൽ ശപഥം ചെയ്യുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുന്നു. കാരണം ഒരു മുസ്ലിം അല്ലാഹുവിൻ്റെ പേരിൽ മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് ശപഥം ചെയ്യുന്നവർ -ഉദാഹരണത്തിന് ജാഹിലിയ്യഃ കാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളായ ലാത്തയുടെയോ ഉസ്സയുടെയോ പേരിൽ ശപഥം ചെയ്തു പോയാൽ- തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന തൗഹീദിൻ്റെ വാചകം നിർബന്ധമായും പറയണം. ബഹുദൈവാരാധനയിൽ നിന്ന് തൻ്റെ അകൽച്ച പ്രഖ്യാപിക്കലും, അവൻ്റെ തെറ്റായ ശപഥത്തിൽ നിന്നുള്ള പ്രായശ്ചിത്തവുമാണ് ആ വാക്ക്. ഇതു പോലെ ചൂതാട്ടത്തിന് വേണ്ടി ഒരാൾ തൻ്റെ കൂട്ടുകാരനെ ക്ഷണിച്ചാൽ എന്തു ചെയ്യണമെന്നും നബി -ﷺ- പഠിപ്പിക്കുന്നു. രണ്ടാളുകളോ അതിൽ കൂടുതലുള്ളവരോ തങ്ങൾക്കിടയിൽ പണം വെച്ചു കൊണ്ട് മത്സരിക്കുകയും, വിജയി എല്ലാ പണവും കൈവശപ്പെടുത്തുകയും ചെയ്യുന്ന, പങ്കെടുത്തവരിൽ ഒരാൾക്ക് ലാഭവും മറ്റൊരാൾക്ക് നഷ്ടവും സംഭവിക്കുന്ന ചൂതാട്ടമെന്ന തിന്മയിലേക്ക് ക്ഷണിച്ചു പോയാൽ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അവൻ എന്തെങ്കിലും ദാനം ചെയ്യുന്നത് നല്ലതാണ്.
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു: "(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്ഗം. നിങ്ങള് പ്രവര്ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള് അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)
رواه مسلمസ്വർഗക്കാർ സ്വർഗീയാസ്വാദനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതാണ്: നിങ്ങൾ ഇനി എന്നും ആരോഗ്യമുള്ളവരായിരിക്കും; ഒരിക്കലും നിങ്ങൾക്ക് ഒരു രോഗവും -എത്ര ചെറിയ രോഗമാണെങ്കിൽ പോലും- ബാധിക്കുകയില്ല. നിങ്ങൾക്ക് സ്വർഗത്തിൽ ഇനിയെന്നെന്നും ജീവിക്കാം; ഇവിടെ നിങ്ങൾ ഒരിക്കലും മരണം അനുഭവിക്കുകയില്ല. ചെറിയ മരണമായ ഉറക്കം പോലും നിങ്ങൾക്ക് ഇനിയുണ്ടാവുകയില്ല. നിങ്ങൾക്ക് ഇവിടെ എന്നും യുവത്വമായിരിക്കും; നിങ്ങൾ ഇവിടെ ഒരിക്കലും വാർദ്ധക്യം പ്രാപിക്കുകയില്ല. ഇവിടെ നിങ്ങൾക്ക് ഇനി എന്നും സുഖാസ്വാദനങ്ങളും നിലക്കാത്ത അനുഗ്രഹങ്ങളുമായിരിക്കും; ഇനിയൊരിക്കലും ദുഃഖമോ പ്രയാസമോ നിങ്ങളെ ബാധിക്കുകയില്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്ഗം. നിങ്ങള് പ്രവര്ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള് അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)
സ്വുഹൈബ് ബ്നു സിനാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവോ?!" അവർ പറയും: "നീ ഞങ്ങളുടെ മുഖം ശുഭ്രമാക്കിയില്ലേ?! ഞങ്ങളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?!" അപ്പോൾ അല്ലാഹു അവൻ്റെ മറ നീക്കുന്നതാണ്. തങ്ങളുടെ റബ്ബിനെ ദർശിക്കുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല."
رواه مسلمസ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: നിങ്ങൾക്ക് എന്തെങ്കിലും ഞാൻ കൂടുതൽ നൽകേണ്ടതുണ്ടോ?! അപ്പോൾ സ്വർഗക്കാരെല്ലാം ഒന്നടങ്കം പറയും: (അല്ലാഹുവേ!) നീ ഞങ്ങളുടെ മുഖം പ്രശോഭിതമാക്കുകയും, ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തില്ലേ?! അപ്പോൾ അല്ലാഹു (അവനും അടിമകൾക്കും ഇടയിലുള്ള) മറ നീക്കുകയും, ഉയർത്തുകയും ചെയ്യും. തങ്ങളുടെ റബ്ബായ അല്ലാഹുവിനെ കാണുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് അതിന് മുൻപ് നൽകപ്പെട്ടിട്ടില്ല.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "അറേബ്യൻ ഉപദ്വീപിലെ നിസ്കരിക്കുന്ന (മുസ്ലിംകൾ) തന്നെ ആരാധിക്കുമെന്നതിൽ പിശാച് നിരാശയടഞ്ഞിരിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പമുണ്ടാക്കുക എന്നതിൽ (അവൻ നിരാശയടഞ്ഞിട്ടില്ല)."
رواه مسلمഅറേബ്യൻ ഉപദ്വീപിലുള്ള, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുന്ന മുസ്ലിംകൾ പിശാചിനെ ആരാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകുമെന്നതിൽ പിശാച് നിരാശനായിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പങ്ങൾ ഇളക്കി വിട്ടുകൊണ്ടും തർക്കങ്ങളിലേക്കും അകൽച്ചകളിലേക്കും യുദ്ധങ്ങളിലേക്കും കലഹങ്ങളിലേക്കും മറ്റും അവരെ നയിച്ചു കൊണ്ടും അവരെ വഴിപിഴപ്പിക്കാമെന്ന പ്രതീക്ഷ അവനിൽ നിലനിൽക്കുന്നുണ്ട്.അതിനുള്ള അവൻ്റെ പരിശ്രമവും പ്രവർത്തനവും അക്ഷീണമായ നീക്കങ്ങളും അവൻ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "രണ്ട് വിഭാഗം നരകാവകാശികളാണ്, ഞാൻ അവരെ കണ്ടിട്ടില്ല. ഒരു വിഭാഗം പശുവിൻ്റെ വാലു പോലുള്ള ചമ്മട്ടിയുമായി നടക്കുന്നവരാണ്, അതുകൊണ്ടവർ ജനങ്ങളെ അടിക്കുന്നു. (മറ്റൊരു വിഭാഗം) ചാഞ്ഞും ചരിഞ്ഞും നടക്കുന്ന വസ്ത്രം ധരിച്ച നഗ്നകളാണ്. അവരുടെ തലകൾ ചാഞ്ഞ്കിടക്കുന്ന ഒട്ടകത്തിൻ്റെ പൂഞ്ഞ പോലെയായിരിക്കും. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിൻ്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയുമില്ല. അതിൻ്റെ സുഗന്ധമാവട്ടെ ഇത്രയിത്ര വഴിദൂരത്തുനിന്ന് പോലും അനുഭവപ്പെടുന്നതാണ്."
رواه مسلمജനങ്ങളിൽ രണ്ട് വിഭാഗത്തിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; ഈ രണ്ട് കൂട്ടരെയും അവിടുന്ന് കാണുകയുണ്ടായിട്ടില്ല. കാരണം അവിടുത്തെ കാലഘട്ടത്തിൽ ഇവർ ഉണ്ടായിരുന്നില്ല. അവിടുത്തേക്ക് ശേഷം വരാനിരിക്കുന്ന വിഭാഗമാണ് ഇവർ. ഒന്നാമത്തെ കൂട്ടർ: കൈകളിൽ പശുവിൻ്റെ വാലു പോലുള്ള ചാട്ടയുമേന്തി നടക്കുന്നവരാണ്. അത് കൊണ്ട് അവർ ജനങ്ങളെ അടിക്കുന്നു. ജനങ്ങളെ അന്യായമായി ഉപദ്രവിക്കുന്ന അതിക്രമികളായ ഭരണാധികാരികൾക്ക് കീഴിലുള്ള നിയമപാലകരാണ് അവർ. രണ്ടാമത്തെ കൂട്ടർ: സ്ത്രീകൾക്ക് പൊതുവെ പ്രകൃതിപരമായി തന്നെ നൽകപ്പെട്ടിട്ടുള്ള വിശുദ്ധിയുടെയും ലജ്ജയുടെയും വസ്ത്രം ഊരിവെച്ചവരാണ്. അവർ വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാമെങ്കിലും, അവരുടെ മേൽ വേണ്ട രൂപത്തിൽ വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരാണ് എന്ന് പറയേണ്ടി വരും എന്നതാണ് കാര്യം. ശരീരത്തിലെ ചർമ്മം വ്യക്തമാക്കുന്ന വിധത്തിലുള്ള നേരിയ വസ്ത്രമാണ് അവർ ധരിച്ചിട്ടുള്ളത്. ശരീരത്തിലെ ചില ഭാഗങ്ങൾ മറച്ചു കൊണ്ടും മറ്റു ചില ഭാഗങ്ങൾ വെളിവാക്കി കൊണ്ടും തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിച്ചു കൊണ്ടാണ് അവർ നടക്കുന്നത്. പുരുഷന്മാരുടെ ഹൃദയങ്ങളെ തങ്ങളുടെ വസ്ത്രധാരണത്തിലൂടെ ആകർഷിക്കാൻ ശ്രമിക്കുകയും, തോളുകൾ ചെരിച്ചു നടക്കുകയും, മറ്റുള്ള സ്ത്രീകളെ അവർ അകപ്പെട്ടിട്ടുള്ള വഴികേടിലേക്ക് വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നവർ കൂടിയാണ് ഇത്തരക്കാരായ സ്ത്രീകൾ. അവരുടെ വിശേഷണത്തിൽ പെട്ടതായി നബി -ﷺ- അറിയിക്കുന്നു; ചെരിഞ്ഞു നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞകൾ പോലെയുണ്ടായിരിക്കും അവരുടെ തലകൾ. മുടി ഉയർത്തി കെട്ടിവെച്ചു കൊണ്ടും മറ്റും തങ്ങളുടെ തലയുടെ വലുപ്പം അവർ വർദ്ധിപ്പിക്കുന്നതായിരിക്കും എന്നർത്ഥം. തലമുടിയും മുടിക്കെട്ടും ഉയർത്തി വെച്ചതിനാലാണ് നബി -ﷺ- അവരുടെ അവസ്ഥ 'ഒട്ടകങ്ങളുടെ പൂഞ്ഞ പോലെ' എന്ന് ഉപമിച്ചത്. തലയുടെ ഏതെങ്കിലുമൊരു ഭാഗത്തേക്ക് അത് ചെരിഞ്ഞു വീണു കിടക്കുന്നതാണ്; ഒട്ടകത്തിൻ്റെ പൂഞ്ഞ ചെരിയുന്നത് പോലെത്തന്നെ. ഈ വിശേഷണങ്ങൾ ഉള്ളവർക്ക് ശക്തമായ താക്കീതാണ് നബി -ﷺ- നൽകുന്നത്. അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നും, അതിൻ്റെ സുഗന്ധം അവർ അനുഭവിക്കുകയില്ലെന്നും, സ്വർഗത്തിലേക്ക് അടുക്കാൻ പോലും അവർക്ക് സാധിക്കില്ലെന്നും നബി -ﷺ- അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധമാകട്ടെ, വളരെ വിദൂരത്ത് നിന്നു പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ്.
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പം ഒരു വിരിപ്പിൽ കിടക്കുകയോ അരുത്."
رواه مسلمഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. പുറത്ത് കാണുന്നതിൽ ഒരാൾക്ക് ലജ്ജയുണ്ടാകേണ്ട ശരീര ഭാഗങ്ങളാണ് ഔറത്ത്. പുരുഷൻ്റെ ഔറത്ത് പൊക്കിളിനും കാൽ മുട്ടിനും ഇടയിലുള്ള ഭാഗങ്ങളാണ്. അന്യപുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ശരീരം മുഴുവൻ ഔറാത്താണ്; അവർ മുഴുവനായി മറച്ചിരിക്കണം. എന്നാൽ മറ്റു സ്ത്രീകൾക്ക് മുൻപിലും വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾക്ക് മുൻപിലും അവർ മറച്ചിരിക്കേണ്ടത് വീട്ടിൽ ജോലി ചെയ്യുമ്പോഴും മറ്റും പൊതുവെ മറക്കാറുള്ള ഭാഗങ്ങൾ മാത്രമാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരേ വസ്ത്രത്തിലോ ഒരേ വിരിപ്പിന് കീഴിലോ നഗ്നരായി കിടക്കുന്നതും, സ്ത്രീകൾ ഒരേ വസ്ത്രത്തിലോ ഒരേ പുതപ്പിന് കീഴിലോ വിവസ്ത്രരായോ കിടക്കുന്നതും വിലക്കിയതിന് പിന്നിലെ കാരണം വ്യക്തമാണ്. അവർ തമ്മിൽ ഔറത്തുകൾ സ്പർശിക്കാൻ അത് കാരണമാകും. ഔറത്ത് സ്പർശിക്കുക എന്നത് അതിലേക്ക് നോക്കുന്നത് പോലെ തന്നെ നിഷിദ്ധമാണ്; അല്ല! അതിനേക്കാൾ ഗുരുതരമാണ്. കാരണം അനേകം തിന്മകളിലേക്ക് അത് നയിക്കുന്നതാണ്.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" മൂന്ന് തവണ അവിടുന്ന് അക്കാര്യം പറഞ്ഞു. അയാൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അത് മറ്റുള്ളതിനെ ഇല്ലാതെയാക്കുന്നതാണ്."
رواه أبو يعلى والطبراني والضياء المقدسيനബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എല്ലാ തിന്മകളും തെറ്റുകളും പ്രവർത്തിച്ചിട്ടുണ്ട്. ചെറുതോ വലുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ എനിക്ക് പൊറുത്തു നൽകപ്പെടുമോ?!" നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" അവിടുന്ന് അക്കാര്യം മൂന്നു തവണ ആവർത്തിച്ചു. അയാൾ പറഞ്ഞു: "അതെ. ഞാൻ അക്കാര്യം സാക്ഷ്യം വഹിക്കുന്നുണ്ട്." അപ്പോൾ നബി -ﷺ- രണ്ട് സാക്ഷ്യവചനങ്ങളായ ഈ പദത്തിൻ്റെ ശ്രേഷ്ഠതയും അത് തിന്മകൾക്ക് പ്രായശ്ചിത്തമാകുമെന്നതും അയാളെ അറിയിച്ചു. പശ്ചാത്താപം മുൻകഴിഞ്ഞ തെറ്റുകളെ മായ്ച്ചു കളയുന്നതാണ്.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവനുള്ളത് നരകമാണ്! നരകമാണ്!"
رواه ابن ماجهപണ്ഡിതന്മാരുമായി മത്സരിക്കുന്നതിനും പൊങ്ങച്ചം നടിക്കുന്നതിനും 'ഞാനും നിങ്ങളെ പോലെ ഒരു പണ്ഡിതനാണെന്ന്' പറയുന്നതിനും വേണ്ടി വിജ്ഞാനം അന്വേഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അതല്ലെങ്കിൽ വിഡ്ഢികളും വിവരദോഷികളുമായി തർക്കിക്കുന്നതിനും 'ചർച്ച നടത്തുന്നതിനും' വേണ്ടി വിജ്ഞാനം തേടരുത്. അതുമല്ലെങ്കിൽ ജനങ്ങൾ കൂടുന്ന സദസ്സുകളിൽ നേതാവായി ചമയാനും, മറ്റുള്ളവരേക്കാൾ പരിഗണന ലഭിക്കുന്നതിനും വേണ്ടിയും വിജ്ഞാനം അന്വേഷിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവൻ്റെ ലോകമാന്യത കാരണവും, വിജ്ഞാനമന്വേഷിക്കുന്നതിൽ ഇഖ്ലാസ് നഷ്ട്ടപ്പെട്ടതിനാലും അവൻ നരകത്തിന് അർഹനായിത്തീരുന്നു.
നവ്വാസ് ബ്നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു; ആ പാതയുടെ രണ്ട് വശങ്ങളിലും ഓരോ മതിലുകളുണ്ട്. അതിൽ മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുമുണ്ട്. ഈ വാതിലുകൾക്ക് വലിച്ചിടപ്പെട്ട നിലയിൽ വിരികളുമുണ്ട്. ഈ നേർപാതയുടെ വാതിലിൻ്റെ ഭാഗത്തായി ഒരാൾ ക്ഷണിക്കാനായി നിൽക്കുന്നു; 'നിങ്ങളെല്ലാവരും ഈ പാതയിൽ പ്രവേശിക്കൂ; ഇതിൽ നിന്ന് തെറ്റിത്തെറിച്ചു പോകരുത്' എന്ന് അയാൾ വിളിച്ചു പറയുന്നുണ്ട്. നേർപാതയുടെ മുകളിലായി മറ്റൊരാളും ക്ഷണിക്കാനായുണ്ട്; (പാതയിലൂടെ സഞ്ചരിക്കുന്നവൻ വശങ്ങളിലെ) വാതിലുകളിലൊന്ന് തുറക്കാൻ തുനിഞ്ഞാൽ അയാൾ വിളിച്ചു പറയും: "നിനക്ക് നാശം; നീ അത് തുറന്നു നോക്കരുത്. അത് നീ തുറന്നാൽ നീ അതിലേക്ക് പ്രവേശിക്കും." (ഈ ഉപമയിൽ) നേർപാതയെന്നാൽ ഇസ്ലാമാണ്. (വശങ്ങളിലെ) രണ്ട് മതിലുകൾ അല്ലാഹുവിൻ്റെ അതിർവരമ്പുകളും, തുറന്നിടപ്പെട്ട വാതിലുകൾ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമാണ്. നേർപാതയുടെ ആരംഭത്തിൽ നിന്നു കൊണ്ട് ക്ഷണിക്കുന്നത് അല്ലാഹുവിൻ്റെ ഗ്രന്ഥവും, ആ പാതയുടെ മുകളിലിരുന്ന് ക്ഷണിക്കുന്നത് ഓരോ മുസ്ലിമിൻ്റെയും ഹൃദയത്തിലുള്ള അല്ലാഹുവിൻ്റെ ഉപദേശകനുമാണ്."
رواه الترمذي وأحمدനബി -ﷺ- യുടെ ഈ ഹദീഥിൽ അല്ലാഹു ഇസ്ലാമിന് ഒരു നേരായ വഴിയുടെ ഉപമ നൽകിയതിനെ കുറിച്ചാണ് അവിടുന്ന് വിവരിക്കുന്നത്. ഈ വഴി നേരെയുള്ളതും, യാതൊരു വളവുകളുമില്ലാത്തതുമാണ്. വഴിയുടെ രണ്ട് വശങ്ങളിലും അതിനെ വലയം ചെയ്തിരിക്കുന്ന രണ്ട് മതിലുകളുണ്ട്. അല്ലാഹുവിൻ്റെ മതപരമായ വിധിവിലക്കുകളായ അതിർവരമ്പുകളാണവ. ഈ മതിലുകളിൽ പലയിടത്തും മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുണ്ട്; അല്ലാഹൂ നിഷിദ്ധമാക്കിയ കാര്യങ്ങളാണ് അവ. ഈ വാതിലുകൾക്കെല്ലാം വിരിപ്പുകളുണ്ട്; അതിനാൽ നേർവഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ആ മറക്കപ്പുറമുള്ളത് എന്താണെന്ന് കാണാനാകില്ല. വഴിയുടെ ആരംഭത്തിൽ ഒരാൾ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വഴിനയിക്കുകയും ചെയ്തു കൊണ്ട് നിൽക്കുന്നുണ്ട്; വശങ്ങളിലേക്കോ മറ്റോ തെറ്റിപ്പോകാതെ നേരെ ഈ വഴിയിലൂടെ സഞ്ചരിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനാണ് ഈ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരാൾ വഴിയുടെ മുകളിലും പ്രബോധകനായി നിൽക്കുന്നു; വഴിയിലൂടെ സഞ്ചരിക്കുന്നവർ വശങ്ങളിലെ വാതിലുകളിലെ മറ ചെറുതായെങ്കിലും നീക്കാൻ ഉദ്ദേശിച്ചാൽ അദ്ദേഹം അവരെ അതിൽ നിന്ന് ശക്തമായി പിന്തിരിപ്പിക്കും; അദ്ദേഹം പറയും: നീയൊരിക്കലും അത് തുറക്കരുത്; അത് തുറന്നു കഴിഞ്ഞാൽ നീയതിൽ പ്രവേശിക്കുക തന്നെ ചെയ്യും. നിൻ്റെ സ്വന്തത്തെ അതിൽ നിന്ന് പിടിച്ചു വെക്കാൻ നിനക്ക് സാധിക്കുകയില്ല. ഓരോ മുസ്ലിമിൻ്റെയും മനസ്സിലുള്ള, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപദേശകനാണ് ഈ പ്രബോധകൻ.