





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ."
متفق عليهഒരു മുസ്ലിമിന് തൻ്റെ സഹോദരനോടുള്ള ചില ബാധ്യതകളാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നിന്നോട് സലാം പറഞ്ഞവൻ്റെ സലാം മടക്കലാണ് ഒന്നാമത്തെ ബാധ്യത. രണ്ടാമത്തെ ബാധ്യത: രോഗിയെ സന്ദർശിക്കൽ. മൂന്നാമത്തെ ബാധ്യത: ജനാസഃയെ പിന്തുടരൽ; മരിച്ച വ്യക്തിയുടെ വീട് മുതൽ നിസ്കാരസ്ഥലം വരെയും അവിടെ നിന്ന് മഖ്ബറഃ വരെയും മയ്യിത്തിനെ പിന്തുടരുകയും, മയ്യിത്ത് മറമാടപ്പെടുന്നത് വരെ കാത്തുനിൽക്കുകയും ചെയ്യുക എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാലാമത്തെ ബാധ്യത: ഒരാൾ കല്യാണ വിരുന്നിനോ മറ്റോ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കുക എന്നുള്ളതാണ്. അഞ്ചാമത്തെ ബാധ്യത തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കലാണ്. ഒരാൾ തുമ്മിയാൽ അവൻ 'അൽഹംദുലില്ലാഹ്' എന്ന് പറയണമല്ലോ? അപ്പോൾ അവന് വേണ്ടി 'അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ' എന്ന് പ്രാർത്ഥിക്കണം. അപ്പോൾ തുമ്മിയ വ്യക്തി 'അല്ലാഹു താങ്കൾക്ക് സന്മാർഗം കാണിക്കുകയും താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' എന്ന് പ്രാർത്ഥിക്കണം.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ."
رواه البخاريകച്ചവടത്തിൽ എളുപ്പവും ഔദാര്യവും കാത്തുസൂക്ഷിക്കുന്നവർക്ക് വേണ്ടി നബി -ﷺ- കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. വസ്തു വാങ്ങുന്നവനോട് വിലയുടെ കാര്യത്തിൽ കടുപ്പം കാണിക്കാതിരിക്കുകയും, നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇതു പോലെ ഒരാളിൽ നിന്ന് വസ്തു വാങ്ങുമ്പോൾ അവൻ്റെ വസ്തുവിൻ്റെ വില പറ്റെ കുറക്കാതിരിക്കുകയും, വിൽപ്പനവസ്തുവിൻ്റെ വില ഇടിക്കാതിരിക്കുന്നതും സൗമ്യതയുടെ ഭാഗമാണ്. അവന് കിട്ടാനുള്ള കടം തിരിച്ചു ചോദിക്കുമ്പോൾ ഔദാര്യവും ലാളിത്യവും ഉദാരതയും പുലർത്തുന്നതും ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ. ദരിദ്രരോടും ആവശ്യക്കാരോടും അവനൊരിക്കലും കാഠിന്യം പുലർത്തരുത്. മറിച്ച് സൗമ്യതയോടെയും അലിവോടെയും അവരോട് ആവശ്യപ്പെടുക. പ്രയാസമുള്ളവന് അവധി നീട്ടിക്കൊടുക്കുകയും ചെയ്യുക.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങൾക്ക് കടം കൊടുക്കുന്ന ഒരാളുണ്ടായിരുന്നു; തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: പ്രയാസം അനുഭവിക്കുന്നവരുടെ അടുക്കൽ ചെന്നാൽ അവന് വിട്ടുകൊടുത്തേക്കുക! അല്ലാഹു നമുക്കും വിട്ടുതന്നേക്കാം." അവൻ അല്ലാഹുവിനെ കണ്ടുമുട്ടിയപ്പോൾ അല്ലാഹു അവന് വിട്ടുനൽകി.
متفق عليهജനങ്ങൾക്ക് കടം കൊടുക്കുകയും, അവർക്ക് അവധി നൽകി വസ്തുക്കൾ വിൽക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരാളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. ജനങ്ങളിൽ നിന്ന് കടം തിരിച്ചു പിടിക്കാൻ ഏൽപിച്ച തൻ്റെ പണിക്കാരനോട് അയാൾ പറയുമായിരുന്നു: ഏതെങ്കിലും കടബാധ്യതയുള്ളവൻ പ്രയാസം ബാധിച്ചതിനാൽ കടം വീട്ടാൻ യാതൊന്നും കയ്യിലില്ലാതെ ഇരിക്കുന്നത് കണ്ടാൽ അവന് നീ വിട്ടുകൊടുത്തേക്ക്. ഒന്നുകിൽ അവന് അവധി നീട്ടിക്കൊടുക്കുക. കടം തിരിച്ചു ചോദിച്ചു കൊണ്ട് അവനെ പ്രയാസപ്പെടുത്തേണ്ടതില്ല. അതല്ലെങ്കിൽ അവൻ്റെ കയ്യിൽ എന്താണോ ഉള്ളത് -അത് കുറച്ചാണെങ്കിലും- സ്വീകരിച്ചേക്കുക. അല്ലാഹു തനിക്കും പൊറുത്തു നൽകുകയും വിട്ടുനൽകുകയും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു അയാൾ ഇപ്രകാരം ചെയ്തിരുന്നത്. ആ മനുഷ്യൻ മരിച്ചപ്പോൾ അല്ലാഹു അയാൾക്ക് പൊറുത്തു നൽകുകയും, അയാളുടെ തെറ്റുകൾക്ക് മാപ്പു നൽകുകയും ചെയ്തു.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്."
തുർമുദി ഉദ്ധരിച്ചത്ആരെങ്കിലും മതപരമായ വിജ്ഞാനം തേടിക്കൊണ്ട് തൻ്റെ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ പുറത്തു പോയാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ വേണ്ടി പുറപ്പെട്ടവനെ പോലെയാണ് തിരിച്ചു വരുന്നത് വരെ അവനും. കാരണം അല്ലാഹുവിൻ്റെ ദീനായ ഇസ്ലാമിനെ ജീവിപ്പിക്കുന്നതിലും, പിശാചിനെ പരാജയപ്പെടുത്തുന്നതിലും, ശരീരത്തെ പ്രയാസപ്പെടുത്തുന്നതിലും അവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ട ഒരു യോദ്ധാവിനെ പോലെ തന്നെയാണ്.
അബൂ ദർറ് ജുൻദുബ് ഇബ്നു ജുനാദ, (رضي الله عنه) അബൂ അബ്ദിറഹ്മാൻ മുആദ് ഇബ്നു ജബൽ (رضي الله عنه) എന്നിവരിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക."
رواه الترمذيനബി (ﷺ) ഈ ഹദീഥിൽ മൂന്ന് കാര്യങ്ങളാണ് കൽപ്പിച്ചിട്ടുള്ളത്: ഒന്നാമത്തേത്: അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്വ പാലിക്കുക) എന്നതാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും -രഹസ്യത്തിലും പരസ്യത്തിലും, സൗഖ്യത്തിലും പരീക്ഷണത്തിലും- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് തഖ്വ കാത്തുസൂക്ഷിക്കേണ്ടത്. രണ്ടാമത്തേത്: ഒരു തിന്മയിൽ നീ വീണുപോയാൽ -ഉടൻ തന്നെ നിസ്കാരമോ, ദാനധർമ്മമോ, പരോപകാരമോ, ബന്ധം ചേർക്കലോ, പശ്ചാത്താപമോ പോലുള്ള- എന്തെങ്കിലും ഒരു നന്മ ചെയ്യുക. ഈ നന്മ മുൻപ് സംഭവിച്ച തിന്മയെ മായ്ച്ചുകളയുന്നതാണ്. മൂന്നാമത്തേത്: ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കുക. അവരെ പുഞ്ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുന്നതും, സൗമ്യതയും വിനയവും കാത്തുസൂക്ഷിക്കുന്നതും, അവർക്ക് സഹായം ചെയ്യുന്നതും, അവരെ ഉപദ്രവിക്കാതിരിക്കുന്നതുമെല്ലാം ഇതിൽ പെടുന്നു.
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "രണ്ട് മുസ്ലിംകൾ തങ്ങളുടെ വാളുകളുമായി ഏറ്റുമുട്ടിയാൽ കൊലപാതകിയും കൊല്ലപ്പെട്ടവനും നരകത്തിലാകുന്നു. ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! കൊലപാതകിയുടെ കാര്യം ശരി; എന്നാൽ കൊല്ലപ്പെട്ടവൻ്റെ കാര്യമെന്താണ്?!" നബി ﷺ പറഞ്ഞു: "മറുവശത്തുള്ളവനെ വധിക്കാൻ പരിശ്രമിക്കുന്നവൻ തന്നെയായിരുന്നു അവനും."
متفق عليهരണ്ട് മുസ്ലിംകൾ തങ്ങളുടെ ആയുധങ്ങളുമായി നേർക്കുനേർ വരികയും, അപരനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏറ്റുമുട്ടുകയും ചെയ്താൽ രണ്ടു പേരും നരകത്തിലായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. കൊലപാതകി തൻ്റെ കൊലപാതകം കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ കൊല്ലപ്പെട്ടവൻ എങ്ങനെയാണ് നരകത്തിൽ പ്രവേശിക്കുന്നത് എന്ന കാര്യത്തിൽ സ്വഹാബികളിൽ ചിലർക്ക് സംശയമുണ്ടായി. അപരനെ വധിക്കാനുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു അവനും എന്നതാണ് അതിൻ്റെ കാരണം എന്ന് നബി ﷺ പഠിപ്പിക്കുന്നു. മുന്നിലുള്ളവനെ വധിക്കാൻ സാധിക്കുന്നതിന് മുൻപ് അവൻ വധിക്കപ്പെട്ടു എന്ന് മാത്രം.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കുമാണെങ്കിൽ അവൻ്റെ പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും പാലായനം നേടിപ്പിടിച്ചേക്കാവുന്ന എന്തെങ്കിലും ഭൗതികനേട്ടത്തിനോ, വിവാഹം കഴിക്കാൻ സാധിച്ചേക്കാവുന്ന ഒരു പെണ്ണിന് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പാലായനം അതിലേക്കെല്ലാമാണ്." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക."
متفق عليهഎല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനിയമം ബാധകമാണ്. അതിനാൽ ആരെങ്കിലും തൻ്റെ പ്രവർത്തനത്തിലൂടെ എന്തെങ്കിലും ഭൗതിക പ്രയോജനം മാത്രമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് ആ പ്രയോജനമല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ തൻ്റെ പ്രവർത്തനത്തിലൂടെ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവൻ്റെ പക്കൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്; അത് സാധാരണ ജീവിതവ്യവഹാരങ്ങളിൽ പെടുന്ന ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലുമൊക്കെയാണെങ്കിൽ പോലും (അതിന് പ്രതിഫലമുണ്ടായിരിക്കും). ശേഷം പ്രവർത്തനങ്ങളുടെ മേൽ നിയ്യത്തിനുള്ള (ഉദ്ദേശ്യം) സ്വാധീനം എന്താണെന്ന് കൂടി നബി ﷺ വിവരിക്കുന്നു. പുറമേക്ക് ഒരേ പോലെ കാണപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങൾ പോലും നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാറിമറിയും. ഉദാഹരണത്തിന് ഒരാൾ തൻ്റെ നാട് ഉപേക്ഷിച്ചു കൊണ്ട് ഇസ്ലാമിക ജീവിതം നയിക്കാനായി പാലായനം നടത്തുകയും, അതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിക്കുകയുമാണെങ്കിൽ അവൻ്റെ പാലായനം ഇസ്ലാമികമാണ്; അത് അല്ലാഹുവിങ്കൽ സ്വീകാര്യവും, അവൻ്റെ സത്യസന്ധമായ ഉദ്ദേശ്യത്തിനാൽ നാളെ പ്രതിഫലം നൽകപ്പെടുന്ന പ്രവർത്തിയുമായിരിക്കും. എന്നാൽ ഒരാൾ തൻ്റെ പാലായനത്തിലൂടെ എന്തെങ്കിലും ഭൗതിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ -ഉദാഹരണത്തിന് സമ്പത്തോ സ്ഥാനമോ കച്ചവടമോ വിവാഹമോ മറ്റോ ആണെങ്കിൽ- അവൻ ലക്ഷ്യം വെച്ച ആ ഉദ്ദേശ്യമല്ലാതെ അവന് ലഭിക്കുന്നതല്ല. പരലോകത്ത് അവന് പ്രതിഫലമോ പുണ്യമോ ഉണ്ടായിരിക്കുന്നതല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
رواه البخاريസ്വഹാബികളിൽ പെട്ട ഒരാൾ നബി ﷺ യോട് ഉപകാരപ്രദമായ ഒരു ഉപദേശം തനിക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടുന്ന് അദ്ദേഹത്തോട് നീ കോപിക്കരുത് എന്ന് കൽപ്പിക്കുകയാണ് ചെയ്തത്. കോപത്തിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളും ഉപേക്ഷിക്കണമെന്നും, എപ്പോഴെങ്കിലും കോപം വന്നാൽ തന്നെയും സ്വന്തത്തെ നിയന്ത്രിക്കാൻ സാധിക്കണമെന്നും, തൻ്റെ ദേഷ്യത്തിൻ്റെ പുറത്ത് ആരെയെങ്കിലും വധിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചീത്ത പറയുകയോ മറ്റോ ചെയ്യരുതെന്നും ഈ വാക്കിൽ നിന്ന് മനസ്സിലാക്കാം. തന്നെ ഉപദേശിക്കണമെന്ന് ആ വ്യക്തി പല തവണ ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും 'നീ കോപിക്കരുത്' എന്ന വാക്കിനപ്പുറം നബി ﷺ അയാളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
رواه الترمذي وابن ماجه وأحمدദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കാനാണ് നബി ﷺ നമ്മെ പ്രേരിപ്പിക്കുന്നത്. കാരണം എല്ലാം നൽകുന്നതും എന്തൊന്ന് തടയുന്നതും ഉപകാരം നൽകുന്നതും ഉപദ്രവം നൽകുന്നതും അല്ലാഹു മാത്രമാണ്. അല്ലാഹുവിൻ്റെ മേൽ സത്യസന്ധമായ രൂപത്തിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഉപകാരം നേടിത്തരുന്ന മാർഗങ്ങളും, ഉപദ്രവം തടുക്കുന്ന വഴികളും സ്വീകരിക്കാനും ശ്രദ്ധിക്കണം. ഈ രൂപത്തിൽ ഒരാൾ ഭരമേൽപ്പിച്ചാൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ, അല്ലാഹു നമുക്കും ഉപജീവനം നൽകുന്നതാണ്. പക്ഷികളെ നോക്കൂ; വിശന്ന വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു. പക്ഷികളുടെ ഈ പ്രവർത്തനം -രാവിലെ ഭക്ഷണമന്വേഷിച്ച് പുറപ്പെടുക എന്നത് - ഉപജീവനത്തിനായുള്ള മാർഗ്ഗം തേടലാണ്. (അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചിരുക്കുന്നു എന്ന ധാരണയിൽ) അവ കാരണങ്ങൾ സ്വീകരിക്കാതിരിക്കുകയോ അലസരായിരിക്കുകയോ ചെയ്യുന്നില്ല.