





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
رواه البخاريനബി -ﷺ- യിൽ നിന്ന് വന്നെത്തിയ ഖുർആനും സുന്നത്തുമാകുന്ന വിജ്ഞാനം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് എത്ര ചെറുതാണെങ്കിലും -ഒരു ആയത്തോ ഒരു ഹദീഥോ മാത്രമാണെങ്കിൽ പോലും-... എന്നാൽ താൻ എത്തിച്ചു കൊടുക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവനായിരിക്കണം അവൻ എന്ന നിബന്ധന ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബനൂ ഇസ്രാഈലുകാരായ യഹൂദ നസ്വാറാക്കളിൽ നിന്ന് ലഭിക്കുന്ന ചരിത്രവിവരണങ്ങൾ നമ്മുടെ ദീനിന് വിരുദ്ധമാകുന്നില്ലെങ്കിൽ അവ ഉദ്ധരിക്കുകയും പറയുകയും ചെയ്യുന്നതിൽ തെറ്റില്ല എന്നും ശേഷം നബി -ﷺ- അറിയിക്കുന്നു. അതിന് ശേഷം തൻ്റെ മേൽ കളവ് പറയുന്നതിൽ നിന്ന് അവിടുന്ന് താക്കീത് നൽകുന്നു. ആരെങ്കിലും നബി -ﷺ- യുടെ പേരിൽ കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തനിക്കുള്ള സങ്കേതം സ്വീകരിക്കട്ടെ!
മിഖ്ദാമു ബ്നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അതിൽ അനുവദനീയമായി കാണുന്നതെല്ലാം നമുക്ക് അനുവദനീയമാക്കാം, അതിൽ നിഷിദ്ധമായി കാണുന്നതെല്ലാം നമുക്ക് നിഷിദ്ധമാക്കാം' എന്ന് ഒരാൾ പറയുന്ന സ്ഥിതി വരാനിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതൻ നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയത് പോലെയാണ്."
رواه أبو داود والترمذي وابن ماجهഭാവിയിൽ വരാനിരിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ആ കാലഘട്ടത്തിൽ ജനങ്ങളിൽ ചിലർ തങ്ങളുടെ സോഫകളിൽ ചാരിയിരുന്ന് സുഖിക്കുമ്പോൾ നബി -ﷺ- യുടെ ഹദീഥ് അവർക്ക് കേൾപ്പിക്കപ്പെടും. അപ്പോൾ അവൻ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ കാര്യങ്ങളിൽ വിധിപറയാൻ കഴിയുന്നത് വിശുദ്ധ ഖുർആനിന് മാത്രമാണ്. നമുക്ക് അത് മതി. അതിൽ അനുവദനീയമാക്കപ്പെട്ട ഹലാലുകളെല്ലാം നമുക്ക് പ്രവർത്തിക്കാം. അതിൽ നിഷിദ്ധമായ ഹറാമായി കാണുന്നതെല്ലാം നമുക്ക് അകറ്റി നിർത്തുകയും ചെയ്യാം. നബി -ﷺ- തൻ്റെ സുന്നത്തിലൂടെ നിഷിദ്ധമാക്കുകയോ ഹറാമാണെന്ന് പഠിപ്പിക്കുകയോ ചെയ്ത എല്ലാ കാര്യങ്ങളുടെയും വിധി; അല്ലാഹു അവൻ്റെ വേദഗ്രന്ഥത്തിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ പോലെത്തന്നെയാണ് എന്ന് നബി -ﷺ- വിശദീകരിച്ചു. കാരണം അല്ലാഹുവിൽ നിന്നുള്ള സന്ദേശം മനുഷ്യർക്ക് എത്തിച്ചു നൽകുന്ന ദൂതരാണ് അവിടുന്ന്.
ഇർബാദു ബ്നു സാരിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം നബി -ﷺ- ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നു. ശേഷം ഹൃദയസ്പർശിയായ ഒരു ഉപദേശം അവിടുന്ന് ഞങ്ങൾക്ക് നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ആരോ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു വിടവാങ്ങുന്ന വ്യക്തിയുടെ ഉപദേശമാണല്ലോ താങ്കൾ ഞങ്ങൾക്ക് നൽകിയത്; അതിനാൽ ഞങ്ങൾക്ക് താങ്കൾ ഒരു കരാർ നൽകുക." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ല് കൊണ്ട് നിങ്ങൾ അതിനെ കടിച്ചു പിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) വഴികേടുകളാണ്."
رواه أبو داود والترمذي وابن ماجه وأحمدനബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. അവരുടെ ഹൃദയങ്ങൾ അത് കേട്ടു ഭയന്നു വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇതൊരു വിടവാങ്ങുന്ന സംസാരം പോലെയുണ്ടല്ലോ?! നബി -ﷺ- യുടെ പ്രഭാഷണത്തിലെ പ്രയോഗങ്ങളിൽ നിന്ന് അവർക്കത് മനസ്സിലായിരുന്നു. അതിനാൽ നബി -ﷺ- യുടെ വിയോഗത്തിന് ശേഷം തങ്ങൾക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വസ്വിയ്യത്തിനായി അവർ ആവശ്യപ്പെട്ടു. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു." അല്ലാഹുവിൻ്റെ നിർബന്ധകൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയ നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനെ സൂക്ഷിക്കേണ്ടതും തഖ്വ പാലിക്കേണ്ടതും. ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക: നിങ്ങൾക്ക് മേൽ ബലപ്രയോഗത്തിലൂടെ ഒരു അടിമ അധികാരം കയ്യടക്കിയാലും അയാളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നർത്ഥം. ജനങ്ങളിൽ എത്ര സ്ഥാനം കുറഞ്ഞ വ്യക്തി അധികാരിയായാലും അയാൾക്കെതിരെ തിരിയുകയോ അയാളെ അനുസരിക്കാതിരിക്കുകയോ ചെയ്യരുത് എന്നർത്ഥം. നാട്ടിൽ കുഴപ്പങ്ങൾ ഉടലെടുക്കുമെന്ന ഭയത്താലാണ് നബി -ﷺ- ഈ നിർദേശം നൽകിയത്. പിന്നീട് തനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകൾ നിങ്ങൾ കാണേണ്ടി വരുമെന്ന് നബി -ﷺ- അറിയിച്ചു. ഈ ഭിന്നതകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. നബി -ﷺ- യുടെ ചര്യയായ അവിടുത്തെ സുന്നത്തും, സന്മാർഗത്തിൽ ചരിക്കുകയും മാർഗദർശനം നൽകപ്പെട്ടവരുമായ ഖുലഫാഉകളുടെ ചര്യയെയും മുറുകെ പിടിക്കുക എന്നതാണത്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ-, ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ-, ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- എന്നിവരാണ് ഈ ഖലീഫമാർ. ഈ ചര്യകളെ അണപ്പല്ലു കൊണ്ട് മുറുകെ പിടിക്കാനും അവിടുന്ന് കൽപ്പിച്ചു; സുന്നത്തിനെ മുറുകെ പിടിക്കുന്നതിൽ ഉണ്ടായിരിക്കേണ്ട കണിശതയും താൽപ്പര്യവും സൂചിപ്പിക്കാനാണ് ഇപ്രകാരം പറഞ്ഞത്. ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് നബി -ﷺ- അവർക്ക് താക്കീത് നൽകുകയും ചെയ്തു. എല്ലാ പുതിയ ആചാരങ്ങളും വഴികേടുകളാണെന്നും അവിടുന്ന് അറിയിച്ചു.
സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- വും മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്നില് നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല് അവന് രണ്ട് കള്ളന്മാരില് ഒരുവനാണ്.”
رواه مسلم في مقدمتهനബി -ﷺ- യുടെ മേൽ കെട്ടിച്ചമച്ചതാണെന്ന് ഒരാൾക്ക് വ്യക്തമായി ബോധ്യമുള്ളതോ, ഏറെക്കുറെ ധാരണയുള്ളതോ ആയ ഒരു ഹദീഥ് നബി -ﷺ- യുടെ വാക്കാണ് എന്നു പറഞ്ഞു കൊണ്ട് ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു കൊടുക്കുന്നവൻ ഈ ഹദീഥ് ആദ്യമായി നിർമ്മിച്ചുണ്ടാക്കിയവൻ്റെ കളവിൽ പങ്കുചേർന്നിരിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
متفق عليهആരെങ്കിലും നബി -ﷺ- യുടെ മേൽ ഒരു വാക്കോ പ്രവർത്തിയോ കള്ളമായി കൂട്ടിച്ചേർക്കുന്നുവെങ്കിൽ അവൻ്റെ കളവിനുള്ള പ്രതിഫലമായി നരകത്തിൽ അവനൊരു ഇരിപ്പിടമുണ്ടായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. നിങ്ങൾ അവരെ സൂക്ഷിച്ചു കൊള്ളുക!"
رواه مسلمനബി -ﷺ- യുടെ ഉമ്മത്തിൽ (മുസ്ലിംകൾക്കിടയിൽ) അവസാനകാലത്ത് കള്ളം കെട്ടിച്ചമക്കുന്ന ചിലർ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് മുൻപ് ഒരാളും പറയാത്ത കാര്യങ്ങൾ ഇക്കൂട്ടർ പറയും. കള്ളഹദീഥുകളും കെട്ടിച്ചമച്ച കാര്യങ്ങളും അവർ ജനങ്ങളോട് പറയും. അതിനാൽ അവരിൽ നിന്ന് അകലം പാലിക്കാനും, അവരോടൊപ്പം കൂടിയിരിക്കാതിരിക്കാനും, അവരുടെ സംസാരങ്ങൾ കേൾക്കാതിരിക്കാനും നബി -ﷺ- നമ്മോട് കൽപ്പിക്കുന്നു. ചിലപ്പോൾ അവരുടെ കള്ളത്തരങ്ങൾ മനസ്സുകളിൽ കയറിപ്പറ്റുകയും, അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കാതെ വരികയും ചെയ്തേക്കാം.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യിൽ നിന്ന് കേൾക്കുന്ന, ഞാൻ മനപാഠമാക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എഴുതിയെടുക്കാറുണ്ടായിരുന്നു. എന്നാൽ ഖുറൈശികൾ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- യിൽ നിന്ന്പ റഞ്ഞു കേൾക്കുന്നതെല്ലാം താങ്കൾ എഴുതിയെടുക്കുകയാണോ?! അവിടുന്നാകട്ടെ, ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കില്ലേ? ." അതോടെ ഞാൻ എഴുതിയെടുക്കുന്നത് നിർത്തിവെക്കുകയും, നബി -ﷺ- യോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോൾ തൻ്റെ വായിലേക്ക് വിരലുകൾ കൊണ്ട് ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല."
رواه أبو داودഅബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഞാൻ നബി -ﷺ- യിൽ നിന്ന് കേൾക്കുന്നതെല്ലാം മനപാഠമാക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയെടുക്കാറുണ്ടായിരുന്നു. അപ്പോൾ ഖുറൈശികളിൽ പെട്ട ചിലർ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അവിടുത്തേക്ക് ചിലപ്പോൾ അബദ്ധം സംഭവിച്ചേക്കാം." അതോടെ അബ്ദുല്ലാഹി ബ്നു അംറ് എഴുത്ത് നിർത്തി വെച്ചു. പിന്നീട് അവർ പറഞ്ഞ കാര്യം അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അപ്പോൾ തൻ്റെ വായിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഏതു സന്ദർഭത്തിലും ഇവിടെ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല; അത് സന്തോഷത്തിൻ്റെയോ ദേഷ്യത്തിൻ്റെയോ വേളയാകട്ടെ." നബി -ﷺ- യെ കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം: "അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നൽകപ്പെടുന്ന സന്ദേശം മാത്രമാകുന്നു." (നജ്മ്: 3-4)
അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് ഇബ്നു ഉമർ ഇബ്നുൽ ഖത്വാബ് (رضي الله عنه) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "ഇസ്ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
رواه البخاري ومسلمഅഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള കാര്യങ്ങൾ ഇസ്ലാമിൻ്റെ പൂർത്തീകരണത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഒരു കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ പോലെ ഒന്നാമത്തെ സ്തംഭം: രണ്ട് സാക്ഷ്യവചനങ്ങൾ; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന സാക്ഷ്യങ്ങൾ. ഈ രണ്ട് സാക്ഷ്യങ്ങളും ഒരു സ്തംഭമാണ്. അവയിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല. അല്ലാഹുവിൻ്റെ ഏകത്വവും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നതും, അവന് പുറമെയുള്ള ഒരാൾക്കും ആരാധനകൾക്ക് അർഹതയില്ല എന്നുമുള്ള കാര്യം വിശ്വസിച്ചംഗീകരിച്ചു കൊണ്ടും, അതിൻ്റെ താൽപ്പര്യങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ടും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റിക്കൊണ്ടുമാണ് ഈ സാക്ഷ്യവചനങ്ങൾ ഒരാൾ ഉച്ചരിക്കേണ്ടത്. രണ്ടാമത്തെ സ്തംഭം: നിസ്കാരം നിലനിർത്തലാണ്. രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളായ സുബ്ഹ്, ദ്വുഹർ, അസ്വർ, മഗ്രിബ്, ഇശാഅ് എന്നിവ അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ കർമ്മങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. മൂന്നാമത്തെ സ്തംഭം: നിർബന്ധ ദാനമായ സകാത്ത് നൽകൽ. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തുകളിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. ഈ സമ്പത്തിന് അർഹതയുള്ളവർക്കാണ് അത് നൽകേണ്ടത്. നാലാമത്തെ സ്തംഭം: ഹജ്ജ്; അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തോടെ മക്കയെ ലക്ഷ്യം വെച്ചു പുറപ്പെടലാണത്. അഞ്ചാമത്തെ സ്തംഭം: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ. ഭക്ഷണപാനീയങ്ങളിൽ നിന്നും നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളിൽ നിന്നും പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോട് കൂടി വിട്ടുനിൽക്കുകഎന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (رضي الله عنه) പറഞ്ഞു: സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിശ്ചയം, നിങ്ങളിലൊരാളുടെ സൃഷ്ടിപ്പ് തന്റെ മാതാവിന്റെ വയറ്റിൽ നാൽപ്പത് ദിവസത്തിലാണ് ഒരുമിച്ച് കൂട്ടപ്പെടുന്നത്. പിന്നീട് അതുപോലെയുള്ള (നാൽപത് ദിവസത്തേക്ക്) ഒരു രക്തക്കട്ടയായും, പിന്നീട് അതുപോലെയുള്ള (നാൽപത് ദിവസത്തേക്ക്) ഒരു മാംസപിണ്ഡമായും മാറുന്നു. പിന്നീട് ഒരു മലക്ക് അവന്റെ അടുത്തേക്ക് നിയോഗിക്കപ്പെടുകയും, അതിലേക്ക് ആത്മാവിനെ ഊതുകയും ചെയ്യുന്നതാണ്. മലക്കിനോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെടുന്നതാണ്: അവന്റെ ഉപജീവനം, അവന്റെ ആയുസ്സ്, അവന്റെ കർമ്മം, അവൻ നിർഭാഗ്യവാനോ സൗഭാഗ്യവാനോ എന്നത്. ഏകആരാധ്യനായ അല്ലാഹു തന്നെ സത്യം! നിങ്ങളിൽ ചിലർ സ്വർഗ്ഗക്കാരുടെ കർമ്മം ചെയ്യും; അങ്ങനെ അവനും സ്വർഗ്ഗത്തിനുമിടയിൽ ഒരു മുഴം ദൂരം മാത്രമേ ബാക്കിയുണ്ടാകുന്ന വേളയിൽ അവൻ്റെ രേഖ അവനെ അതിജയിക്കുകയും, അവൻ നരകക്കാരുടെ കർമ്മം ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമ്മം ചെയ്യും; അങ്ങനെ അവനും നരകത്തിനുമിടയിൽ ഒരു മുഴം ദൂരം മാത്രമേ ബാക്കിയുണ്ടാവുന്ന വേളയിൽ അവൻ്റെ രേഖ അവനെ അതിജയിക്കുകയും, അവൻ സ്വർഗ്ഗക്കാരുടെ കർമ്മം ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും."
رواه البخاري ومسلمഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഞങ്ങളെ അറിയിച്ചിരിക്കുന്നു. അവിടുന്ന് തൻ്റെ വാക്കുകളിലെല്ലാം സത്യം മാത്രം പറഞ്ഞവരാണ്; അല്ലാഹു അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ സൃഷ്ടിപ്പ് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്; അതായത് ഒരു പുരുഷൻ തൻ്റെ ഭാര്യയുമായി ഇണചേർന്നാൽ അയാളുടെ ചിതറിയ ഇന്ദ്രിയത്തുള്ളികൾ അവൻ്റെ ഇണയുടെ വയറ്റിൽ ഒരുമിച്ചു കൂട്ടപ്പെടുകയും, അതൊരു ബീജമായി മാറുകയും ചെയ്യുന്നതാണ്. പിന്നീട് അതൊരു 'അലഖ'യായി തീരും; കട്ടിയുള്ള ഒഴുകാത്ത രക്തക്കട്ടയാണത്. നാൽപ്പത് മുതൽ എൺപത് വരെയുള്ള ദിവസങ്ങളിലാണ് ഈ അവസ്ഥ. പിന്നീട് അതൊരു മുദ്ഗയാകും; മനുഷ്യർ വായിലിട്ടു ചവക്കുന്ന ഒരു ഇറച്ചിക്കഷ്ണത്തോളം വലുപ്പമുള്ളതാണത്. എൺപത് മുതൽ നൂറ്റിഇരുപത് ദിവസങ്ങളിലാണ് ഇത് നടക്കുക. ശേഷം അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും; നൂറ്റിഇരുപത് ദിവസങ്ങൾക്ക് ശേഷം മലക്ക് ആ ഗർഭസ്ഥശിശുവിൽ ആത്മാവിനെ ഊതുന്നതാണ്. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൂടി ആ മലക്കിനോട് കൽപ്പിക്കപ്പെടും. ഒന്നാമത്തെ കാര്യം അവൻ്റെ ഉപജീവനമാണ്. തൻ്റെ ആയുശ്കാലത്തിൽ അവന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ കണക്കാണത്. രണ്ടാമത്തേത് അവൻ്റെ ആയുസ്സാണ്; ഇഹലോകത്ത് അവൻ എത്ര കാലം ബാക്കിയുണ്ടാകുമെന്ന കണക്കാണത്. മൂന്നാമത്തെ കാര്യം അവൻ്റെ പ്രവർത്തനങ്ങൾ; എന്താണ് അവൻ്റെ പ്രവർത്തനങ്ങൾ എന്ന് രേഖപ്പെടുത്തപ്പെടും. അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്തുന്നതാണ്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് പറയുന്നു: ഒരാൾ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, ജനങ്ങൾക്ക് പ്രത്യക്ഷമായി കാണുമ്പോൾ നന്മകൾ ചെയ്യുന്ന ഒരാളായിരിക്കുകയും ചെയ്യും. അങ്ങനെ അവൻ ഈ നിലയിൽ തുടരുകയും, അവസാനം സ്വർഗത്തിനും അവനും ഇടയിൽ ഒരു ചാൺ മാത്രം ദൂരമേ ബാക്കിയുള്ളൂ എന്ന സ്ഥിതിയെത്തുകയും ചെയ്യും. അപ്പോൾ അവൻ്റെ വിധിരേഖപ്പെടുത്തിയ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ നരകക്കാരുടെ പ്രവർത്തനം ചെയ്തു കൊണ്ട് അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. കാരണം ഒരു മനുഷ്യൻ തൻ്റെ പ്രവർത്തനത്തിൽ മാറ്റം വരുത്താതെ ഉറച്ചു നിലകൊള്ളണമെന്നത് പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ പെട്ടതാണ്. എന്നാൽ ജനങ്ങളിൽ പെട്ട മറ്റൊരാൾ നരകവാസികളുടെ പ്രവർത്തനങ്ങളാണ് ചെയ്യുക; അവസാനം അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം വഴിദൂരമുണ്ടാകുമ്പോൾ അവൻ്റെ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ അവൻ സ്വർഗവാസികളുടെ പ്രവർത്തനം ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും.