





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഉമ്മുൽ മുഅ്മിനീൻ ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്." മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നമ്മുടെ കാര്യത്തിൽ (മതത്തിൽ) ഇല്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്."
رواه البخاري ومسلمആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.
അബൂ ഹുറൈറ, അബ്ദു റഹ്മാൻ ഇബ്നു സ്വഖ്ർ-رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഞാൻ നിങ്ങളോട് വിലക്കിയതെല്ലാം നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാകുന്നത്ര നിങ്ങൾ പ്രവർത്തിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോടുള്ള ധിക്കാരവും മാത്രമാണ്."
رواه البخاري ومسلمനബി -ﷺ- നമ്മോട് ഒരു കാര്യം വിലക്കിയാൽ അതിൽ ഒന്ന് പോലും ഒഴിയാതെ എല്ലാം നാം ഉപേക്ഷിച്ചിരിക്കണമെന്ന് അവിടുന്ന് നമ്മെ അറിയിക്കുന്നു. അവിടുന്ന് ഒരു കാര്യം നമ്മോട് കൽപ്പിച്ചാലാകട്ടെ, അതിൽ നിന്ന് സാധിക്കുന്നത്ര ചെയ്യുക എന്നതും നമ്മുടെ മേൽ നിർബന്ധമാണ്. മുൻകഴിഞ്ഞ സമൂഹങ്ങളെ പോലെ ആയിത്തീരരുതെന്ന് അതിന് ശേഷം നബി -ﷺ- നമ്മോട് താക്കീത് ചെയ്യുന്നു. അവർ തങ്ങളുടെ നബിമാരോട് ചോദ്യങ്ങൾ അധികരിപ്പിക്കുകയും, അവരോട് എതിരാവുകയും ചെയ്തു. അപ്പോൾ അല്ലാഹു പല നിലക്കുള്ള ശിക്ഷകളിലൂടെ അവരെ നശിപ്പിക്കുകയുമുണ്ടായി. അതിനാൽ അവരെ പോലെ നാം നശിക്കാതിരിക്കണമെങ്കിൽ നാം അവരെ പോലെ ആയിത്തീരാതിരിക്കുകയാണ് വേണ്ടത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"
رواه مسلمഅല്ലാഹു പരമപരിശുദ്ധനും എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും മുക്തനും എല്ലാ പൂർണ്ണതകളും ഉള്ളവനുമാണെന്നും നബി -ﷺ- അറിയിക്കുന്നു. അതിനാൽ അല്ലാഹു പരിശുദ്ധമായ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമല്ലാതെ സ്വീകരിക്കുന്നതല്ല. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിക്കുകയും, നബി -ﷺ- യുടെ മാതൃകയോട് യോജിക്കുന്നതുമായ പ്രവൃത്തിയാണ് ഏറ്റവും ശുദ്ധമായ പ്രവൃത്തി. അതിനാൽ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും ഈ രൂപത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമായിരിക്കണം. ഒരു മുഅ്മിനിന് തൻ്റെ പ്രവർത്തനങ്ങൾ പരിശുദ്ധമാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ്റെ ഭക്ഷണം പരിശുദ്ധമാക്കുക എന്നതും, ഹലാലായ (അനുവദനീയമായ) മാർഗത്തിൽ നിന്നാവുക എന്നതുമാണ്. ഇതു കൊണ്ട് തന്നെ, അല്ലാഹു തൻ്റെ മുർസലുകളോട് കൽപ്പിച്ച അതേ കാര്യം മുഅ്മിനുകളായ എല്ലാ അടിമകളോടും കൽപ്പിച്ചതായി കാണാം. അല്ലാഹു (അവൻ്റെ റസൂലുകളോട്) പറഞ്ഞിരിക്കുന്നു: "വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (ബഖറ: 172) നബി ﷺ ഇത്രയും പറഞ്ഞതിന് ശേഷം പ്രവർത്തനങ്ങളെ നശിപ്പിക്കുകയും അവ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ വേണ്ടി എത്ര ശ്രമിച്ചാലും അതിനെയെല്ലാം നിഷ്ഫലമാക്കുകയും ചെയ്യുന്ന തിന്മയിൽ നിന്ന് -ഹറാം ഭക്ഷിക്കുന്നതിൽ നിന്ന്- താക്കീത് നൽകുന്നു. (അവിടുന്ന് ഇത് ബോധ്യപ്പെടുത്താനായി പറഞ്ഞ ആ വ്യക്തിയുടെ ഉദാഹരണത്തിൽ നന്മ സ്വീകരിക്കാൻ കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്;) അവയിൽ പെട്ടതാണ്: ഒന്ന്: ഹജ്ജ്, ജിഹാദ്, കുടുംബബന്ധം ചേർക്കൽ എന്നിങ്ങനെയുള്ള ഉദ്ദേശ്യവുമായി വിദൂര യാത്രയിലായിരിക്കുക എന്നത്. രണ്ട്: അയാളുടെ മുടി ചീകാൻ കഴിയാത്തതിനാൽ ജട പിടിക്കുകയും, മണ്ണും പൊടിയുമേറ്റ് അയാളുടെ വസ്ത്രവും ശരീരവും നിറംമാറുകയും ചെയ്തിരിക്കുന്നു എന്നതിനാൽ അയാൾ അതീവ പ്രയാസത്തിൽ അകപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലാക്കാം. (ഇതും നന്മ സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാരണമാണ്.) മൂന്ന്: തൻ്റെ പ്രാർത്ഥന സ്വീകരിക്കാനായി അയാൾ കൈകൾ ആകാശത്തേക്ക് ഉയർത്തിയിരിക്കുന്നു. നാല്: 'എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!' എന്നു വിളിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തിയാണ് അയാൾ പ്രാർത്ഥിക്കുന്നത്. ഇത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാര്യമാണ്. എന്നാൽ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഈ കാര്യങ്ങളെല്ലാം ഉണ്ടായിട്ടും അയാളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടില്ല. അതിൻ്റെ കാരണമായി നബി -ﷺ- പറഞ്ഞത്, അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവുമെല്ലാം ഹറാമായിരുന്നു എന്നതാണ്. ഹറാമിൽ മുങ്ങിക്കുളിച്ച നിലയിലുള്ള ഈ മനുഷ്യൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അതിവിദൂരമാണ് എന്നതിനാൽ, എങ്ങനെ അവൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും? എന്ന് നബി -ﷺ- ആശ്ചര്യത്തോടെ ചോദിക്കുന്നു.
അബുൽ അബ്ബാസ്, അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരു ദിവസം ഞാൻ നബിയുടെ -ﷺ- പിന്നിലായി യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയുക! സമൂഹമൊന്നാകെ നിനക്ക് ഒരു ഉപകാരം ചെയ്തുതരാനായി ഒരുമിച്ചു ചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയ ഒരു ഉപകാരമല്ലാതെ നിനക്ക് ചെയ്തുതരാൻ അവർക്ക് സാധ്യമല്ല. ഇനി അവർ മുഴുവൻ നിനക്ക് ഒരു ഉപദ്രവമേൽപിക്കാനായി സംഘടിച്ചാലും അല്ലാഹു നിനക്ക് ഏൽക്കണമെന്ന് രേഖപ്പെടുത്തിയ ഒരു ഉപദ്രവമല്ലാതെ നിന്നെ ഏൽപിക്കാൻ അവർക്ക് സാധ്യമല്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ ഉണങ്ങിപ്പോയിരിക്കുന്നു." തിർമിദിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ നിന്റെ സാന്നിധ്യം അറിയിക്കുക; കഠിനതയിൽ അവൻ നിന്നെ ഓർക്കുന്നതാണ്. അറിയുക! നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതുമായിരുന്നില്ല. അറിയുക! വിജയം ക്ഷമയോടൊപ്പവും, എളുപ്പം ക്ലേശത്തോടൊപ്പവുമാണ്. പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്."
رواه الترمذي وغيرهഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ പിറകിലിരുന്ന് യാത്ര ചെയ്ത സന്ദർഭത്തെ കുറിച്ചാണ് ഈ ഹദീഥിൽ അദ്ദേഹം നമ്മെ അറിയിക്കുന്നത്. (ഈ യാത്രാവേളയിൽ) നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം! അല്ലാഹു അത് മുഖേന നിനക്ക് പ്രയോജനം ചെയ്യുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും. നന്മകളിലും സൽകർമ്മങ്ങളിലും അല്ലാഹു നിന്നെ കാണട്ടെ; തിന്മകളിലോ തെറ്റുകളിലോ അവൻ നിന്നെ കാണാതിരിക്കട്ടെ. ഇപ്രകാരം നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തുമുള്ള പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുമെന്നതാണ്. നീ എവിടെയായിരുന്നാലും നിൻ്റെ ആവശ്യങ്ങളിലെല്ലാം അവൻ നിനക്ക് സഹായമേകുന്നതാണ്. നിനക്ക് എന്തെങ്കിലുമൊരു കാര്യം ചോദിക്കേണ്ടി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ ചോദിക്കരുത്. കാരണം അവൻ മാത്രമാകുന്നു ചോദ്യങ്ങൾക്കും തേട്ടങ്ങൾക്കും ഉത്തരം നൽകുന്നവൻ. നിനക്ക് സഹായം ആവശ്യമായി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ സഹായം തേടുകയുമരുത്. ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു പ്രയോജനം ചെയ്യാൻ വേണ്ടി ഒത്തുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല എന്ന കാര്യം നിൻ്റെ മനസ്സിൽ ഉറച്ച വിശ്വാസമായുണ്ടാകട്ടെ! ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത യാതൊരു ഉപദ്രവവും നിന്നെ ഏൽപ്പിക്കാൻ അവർക്ക് സാധിക്കുകയില്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. കാരണം അല്ലാഹു അക്കാര്യം അവൻ്റെ മഹത്തരമായ ലക്ഷ്യത്തിനും സർവ്വജ്ഞാനത്തിനും യോജിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടാകുന്നതല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കിൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടും അവനെ സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും അവൻ്റെ മുൻപിൽ തന്നെയുണ്ടായിരിക്കും. സന്തോഷവേളകളിൽ ഒരാൾ അല്ലാഹുവിനെ അനുസരിച്ചാൽ പ്രയാസവേളകളിൽ അല്ലാഹു അവന് തുറവിയും എളുപ്പവും നൽകുന്നതാണ്. അല്ലാഹു ഓരോ അടിമക്കും നിശ്ചയിച്ചു നൽകിയതിൽ -അനുഗ്രഹത്തിലും പ്രയാസത്തിലും- അവൻ തൃപ്തിയടയട്ടെ. പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമയോടെ നിലകൊള്ളുകയും ചെയ്യട്ടെ. കാരണം ക്ഷമ തുറവിയുടെ താക്കോലാണ്. പ്രയാസങ്ങൾ അതികഠിനമായാൽ അല്ലാഹുവിൽ നിന്നുള്ള തുറവിയും എളുപ്പവും അതോടൊപ്പം വന്നെത്തുന്നതാണ്. ഞെരുക്കം വന്നെത്തിയാൽ അതിൻ്റെ തുടർച്ചയായി അല്ലാഹു എളുപ്പവും എത്തിക്കുന്നതാണ്.
അബൂഅംറ് -അല്ലെങ്കിൽ അബൂ അംറഃ-, സുഫ്യാൻ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."
رواه مسلمസുഫ്യാൻ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- ഇസ്ലാമിൻ്റെ ആശയത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന ഒരു വാചകം തനിക്ക് പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ആ വാചകം ജീവിതത്തിൽ മുറുകെ പിടിക്കാനും, മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത വിധത്തിൽ അതിൽ വ്യക്തതയുണ്ടായിരിക്കാനും അദ്ദേഹം ആഗ്രഹിച്ചു. നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു: "ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുക." അതായത് ഞാൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു എന്നും, അവനാണ് എൻ്റെ രക്ഷിതാവും എൻ്റെ ആരാധ്യനും എൻ്റെ സ്രഷ്ടാവും ഞാൻ ആരാധനകൾ നൽകുന്ന -ഒരു പങ്കുകാരനുമില്ലാത്ത- യഥാർത്ഥ ആരാധ്യനും എന്ന് പറയുക. "ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക." അതായത് അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് -നിർബന്ധ കർമ്മങ്ങൾ നിറവേറ്റിയും നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചും- തുടർന്നു പോവുകയും ചെയ്യുക.
അബൂ അബ്ദില്ല, ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പോകുമോ?!" നബി -ﷺ- പറഞ്ഞു: "അതെ!"
رواه مسلمആരെങ്കിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, അതിൽ യാതൊരു സുന്നത്തും അധികരിപ്പിക്കാതിരിക്കുകയും, റമദാൻ മാസം നോമ്പെടുക്കുകയും, യാതൊരു സുന്നത്ത് നോമ്പുകളും എടുക്കാതിരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയ ഹലാലുകളെല്ലാം അനുവദനീയമാണെന്ന് വിശ്വസിക്കുകയും അവ ജീവിതത്തിൽ ഉപയോഗിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ ഹറാമുകളും നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അവ അകറ്റി നിർത്തുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് ലളിതവുമാണ്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. നിസ്കാരം നിലനിർത്തുക. സകാത്ത് നൽകുക. റമദാൻ മാസം നോമ്പെടുക്കുക. ഹജ്ജ് നിർവ്വഹിക്കുക." ശേഷം നബി -ﷺ- ചോദിച്ചു: "നന്മയുടെ കവാടങ്ങൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?! നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്നത് പോലെ, ദാനധർമ്മം തിന്മകളെ കെടുത്തുന്നതാണ്. രാത്രിയുടെ മദ്ധ്യത്തിലുള്ള നിസ്കാരവും. ശേഷം അവിടുന്ന് പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." ശേഷം നബി -ﷺ- പറഞ്ഞു: "സർവ്വ നന്മയുടെയും ശിരസ്സും സ്തംഭവും അതിൻ്റെ ഉയർച്ചയും ഏതിലെല്ലാമാണെന്ന് ഞാൻ പറഞ്ഞു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ ശിരസ്സ് ഇസ്ലാമാണ്. അതിൻ്റെ സ്തംഭം നിസ്കാരവും, അതിൻ്റെ ഉയർച്ച ജിഹാദുമാണ്." ശേഷം നബി -ﷺ- ചോദിച്ചു: "ഇതെല്ലാം ഉടമപ്പെടുത്തുന്ന കാര്യം എന്താണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അറിയിച്ചാലും! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് തൻ്റെ നാവ് പിടിച്ചു കൊണ്ടു പറഞ്ഞു: "ഇത് നീ പിടിച്ചു വെക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! നാം സംസാരിക്കുന്നതിൻ്റെ പേരിൽ നമ്മൾ പിടികൂടപ്പെടുമോ?!" അവിടുന്ന് പറഞ്ഞു: "ജനങ്ങൾ നരകത്തിലേക്ക് തങ്ങളുടെ മുഖങ്ങൾ കുത്തിയ നിലയിൽ -അല്ലെങ്കിൽ മൂക്കു കുത്തിയ നിലയിൽ- വീഴുന്നത് അവരുടെ നാവുകൾ കൊയ്തെടുത്തത് കൊണ്ടല്ലാതെ മറ്റു വല്ലതുമാണോ?!"
رواه الترمذيമുആദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഒരു ദിവസം യാത്രക്കിടയിൽ ഞാൻ അവിടുത്തോട് ഏറെ സമീപത്തായി തീർന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന ഒരു പ്രവൃത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് ഏറെ മഹത്തരമായ ഒരു കാര്യത്തെ കുറിച്ചാണ്; അത് പ്രവർത്തിച്ചു തീർക്കാൻ മനസ്സ് ലഭിക്കുക എന്നത് പ്രയാസകരം തന്നെ. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് വളരെ ലളിതമായ കാര്യവുമാണ്. ഇസ്ലാമിലെ ഈ നിർബന്ധ ബാധ്യതകൾ നീ നിറവേറ്റുക. ഒന്ന്: നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. രണ്ട്: അഞ്ചു നേരത്തെ നിർബന്ധമായ നിസ്കാരങ്ങൾ -സുബ്ഹ്, ദ്വുഹ്ർ, അസ്വർ, മഗ്രിബ്, ഇശാഅ് എന്നിവ- അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ ഘടകങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ്. മൂന്ന്: നിർബന്ധ ദാനമായ സകാത്ത് നൽകലാണ്. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. അതിനർഹതയുള്ള അവകാശികൾക്കാണ് ആ വിഹിതം നൽകേണ്ടത്. നാല്: റമദാനിൽ നോമ്പെടുക്കലാണ്. അല്ലാഹുവിനുള്ള ഇബാദത്താണെന്ന ഉദ്ദേശ്യത്തോടെ ഭക്ഷണപാനീയങ്ങളും മറ്റും ഉപേക്ഷിച്ചു കൊണ്ട്, പുലരി മുതൽ സൂര്യാസ്തമയം വരെ കഴിച്ചു കൂട്ടുക എന്നതാണ് ഇസ്ലാമിലെ നോമ്പ്. അഞ്ച്: ഹജ്ജ് നിർവഹിക്കുക. അതായത് ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെയും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായും മക്കയിലെ കഅ്ബയിലേക്ക് യാത്ര ചെയ്യുക. ശേഷം നബി -ﷺ- പറഞ്ഞു: നന്മയുടെ വാതിലുകളിലേക്ക് നിന്നെ എത്തിക്കുന്ന ഒരു വഴിയെ കുറിച്ച് ഞാൻ നിന്നെ അറിയിക്കട്ടെയോ?! ഇതുവരെ പറഞ്ഞ നിർബന്ധ കർമ്മങ്ങൾക്കൊപ്പം ഐഛികമായ (സുന്നത്തായ) കർമ്മങ്ങൾ കൂടെ നീ നിർവ്വഹിക്കുക എന്നതാണത്. ഒന്നാമത്തേത്; സുന്നത്തായ നോമ്പുകളാണ്. തിന്മകളിൽ വീണു പോകുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്ന നന്മയാണത്. ലൈംഗികതൃഷ്ണ കുറക്കുന്നതിലും ശക്തി കുറക്കുന്നതിലും നോമ്പിന് പങ്കുണ്ട്. രണ്ട്; സുന്നത്തായ ദാനധർമ്മങ്ങളാണ്. സംഭവിച്ചു പോയ തിന്മകളെ അണക്കാനും ഇല്ലാതെയാക്കാനും അതിൻ്റെ അനന്തര ഫലങ്ങളെ മായ്ച്ചു കളയാനും ദാനധർമ്മങ്ങൾ കൊണ്ട് സാധിക്കും. മൂന്ന്; രാത്രിയുടെ അവസാന മൂന്ന് യാമങ്ങളിൽ അവസാനത്തെതില് തഹജ്ജുദ് നിസ്കരിക്കുക എന്നതാണ്. ശേഷം നബി -ﷺ- സൂറ സജ്ദയിലെ വചനം പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." അവർ തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കും എന്ന് പറഞ്ഞതിൽ നിസ്കാരവും ദിക്റുകളും ഖുർആൻ പാരായണവും പ്രാർത്ഥനകളുമെല്ലാം ഉൾപ്പെടുന്നതാണ്. അന്ത്യനാളിൽ സ്വർഗത്തിൽ അവർക്ക് കൺകുളിർമയേകുന്ന അനുഗ്രഹങ്ങൾ ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു. ശേഷം നബി -ﷺ- മുആദിനോട് ചോദിച്ചു: "ദീനിൻ്റെ അടിത്തറ ഏതെന്നും, അത് നിലകൊള്ളുന്ന സ്തംഭം ഏതാണെന്നും, അതിൻ്റെ ഉന്നതശിഖ ഏതാണെന്നും ഞാൻ നിനക്ക് വിവരിച്ചു തരട്ടെയോ?!" "അതെ! (പറഞ്ഞു തന്നാലും) അല്ലാഹുവിൻ്റെ റസൂലേ!" എന്നായിരുന്നു മുആദിൻ്റെ മറുപടി. നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ അടിത്തറയും ശിരസ്സുമെന്നു പറയാവുന്നത് രണ്ട് സാക്ഷ്യവചനങ്ങൾ അടങ്ങുന്ന ഇസ്ലാമാണ്. ആ രണ്ട് ശഹാദത്തുകളിലൂടെ ഒരാളുടെ പക്കൽ ഇസ്ലാമിൻ്റെ അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു." അതിൻ്റെ സ്തംഭം എന്നു പറയുന്നത് നിസ്കാരമാണ്. തൂണുകളില്ലാതെ വീടുകൾക്ക് നിലനിൽക്കാൻ കഴിയില്ലെന്ന പോലെ, നിസ്കാരമില്ലാതെ ഇസ്ലാം ഒരാളിൽ നിലകൊള്ളുകയില്ല. അതിനാൽ ഒരാൾ നിസ്കരിച്ചാൽ അവൻ്റെ ദീൻ ശക്തമാവുകയും ഉന്നതമാവുകയും ചെയ്യും. അതിൻ്റെ ഉന്നതശിഖ എന്നു പറയാവുന്നത് -ഇസ്ലാമിൻ്റെ ഉന്നതിയും ഉയർച്ചയുമുണ്ടാകുന്നത്- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിലൂടെയാണ്. അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി, ഇസ്ലാമിൻ്റെ ശത്രുക്കൾക്കെതിരെ പോരാടിക്കൊണ്ടാണ് അത് നിർവ്വഹിക്കേണ്ടത്. ശേഷം നബി -ﷺ- പറഞ്ഞു: "ഈ പറഞ്ഞതെല്ലാം നേരാവണ്ണം നിലനിർത്താനും കൃത്യത വരുത്താനുമുള്ള കാര്യം എന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ?!" തൻ്റെ നാവ് പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: "ഇതിനെ നീ തടഞ്ഞു വെക്കുക! നിനക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ നിൻ്റെ നാവിനെ പിടിച്ചു വെക്കുക!" മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "നാം സംസാരിക്കുന്ന എല്ലാ കാര്യത്തിലും നമ്മുടെ റബ്ബ് നമ്മെ വിചാരണ ചെയ്യുകയും പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണോ?!" അപ്പോൾ നബി -ﷺ- പറഞ്ഞു: "നിൻ്റെ ഉമ്മയെ നിനക്ക് നഷ്ടമാകട്ടെ!" ഒരാൾ ഇന്നകാര്യം അറിയേണ്ടതായിരുന്നു എന്നോ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നോ സൂചിപ്പിക്കുന്നതിനും ഉണർത്തുന്നതിനും വേണ്ടി അറബികൾ പ്രയോഗിക്കാറുള്ള, പദാനുപദ അർത്ഥം ഉദ്ദേശ്യമില്ലാത്ത ഒരു വാചകം മാത്രമാണിത്. ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളെ അവരുടെ മുഖം കുത്തി വീഴ്ത്തുകയും നരകത്തിൽ ആപതിപ്പിക്കുകയും ചെയ്യുന്നത് അവരുടെ നാവുകൾ കൊണ്ട് അവർ കൊയ്തെടുത്ത പ്രവർത്തികളല്ലാതെ മറ്റെന്താണ്?! അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന കുഫ്റും, പതിവ്രതകളെ മോശം പറയുക എന്നതും, ചീത്ത വാക്കുകൾ പറയുക എന്നതും, പരദൂഷണവും ഏഷണിയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക എന്നതുമെല്ലാം നാവ് കൊണ്ടാണല്ലോ അവർ ചെയ്തു കൂട്ടുന്നത് എന്നർത്ഥം.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്നു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. ഇനി അവൻ ആ നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെയരികിൽ അയാൾക്കായി പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടിയും അതിലുമധികം മടങ്ങുകളായും ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ ഒരു തിന്മ ഉദ്ദേശിക്കുകയും അത് അവൻ ചെയ്യാതെ (ഉപേക്ഷിക്കുകയും) ചെയ്താൽ അല്ലാഹു അത് അവൻ്റെയരികിൽ ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ തിന്മ ഉദ്ദേശിക്കുകയും, പ്രവർത്തിക്കുകയും ചെയ്താലാകട്ടെ, ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും."
رواه البخاري ومسلم في صحيحيهما بهذه الحروفഅല്ലാഹു നന്മകളും തിന്മകളും കൃത്യമായി നിർണ്ണയിക്കുകയും, ശേഷം അവ എങ്ങനെ രേഖപ്പെടുത്തണം എന്ന് രണ്ട് മലക്കുകൾക്ക് (നന്മ തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകൾക്ക്) വിവരിച്ചു കൊടുക്കുകയും ചെയ്തതായി നബി ﷺ അറിയിക്കുന്നു. ആരെങ്കിലും ഒരു നന്മ ഉദ്ദേശിക്കുകയും, അത് ചെയ്യണമെന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്താൽ -ആ നന്മ പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൂടി- അവന് അതൊരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ഇനി ആ നന്മ അവൻ പ്രവർത്തിക്കുകയാണെങ്കിലോ; പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും, അതിലധികമായും അല്ലാഹു ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഹൃദയത്തിലുള്ള നിഷ്കളങ്കതയുടെയും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നതിലുള്ള ശക്തിയുടെയും, ചെയ്ത നന്മ കൊണ്ട് മറ്റുള്ളവർക്ക് ലഭിച്ച പ്രയോജനത്തിൻ്റെയും മറ്റുമെല്ലാം അടിസ്ഥാനത്തിലാണ് നന്മയുടെ പ്രതിഫലത്തിന് വർദ്ധനവ് നൽകപ്പെടുക. ഇനി ഒരാൾ തിന്മ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയും അതിനായി ഉറച്ച തീരുമാനമെടുക്കുകയും, പിന്നീട് അത് അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുകയും ചെയ്താൽ അതും അവന് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. എന്നാൽ തിന്മയിലേക്ക് എത്തിക്കുന്ന കാരണങ്ങൾ ചെയ്യാൻ സാധിക്കാത്തവണ്ണം തിരക്കുകൾ ബാധിച്ചതിനാലോ മറ്റോ ആണ് അതിൽ നിന്ന് അവൻ അകലം പാലിച്ചത് എങ്കിൽ അവന് യാതൊന്നും രേഖപ്പെടുത്തപ്പെടുന്നതല്ല. ഇനി എല്ലാ വഴികളും സ്വീകരിച്ചതിന് ശേഷവും അവന് ആ തിന്മ ചെയ്യാൻ കഴിയാതെ പോയതാണെങ്കിൽ തിന്മ പ്രവർത്തിക്കാൻ വേണ്ടിയുള്ള മനസ്സിൻ്റെ തീരുമാനം ഒരു തിന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ആ തിന്മ അവൻ പ്രവർത്തിച്ചാലാകട്ടെ, ഒരു തിന്മയായി അവൻ്റെ മേൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും."
رواه البخاريഖുദ്സിയ്യായ ഈ ഹദീഥിൽ, അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: ആരെങ്കിലും എൻ്റെ ഇഷ്ടദാസന്മാരിൽ പെട്ട ഒരാളെ ഉപദ്രവിക്കുകയോ അവനോട് കോപിക്കുകയോ അവനെ വെറുക്കുകയോ ചെയ്താൽ അവനോടുള്ള എൻ്റെ ശത്രുത ഞാൻ പ്രഖ്യാപിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻ്റെ ഇഷ്ടദാസൻ (വലിയ്യ് / ഔലിയ) എന്നത് കൊണ്ട് ഉദ്ദേശ്യം (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും, (അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിച്ചുകൊണ്ട്) തഖ്വയോടെ ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഒരാൾക്ക് എത്രമാത്രം വിശ്വാസവും തഖ്വയും അധികരിക്കുന്നുവോ, അത്രയും അല്ലാഹുവിൻ്റെ പക്കൽ അയാൾക്കുള്ള സ്ഥാനവും ഇഷ്ടവും 'വലായത്തും' അധികരിക്കുന്നതാണ്. തൻ്റെ രക്ഷിതാവ് നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ -വാജിബുകൾ പ്രവർത്തിക്കുക എന്നതും ഹറാമുകൾ ഉപേക്ഷിക്കുക എന്നതും- അവന് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും ഒരു മുസ്ലിമും അവനിലേക്ക് സാമീപ്യം നേടിയിട്ടില്ല. നിർബന്ധകർമ്മങ്ങളോടൊപ്പം സുന്നത്തുകൾ കൂടെ പ്രവർത്തിച്ചു കൊണ്ട് അവൻ തൻ്റെ രക്ഷിതാവിലേക്ക് അടുത്തു കൊണ്ടിരിക്കും; അവൻ്റെ ഇഷ്ടം നേടിയെടുക്കുന്നത് വരെ. അങ്ങനെ അല്ലാഹു അവനെ സ്നേഹിച്ചാൽ പിന്നീട് അവൻ്റെ ഈ നാല് അവയവങ്ങളെയും നേരായ വഴിയിൽ തന്നെ നിലനിർത്തുന്നതാണ്. അവൻ്റെ കേൾവി അല്ലാഹു നേരായ വഴിയിലാക്കും; പിന്നീട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ അവൻ കേൾക്കുകയില്ല. അവൻ്റെ കാഴ്ചയെ അല്ലാഹു നേരായ വിധത്തിലാക്കും; പിന്നീട് അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ കാര്യത്തിലേക്കല്ലാതെ അവൻ്റെ നോട്ടം നീളുകയില്ല. അവൻ്റെ കൈകളെയും അല്ലാഹു ശരിയാക്കുന്നതാണ്; ആ കരങ്ങൾ കൊണ്ട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ അവൻ പ്രവർത്തിക്കുകയില്ല. അവൻ്റെ കാലുകളെയും അല്ലാഹു നേരെയാക്കുന്നതാണ്; അല്ലാഹുവിന് തൃപ്തിയുള്ളതിലേക്കല്ലാതെ അവൻ്റെ കാൽപ്പാദങ്ങൾ ചലിക്കുകയില്ല. നന്മകളിലേക്കല്ലാതെ അവൻ ഓടിച്ചെല്ലുകയില്ല. ഇതിനെല്ലാം പുറമെ, അല്ലാഹുവിനോട് ഈ അടിമ എന്തെങ്കിലുമൊരു കാര്യം ചോദിച്ചാൽ അല്ലാഹു അവന് അത് നൽകുന്നതാണ്. പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നവനായി അവൻ മാറും. അല്ലാഹുവിനോട് അവൻ രക്ഷ തേടുകയും അവനിൽ അഭയം തേടുകയും ചെയ്താൽ അല്ലാഹൂ അവന് അഭയം നൽകുകയും അവൻ ഭയപ്പെടുന്നതിൽ നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ്.