





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ (അവിശ്വാസികൾ)." (മാഇദ: 44), "അവർ തന്നെയാണ് അക്രമികൾ." (മാഇദ: 45), "അവർ തന്നെയാണ് ഫാസിഖുകൾ (ധിക്കാരികൾ)." (മാഇദ: 47) എന്നീ ആയത്തുകൾ അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "യഹൂദരിലെ രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ അതിലൊരു വിഭാഗം മറു വിഭാഗത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ, പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, അതിന് നഷ്ടപരിഹാരമായി അമ്പത് വസ്ഖ് നൽകിയാൽ മതിയാകും; എന്നാൽ ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, നഷ്ടപരിഹാരമായി നൂറ് വസ്ഖ് നൽകണം എന്ന വ്യവസ്ഥയിൽ അവർ യോജിപ്പിലും സന്ധിയിത്തിലുമെത്തി. നബി (ﷺ) മദീനയിൽ വരുന്നത് വരെ അവർ ഈ നിലയിലായിരുന്നു. നബിയുടെ (ﷺ) വരവോടെ ഈ രണ്ട് വിഭാഗങ്ങളും അവിടുത്തെ മുമ്പിൽ താഴ്മ കാണിച്ചു. അന്ന് നബി (ﷺ) അവർക്കുമേൽ പൂർണ്ണ ആധിപത്യം നേടിയിരുന്നില്ല. അവരെ കീഴ്പ്പെടുത്തിയിരുന്നുമില്ല. അവിടുന്ന് അവരുമായി സന്ധിയിലായിരുന്നു. അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. ഉടനെ പ്രബലർ ദുർബലരോട് നൂറ് വസ്ഖ് നഷ്ടപരിഹാരം കൊടുത്തയക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ദുർബലർ പറഞ്ഞു: 'മതവും വംശവും നാടും ഒന്നായ രണ്ട് ഗോത്രങ്ങളിൽ, ചിലരുടെ നഷ്ടപരിഹാരം മറ്റുചിലരുടെ നഷ്ടപരിഹാരത്തിന്റെ പകുതിയാവുക എന്നത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ? മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അത് തന്നിരുന്നത് നിങ്ങൾ ഞങ്ങളെ അടിച്ചമർത്തിയത് കൊണ്ടും, ഞങ്ങൾക്ക് നിങ്ങളെ പേടിയുള്ളതുകൊണ്ടുമായിരുന്നു. എന്നാൽ ഇപ്പോൾ മുഹമ്മദ് (ﷺ) വന്ന സ്ഥിതിക്ക് ഞങ്ങൾ നിങ്ങൾക്കത് നൽകില്ല.' അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാറായി. ഒടുവിൽ നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാം എന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ് പ്രബലരായ വിഭാഗം ചിന്തിച്ചത്; അവർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മുഹമ്മദ് ഒരിക്കലും അവർക്ക് നൽകുന്നതിന്റെ ഇരട്ടി നമുക്ക് നൽകില്ല. അവർ പറഞ്ഞത് സത്യമാണ്; അവർ നമ്മളെ ഭയന്നിരുന്നത് കാരണവും നാം അവരെ അടിച്ചമർത്തിയതുകൊണ്ടും മാത്രമാണ് അവർ നമുക്ക് അത് തന്നുകൊണ്ടിരുന്നത്. അതിനാൽ, മുഹമ്മദിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ നിങ്ങൾ രഹസ്യമായി ആളെ അയക്കുക. നിങ്ങൾക്ക് അനുകൂലമാണ് വിധിയെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വിധികർത്താവാക്കുക. അതല്ലെങ്കിൽ നിങ്ങൾ ജാഗ്രത പാലിക്കുക, അദ്ദേഹത്തെ വിധികർത്താവാക്കരുത്.' അങ്ങനെ നബിയുടെ (ﷺ) അഭിപ്രായം അറിയുന്നതിനായി അവർ കപടവിശ്വാസികളിൽ (മുനാഫിഖുകൾ) പെട്ട ചിലരെ രഹസ്യമായി നബിയുടെ (ﷺ) അടുത്തേക്ക് അയച്ചു. അവർ വന്നപ്പോൾ, അവരുടെ മുഴുവൻ കാര്യങ്ങളും അവരുടെ ഗൂഢലക്ഷ്യങ്ങളും അല്ലാഹു തന്റെ റസൂലിന് അറിയിച്ചുകൊടുത്തിരുന്നു. അങ്ങനെ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഓ റസൂലേ, വിശ്വാസം സ്വീകരിച്ചെന്ന് വായ കൊണ്ട് പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്തവരിൽ നിന്ന് അവിശ്വാസത്തിലേക്ക് കുതിക്കുന്നവർ അങ്ങയെ ദുഃഖിപ്പിക്കാതിരിക്കട്ടെ." (മാഇദ: 41) ഇവിടം മുതൽ "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അധർമ്മികൾ." (മാഇദ: 47) എന്നതുവരെ അപ്പോഴാണ് അവതരിച്ചത്. പിന്നീട് ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ആ രണ്ട് വിഭാഗത്തെക്കുറിച്ചാണ് അല്ലാഹു ഇത് അവതരിപ്പിച്ചത്. അവരെ തന്നെയാണ് അല്ലാഹു ഉദ്ദേശിച്ചതും."
رواه أحمدമദീനയിലെ ജൂതഗോത്രങ്ങളായിരുന്നു ബനൂ ഖുറൈളയും ബനൂ നദ്വീറും. ജാഹിലിയ്യാ കാലത്ത് അതിലൊരു ഗോത്രം മറു ഗോത്രത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ 50 വസ്ഖ് ദിയ നൽകിയാൽ മതിയാകുമെന്നും, എന്നാൽ ദുർബലരായവർ പ്രബലരായവരിൽ നിന്ന് ഒരാളെ കൊന്നാൽ അതിന്റെ ഇരട്ടി, അതായത് 100 വസ്ഖ് നൽകണമെന്നും അവർ തീരുമാനിച്ചു. (ഒരു വസ്ഖ് എന്നാൽ 60 സ്വാഅ് ആണ്). നബി (ﷺ) ഹിജ്റ ചെയ്ത് മദീനയിൽ എത്തുന്നത് വരെ ഇതായിരുന്നു അവസ്ഥ. നബിയുടെ (ﷺ) വരവോടെ രണ്ട് വിഭാഗവും അവിടുത്തോട് വിധേയത്വം കാണിച്ചു. ഹിജ്റയുടെ ആദ്യകാലമായതിനാൽ നബി (ﷺ) അന്ന് ശത്രുക്കളുടെ മേൽ വിജയം നേടിയിരുന്നില്ല. ആ രണ്ടു ഗോത്രത്തെയും തന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിർബന്ധിച്ചിരുന്നുമില്ല. അവരുമായി സന്ധിയിലായിരുന്നു. അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. കരാർ പ്രകാരം 100 വസ്ഖ് നൽകണമെന്ന് പ്രബലർ ആവശ്യപ്പെട്ടു. എന്നാൽ ദുർബലർ അത് നിരസിച്ചു. ഒരേ മതവും ഒരേ വംശവും ഒരേ നാടും ഉള്ളവർക്കിടയിൽ നഷ്ടപരിഹാരത്തുകയിൽ വിവേചനം കാണിക്കുന്നത് അനീതിയാണെന്ന് അവർ വാദിച്ചു. ഇതുവരെ അപ്രകാരം നൽകിയത് പേടിച്ചിട്ടാണെന്നും അവർ പറഞ്ഞു. മുഹമ്മദ് നബി (ﷺ) വന്ന സ്ഥിതിക്ക് ഇനി ആ അനീതി സഹിക്കില്ലെന്ന് അവർ വ്യക്തമാക്കി. അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമൊരുങ്ങി. എന്നാൽ പിന്നീട് നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, നബി (ﷺ) നീതിപൂർവ്വമായേ വിധിക്കൂ എന്നും തങ്ങൾക്ക് അനുകൂലമായി ഇരട്ടി നഷ്ടപരിഹാരം വിധിക്കില്ലെന്നും പ്രബല ഗോത്രക്കാർക്ക് മനസ്സിലായി. തങ്ങളുടെ അതിക്രമവും അടിച്ചമർത്തലും ഭയക്കുന്നത് കൊണ്ട് മാത്രമാണ് അവർ തങ്ങൾക്ക് ഇത്രയും കാലം ഇരട്ടി നഷ്ടപരിഹാരത്തുക തന്നിരുന്നത് എന്ന് അവർ പറഞ്ഞത് സത്യം തന്നെയാണ്. അതിനാൽ, നബിയുടെ (ﷺ) നിലപാട് രഹസ്യമായി അറിയാൻ അവർ കപടവിശ്വാസികളെ അയച്ചു. നബിയുടെ (ﷺ) വിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രം വിധി തേടാനും, അല്ലെങ്കിൽ ഈ സന്ധിസംഭാഷണത്തിൽ നിന്ന് പിന്മാറാനുമായിരുന്നു അവരുടെ പദ്ധതി. അങ്ങനെ കപടവിശ്വാസികളിൽ പെട്ട ചിലരെ അവർ നബിയുടെ (ﷺ) തീരുമാനം എന്തായിരിക്കുമെന്ന് അറിയുന്നതിന് വേണ്ടി രഹസ്യമായി പറഞ്ഞയച്ചു. കപടവിശ്വാസികൾ വന്നെത്തുമ്പോഴേക്ക് അല്ലാഹു വഹ്യ് വഴി അവരുടെ ഗൂഢാലോചന നബിക്ക് (ﷺ) വെളിപ്പെടുത്തിക്കൊടുത്തിരുന്നു. തുടർന്ന്, ഈ വിഷയത്തെ കുറിച്ച് സൂറത്തുൽ മാഇദയിലെ 41 മുതൽ 47 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു. "ഓ റസൂലേ! കുഫ്റിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിക്കുന്നവർ താങ്കളെ ദുഃഖത്തിൽ ആഴ്ത്താതിരിക്കട്ടെ. ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് വായ കൊണ്ട് പറയുന്നവരാണവർ..." ''അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ഫാസിഖുകൾ'' [മാഇദ:47] എന്നത് വരെയുള്ള ആയത്തുകൾ അങ്ങനെയാണ് അവതരിച്ചത്. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഈ രണ്ട് വിഭാഗത്തെക്കുറിച്ചാണ് "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ..."[മാഇദ:44] "അവർ തന്നെയാണ് അക്രമികൾ" [മാഇദഃ: 45] "അവർ തന്നെയാണ് അധർമ്മികൾ." [മാഇദഃ: 47] എന്നീ വചനങ്ങൾ അവതരിച്ചത്.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു: "തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു; ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്നത് ഒരാളും അറിയുന്നില്ല. ഏത് നാട്ടിൽ വെച്ചാണ് താൻ മരിക്കുക എന്നതും ഒരാളും അറിയുന്നില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ലുഖ്മാൻ: 34)
رواه البخاريഅദൃശ്യകാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അദൃശ്യജ്ഞാനത്തിന്റെ താക്കോലുകളും ഖജനാവുകളും അഞ്ച് കാര്യങ്ങളാണെന്ന് നബി (ﷺ) അറിയിച്ചു: ഒന്നാമത്തേത്: അന്ത്യസമയം എപ്പോഴാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് പരലോകവുമായി ബന്ധപ്പെട്ട അറിവുകളെ സൂചിപ്പിക്കുന്നു. കാരണം അന്ത്യനാളാണ് അതിന്റെ തുടക്കം. ഏറ്റവും അടുത്ത കാര്യം (അന്ത്യനാൾ) എപ്പോഴാണെന്ന അറിവില്ലെങ്കിൽ, അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഉണ്ടാവില്ലല്ലോ. രണ്ടാമത്തേത്: മഴ എപ്പോൾ വർഷിക്കുമെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് ഉപരിലോകത്തെ (ആകാശലോകത്തെ) കാര്യങ്ങളെ സൂചിപ്പിക്കുന്നു. മഴ പെയ്യുന്നതിന് സാധാരണയായി ചില കാരണങ്ങളും ലക്ഷണങ്ങളും ഉണ്ട് എന്നതും അതിൻ്റെ അടിസ്ഥാനത്തിൽ മഴ പ്രതീക്ഷിക്കാൻ സാധിക്കുമെന്നതെല്ലാം ശരിയാണ്; എന്നാൽ അത് ഇന്ന സമയത്ത് പെയ്യുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാൻ പടപ്പുകൾക്ക് കഴിയില്ല. മൂന്നാമത്തേത്: ഗർഭാശയങ്ങളിലുള്ളത് എന്താണെന്ന അറിവ്. അത് ആണാണോ പെണ്ണാണോ, കറുത്തതാണോ വെളുത്തതാണോ, പൂർണ്ണമാണോ അപൂർണ്ണമാണോ, വിജയിയാണോ പരാജിതനാണോ തുടങ്ങിയ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഗർഭാശയത്തെ പ്രത്യേകം എടുത്തുപറയാൻ കാരണം, സാധാരണഗതിയിൽ ആളുകൾക്ക് എന്താണെന്ന് അറിയാൻ കൂടുതൽ സാധ്യതയുള്ള വിഷയങ്ങളിൽ പെട്ടതാണത്. എന്നിട്ടും അതിന്റെ യഥാർത്ഥ അവസ്ഥ ആർക്കും പൂർണ്ണമായി അറിയില്ലെങ്കിൽ, മറ്റുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ പ്രയാസകരമായിരിക്കും. നാലാമത്തേത്: നാളെ എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് വ്യത്യസ്ത കാലങ്ങളെയും അതിലുണ്ടാകുന്ന സംഭവങ്ങളെയും സൂചിപ്പിക്കുന്നു. "നാളെ" എന്ന് പ്രത്യേകം പറയാൻ കാരണം, വരാനിരിക്കുന്ന സമയങ്ങളിൽ നമുക്ക് ഏറ്റവും അടുത്തത് നാളെയാണ് എന്നത് കൊണ്ടാണ്. ലക്ഷണങ്ങളും മറ്റുമെല്ലാം ഉണ്ടായിട്ടും തൊട്ടടുത്ത ദിവസമായ നാളെ എന്ത് സംഭവിക്കുമെന്ന് സൃഷ്ടികൾക്ക് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിലും അകലെയുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ അസാധ്യമാണ്. അഞ്ചാമത്തേത്: താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്ന് ഒരാൾക്കും അറിയുകയില്ല. ഇത് ഭൂമിലോകത്തുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു. മിക്ക ആളുകളും തങ്ങളുടെ സ്വന്തം നാട്ടിൽ തന്നെയാണ് മരിക്കാറുള്ളതെങ്കിലും,അത് പോലും അവന് ഉറപ്പുള്ള കാര്യമല്ല. ഇനി സ്വന്തം നാട്ടിൽ മരിച്ചാൽ പോലും, ഏത് സ്ഥലത്താണ് തന്നെ മറമാടുക എന്നത് ഒരുപക്ഷേ അവനറിയില്ല; തന്റെ പൂർവികരുടെ ഖബർസ്ഥാൻ അവിടെ ഉണ്ടെങ്കിൽ പോലും. ആയത്തിൻ്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞു: "തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." - അവൻ പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങളെയും, രഹസ്യങ്ങളെയും ഒളിഞ്ഞിരിക്കുന്നവയെയും എല്ലാം അറിയുന്നവനാണ്. ഈ ആയത്ത് എല്ലാത്തരം അദൃശ്യജ്ഞാനങ്ങളെയും ഉൾക്കൊള്ളുകയും, (അദൃശ്യജ്ഞാനം അറിയാമെന്ന) തെറ്റായ എല്ലാ അവകാശവാദങ്ങളെയും തകർത്തെറിയുകയും ചെയ്യുന്നു.
നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഞാൻ നബി -ﷺ- യുടെ മിമ്പറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു: "ഇസ്ലാം സ്വീകരിച്ചതിന് ശേഷം, തീർത്ഥാടകർക്ക് കുടിനീര് നൽകുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഇസ്ലാം സ്വീകരിച്ചതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." വേറൊരാൾ പറഞ്ഞു: "നിങ്ങൾ ഈ പറഞ്ഞതിനേക്കാളെല്ലാം ശ്രേഷ്ഠം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: "നബി -ﷺ- യുടെ മിമ്പറിനടുത്ത് വെച്ച് നിങ്ങൾ ശബ്ദമുയർത്തരുത് -അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു-. എന്നാൽ, ജുമുഅ നിസ്കാരം കഴിഞ്ഞാൽ, നബി -ﷺ- യുടെ അടുത്ത് ചെന്ന് നിങ്ങൾ തർക്കിച്ച വിഷയത്തെക്കുറിച്ച് ഞാൻ വിധി ചോദിക്കാം." അങ്ങനെ (അദ്ദേഹം ചോദിച്ചപ്പോൾ) അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "ഹാജിമാർക്ക് കുടിനീര് നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്മാര്ഗത്തിലാക്കുന്നതല്ല." (തൗബ: 19)
رواه مسلمനുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: അദ്ദേഹം നബിയുടെ -ﷺ- മിമ്പറിന് അരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ഞാൻ മുസ്ലിമായതിന് ശേഷം, ഹജ്ജിന് വന്നെത്തുന്ന തീർത്ഥാടകർക്ക് വെള്ളം കൊടുക്കുന്ന പുണ്യകർമ്മമല്ലാതെ മറ്റൊന്നും ചെയ്തില്ലെങ്കിലും എനിക്കതിൽ ഒരു ഖേദവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഞാൻ മുസ്ലിമായതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു കർമ്മവും ചെയ്തില്ലെങ്കിലും എനിക്കതിൽ ഖേദമില്ല." അപ്പോൾ മൂന്നാമതൊരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് (സായുധ പോരാട്ടം) നിങ്ങൾ രണ്ടുപേരും പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമാണ്." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മിമ്പറിന് അരികിൽ വെച്ച് ശബ്ദമുയർത്തരുതെന്ന് അവരെ വിലക്കി. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു; അതിനാൽ അദ്ദേഹം പറഞ്ഞു: "ഞാൻ ജുമുഅ നിസ്കരിച്ചുകഴിഞ്ഞാൽ, നിങ്ങൾ തർക്കിച്ച വിഷയത്തിൽ നബി -ﷺ- യോട് വിധി ചോദിക്കാം." അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തീര്ത്ഥാടകന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്മാര്ഗത്തിലാക്കുന്നതല്ല." (തൗബഃ: 19)
അബ്ദുല്ലാഹി ബ്നു മസ്ഊദ് നബി (ﷺ) പറഞ്ഞതായി അറിയിക്കുന്നു: "അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്." (ഹജ്ജ്: 25) എന്ന ആയത്തിൻ്റെ വിശദീകരണമായി അവിടൂന്ന് പറഞ്ഞു: "ഒരാൾ മജ്സിദുൽ ഹറാമിൽ അതിക്രമമായി വല്ലതും പ്രവർത്തിക്കാൻ (യമനിലെ) അദനിൽ നിന്ന് തീരുമാനമെടുത്താലും അല്ലാഹു അവനെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്."
رواه أحمد والحاكم"അവിടെ (മസ്ജിദുൽ ഹറാമിൽ) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്." (ഹജ്ജ്: 25) - ഖുർആനിലെ ഈ വചനത്തെ കുറിച്ച് ഇബ്നു മസ്ഊദ് (رضي الله عنه) അറിയിക്കുന്നു: ജനങ്ങളിൽ ആരെങ്കിലും മക്കാഹറമിൽ തെറ്റായ ഒരു പ്രവൃത്തി ചെയ്യാനും -കൊലപാതകമോ മറ്റോ ചെയ്തു കൊണ്ട്- അല്ലാഹു നിശ്ചയിച്ച പവിത്രതയെ കളങ്കപ്പെടുത്താനും മനസ്സിൽ പറയുകയും തീരുമാനമെടുക്കുകയും ചെയ്താൽ... അവൻ യമനിലെ അദൻ എന്ന നാട്ടിൽ വെച്ചാണ് അത് തീരുമാനിച്ചതെങ്കിലും അല്ലാഹു അതിന് വേദനയേറിയ ശിക്ഷ അവനെ രുചിപ്പിക്കുന്നതാണ്. ഹറമിൽ അതിക്രമം പ്രവർത്തിക്കണമെന്നില്ല; വിദൂരമായ ഒരു ദേശത്ത് വെച്ച് അത് മനസ്സിൽ ഉദ്ദേശിച്ചാൽ പോലും ഇപ്രകാരം കഠിനമായ ശിക്ഷയാണുണ്ടാവുക എന്ന് ചുരുക്കം.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു." എന്ന വചനം മുതൽ "അല്ലാഹുവിന്റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." എന്നത് വരെയുള്ള വചനങ്ങൾ അവതരിച്ചത് നബി (ﷺ) ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്ന വേളയിലാണ്. ദുഃഖവും വ്യസനവും അവരെ (സ്വഹാബികളെ) ബാധിച്ച സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ വെച്ച് നബി (ﷺ) ബലിമൃഗത്തെ അറുക്കുകയും ചെയ്തിരുന്നു. (ഈ അയത്തുകൾ അവതരിച്ചപ്പോൾ) അവിടുന്ന് പറഞ്ഞു: "എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ."
رواه مسلمനബിക്ക് (ﷺ) സൂറത്തുൽ ഫത്ഹിലെ ആദ്യ വചനങ്ങൾ അവതരിക്കപ്പെട്ട സന്ദർഭമാണ് അനസ് ബ്നു മാലിക് (رضي الله عنه) വിവരിക്കുന്നത്. "തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു. നിന്റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്കാന് വേണ്ടിയും. അവനാകുന്നു ഈമാനുള്ളവരുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു. വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്മകള് മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." (ഫത്ഹ്: 1-5) - ഈ വചനങ്ങൾ അവതരിച്ചത് ഹുദൈബിയ്യയിൽ നിന്ന് അവിടുന്ന് മടങ്ങുമ്പോഴായിരുന്നു. ഉംറ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തിൽ പുറപ്പെട്ട സ്വഹാബികൾ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനാകാതെ, ദുഃഖവും പ്രയാസവും ബാധിച്ച നിലയിൽ മടങ്ങുന്ന സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ മുശ്രിക്കുകളുമായി നടന്ന സന്ധിയായിരുന്നു അതിൻ്റെ കാരണം; അത് മുസ്ലിംകൾക്ക് പ്രയോജനകരമായ വിധത്തിലായിരുന്നില്ല സംഭവിച്ചത് എന്നായിരുന്നു അവർ ധരിച്ചിരുന്നത്. അവർ ഹുദൈബിയ്യയിൽ വെച്ച്, ബലിമൃഗത്തെ അറുത്തതിന് ശേഷം തിരിച്ചു മടങ്ങുമ്പോഴാണ് ഈ വചനങ്ങൾ അവതരിച്ചത്. അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാൾ പ്രിയങ്കരമായ ആയത്താണ് എനിക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്നത്." ശേഷം ആ വചനങ്ങൾ നബി (ﷺ) പാരായണം ചെയ്തു കേൾപ്പിച്ചു.
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്.
رواه مسلمസൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ പത്ത് ആയത്തുകൾ മനപാഠമാക്കുന്നവർക്ക് ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷണവും കാവലും സുരക്ഷയും നൽകപ്പെടുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവസാനകാലഘട്ടത്തിൽ താൻ ഇലാഹാണെന്ന് അവകാശപ്പെട്ടു കൊണ്ട് പുറപ്പെടുന്ന ഒരുവനാണ് മസീഹുദ്ദജ്ജാൽ. ആദം (عليه الشلام) ൻ്റെ സൃഷ്ടിപ്പിന് ശേഷം ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന ഏറ്റവും കടുത്തതും ഗുരുതരമായതുമായ പരീക്ഷണമാണ് മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണം. തന്നെ പിൻപറ്റുന്നവരെ ആശയക്കുഴപ്പത്തിലാക്കാൻ സാധിക്കും വിധത്തിലുള്ള അത്ഭുതസംഭവങ്ങൾ പ്രവർത്തിക്കാൻ അല്ലാഹു അവന് കഴിവ് നൽകുന്നതാണ്. സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ ആയത്തുകളിലാകട്ടെ, മസീഹുദ്ദജ്ജാൽ കാണിക്കുന്ന അത്ഭുതപ്രവർത്തികളേക്കാൾ വിസ്മയകരമായ അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അവ ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ മസീഹുദ്ദജ്ജാലിന് പിഴപ്പിക്കാൻ സാധ്യമല്ല. ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ സൂറത്തുൽ കഹ്ഫിൻ്റെ അവസാനത്തെ പത്ത് ആയത്തുകളാണ് മനപാഠമാക്കേണ്ടത് എന്നും വന്നിട്ടുണ്ട്. "നിഷേധികൾ ധരിച്ചിരിക്കുകയാണോ..." എന്ന ആശയത്തിൽ തുടങ്ങുന്ന (ആയത്ത് നം 111) വചനം മുതൽ അവസാനം വരെയാണ് മനപാഠമാക്കേണ്ടത്.
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു: "എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ' ആണവ."
رواه مسلمഉഖ്ബതുബ്നു ആമിർ (رضي الله عنه) നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞതായി അറിയിക്കുന്നു. അല്ലാഹു ഈ രാത്രിയിൽ എനിക്ക് മേൽ ചില ആയത്തുകൾ അവതരിപ്പിച്ചിരിക്കുന്നു. ആപത്തുകളിൽ നിന്ന് രക്ഷ തേടുന്നതിനായി ഇതു പോലുള്ള മറ്റൊന്ന് വേറെയുണ്ടായിട്ടില്ല. രണ്ട് മുഅവ്വിദത്തുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ധ്യായങ്ങളാണവ. സൂറത്തുൽ ഫലഖും സൂറത്തു ന്നാസും.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു. ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)
متفق عليهഅനസ് ബ്നു മാലിക് (رضي الله عنه) യുടെ മാതാവിൻ്റെ (രണ്ടാം) ഭർത്താവായിരുന്നു അബൂ ത്വൽഹഃ (رضي الله عنه). അനസ് ബ്നു മാലിക് അബൂത്വൽഹയുടെ ഭവനത്തിൽ മദ്യം വിളമ്പാറുണ്ടായിരുന്നു. ഇളംപഴുപ്പുള്ള ഈത്തപ്പഴവും സാധാരണ ഈത്തപ്പഴവും കലർത്തിയുണ്ടാക്കുന്ന ഫദ്വീഖ് ആയിരുന്നു അന്ന് അവർ ഉപയോഗിച്ചിരുന്ന മദ്യം. അങ്ങനെയിരിക്കെ, നബി -ﷺ- യുടെ വിളംബരക്കാരൻ മദ്യം നിഷിദ്ധമാക്കപ്പെട്ടതായി വിളിച്ചു പറയുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അബൂ ത്വൽഹ അനസിനോട് പറഞ്ഞു: "നീ പോയി മദ്യമെല്ലാം ഒഴിച്ചു കളയുക." അദ്ദേഹം മദ്യം ഒഴിച്ചു കളയുകയും അത് മദീനയിലെ വഴികളിലൂടെ ഒഴുകുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: "മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കുടിക്കാറുണ്ടായിരുന്ന ചിലർ മദ്യം കുടിച്ച നിലയിൽ മരണപ്പെട്ടു പോയിട്ടുണ്ട്." അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93) മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കഴിച്ച വിശ്വാസികൾക്ക് ഒരു തെറ്റുമില്ല എന്നർത്ഥം.
അബൂ നജീഹ്, ഇർബാദ്വ് ബ്നു സാരിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം നബി -ﷺ- ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നു. ശേഷം ഹൃദയസ്പർശിയായ ഒരു ഉപദേശം അവിടുന്ന് ഞങ്ങൾക്ക് നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു വിടവാങ്ങുന്ന വ്യക്തിയുടെ ഉപദേശമാണല്ലോ താങ്കൾ ഞങ്ങൾക്ക് നൽകിയത്; അതിനാൽ ഞങ്ങൾക്ക് വസ്വിയ്യത്ത് നൽകിയാലും." അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ ധാരാളം ഭിന്നിപ്പുകൾ കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ല് കൊണ്ട് നിങ്ങൾ അതിനെ കടിച്ചു പിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) വഴികേടുകളാണ്."
رواه أبو داود والترمذيനബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. അവരുടെ ഹൃദയങ്ങൾ അത് കേട്ടു ഭയന്നു വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇതൊരു വിടവാങ്ങുന്ന സംസാരം പോലെയുണ്ടല്ലോ?! നബി -ﷺ- യുടെ പ്രഭാഷണത്തിലെ പ്രയോഗങ്ങളിൽ നിന്ന് അവർക്കത് മനസ്സിലായിരുന്നു. അതിനാൽ നബി -ﷺ- യുടെ വിയോഗത്തിന് ശേഷം തങ്ങൾക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വസ്വിയ്യത്തിനായി അവർ ആവശ്യപ്പെട്ടു. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു." അല്ലാഹുവിൻ്റെ നിർബന്ധകൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയ നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനെ സൂക്ഷിക്കേണ്ടതും തഖ്വ പാലിക്കേണ്ടതും. ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക: നിങ്ങൾക്ക് മേൽ ബലപ്രയോഗത്തിലൂടെ ഒരു അടിമ അധികാരം കയ്യടക്കിയാലും അയാളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നർത്ഥം. ജനങ്ങളിൽ എത്ര സ്ഥാനം കുറഞ്ഞ വ്യക്തി അധികാരിയായാലും അയാൾക്കെതിരെ തിരിയുകയോ അയാളെ അനുസരിക്കാതിരിക്കുകയോ ചെയ്യരുത് എന്നർത്ഥം. നാട്ടിൽ കുഴപ്പങ്ങൾ ഉടലെടുക്കുമെന്ന ഭയത്താലാണ് നബി -ﷺ- ഈ നിർദേശം നൽകിയത്. പിന്നീട് തനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകൾ നിങ്ങൾ കാണേണ്ടി വരുമെന്ന് നബി -ﷺ- അറിയിച്ചു. ഈ ഭിന്നതകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. നബി -ﷺ- യുടെ ചര്യയായ അവിടുത്തെ സുന്നത്തും, സന്മാർഗത്തിൽ ചരിക്കുകയും മാർഗദർശനം നൽകപ്പെട്ടവരുമായ ഖുലഫാഉകളുടെ ചര്യയെയും മുറുകെ പിടിക്കുക എന്നതാണത്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ-, ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ-, ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- എന്നിവരാണ് ഈ ഖലീഫമാർ. ഈ ചര്യകളെ അണപ്പല്ലു കൊണ്ട് മുറുകെ പിടിക്കാനും അവിടുന്ന് കൽപ്പിച്ചു; സുന്നത്തിനെ മുറുകെ പിടിക്കുന്നതിൽ ഉണ്ടായിരിക്കേണ്ട കണിശതയും താൽപ്പര്യവും സൂചിപ്പിക്കാനാണ് ഇപ്രകാരം പറഞ്ഞത്. ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് നബി -ﷺ- അവർക്ക് താക്കീത് നൽകുകയും ചെയ്തു. എല്ലാ പുതിയ ആചാരങ്ങളും വഴികേടുകളാണെന്നും അവിടുന്ന് അറിയിച്ചു.