





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ."
رواه أبو داودഇസ്റാഅ് മിഅ്റാജിൻ്റെ രാവിൽ നബി -ﷺ- യെ ആകാശത്തേക്ക് ഉയർത്തിയപോൾ അവിടുന്ന് ഒരു കൂട്ടമാളുകളെ കണ്ടു; അവരുടെ നഖങ്ങൾ ചെമ്പു കൊണ്ടുള്ളതായിരുന്നു; അത് കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുകളും മുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- ജിബ്രീലിനോട് -عَلَيْهِ السَّلَامُ- ചോദിച്ചു: "ഈ ശിക്ഷ നൽകപ്പെടാൻ ഇവർ എന്തു തെറ്റാണ് ചെയ്തത്?!" ജിബ്രീൽ മറുപടി പറഞ്ഞു: "ജനങ്ങളുടെ പരദൂഷണം പറയുകയും, അവരുടെ അഭിമാനം അന്യായമായി വ്രണപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഇവർ."
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു എന്നെ അയച്ച മാർഗ്ഗദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്. അതിൽ ഒരു ഭാഗം ശുദ്ധമായ (ഫലഭൂയിഷ്ഠമായ) മണ്ണായിരുന്നു; അത് വെള്ളം ആഗിരണം ചെയ്യുകയും സമൃദ്ധമായ സസ്യങ്ങളെയും പുല്ലിനെയും ഉത്പാദിപ്പിക്കുകയും ചെയ്തു. മറ്റൊരു ഭാഗം കട്ടിയുള്ള ഭൂമിയായിരുന്നു; അത് വെള്ളം സംഭരിച്ച് നിർത്തി, അതിലൂടെ അല്ലാഹു ജനങ്ങൾക്ക് പ്രയോജനം ചെയ്തു. അങ്ങനെ അവർ കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗത്തിൽ അത് പതിച്ചത് പരന്ന, തരിശുഭൂമിയിലായിരുന്നു; അത് വെള്ളം പിടിച്ചുനിർത്തുകയോ സസ്യങ്ങളെ ഉത്പാദിപ്പിക്കുകയോ ചെയ്തില്ല. അപ്രകാരം, ആദ്യത്തേത് അല്ലാഹുവിന്റെ ദീനിൽ അഗാധമായ അറിവ് നേടുകയും അല്ലാഹു എന്നെ അയച്ചതുമൂലം പ്രയോജനം നേടുകയും ചെയ്തവന്റെ ഉപമയാണ്; അങ്ങനെ അവൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവസാനത്തേത്, അതിലേക്ക് തല ഉയർത്താത്തവന്റെ (ശ്രദ്ധ നൽകാത്തവന്റെ) ഉപമയാണ്, അല്ലാഹു എന്നിലൂടെ അയച്ച മാർഗ്ഗദർശനം സ്വീകരിക്കാത്തവന്റെയും."
متفق عليهനബി -ﷺ- നൽകിയ മാർഗനിർദേശങ്ങളിൽ നിന്നും, അവിടുന്ന് വരച്ചു കാണിച്ച വഴിയിൽ നിന്നും, ദീനീ വിജ്ഞാനങ്ങളിൽ നിന്നും പ്രയോജനമെടുക്കുന്നവരെ നബി -ﷺ- ധാരാളമായി മഴ വർഷിക്കപ്പെട്ട ഒരു ഭൂമിയോട് ഉപമിച്ചിരിക്കുന്നു. ആ ഭൂമിയിലെ മണ്ണ് മൂന്ന് തരത്തിലുണ്ടായിരുന്നു. ഒന്നാമത്തേത്: ശുദ്ധവും നല്ലതുമായ ഭൂമി. അത് മഴവെള്ളം സ്വീകരിക്കുകയും ധാരാളം പച്ചയും ഉണങ്ങിയതുമായ സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്തു. അങ്ങനെ ജനങ്ങൾ അതിൽ നിന്ന് പ്രയോജനമെടുക്കുകയും ചെയ്തു. രണ്ടാമത്തേത്: വെള്ളം സംഭരിച്ചുവയ്ക്കുന്ന, എന്നാൽ സസ്യങ്ങൾ മുളപ്പിക്കാത്ത ഭൂമി. അത് വെള്ളം സംരക്ഷിച്ച് വയ്ക്കുകയും ജനങ്ങൾക്ക് അതിലൂടെ പ്രയോജനം ലഭിക്കുകയും ചെയ്തു; അങ്ങനെ അവർ ആ വെള്ളം കുടിക്കുകയും തങ്ങളുടെ കാലികളെ കുടിപ്പിക്കുകയും കൃഷിയിടങ്ങൾ അത് മുഖേന നനയ്ക്കുകയും ചെയ്തു. മൂന്നാമത്തേത്: നിരപ്പായതും മിനുസമുള്ളതുമായ ഭൂമി, അത് വെള്ളം സംഭരിക്കുകയോ സസ്യങ്ങൾ മുളപ്പിക്കുകയോ ചെയ്തില്ല. ആ വെള്ളം കൊണ്ട് അതിന് സ്വയം പ്രയോജനമുണ്ടായില്ല, ജനങ്ങൾക്കും അതിൽ നിന്ന് പ്രയോജനം ലഭിച്ചില്ല. അതുപോലെയാണ്, നബി -ﷺ- കൊണ്ടുവന്ന വിജ്ഞാനവും മാർഗ്ഗദർശനവും കേൾക്കുന്നവരും. ഒന്നാമത്തെയാൾ: അല്ലാഹുവിന്റെ ദീനിൽ ആഴത്തിൽ അറിവുള്ള പണ്ഡിതനാണ്; അയാൾ തന്റെ അറിവനുസരിച്ച് പ്രവർത്തിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു; അവൻ നല്ല ഭൂമിയെ പോലെയാണ്. അത് വെള്ളം വലിച്ചെടുത്തു കൊണ്ട് മഴവെള്ളം പ്രയോജനപ്പെടുത്തുകയും, സസ്യങ്ങളെ മുളപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം നൽകുകയും ചെയ്തു. രണ്ടാമത്തെയാൾ: അറിവ് മനഃപാഠമാക്കുന്നവനാണ്; എന്നാൽ അവയുടെ ആശയത്തിൽ ആഴത്തിലുള്ള ഗ്രാഹ്യമോ അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്താനുള്ള കഴിവോ അയാൾക്കില്ല. അവൻ അറിവ് ശേഖരിക്കുകയും അതിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. പക്ഷേ അതിന്റെ പൂർത്തീകരണമായി ആ വിജ്ഞാനത്തിലെ ഐച്ഛികമായ നന്മകൾ പ്രാവർത്തികമാക്കാൻ അവന് സാധിച്ചില്ല. അതുമല്ലെങ്കിൽ അവൻ ശേഖരിച്ച വിജ്ഞാനത്തിൻ്റെ ആശയം അവന് മനസ്സിലാകുന്നില്ല. മറ്റുള്ളവർക്ക് പ്രയോജനം നൽകുന്ന ഒരു ഉപകരണം പോലെയാണ് അവൻ. അയാളുടെ സ്ഥിതി വെള്ളം കെട്ടിക്കിടക്കുന്ന ഭൂമിക്ക് സമാനമാണ്. അതിൽ നിന്ന് (അവന് സമ്പൂർണ്ണമായ പ്രയോജനം ലഭിച്ചില്ലെങ്കിലും) ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. മൂന്നാമത്തെയാൾ: അറിവ് കേൾക്കുകയും എന്നാൽ അത് മനഃപാഠമാക്കുകയോ, അതനുസരിച്ച് പ്രവർത്തിക്കുകയോ, മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുകയോ ചെയ്യാത്തവനാണ്. അവൻ ഉപ്പുരസമുള്ളതോ മിനുസമുള്ളതോ ആയ ഭൂമിക്ക് സമാനനാണ്. അതിൽ സസ്യങ്ങൾ മുളക്കുകയില്ല; വെള്ളം ശേഖരിക്കപ്പെടുകയുമില്ല. അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത വിധത്തിൽ വെള്ളം ഉപയോഗശൂന്യമാക്കുന്ന മണ്ണിന് സമാനമാണ് അവൻ.
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.
رواه مسلمനുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- ജനങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത്ര ഭക്ഷണവും പാനീയവും എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു; എന്നാൽ നബി -ﷺ- യുടെ അവസ്ഥയാകട്ടെ, അവിടുത്തേക്ക് വിശപ്പടക്കാൻ മോശം ഈന്തപ്പഴം പോലും വയറു നിറയെ ലഭിച്ചിരുന്നില്ല.
അബുൽ അബ്ബാസ്, സഹ്ല് ബ്നു സഅ്ദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു എന്നെ സ്നേഹിക്കാനും, ജനങ്ങൾ എന്നെ സ്നേഹിക്കാനും കാരണമാകുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തരൂ!" നബി -ﷺ- പറഞ്ഞു: "നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക; ജനങ്ങളും നിന്നെ സ്നേഹിക്കും."
رواه ابن ماجه وغيره بأسانيد حسنةഅല്ലാഹുവും ജനങ്ങളും തന്നെ സ്നേഹിക്കാൻ കാരണമാകുന്ന ഒരു പ്രവൃത്തി അറിയിച്ചു തരാൻ ഒരാൾ നബിയോട് (ﷺ) ആവശ്യപ്പെട്ടു. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: "ഇഹലോകത്തിലെ അനാവശ്യ കാര്യങ്ങളും, പരലോകത്ത് ഉപകാരമില്ലാത്തതും, നിൻ്റെ ദീനിന് ദോഷകരമായേക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങൾ നീ ഉപേക്ഷിച്ചാൽ അല്ലാഹു നിന്നെ സ്നേഹിക്കുന്നതാണ്. ജനങ്ങളുടെ കൈവശമുള്ള ഭൗതിക വിഭവങ്ങളോട് നീ വിരക്തി കാണിച്ചാൽ, ജനങ്ങളും നിന്നെ സ്നേഹിക്കും." കാരണം, ജനങ്ങൾക്ക് അവരുടെ പ്രകൃതിയാൽ തന്നെ ഭൗതിക കാര്യങ്ങളോട് ഇഷ്ടമുണ്ട്. ആരെങ്കിലും അവരുമായി അതിൽ മത്സരിച്ചാൽ അവർ അവനെ വെറുക്കും. എന്നാൽ ആരെങ്കിലും അതവർക്ക് വിട്ടുനൽകിയാൽ അവർ അവനെ സ്നേഹിക്കും.
മിഖ്ദാദ് ബ്നു മഅ്ദീ കരിബ് (رضي الله عنه) നിവേദനം ചെയ്യുന്നു: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു: "മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
رواه الإمام أحمد والترمذي والنسائي وابن ماجهവൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് നബി (ﷺ) ഈ ഹദീഥിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നത്. മനുഷ്യന് അവന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിധത്തിൽ രോഗപ്രതിരോധം കാത്തുസൂക്ഷിക്കണമെന്ന പാഠമാണത്. ഭക്ഷണം കുറയ്ക്കുന്നതിലൂടെയാണ് അവന് അത് നേടിയെടുക്കാൻ സാധിക്കുക. തൻ്റെ വിശപ്പ് മാറ്റാനും അനിവാര്യമായും ചെയ്യേണ്ട ജോലികൾ ചെയ്യാനുള്ള ശക്തി സംഭരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. മനുഷ്യർ നിറക്കുന്ന പാത്രങ്ങളിൽ വെച്ച് ഏറ്റവും മോശമായത് വയറാണ് എന്ന് നബി (ﷺ) അറിയിക്കുന്നു; കാരണം, വയറുനിറയെ ഭക്ഷണം കഴിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത അനേകം രോഗങ്ങൾ ഉടൻ തന്നെയോ കാലക്രമേണയോ ഉണ്ടാകുന്നതിനും, പ്രത്യക്ഷമോ പരോക്ഷമോ ആയ അസുഖങ്ങൾ ബാധിക്കുന്നതിനും കാരണമാകും. ശേഷം നബി (ﷺ) പറഞ്ഞു: "അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ." ഇത് ഞെരുക്കവും ദോഷവും ഉണ്ടാകാതിരിക്കാനും അതോടൊപ്പം, ഐഹികവും പാരത്രികവുമായ തനിക്ക് ഒഴിച്ചു കൂടാനാകാത്ത പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിൽ മടി പിടികൂടാതിരിക്കാനും സഹായമാകും.
അനസു ബ്നു മാലിക് (رضي الله عنه) നിവേദനം: സ്വഹാബികളെ കുറിച്ച് ഒരു കാര്യം നബിയുടെ (ﷺ) അറിവിലെത്തി. അപ്പോൾ അവിടുന്ന് ഒരു പ്രഭാഷണം നിർവ്വഹിച്ചു; ഇപ്രകാരം പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: "നബിയുടെ (ﷺ) സ്വഹാബികൾക്ക് ആ ദിവസത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം പിന്നീടുണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സ് മൂടിക്കൊണ്ട് അവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്ലാമിനെ ഞങ്ങളുടെ ദീനായും, മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ റസൂലായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ അയാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: "എൻ്റെ പിതാവ് ആരാണ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിച്ചവരേ, നിങ്ങൾ ചില കാര്യങ്ങളെ കുറിച്ച് ചോദിക്കരുത്; അവ നിങ്ങൾക്ക് വ്യക്തമാക്കപ്പെട്ടാൽ നിങ്ങൾക്കത് പ്രയാസകരമായിരിക്കും." (മാഇദഃ: 101)
متفق عليهനബിയുടെ (ﷺ) സ്വഹാബിമാരെ കുറിച്ച് ഒരു കാര്യം അവിടുത്തെ ചെവിയിലെത്തി; നബിയോട് (ﷺ) അവർ ചോദ്യങ്ങൾ അധികരിപ്പിച്ചു എന്നതായിരുന്നു അത്. നബി (ﷺ) ഇക്കാര്യത്തിൽ ശക്തമായി കോപിക്കുകയും, ഒരു പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; ഇന്ന് സ്വർഗത്തിൽ ഞാൻ വീക്ഷിച്ചതിനേക്കാൾ നന്മകൾ ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇന്ന് നരകത്തിൽ ഞാൻ കണ്ടതിനേക്കാൾ തിന്മകളും പ്രയാസങ്ങളും ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഞാൻ കണ്ടത് നിങ്ങൾ കാണുകയും, ഞാൻ അറിഞ്ഞത് പോലെ നിങ്ങൾ അറിയുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അത് കടുത്ത പ്രയാസം സൃഷ്ടിക്കുമായിരുന്നു. നിങ്ങളുടെ ചിരി കുറയുകയും, നിങ്ങളുടെ കരച്ചിൽ അധികരിക്കുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: നബിയുടെ (ﷺ) സ്വഹാബിമാർക്ക് അന്നത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സുകൾ വസ്ത്രങ്ങൾ കൊണ്ട് മൂടിക്കൊണ്ട്, അവർ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്ലാമിനെ ഞങ്ങളുടെ ദീനായും,മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റു കൊണ്ട് നബിയോട് (ﷺ) ചോദിച്ചു: "ആരാണ് എൻ്റെ പിതാവ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അന്ത്യനാളിലും) വിശ്വസിച്ചവരേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള് ചോദിക്കരുത്. നിങ്ങള്ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല് നിങ്ങള്ക്കത് മനഃപ്രയാസമുണ്ടാക്കും." [മാഇദ: 101]
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."
متفق عليهആദമിന്റെ മകന് (മനുഷ്യന്) നിറയെ സ്വർണ്ണമുള്ള ഒരു താഴ്വര ലഭിച്ചാൽ പോലും, അവന്റെ പ്രകൃതമായ അത്യാഗ്രഹം കാരണത്താൽ മറ്റ് രണ്ട് താഴ്വരകൾ കൂടി വേണമെന്ന് അവൻ ആഗ്രഹിക്കും. മരിക്കുന്നതു വരെ.., ഖബ്റിലെ മണ്ണ് അവന്റെ വയറ് നിറയ്ക്കുന്നതുവരെ... അവൻ ദുൻയാവിനോട് അത്യാഗ്രഹമുള്ളവനായി തുടരുന്നതാണ്.
ഖുത്ബതു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു."
رواه الترمذيനബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആ ഇപ്രകാരമായിരുന്നു: (അല്ലാഹുവേ, ഞാൻ നിന്നോട് രക്ഷ തേടുന്നു) നിന്നോടല്ലാതെ മറ്റാരോടും ഞാൻ അഭയം തേടുകയും സഹായം ചോദിക്കുകയും ചെയ്യുന്നില്ല. (വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്ന്) അല്ലാഹുവും അവന്റെ റസൂലും വിലക്കിയ പക, അസൂയ, അഹങ്കാരം എന്നിവ പോലുള്ള സ്വഭാവങ്ങളിൽ നിന്ന്. (വെറുക്കപ്പെട്ട പ്രവൃത്തികളിൽ നിന്നും) ശപിക്കലും, ചീത്ത വിളിക്കലും പോലുള്ള മോശം പ്രവൃത്തികൾ ഉദാഹരണം. (എല്ലാ ദുഷിച്ച ദേഹേച്ഛകളിൽ നിന്നും) അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി മനസ്സ് ആഗ്രഹിക്കുന്ന എല്ലാ ദേഹേച്ഛകളും അതിൽ ഉൾപ്പെടും.
ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."
رواه مسلمനബി -ﷺ- സ്വഹാബികളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു കൊണ്ട് ചില കാര്യങ്ങൾ അവരെ അറിയിച്ചു. അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: ആളുകൾ നിർബന്ധമായും പരസ്പരം വിനയം കാണിക്കണമെന്ന് അല്ലാഹു അവിടുത്തേക്ക് വഹ്-യ് (സന്ദേശം) നൽകിയിരിക്കുന്നു. ജനങ്ങളോട് താഴ്മയോടെയും സൗമ്യതയോടെയും പെരുമാറിക്കൊണ്ടാണ് വിനയം കാത്തുസൂക്ഷിക്കേണ്ടത്. ആരും തന്റെ വംശത്തിന്റെ പേരിലോ സമ്പത്തിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോ മറ്റൊരാൾക്ക് മേൽ ഔന്നത്യം അവകാശപ്പെടുകയോ അഹങ്കരിക്കുകയോ ചെയ്യാതിരിക്കാനും, ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കാതിരിക്കാനുമാണ് അവിടുന്ന് ഇപ്രകാരം കൽപ്പിച്ചത്.