





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
നബി -ﷺ- യുടെ പത്നിയും മുഅ്മിനീങ്ങളുടെ മാതാവുമായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ ആഇശ! തീർച്ചയായും അല്ലാഹു സൗമ്യതയുള്ളവനാണ്; അവൻ സൗമ്യതയെ ഇഷ്ടപ്പെടുന്നു. സൗമ്യതക്ക് പരുഷതയേക്കാളും മറ്റെന്തിനേക്കാളും കൂടുതൽ അവൻ (പ്രതിഫലം) നൽകുന്നതാണ്."
رواه مسلمമുഅ്മിനീങ്ങളുടെ മാതാവായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- സൗമ്യതയെക്കുറിച്ച് ഉണർത്തി. അല്ലാഹു തന്റെ അടിമകളോട് സൗമ്യതയും ദയയും ഉള്ളവനാണെന്നും, അവർക്ക് എളുപ്പം ഉദ്ദേശിക്കുന്നവനാണെന്നും, ബുദ്ധിമുട്ട് ഉദ്ദേശിക്കുന്നില്ലെന്നും, അവരുടെ കഴിവിനപ്പുറം അവൻ ഭാരം ചുമത്തുന്നില്ലെന്നുമെല്ലാം അവിടുന്ന് അറിയിച്ചതിൽ നിന്ന് മനസ്സിലാക്കാം. അതിനാൽ, തന്റെ അടിമകൾ സൗമ്യതയുള്ളവരും എളുപ്പം സ്വീകരിക്കുന്നവരുമാകാൻ അവൻ ഇഷ്ടപ്പെടുന്നു; അവർ പരുഷരോ കഠിനഹൃദയരോ ആകരുത്. സൗമ്യതയ്ക്കും മൃദുല സ്വഭാവത്തിനും അല്ലാഹു ദുനിയാവിൽ സൽകീർത്തി നൽകുന്നതാണ്. സൗമ്യതയിലൂടെ ഒരാൾക്ക് തൻ്റെ ആവശ്യങ്ങൾ നേടിയെടുക്കാനും ലക്ഷ്യങ്ങൾ എളുപ്പമാകാനും അല്ലാഹു വഴിയൊരുക്കും. അതോടൊപ്പം, സൗമ്യത പുലർത്തിയവർക്ക് ആഖിറത്തിൽ വലിയ പ്രതിഫലവും അല്ലാഹു നൽകുന്നതാണ്. പരുഷതയ്ക്കും കാഠിന്യത്തിനും നൽകുന്നതിനേക്കാൾ എത്രയോ അധികം പ്രതിഫലം സൗമ്യതക്ക് അവൻ നൽകുന്നതാണ്. അതിനാൽ, സൗമ്യതയിലൂടെ ലഭിക്കുന്നത് മറ്റൊന്നിലൂടെയും ലഭിക്കില്ല.
സൈദ് ഇബ്നു അർഖം -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- പറഞ്ഞിരുന്നത് പോലെയല്ലാതെ ഞാൻ നിങ്ങളോട് യാതൊന്നും പറയുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്വ നൽകുകയും, അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ. നീയാണ് അതിന്റെ സംരക്ഷകനും രക്ഷാധികാരിയും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."
رواه مسلمനബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ടതായിരുന്നു ഇത്: "അല്ലാഹുവേ, ഞാൻ നിന്നോട് അഭയം തേടുന്നു" - നിന്നിലേക്ക് അഭയം തേടുന്നു. "കഴിവില്ലായ്മയിൽ നിന്ന്" - പ്രയോജനകരമായ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ നിന്ന്. "അലസതയിൽ നിന്ന്" - പ്രവർത്തിക്കാനുള്ള ഇച്ഛയില്ലാത്ത അവസ്ഥയിൽ നിന്ന്. കഴിവില്ലാത്തവന് വഴി കണ്ടെത്താൻ കഴിയില്ല, അലസന് അതിന് ആഗ്രഹവുമില്ല. "ഭീരുത്വത്തിൽ നിന്ന്" - അതായത്, ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതിൽ നിന്ന്. "പിശുക്കിൽ നിന്ന്" - നിർബന്ധമായും ചെലവഴിക്കേണ്ടത് നൽകാതെ പിടിച്ചു വെക്കുന്നതിൽ നിന്ന്. "വാർദ്ധക്യത്തിൽ നിന്ന്" - ശരീരത്തെ ദുർബലപ്പെടുത്തുന്ന പ്രായാധിക്യത്തിൽ നിന്ന്. "ഖബ്ർ ശിക്ഷയിൽ നിന്ന്" - അതായത്, അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അകപ്പെടുന്നതിൽ നിന്ന്. "അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്വ നൽകേണമേ," - അഥവാ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തിന്മകൾ ഉപേക്ഷിക്കുന്നതിലേക്കും നീ അതിനെ നയിക്കേണമേ. "അതിനെ നീ ശുദ്ധീകരിക്കേണമേ!" - അതായത്, മോശം സ്വഭാവങ്ങളിൽ നിന്നും നീചമായ കാര്യങ്ങളിൽ നിന്നും അതിനെ നീ ശുദ്ധമാക്കേണമേ. "നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ." - നീയല്ലാതെ മറ്റാരും അതിനെ പരിശുദ്ധമാക്കുന്നില്ല. "നീയാണ് അതിന്റെ സംരക്ഷകൻ" - അതിനെ സഹായിക്കുന്നവനും അതിനെ പരിപാലിക്കുന്നവനും. "അതിന്റെ രക്ഷാധികാരിയും" - അതായത് മനസ്സിൻ്റെ കാര്യങ്ങൾ നോക്കുന്നവനും, അതിന്റെ രക്ഷിതാവും ഉടമസ്ഥനും അതിന് മേൽ അനുഗ്രഹം ചെയ്യുന്നവനും. "അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു" - ജ്യോതിഷം, ജോത്സ്യം, സിഹ്ർ (മാരണം) പോലുള്ള അറിവുകൾ ഉദാഹരണം. അല്ലെങ്കിൽ പരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്ത അറിവുകളും, സൽകർമ്മങ്ങളിലേക്ക് നയിക്കാത്ത അറിവുകളും. "ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു" - അതായത്, നിനക്ക് (അല്ലാഹുവിന്) വഴങ്ങാത്ത, വിനയമില്ലാത്ത, ശാന്തതയില്ലാത്ത, നിന്നെ സ്മരിക്കുന്നതിലൂടെ സമാധാനം കണ്ടെത്താത്ത ഹൃദയത്തിൽ നിന്ന്. "തൃപ്തി വരാത്ത മനസ്സിൽ നിന്ന്" - അല്ലാഹു നൽകിയ ഹലാലായ നല്ല വിഭവങ്ങൾ കൊണ്ട് തൃപ്തിയടയാത്ത മനസ്സിൽ നിന്ന്. "ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന്" - അതായത്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയിൽ നിന്ന്.
അലി (رضي الله عنه) നിവേദനം: (അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാകാൻ കരാർ എഴുതിയ) മുകാതബായ ഒരാൾ അദ്ദേഹത്തിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ സാമ്പത്തിക ബാധ്യത കൊടുത്തു വീട്ടാൻ എനിക്ക് സാധിക്കാതെയായിരിക്കുന്നു. അതിനാൽ എന്നെ സഹായിക്കുക!" അലി (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? സ്വീർ പർവ്വതത്തോളം കടബാധ്യത നിനക്കുണ്ടെങ്കിലും അല്ലാഹു അത് നിനക്ക് വീട്ടിത്തരുന്നതാണ്." "അല്ലാഹുവേ! നീ നിഷിദ്ധമാക്കിയ ഹറാമിലേക്ക് പോകേണ്ടാത്ത വിധം, നീ അനുവദിച്ച ഹലാലിൽ എൻ്റെ ആവശ്യം മതിയാക്കണമേ! നീയല്ലാത്തവരിലേക്ക് പോകേണ്ടാത്ത വിധം നിന്റെ ഔദാര്യത്താൽ എനിക്കു നീ ധന്യത നൽകേണമേ!"
رواه الترمذيഅമീറുൽ മുഅ്മിനീൻ അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ (رضي الله عنه) അടുക്കൽ ഒരാൾ വന്നു; ഒരു വ്യക്തിയുടെ കീഴിൽ അടിമയായിരുന്ന അദ്ദേഹം നിശ്ചിത തുക നൽകിക്കൊണ്ട് തൻ്റെ സ്വാതന്ത്ര്യം വാങ്ങാൻ കരാറെഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പക്കലാകട്ടെ, ഈ പറഞ്ഞ തുക ഉണ്ടായിരുന്നുമില്ല. അദ്ദേഹം അലി (رضي الله عنه) വിനോട് പറഞ്ഞു: എൻ്റെ മേലുള്ള സാമ്പത്തികബാധ്യത കൊടുത്തു വീട്ടുന്നത് എനിക്ക് അസാധ്യമായിരിക്കുന്നു. അതിനാൽ ഈ കടം കൊടുത്തു വീട്ടാനുള്ള പണം തന്നു കൊണ്ടോ എന്തെങ്കിലുമൊരു മാർഗം കാണിച്ചു തന്നു കൊണ്ടോ എന്നെ സഹായിച്ചാലും. അലി (رضي الله عنه) അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരാം; നിൻ്റെ മേൽ ത്വീഅ് ഗോത്രക്കാരുടെ നാട്ടിലുള്ള സ്വീർ പർവതത്തോളം കടബാധ്യതയുണ്ടെങ്കിലും അല്ലാഹു നിനക്ക് വേണ്ടി നിൻ്റെ കടം വീട്ടിത്തരുകയും, നിന്നെ ബാധിച്ച ഈ പ്രയാസത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യും. (അദ്ദേഹം പഠിപ്പിച്ച പ്രാർത്ഥനയുടെ ആശയസാരം ഇപ്രകാരമാണ്) : അല്ലാഹുവേ; നിൻ്റെ ഹലാലായ സമ്പാദ്യത്തിൽ നിന്ന് എനിക്ക് മതിയാകുന്നത് നൽകിക്കൊണ്ട്, നീ നിഷിദ്ധമാക്കിയ സമ്പാദ്യത്തിൽ നിന്ന് എന്നെ അകറ്റുകയും തിരിച്ചു കളയുകയും ചെയ്യേണമേ! നിൻ്റെ ഔദാര്യവും ഉദാരതയും കൊണ്ട് നീയല്ലാത്ത സൃഷ്ടികളിലേക്ക് തേടിച്ചെല്ലുന്നതിൽ നിന്ന് നീ എനിക്ക് ധന്യത നൽകുകയും ചെയ്യേണമേ!
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്: വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ ദരിദ്രൻ, അല്ലാഹുവിന്റെ നാമത്തെ തന്റെ കച്ചവടച്ചരക്കാക്കിയവൻ; അവൻ സത്യം ചെയ്തുകൊണ്ടല്ലാതെ വിൽക്കുകയില്ല; സത്യം ചെയ്തുകൊണ്ടല്ലാതെ വാങ്ങുകയുമില്ല."
رواه الطبرانيനബി -ﷺ- മൂന്ന് വിഭാഗം ആളുകളെക്കുറിച്ച് അറിയിച്ചു. അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയോ, അവൻ അവരുടെ ശിക്ഷ ഒഴിവാക്കുകയോ ചെയ്തില്ലെങ്കിൽ, അന്ത്യനാളിൽ കഠിനമായ മൂന്ന് ശിക്ഷകൾക്ക് അവർ അർഹരായിരിക്കുന്നതാണ്: ഒന്നാമത്തേത്: അല്ലാഹുവിന് അവരോട് കഠിനമായ കോപമുള്ളതിനാൽ അന്ത്യനാളിൽ അവരോട് അല്ലാഹു സംസാരിക്കുകയില്ല; മറിച്ച്, അവൻ അവരിൽ നിന്ന് തിരിഞ്ഞു കളയും. അല്ലെങ്കിൽ അവർക്ക് യാതൊരു സന്തോഷവും പകരാത്തതും, അവൻ്റെ കോപം അവരെ അറിയിക്കുന്നതുമായ വിധത്തിൽ മാത്രമേ അവൻ സംസാരിക്കുകയുള്ളൂ. രണ്ടാമത്തേത്: അല്ലാഹു അവരെ ശുദ്ധീകരിക്കുകയില്ല, അവരെ പ്രശംസിക്കുകയുമില്ല, പാപങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയുമില്ല. മൂന്നാമത്തേത്: പരലോകത്ത് അവർക്ക് കഠിനമായ വേദനയേറിയ ശിക്ഷയുണ്ടാകും. ഈ വിഭാഗക്കാർ താഴെ പറയുന്നവരാണ്: ഒന്ന്: പ്രായം ചെന്ന പുരുഷൻ; എന്നിട്ടും വ്യഭിചാരമെന്ന ദുർവൃത്തിയിൽ അവൻ ഏർപ്പെടുന്നു. രണ്ട്: പണമില്ലാത്ത ദരിദ്രൻ; എന്നിട്ടും അവൻ ജനങ്ങളോട് അഹങ്കാരം കാണിക്കുന്നു. മൂന്ന്: വിൽക്കുമ്പോഴും വാങ്ങുമ്പോഴും അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്തു കൊണ്ട്, അല്ലാഹുവിന്റെ നാമത്തെ വിലകുറച്ച് കാണുന്നവൻ. റബ്ബിൻ്റെ പേര് അവൻ സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുന്നു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശക്കുന്നവന് ഭക്ഷണം നൽകൂ; രോഗിയെ സന്ദർശിക്കൂ; തടവുകാരനെ മോചിപ്പിക്കൂ."
رواه البخاريഒരു മുസ്ലിമിന് തൻ്റെ സഹോദരനായ മുസ്ലിമിനോടുള്ള ബാധ്യതകളിൽ പെട്ട ചില കാര്യങ്ങൾ നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു. വിശക്കുന്നവനെ ഭക്ഷിപ്പിക്കലും, രോഗിയെ സന്ദർശിക്കലും, തടവുകാരനെ മോചിപ്പിക്കലുമാണവ.
അബൂ ഉമാമ അൽ-ബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു, അവരിൽ ഒരാൾ അതിയായി ഇബാദത്തുകൾ നിർവ്വഹിക്കുന്ന ഒരു 'ആബിദും', മറ്റൊരാൾ ദീനിൽ വിജ്ഞാനമുള്ള പണ്ഡിതനായ 'ആലിമും' ആയിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്." പിന്നീട് നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലുള്ളവരും ഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പുപോലും, മത്സ്യങ്ങൾ പോലും, ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനുവേണ്ടി പ്രാർത്ഥിക്കുന്നു."
رواه الترمذيനബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു. ഒരാൾ ആരാധനകളിൽ മുന്നേറിയ ആളും (ആബിദ്), മറ്റൊരാൾ പണ്ഡിതനും (ആലിം) ആണ്. അവരിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്നതായിരുന്നു ചോദ്യം. അപ്പോൾ നബി -ﷺ- പറഞ്ഞു: ശരീഅത്ത് വിജ്ഞാനങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതന്, തനിക്ക് മേൽ നിർബന്ധമായ അറിവ് മാത്രം മനസ്സിലാക്കിയ ശേഷം ആരാധനകളിൽ മുഴുകുന്ന ഒരു ആബിദിനേക്കാൾ ശ്രേഷ്ഠതയുണ്ട്; (ശ്രേഷ്ഠതയിൽ) ഏറ്റവും താഴ്ന്ന പദവിയിലുള്ള സ്വഹാബിയെക്കാൾ നബി -ﷺ- ക്കുള്ള ശ്രേഷ്ഠതയും പദവിയും പോലെയാണ് അവർ രണ്ടു പേർക്കുമിടയിലെ വ്യത്യാസം. പിന്നീട് നബി -ﷺ- ഇതിന്റെ കാരണം വിശദീകരിച്ചു: അല്ലാഹുവും, അർശിന്റെ വാഹകരായ മലക്കുകളും, ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിലുള്ള മനുഷ്യരും ജിന്നുകളും എല്ലാ മൃഗങ്ങളും, -മാളത്തിലുള്ള ഉറുമ്പും, മത്സ്യങ്ങളും ഉൾപ്പെടെ (കരയിലെയും കടലിലെയും ജീവികളെല്ലാം ഇതിൽ ഉൾപ്പെടുന്നു)-; സൃഷ്ടികളെല്ലാം ജനങ്ങളുടെ രക്ഷയ്ക്കും വിജയത്തിനും കാരണമാകുന്ന ദീനിൻ്റെ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
ഹുദൈഫത്തു ബ്നുൽ യമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."
رواه الترمذيനബി -ﷺ- ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ വലത് കൈ തലയിണയാക്കി, വലത് കവിൾ അതിന്മേൽ വെച്ച് കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ!" - എന്റെ രക്ഷിതാവേ! നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ! നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന (അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന) ദിവസം - അഥവാ വിചാരണയുടെ ദിവസമായ ഖിയാമത്ത് നാളിൽ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിന്റെ തിരുവദനം മാത്രം ഉദ്ദേശിച്ച് പഠിക്കേണ്ട ഒരു വിജ്ഞാനം, ദുനിയാവിലെ എന്തെങ്കിലും താൽക്കാലിക നേട്ടത്തിന് വേണ്ടിമാത്രമായി പഠിക്കുന്നവന് ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല."
رواه أبو داود وابن ماجه وأحمدഅടിസ്ഥാനപരമായി അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് പഠിച്ചിരിക്കേണ്ട ദീനീ വിജ്ഞാനം, ആരെങ്കിലും ദുനിയാവിലെ താൽക്കാലിക നേട്ടങ്ങൾ -അതായത് സമ്പത്തോ സ്ഥാനമാനങ്ങളോ- മാത്രം ലക്ഷ്യമാക്കി പഠിച്ചാൽ.., ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും അവന് ലഭിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."
متفق عليهഒരു വഴിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മുള്ളുകളുള്ള ഒരു മരക്കൊമ്പ് ഒരു മനുഷ്യൻ കാണാനിടയായി. മുസ്ലിംകൾക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ആ ഉപദ്രവം അയാൾ വഴിയിൽ നിന്ന് മാറ്റുകയും നീക്കിവെക്കുകയും, അല്ലാഹു അയാളോട് നന്ദി പുലർത്തുകയും, അയാൾക്ക് പൊറുത്തു നൽകുകയും ചെയ്തു എന്ന് നബി ﷺ അറിയിക്കുന്നു.