





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
മുസ്അബ് ബ്നു സഅ്ദ് (رضي الله عنه) നിവേദനം: സഅ്ദ് (رضي الله عنه) തനിക്ക് മറ്റുള്ളവരേക്കാൾ ഒരു സ്ഥാനമുണ്ട് എന്ന് ധരിച്ചിരുന്നു. അപ്പോൾ നബി (ﷺ) പറയുകയുണ്ടായി: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!"
رواه البخاريതൻ്റെ ധൈര്യവും മറ്റു ഗുണങ്ങളും കാരണത്താൽ ദുർബലരായ മറ്റു ചിലരേക്കാൾ തനിക്ക് പ്രത്യേകമായ ശ്രേഷ്ഠതയുണ്ട് എന്ന് സഅ്ദ് (رضي الله عنه) ധരിച്ചു പോയി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?! അവരുടെ പ്രാർത്ഥനകളും നിസ്കാരങ്ങളും ഇഖ്ലാസുമാണ് (നിങ്ങൾക്ക് ഇവ നൽകപ്പെടാനുള്ള കാരണം). പ്രാർത്ഥനകളിൽ ശക്തമായ ഇഖ്ലാസുള്ളവരായിരിക്കും അവർ; ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിൽ കെട്ടുപിണയാത്തവരാണെന്നതിനാൽ ആരാധനകളിൽ കൂടുതൽ ഭയഭക്തിയുള്ളവരുമായിരിക്കും അവർ.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു ഭക്ഷണത്തിന് കൂടിയിരുന്നാൽ നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തിൽ വെക്കുന്നത് വരെ ഞങ്ങളുടെ കൈ ഭക്ഷണത്തിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു. ഒരിക്കൽ അവിടുത്തോടൊപ്പം ഞങ്ങൾ ഒരു ഭക്ഷണത്തിന് കൂടിയിരുന്നു. അപ്പോൾ ഒരു പെൺകുട്ടി വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു അവളുടെ വരവ്. നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. പിന്നീട് ഒരു അഅ്റാബി (ഗ്രാമീണ അറബി) വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു വരവ്. അയാളുടെ കയ്യും നബി -ﷺ- പിടിച്ചു വെച്ചു. ശേഷം അവിടുന്ന് പറഞ്ഞു: "തീർച്ചയായും പിശാച് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാതെ ഭക്ഷിക്കുന്നത് സ്വന്തമാക്കുന്നതാണ്. ഈ പെൺകുട്ടിയിലൂടെ അവൻ ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അവളുടെ കൈ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയെ കൊണ്ട് ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചു. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം എൻ്റെ കൈക്കുള്ളിൽ അവൻ്റെ കയ്യുമുണ്ട്."
رواه مسلمനബി -ﷺ- യോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നാൽ സ്വഹാബികളിൽ ആരും ഭക്ഷണത്തിലേക്ക് കൈനീട്ടുമായിരുന്നില്ല; നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തളികയിൽ വെക്കുന്നത് വരെ. ഒരിക്കൽ അവിടുത്തോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നപ്പോൾ ഒരു പെൺകുട്ടി നബി -ﷺ- യുടെ അടുത്തേക്ക് ആരോ തള്ളി വിട്ടതു പോലെ ഓടിവരുകയും, തൻ്റെ കൈകൾ ഭക്ഷണത്തളികയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. ഗ്രാമീണ അറബികളിൽ പെട്ട ഒരു അഅ്റാബിയും അതിന് ശേഷം ഇതു പോലെ പാത്രത്തളികയിലേക്ക് കൈ നീട്ടി; അയാളുടെ കയ്യും നബി -ﷺ- ഭക്ഷണം സ്പർശിക്കുന്നതിന് മുൻപ് പിടിച്ചു വെച്ചു. ശേഷം നബി -ﷺ- പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ ഒരാൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ പിശാചിന് ആ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ്; ഈ പെൺകുട്ടിയെ പിശാച് പറഞ്ഞയച്ചത് ഈ ഭക്ഷണത്തിൽ നിന്ന് അവന് കഴിക്കുന്നതിന് വേണ്ടിയാണ്; അതു കൊണ്ടാണ് അവളുടെ കൈ ഞാൻ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയിലൂടെ ഭക്ഷണം കൈക്കലാക്കാൻ അവൻ ശ്രമിച്ചു; അതുകൊണ്ടാണ് അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചത്. അല്ലാഹു തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം പിശാചിൻ്റെ കൈ എൻ്റെ കയ്യിനുള്ളിലുണ്ട്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ദുനിയാവ് (ഇഹലോകം) മുഅ്മിനിന് ജയിലറയും, കാഫിറിന് സ്വർഗവുമാണ്."
رواه مسلمഇഹലോകം മുഅ്മിനിനെ സംബന്ധിച്ചിടത്തോളം ഒരു ജയിലറ പോലെയായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം കൽപിക്കപ്പെട്ട കർമങ്ങൾ പ്രവർത്തിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴിലാണ് അവൻ സ്വന്തത്തെ പിടിച്ചു വെച്ചിരിക്കുന്നത്. എന്നാൽ മരണം വന്നെത്തുന്നതോടെ എല്ലാ കെട്ടുപാടുകളിൽ നിന്നും അവൻ സ്വതന്ത്രനാകുന്നു; അല്ലാഹു ഒരുക്കിയ എന്നെന്നേക്കുമുള്ള സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തിലേക്ക് അവൻ യാത്രയാവുകയും ചെയ്യുന്നു. പക്ഷേ, കാഫിറിനെ സംബന്ധിച്ചിടത്തോളം ദുനിയാവ് ഒരു സ്വർഗം പോലെയാണ്. അവൻ തൻ്റെ മനസ്സിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും, അവൻ്റെ ഇഛകളുടെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, മരണം വന്നെത്തിയാൽ എന്നെന്നേക്കുമായി കഠിനശിക്ഷകളുടെ ലോകത്തേക്കാണ് അവന് ചെന്നുപതിക്കാനുള്ളത്.
ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ എൻ്റെ ആവശ്യം ചോദിച്ചപ്പോൾ അവിടുന്ന് എനിക്ക് നൽകി; വീണ്ടും ചോദിച്ചപ്പോൾ അവിടുന്ന് വീണ്ടും എനിക്ക് നൽകി. ശേഷം എന്നോട് പറഞ്ഞു: "ഹേ ഹകീം! ഈ സമ്പത്ത് പച്ചപ്പുള്ളതും മധുരമേറിയതുമാണ്. ആരെങ്കിലും മഹാമനസ്കതയോടെ അത് കൈപ്പറ്റിയാൽ അവന് അതിൽ ബറകത്ത് (അനുഗ്രഹം) നൽകപ്പെടുന്നതാണ്. ആരെങ്കിലും അത്യാഗ്രഹത്തോടെയാണ് അത് എടുക്കുന്നത് എങ്കിൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതുമല്ല. ഭക്ഷിച്ചു കൊണ്ടിരിക്കുന്നെങ്കിലും വയറ് നിറയാത്ത ഒരുവനെ പോലെയായിരിക്കും അയാൾ. മുകളിലുള്ള കൈയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." ഞാൻ (ഹകീം) ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ തന്നെ സത്യം! ഈ ലോകത്തോട് വിടപറയുന്നതു വരെ -താങ്കൾക്ക് ശേഷം- ഒരാളിൽ നിന്നും ഞാൻ യാതൊന്നും കൈപ്പറ്റുകയില്ല." പിന്നീട് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹകീമിന് (അർഹതപ്പെട്ട പണം) നൽകാൻ വേണ്ടി വിളിപ്പിക്കുകയും, അദ്ദേഹം എന്തെങ്കിലുമൊന്ന് അബൂബക്റിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉമർ -رَضِيَ اللَّهُ عَنْهُ- ഹകീമിന് നൽകാൻ വേണ്ടി അദ്ദേഹത്തെ വിളിപ്പിച്ചപ്പോഴും അദ്ദേഹം എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഹേ മുസ്ലിംകളേ! ഈ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് വീതം വെച്ചു നൽകിയ, അദ്ദേഹത്തിന് അർഹതപ്പെട്ട സ്വത്ത് ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വെച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല." നബി -ﷺ- ക്ക് ശേഷം ഹകീം അദ്ദേഹം മരണപ്പെടുന്നത് വരെ ജനങ്ങളിൽ ഒരാളിൽ നിന്നും എന്തെങ്കിലുമൊന്ന് കൈപ്പറ്റുകയുണ്ടായിട്ടില്ല.
متفق عليهഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ചില ഭൗതിക സഹായങ്ങൾ നബി -ﷺ- യോട് ചോദിച്ചപ്പോൾ അവിടുന്ന് അദ്ദേഹത്തിന് അത് നൽകി; വീണ്ടും അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- വീണ്ടും അദ്ദേഹത്തിന് ശേഷം. ശേഷം അവിടുന്ന് പറഞ്ഞു: ഹേ ഹകീം! ഈ സമ്പത്ത് എന്നത് മനുഷ്യർക്ക് താൽപ്പര്യവും ആഗ്രഹവുമുള്ള കാര്യമാണ്. ആരെങ്കിലും ആവർത്തിച്ചുള്ള ചോദ്യവും അത്യാർത്തിയുമില്ലാതെ തനിക്ക് വന്നെത്തുന്ന സമ്പത്ത് കൈപ്പറ്റുകയാണെങ്കിൽ അവന് അതിൽ ബറകത്തും അനുഗ്രഹവും നൽകപ്പെടുന്നതാണ്. എന്നാൽ ആഗ്രഹത്തോടെയും ആർത്തിയോടെയും ആരെങ്കിലും ആ സമ്പത്ത് എടുത്താൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതല്ല. ഭക്ഷിച്ചു കൊണ്ടേയിരിക്കുന്നെങ്കിലും വയറു നിറയാത്ത ഒരു മനുഷ്യനെ പോലെയായിരിക്കും അവൻ. ദാനം നൽകുന്ന മുകളിലുള്ള കയ്യാണ് ചോദിച്ചു വാങ്ങുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിങ്കൽ ഉത്തമമായിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഈ ദുനിയാവ് വേർപിരിഞ്ഞു പോകുന്നത് വരെ, അങ്ങേക്ക് ശേഷം ഒരാളുടെയും സമ്പത്ത് അവനിൽ നിന്ന് ചോദിച്ചു വാങ്ങിക്കൊണ്ട് അയാളുടെ സമ്പത്തിൽ ഞാൻ കുറവ് വരുത്തുകയില്ല." നബി -ﷺ- യുടെ ശേഷം ഖലീഫയായ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- പിന്നീട് ഹകീം ബ്നു ഹിസാമിനെ അദ്ദേഹത്തിന് നൽകാനുള്ള സമ്പത്ത് നൽകുന്നതിന് വേണ്ടി വിളിച്ചു വരുത്താറുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ ഹകീം സമ്മതിച്ചില്ല. പിന്നീട് അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ അത് നൽകാൻ വേണ്ടി വിളിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുസ്ലിം സഹോദരങ്ങളേ, -യുദ്ധമോ പടയോട്ടമോ വേണ്ടിവരാതെ കാഫിറുകളിൽ നിന്ന് ലഭിച്ച ഫയ്ഇൽ പെട്ട യുദ്ധാർജ്ജിത സ്വത്ത് അല്ലാഹു വീതം വെച്ചു നൽകിയത് പ്രകാരം- ഹകീമിന് അവകാശപ്പെട്ട പണം ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ വെച്ചുനീട്ടിയുണ്ട്; എന്നാൽ അദ്ദേഹം അത് എടുക്കാൻ തയ്യാറായിട്ടില്ല. നബിയുടെ -ﷺ- ശേഷം, ഹകീം -رَضِيَ اللَّهُ عَنْهُ- മരണപ്പെടുന്നത് വരെയും ഒരാളുടെ സമ്പത്തിൽ നിന്നും അദ്ദേഹം ചോദിച്ചു വാങ്ങിയിട്ടില്ല.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്."
رواه مسلمമുടിയിഴകൾ ജടകുത്തുകയും പൊടിപിടിക്കുകയും ചെയ്ത, എണ്ണ തേക്കുകയോ ധാരാളമായി കുളിക്കുകയോ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളില്ലാത്ത, അവരുടെ വാതിലുകളിൽ നിന്ന് അകറ്റപ്പെടുന്ന, അവഗണിക്കപ്പെട്ട് ദൂരേക്ക് മാറ്റിനിറുത്തപ്പെടുന്ന എത്രയെത്ര പേരുണ്ട്; അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഒരു കാര്യം സംഭവിക്കുമെന്ന് അവൻ പറഞ്ഞാൽ അവനുള്ള ആദരവും അവൻ്റെ തേട്ടത്തിനുള്ള മറുപടിയും, അവൻ്റെ ശപഥം ലംഘിക്കപ്പെടാതിരിക്കാനുമായി അല്ലാഹു അക്കാര്യം യാഥാർത്ഥ്യമാക്കി നൽകുന്നതാണ്. അല്ലാഹുവിങ്കൽ അവനുള്ള സ്ഥാനവും ശ്രേഷ്ഠതയും കാരണത്താലാണത്.
സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്ന ഒരു വേളയിൽ അവിടുന്ന് ചോദിച്ചു: "ഒരു ദിവസം ആയിരം നന്മകൾ നേടിയെടുക്കാൻ സാധിക്കാത്തവർ നിങ്ങളിലുണ്ടോ?" അപ്പോൾ നബി -ﷺ- യുടെ കൂടെയിരുന്നവരിലൊരാൾ ചോദിച്ചു: എങ്ങനെയാണ് ഞങ്ങളിലൊരാൾ ആയിരം നന്മകൾ നേടിയെടുക്കുക? നബി -ﷺ- പറഞ്ഞു: "അവൻ നൂറു തവണ തസ്ബീഹ് ചെയ്യട്ടെ; അതുമുഖേന അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും. അല്ലെങ്കിൽ ആയിരം തെറ്റുകൾ അവനിൽ നിന്ന് മായ്ക്കപ്പെടും."
رواه مسلمനബി -ﷺ- തൻ്റെ സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: എല്ലാ ദിവസവും ആയിരം നന്മകൾ നേടിയെടുക്കാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?! അപ്പോൾ അവിടുത്തെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു: എങ്ങനെയാണ് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ആയിരം നന്മകൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുക?! നബി -ﷺ- പറഞ്ഞു: അവൻ സുബ്ഹാനല്ലാഹ് (എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഞാൻ അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു) എന്ന് നൂറ്തവണ പറഞ്ഞാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും; കാരണം ഒരു നന്മ പത്ത് മടങ്ങായാണ് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെടുക. അല്ലെങ്കിൽ അവൻ്റെ ആയിരം തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുന്നതാണ്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ."
متفق عليهഅല്ലാഹുവിൻ്റെ തൃപ്തിയിലും കാരുണ്യത്തിലും സ്വർഗത്തിലും കഴിഞ്ഞു കൂടാൻ സാധിക്കുന്ന പാരത്രിക ജീവിതമല്ലാതെ യഥാർത്ഥ ജീവിതമില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഐഹിക ജീവിതം അവസാനിക്കുന്നതാണ്. പാരത്രിക ജീവിതമാകട്ടെ, എന്നെന്നേക്കുമുള്ളതാണ്. അതോടൊപ്പം, നബി -ﷺ- അൻസ്വാരികൾക്കും മുഹാജിറുകൾക്കും പൊറുത്തു നൽകാനും അവർക്ക് ആദരവ് നൽകാനും അവരെ നന്മയിലേക്ക് നയിക്കാനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മക്കയിൽ നിന്ന് പാലായനം ചെയ്തെത്തിയ നബി -ﷺ- യെയും ഒപ്പമുള്ള മുസ്ലിംകളെയും സ്വീകരിക്കുകയും അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും തങ്ങളുടെ സമ്പത്തിൽ നിന്ന് അവർക്ക് വീതിച്ചു നൽകുകയും ചെയ്തവരാണ് അൻസ്വാരികൾ. തങ്ങളുടെ നാടും സമ്പത്തും അല്ലാഹുവിൻ്റെ ഔദാര്യവും തൃപ്തിയും മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉപേക്ഷിച്ചു പോന്നവരാണ് മുഹാജിറുകൾ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അറിയുക! തീർച്ചയായും ദുനിയാവ് (ഇഹലോകം) ശപിക്കപ്പെട്ടതാണ്; അതിലുള്ളതും ശപിക്കപ്പെട്ടത് തന്നെ. അല്ലാഹുവിനെ കുറിച്ചുള്ള ദിക്റും (സ്മരണ) അതിനോട് ചേർന്നു നിൽക്കുന്നതും ഒഴികെയും, പണ്ഡിതനോ വിദ്യാർത്ഥിയോ ഒഴികെയും."
رواه الترمذي وابن ماجهഇഹലോകവും അതിലുള്ളതുമെല്ലാം അല്ലാഹുവിൻ്റെ കോപം ബാധിച്ചവയും ആക്ഷേപാർഹവും അകറ്റപ്പെട്ടതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു. അതിലുള്ളതെല്ലാം അപ്രകാരമുള്ളതാണ്; അക്കൂട്ടത്തിൽ യാതൊന്നും സ്തുത്യർഹമല്ല. കാരണം ഇഹലോകവും അതിലുള്ളതും അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിക്കുന്നതും അവനിൽ നിന്ന് അകറ്റിക്കളയുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, അതിലേക്ക് അടുപ്പിക്കുന്നതും അതിൻ്റെ മാർഗത്തിൽ പെടുന്നതുമായ നന്മകൾ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ ദീനിനെ കുറിച്ച് വിവരം നേടുകയും അത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന പണ്ഡിതനോ, ദീനീ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയോ ആയിട്ടുള്ളവരും അതിൽ നിന്ന് ഒഴിവാണ്.
വഹ്ശിയ്യ് ബ്നു ഹർബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."
رواه أبو داود وابن ماجه وأحمدസ്വഹാബികളിൽ ചിലർ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വിശപ്പ് അടങ്ങുന്നതായി അനുഭവപ്പെടുന്നില്ല." അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "നിങ്ങൾ ഭക്ഷണത്തിൻ്റെ വേളയിൽ വേറിട്ടിരിക്കുന്നുണ്ടായിരിക്കാം; ഓരോരുത്തരും ഒറ്റക്കൊറ്റക്കായിരിക്കും ഭക്ഷിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, വെവ്വേറെ ഇരുന്നു കൊണ്ട് ഭക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ അനുഗ്രഹം നൽകപ്പെടുന്നതും നിങ്ങളുടെ വിശപ്പ് കെടുന്നതുമാണ്."