





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "റമദാനിന് തൊട്ടുമുൻപുള്ള ദിവസമോ രണ്ട് ദിവസങ്ങൾക്ക് മുൻപോ നിങ്ങൾ നോമ്പെടുത്തു തുടങ്ങരുത്; എന്നാൽ ഒരാൾ (സ്ഥിരമായി ഏതെങ്കിലും) നോമ്പ് എടുക്കാറുണ്ടായിരുന്നെങ്കിൽ അവനത് നോറ്റുകൊള്ളട്ടെ."
متفق عليهറമദാനിന് തൊട്ടുമുൻപുള്ള ഒരു ദിവസമോ രണ്ട് ദിവസങ്ങളോ നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു; ഈ ദിവസങ്ങൾ റമദാൻ മാസത്തിൽ ഉൾപ്പെട്ടതാണെങ്കിൽ എനിക്കത് ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ അപ്രകാരം ചെയ്യരുത്. കാരണം റമദാനിലെ നോമ്പ് മാസപ്പിറവി കാണുക എന്നതുമായാണ് ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ അതിരുകവിഞ്ഞ 'സൂക്ഷ്മത'യുടെ ആവശ്യമില്ല. എന്നാൽ ഒരാൾ സാധാരണയായി നോമ്പെടുക്കാറുള്ള ഒരു സാഹചര്യം ഈ ദിവസത്തിനോട് സ്വാഭാവികമായി ഒത്തുവന്നാൽ അന്നേ ദിവസം നോമ്പെടുക്കുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന് ഒരു ദിവസം നോമ്പെടുക്കുകയും തൊട്ടടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കാര്യം. അല്ലെങ്കിൽ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും സ്ഥിരമായി നോമ്പെടുക്കാറുള്ള ഒരാൾക്ക് ആ ദിവസം റമദാനിൻ്റെ തൊട്ടുമുൻപായി ചേർന്നു വരികയും അക്കാരണത്താൽ അയാൾ അന്ന് നോമ്പ് എടുക്കുകയും ചെയ്താൽ ഹദീഥിൽ പറഞ്ഞ വിലക്കിന്റെ പരിധിയിൽ അത് വരികയില്ല. നിർബന്ധമായും നോറ്റുവീട്ടാനുണ്ടായിരുന്ന ഖദാഇൻ്റെ നോമ്പും, നേർച്ചയുടെ നോമ്പും ഈ പറഞ്ഞതു പോലെത്തന്നെ; അതും നോൽക്കുന്നതിൽ തെറ്റില്ല.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- മുസ്ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു."
متفق عليهറമദാനിലെ നോമ്പിന് ശേഷം ഫിത്വർ സകാത്ത് നൽകുക എന്നത് നബി (ﷺ) നിർബന്ധമാക്കിയിരിക്കുന്നു. ഒരു സ്വാഅ് (നാല് മുദ്ദുകൾ) ഭക്ഷണമാണ് അതിൻ്റെ അളവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. മുദ്ദ് എന്നാൽ ഒത്ത വണ്ണമുള്ള ഒരാളുടെ കൈക്കുമ്പിളുകൾ നിറയെ വരുന്നത്രയാണ്. ഈത്തപ്പഴമോ ഗോതമ്പോ പോലുള്ള ഭക്ഷണം ഓരോ മുസ്ലിമിൻ്റെയും മേൽ നൽകുക എന്നത് ബാധ്യതയാണ്. അത് സ്വതന്ത്രനോ അടിമയോ, പുരുഷനോ സ്ത്രീയോ, ചെറിയ കുട്ടിയോ വലിയവരോ ആണെന്ന വ്യത്യാസമില്ല. തനിക്കും തൻ്റെ കീഴിലുള്ളവർക്കും ഒരു പകലും രാത്രിയും കഴിയാൻ ആവശ്യമുള്ള ഭക്ഷണത്തിലധികം കൈവശമുള്ളവരുടെ മേലെല്ലാം ഇത് നിർബന്ധമാണ്. ജനങ്ങൾ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യണമെന്നും നബി (ﷺ) കൽപ്പിച്ചിരിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല."
متفق عليهഒരു രാത്രി വഴിദൂരം ഒപ്പം മഹ്റമായ ഒരാളില്ലാതെ സഞ്ചരിക്കുക എന്നത് മുസ്ലിം സ്ത്രീയുടെ മേൽ ഹറാമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്."
متفق عليهഒരാൾ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പിൽ ആയിരിക്കുന്ന വേളയിൽ, മറന്നു കൊണ്ട് ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിക്കട്ടെ എന്നും, ആ നോമ്പ് മുറിഞ്ഞതായി കണക്കാക്കേണ്ടതില്ലെന്നും നബി (ﷺ) അറിയിക്കുന്നു. തൻ്റെ നോമ്പ് മുറിക്കുക എന്ന ഉദ്ദേശ്യം അവനുണ്ടായിരുന്നില്ല എന്നതിനാൽ തന്നെ അല്ലാഹു അവനിലേക്ക് എത്തിക്കുകയും അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത ഉപജീവനത്തിൽ പെട്ടതാണ് അത് എന്നും അവിടുന്ന് കൂട്ടിച്ചേർത്തു.
ഇബ്നു അസ്ഹറിൻ്റെ അടിമയായിരുന്ന, അബൂ ഉബൈദ് നിവേദനം: "ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും."
متفق عليهഈദുൽ ഫിത്ർ ദിവസവും (ശവ്വാൽ ഒന്ന്) ബലി പെരുന്നാൾ ദിവസവും (ദുൽ ഹിജ്ജഃ 10) നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. റമദാൻ മാസത്തിലെ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്ർ ദിവസം. ഉദ്ഹിയ്യത്തിൽ നിന്ന് ഭക്ഷിക്കുന്ന ദിവസമാണ് ബലി പെരുന്നാൾ ദിവസം.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ തൽബിയ്യത് (ഹജ്ജിലെ വാചകം) ഇപ്രകാരമായിരുന്നു. «لَبَّيْكَ اللهُمَّ، لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» (സാരം: അല്ലാഹുവേ! നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. തീർച്ചയായും സർവ്വ സ്തുതികളും അനുഗ്രഹങ്ങളും അധികാരവും നിനക്ക് മാത്രമാകുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല." അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ഇപ്രകാരം കൂടി അധികരിപ്പിക്കാറുണ്ടായിരുന്നു: لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ. "നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ സൗഭാഗ്യം മേൽക്കുമേൽ ഞങ്ങൾ തേടുന്നു. എല്ലാ നന്മയും നിൻ്റെ കയ്യിലാണ്. നിന്നിലേക്ക് മാത്രമാണ് എല്ലാ പ്രതീക്ഷകളും എല്ലാ പ്രവർത്തനങ്ങളും."
متفق عليهഹജ്ജിൻ്റെയോ ഉംറയുടെയോ കർമ്മങ്ങളിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ നബി (ﷺ) പറയാറുണ്ടായിരുന്ന തൽബിയ്യത്തിൻ്റെ വാചകം ഇപ്രകാരമായിരുന്നു: «لَبَّيْكَ اللهُمَّ، لَبَّيْكَ» : അല്ലാഹുവേ, നീ ഞങ്ങളെ ക്ഷണിച്ചതിലേക്കെല്ലാം -നിനക്ക് മാത്രം ഇബാദത്തുകൾ തനിച്ചാക്കണമെന്നതിലേക്കും, നിന്നെ ഏകനാക്കണമെന്നതിലേക്കും ഹജ്ജ് നിർവ്വഹിക്കണമെന്നതിലേക്കുമെല്ലാം- പൂർണ്ണമനസ്സോടെ നിർബന്ധമായും ഞങ്ങൾ ഉത്തരം നൽകിയിരിക്കുന്നു. «لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ» : നീ മാത്രമാകുന്നു ഇബാദത്തുകൾക്ക് അർഹതയുള്ള ഏക ആരാധ്യൻ. നിനക്ക് നിൻ്റെ സൃഷ്ടിരക്ഷാധികാരങ്ങളിലോ, ആരാധനക്കുള്ള അർഹതയിലോ, നിൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ ഒരു പങ്കുകാരനുമില്ല. «إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» : തീർച്ചയായും സർവ്വ സ്തുതിയും നന്ദിയും പ്രകീർത്തനങ്ങളും നിനക്കുള്ളതാണ്. എല്ലാ അനുഗ്രഹങ്ങളും നിൻ്റേതും നീ നൽകിയതും മാത്രമാണ്. അതിനുള്ള നന്ദി എല്ലാ സാഹചര്യങ്ങളിലും നിനക്ക് മാത്രം നൽകേണ്ടതുമാണ്. ഇതു പോലെയാണ് നിൻ്റെ സർവ്വാധികാരവും. അതിലൊന്നും നിനക്ക് യാതൊരു പങ്കുകാരനുമില്ല; നീ സമ്പൂർണ്ണ ഏകത്വമുള്ളവനാകുന്നു. ഇബ്നു ഉമർ (رضي الله عنهما) ഈ വാചകങ്ങളോടൊപ്പം ഇത്രകൂടി അധികമായി പറയാറുണ്ടായിരുന്നു: لَبَّيْكَ لَبَّيْكَ وَسَعْدَيْكَ : നിൻ്റെ വിളിക്ക് ഉത്തരം നൽകി ഞാൻ വന്നിരിക്കുന്നു. മേൽക്കുമേൽ നിൻ്റെ സൗഭാഗ്യങ്ങൾ നീ എനിക്ക് മേൽ വർഷിച്ചാലും. وَالْخَيْرُ بِيَدَيْكَ : എല്ലാ നന്മകളും നിൻ്റെ കരങ്ങളിലും, നിൻ്റെ ഔദാര്യത്തിൽ പെട്ടതുമാണ്. لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ : എല്ലാ ചോദ്യങ്ങളും തേട്ടങ്ങളും സർവ്വ നന്മകളും കൈവശമുള്ള നിന്നിലേക്ക് മാത്രമാകുന്നു. എല്ലാ പ്രവർത്തനങ്ങളും നിനക്കുള്ളത് മാത്രമാകുന്നു. നീയാകുന്നു എല്ലാ അരാധനകൾക്കും അർഹതയുള്ളവൻ.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിൽ ലൈലതുൽ ഖദ്റിനെ നിങ്ങൾ അന്വേഷിക്കുക."
متفق عليهലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിൽ സൽകർമ്മങ്ങൾ അധികരിപ്പിച്ചു കൊണ്ട് അതിൻ്റെ പുണ്യം അന്വേഷിക്കാനും നേടിയെടുക്കാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു. എല്ലാ വർഷത്തിലെയും റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിൽ ലൈലതുൽ ഖദ്ർ സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇരുപത്തിഒന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിഅഞ്ച്, ഇരുപത്തിഏഴ്, ഇരുപത്തിഒൻപത് എന്നിങ്ങനെയാണ് ആ രാത്രികൾ.
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർക്ക് ലൈലതുൽ ഖദ്ർ അവസാനത്തെ ഏഴിലാണെന്ന് സ്വപ്നത്തിൽ കാണിക്കപ്പെട്ടു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ."
متفق عليهനബി (ﷺ) യുടെ സ്വഹാബിമാരിൽ ചിലർ റമദാനിലെ അവസാനത്തെ ഏഴു രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്ന് സ്വപ്നം കാണുകയുണ്ടായി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങൾ റമദാനിലെ അവസാനത്തെ ഏഴിലാണെന്നതിൽ ഒരുമിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും ലൈലത്തുൽ ഖദ്ർ ഉദ്ദേശിക്കുകയും, അത് ലഭിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അവൻ അവസാനത്തെ ഏഴിൽ അത് അന്വേഷിക്കട്ടെ. ഒരു വർഷത്തിലെ റമദാൻ മുപ്പത് ദിവസങ്ങളുണ്ടെങ്കിൽ, ഇരുപത്തിനാലാം രാവ് മുതൽ ഈ ശ്രദ്ധ ആരംഭിക്കണം. എന്നാൽ ഇരുപത്തി ഒൻപത് ദിവസങ്ങളാണ് ഉള്ളത് എങ്കിൽ ഇരുപത്തിമൂന്നാം രാവ് മുതലും ആരംഭിക്കണം.
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബിമാരിൽ ചിലർ അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സമ്പത്തുള്ളവർ പ്രതിഫലങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു; ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവർ നിസ്കരിക്കുന്നു; ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവർ നോമ്പുമെടുക്കുന്നു; തങ്ങളുടെ സമ്പത്തിൽ അധികമുള്ളതിൽ നിന്ന് അവർ ദാനം നൽകുകയും ചെയ്യുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള) ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ വികാരം നിറവേറ്റുന്നതിലും അവന് ദാനമുണ്ടെന്നോ?!" നബി -ﷺ- പറഞ്ഞു: "അവനത് ഹറാമായ മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകുമായിരുന്നില്ലേ?! അതു പോലെ, അവനത് അനുവദനീയമായതിൽ നിറവേറ്റിയാൽ അതിന് അവന് പ്രതിഫലവുമുണ്ട്."
رواه مسلمസ്വഹാബികളിൽ പെട്ട ദരിദ്രരായ ചിലർ തങ്ങളുടെ സ്ഥിതിയും ദാരിദ്ര്യാവസ്ഥയും നബി (ﷺ) യോട് ആവലാതി ബോധിപ്പിക്കുകയും, തങ്ങളുടെ സഹോദരങ്ങളായ സമ്പന്നർ ദാനധർമ്മങ്ങളിലൂടെ നേടിയെടുക്കുന്ന പ്രതിഫലവും പുണ്യവും തങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നില്ലെന്നും അവരെ പോലെ നന്മകൾ പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും അവിടുത്തെ അറിയിച്ചു. ധനികരും ദരിദ്രരും ഒരു പോലെ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നു; എന്നാൽ സമ്പന്നർ തങ്ങളുടെ സമ്പത്തിൽ നിന്ന് അധികമുള്ളത് ദാനമായി നൽകുന്നു; പക്ഷേ ദരിദ്രർക്ക് അതിന് സാധിക്കുന്നില്ല! എന്നതായിരുന്നു അവരുടെ വേവലാതി. അപ്പോൾ നബി (ﷺ) അവർക്ക് സാധ്യമാകുന്ന ചില സ്വദഖകളെ കുറിച്ച് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ചില ദാനധർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ചു തന്നിരിക്കുന്നല്ലോ?! നിങ്ങൾ സുബ്ഹാനല്ലാഹ് എന്ന് പറയുന്നതിന് നിങ്ങൾക്ക് ഒരു ദാനത്തിൻ്റെ പ്രതിഫലമുണ്ട്. അല്ലാഹു അക്ബർ എന്ന് പറയുന്നതും, അൽഹംദുലില്ലാഹ് എന്ന് പറയുന്നതും, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതും ദാനധർമ്മങ്ങൾ തന്നെ. നന്മ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ദാനം തന്നെ. എന്തിനധികം?! നിങ്ങളിലൊരാൾ തൻ്റെ ഇണയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെ ദാനമായി രേഖപ്പെടുത്തപ്പെടും. ഇത് കേട്ടപ്പോൾ അവർക്ക് അത്ഭുതമായി. അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ ലൈംഗിക മോഹം തീർക്കുന്നതിനും അവന് പ്രതിഫലമുണ്ടാകുമെന്നോ?!" നബി (ﷺ) പറഞ്ഞു: "അവൻ അത് ഹറാമായ വ്യഭിചാരത്തിലൂടെയോ മറ്റോ ആയിരുന്നു പൂർത്തീകരിച്ചത് എങ്കിൽ അവൻ്റെ മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തപ്പെടുമായിരുന്നില്ലേ?! അതു പോലെത്തന്നെ, അവൻ അത് ഹലാലായ വഴിയിൽ പ്രയോഗിച്ചാൽ അവന് അതിന് പ്രതിഫലവുമുണ്ടായിരിക്കും."