Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way






























Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
ഫിത്നകളും കുഴപ്പങ്ങളും കൊലപാതകങ്ങളും അധികരിക്കുന്ന, ജനങ്ങളുടെ കാര്യങ്ങൾ ആകെ കൂടിക്കുഴയുന്ന ഘട്ടങ്ങളിൽ ആരാധനകളിൽ മുഴുകാനും അത് മുറുകെ പിടിക്കാനും നബി (ﷺ) കൽപ്പിക്കുന്നു. അതിനുള്ള പ്രതിഫലം നബി (ﷺ) യിലേക്ക് ഹിജ്റ ചെയ്തു വരുന്നതിനുള്ള പ്രതിഫലം പോലെയാണെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം ജനങ്ങളെല്ലാം ആരാധനകളെ കുറിച്ച് അശ്രദ്ധരാവുകയും, കുഴപ്പങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന വേളയിൽ എണ്ണം പറഞ്ഞ ചിലർ മാത്രമേ ആരാധനകൾക്ക് സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളൂ.
മുസ്ലിമായ ഒരു മനുഷ്യൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് തൻ്റെ ആവശ്യം തേടുകയും -അതിൽ എന്തെങ്കിലും തിന്മയോ അതിക്രമമോ അനീതിയോ എളുപ്പമാക്കി തരാൻ വേണ്ടിയുള്ള ചോദ്യമോ, തൻ്റെ മക്കൾക്കോ കുടുംബത്തിനോ എതിരെ പ്രാർത്ഥിച്ചു കൊണ്ടുള്ള ബന്ധവിഛേദനമോ ഇല്ലാത്തിടത്തോളം- അല്ലാഹു അവൻ്റെ പ്രാർത്ഥനക്ക് മൂന്നാലൊരു കാര്യം നൽകുന്നതാണ്. ഒന്നുകിൽ, അവൻ്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകുകയും, അവൻ ചോദിച്ച കാര്യം അവന് നൽകുകയും ചെയ്യും. അല്ലെങ്കിൽ, അന്ത്യനാളിൽ അവൻ്റെ പദവികൾ ഉന്നതമാകുന്നതിനും അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും പാപമോചനവുമായി ഈ പ്രാർത്ഥനയുടെ പ്രതിഫലം പരലോകത്തേക്ക് നീട്ടിവെക്കും. അതുമല്ലെങ്കിൽ, അവൻ്റെ പ്രാർത്ഥനക്ക് തുല്യമായ വിധത്തിലുള്ള ഒരു പ്രയാസം ഇഹലോകത്ത് അവനെ ബാധിക്കാതെ തടുത്തു വെക്കും. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "എങ്കിൽ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കട്ടെയോ; എങ്കിൽ ഞങ്ങൾക്ക് ഈ പുണ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ലഭിക്കുമല്ലോ?!" നബി (ﷺ) പറഞ്ഞു: "നിങ്ങൾ ചോദിക്കുന്നതിനേക്കാൾ അധികവും മഹത്തരവുമായതാണ് അല്ലാഹുവിങ്കലുള്ളത്. അവൻ്റെ ദാനം ഒരിക്കലും തീർന്നു പോവുകയോ അവസാനിക്കുകയോ ഇല്ല."
പ്രയാസങ്ങൾ കടുക്കുന്ന വേളയിലും ദുഃഖം കഠിനമാകുമ്പോഴും നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ» : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവനും, അവൻ്റെ വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അതിമഹത്വമുള്ളവനുമാകുന്നു. തിന്മകൾക്ക് ഉടനടി ശിക്ഷ നൽകാത്തവനും, അത് നീട്ടിവെക്കുന്നവനും, ശിക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും തിന്മകൾ പൊറുത്തു നൽകുന്നവനുമാകുന്നു അവൻ. അവൻ എല്ലാത്തിനും കഴിവുള്ളവനുമാകുന്നു. «لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ» : മഹത്തരമായ സിംഹാസനത്തിൻ്റെ (അർശിൻ്റെ) ഉടമസ്ഥനാകുന്നു അവൻ. «لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ» : ആകാശങ്ങളെയും ഭൂമിയെയും അവയിലുള്ള സർവ്വ വസ്തുക്കളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും അവയെ നന്നാക്കുന്നവനും, അവരെ ഉദ്ദേശിക്കുന്ന വിധം നിയന്ത്രിക്കുന്നവനും അവനാകുന്നു. «وَرَبُّ الْعَرْشِ الْكَرِيمِ» മാന്യമായ അർശിൻ്റെ സ്രഷ്ടാവും അവനാകുന്നു.
മടിയോ നിറഞ്ഞ വയറോ മറ്റോ കാരണത്താൽ ആർക്കെങ്കിലും കോട്ടുവായ വരികയും, അതിനായി അവൻ വായ തുറക്കുകയുമാണെങ്കിൽ തൻ്റെ കൈ വായയുടെ മേൽ വെച്ചു കൊണ്ട് അത് അടച്ചു പിടിക്കട്ടെ എന്ന് നബി (ﷺ) കൽപ്പിക്കുന്നു. കാരണം (കോട്ടുവായ ഇടുമ്പോൾ) വായ തുറന്നു വെച്ചാൽ പിശാച് അതിലൂടെ പ്രവേശിക്കുന്നതാണ്; എന്നാൽ കൈ കൊണ്ട് വായ അടച്ചു പിടിക്കുന്നത് പിശാചിൻ്റെ പ്രവേശനത്തെ തടയുന്നതാണ്.
ഐഹികജീവിതത്തിൻ്റെ കാര്യങ്ങളിൽ തനിക്ക് താഴെയുള്ളവരിലേക്കും തന്നേക്കാൾ കുറവുള്ളവരിലേക്കും നോക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. സ്ഥാനമാനങ്ങളിലും സമ്പത്തിലും പദവികളിലും മറ്റുമെല്ലാം ഇപ്രകാരമാണ് ചെയ്യേണ്ടത്. ദുനിയാവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തനിക്ക് മുകളിലുള്ളവരിലേക്കും തന്നേക്കാൾ ശ്രേഷ്ഠരായവരിലേക്കും നോക്കരുത് എന്നും നബി -ﷺ- കൽപ്പിക്കുന്നു. കാരണം താഴെയുള്ളവരിലേക്ക് നോക്കുന്നത് അല്ലാഹു നിനക്ക് നൽകിയ അവൻ്റെ അനുഗ്രഹങ്ങളെ നിസ്സാരമാക്കുന്നതിൽ നിന്നും കുറവായി കാണുന്നതിൽ നിന്നും നിന്നെ സംരക്ഷിക്കാൻ ഏറ്റവും സഹായകവും അനുയോജ്യവുമാണ്.
അഹങ്കാരത്തോടെയും താൻപോരിമയോടെയും വസ്ത്രവും മുണ്ടും നെരിയാണിക്ക് താഴേക്ക് ഇറക്കുന്നതിൽ നിന്ന് നബി (ﷺ) താക്കീത് നൽകുന്നു. ഈ പ്രവൃത്തി ചെയ്യുന്നവർക്ക് കഠിനമായ താക്കീതാണ് അവിടുന്ന് നൽകിയത്; അല്ലാഹു അന്ത്യനാളിൽ അവനെ കാരുണ്യത്തോടെ നോക്കുന്നതല്ല എന്നതാണത്.
ജനങ്ങളിൽ വളരെയധികം പേർ യഥാവിധം പ്രയോജനപ്പെടുത്താതെ, അവർ നഷ്ടം വരുത്തുന്ന, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രണ്ട് മഹത്തരമായ അനുഗ്രഹങ്ങളെ കുറിച്ച് നബി (ﷺ) അറിയിക്കുന്നു. ആരോഗ്യവും ഒഴിവുസമയവും ഒരാൾക്ക് ഒരുമിച്ചു ലഭിക്കുക എന്നതാണത്. ഇവ രണ്ടും ലഭിച്ചതിന് ശേഷം ഒരാൾ മടിയനാവുകയും, നന്മകളിൽ നിന്ന് അലസത കാണിക്കുകയും ചെയ്താൽ അവൻ നഷ്ടക്കാരൻ തന്നെ. ജനങ്ങളിൽ ധാരാളം പേരുടെ അവസ്ഥയാണത്. എന്നാൽ തൻ്റെ ഒഴിവുസമയവും ആരോഗ്യവും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഒരാൾ പ്രയോജനപ്പെടുത്തിയാൽ അവൻ ലാഭം നേടിയവനാണ്. കാരണം ഇഹലോകം പരലോകത്തിലേക്കുള്ള കൃഷിയിടമാണ്. പരലോകത്ത് മാത്രം ലാഭം വ്യക്തമാകുന്ന അനേകം കച്ചവടങ്ങൾ ഇവിടെയുണ്ട്. അതിനാൽ ഒഴിവുസമയം അവസാനിക്കുകയും തിരക്കുകൾ വന്നെത്തുകയും ചെയ്യുന്നതാണെന്ന് ഓരോരുത്തരും ഓർക്കട്ടെ. ആരോഗ്യകാലത്തിന് ശേഷം രോഗകാലം വന്നെത്തുന്നതാണെന്നും അവർ മറക്കാതിരിക്കട്ടെ. ഒന്നുമില്ലെങ്കിൽ, വാർദ്ധക്യം തന്നെ പിടികൂടാതെ വിടുകയില്ലെന്ന ചിന്തയെങ്കിലും അവന് മതിയാകട്ടെ!
നബി (ﷺ) തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! എൻ്റെ തിന്മകൾ നീ എനിക്ക് പൊറുത്തു തരേണമേ! അവ നീ മറച്ചു വെക്കുകയും, അവയുടെ ദുഷ്ഫലങ്ങളിൽ നിന്ന് നീയെന്നെ സംരക്ഷിക്കുകയും, അവ നീ മായ്ച്ചു കളയുകയും വിട്ടുതരികയും മാപ്പാക്കുകയും ചെയ്യേണമേ! എൻ്റെ തിന്മകളെല്ലാം; അതിൽ ചെറുതും കുറച്ചുമായ തിന്മകളും, വലുതും ധാരാളമുള്ളതുമായ തിന്മകളും, തിന്മകളുടെ ആരംഭവും മദ്ധ്യവും അവസാനത്തേതും, പരസ്യമായതും രഹസ്യമായതും, നിനക്ക് മാത്രം അറിയാവുന്നതായ തിന്മകളുമെല്ലാം എനിക്ക് പൊറുത്തു നൽകേണമേ!
ശപിക്കപ്പെടാൻ അർഹതയില്ലാത്തവരെ അധികമായി ശപിക്കുന്നവർ രണ്ട് ശിക്ഷകൾക്ക് അർഹരാണെന്ന് നബി (ﷺ) അറിയിക്കുന്നു: ഒന്ന്: ഖിയാമത്ത് നാളിൽ മുൻകഴിഞ്ഞ നബിമാർ തങ്ങളുടെ ജനതകളിലേക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകിയിട്ടുണ്ടെന്ന് (ഈ ഉമ്മത്ത്) സാക്ഷ്യം വഹിക്കുമ്പോൾ അവർ അക്കൂട്ടത്തിൽ സാക്ഷികളാവുകയില്ല. ഇഹലോകത്തും -മറ്റുള്ളവരെ ശപിക്കുക എന്ന ഈ തിന്മ കാരണത്താൽ- അവരുടെ സാക്ഷ്യം സ്വീകരിക്കപ്പെടുന്നല്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ മരണപ്പെടുക എന്ന ശഹാദത്തിൻ്റെ (രക്തസാക്ഷ്യത്തിൻ്റെ) സൗഭാഗ്യം അവർക്ക് ലഭിക്കുകയില്ല. രണ്ട്: അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന മുഅ്മിനീങ്ങൾ നരകത്തിൽ പ്രവേശിച്ച തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി ശുപാർശ നടത്തുന്ന വേളയിൽ അവർക്ക് അതിൽ പങ്കുചേരാൻ സാധിക്കുകയില്ല.