





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "'അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എന്നോട് കരുണ ചെയ്യൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എനിക്ക് ഉപജീവനം നൽകൂ' എന്നിങ്ങനെ നിങ്ങളിലൊരാളും പറയരുത്. മറിച്ച്, തൻ്റെ തേട്ടങ്ങൾ അവൻ ഉറപ്പിച്ചു പറയട്ടെ. അല്ലാഹു അവൻ ഉദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ്; അവൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന ആരുമില്ല." മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "മറിച്ച്, അവൻ തൻ്റെ തേട്ടം ഉറപ്പിച്ചു പറയുകയും, തൻ്റെ ആഗ്രഹം ശക്തമാക്കുകയും ചെയ്യട്ടെ! കാരണം അല്ലാഹുവിന് അവൻ നൽകുന്ന യാതൊരു കാര്യവും ഭീമമല്ല."
متفق عليهപ്രാർത്ഥനകൾ എന്തെങ്കിലുമൊരു കാര്യത്തിനോട് ബന്ധിപ്പിച്ചു പറയുന്നത് നബി -ﷺ- വിലക്കുന്നു; അത് അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിനോട് ചേർത്തു കൊണ്ടാണെങ്കിലും പാടില്ല. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാൾക്ക് അവൻ പൊറുത്തു നൽകില്ലെന്നത് ഒരു സംശയവുമില്ലാത്ത യാഥാർത്ഥ്യമാണെന്നിരിക്കെ, അവൻ ഉദ്ദേശിച്ചാൽ എനിക്ക് പൊറുത്തു തരട്ടെ എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. തൻ്റെ സ്വന്തം ഉദ്ദേശ്യമോ താൽപ്പര്യമോ ഇല്ലാതെ, മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങാൻ സാധ്യതയുള്ള ഒരാളുടെ കാര്യത്തിൽ മാത്രമേ ഇത്തരമൊരു വാക്കിന് പ്രസക്തിയുള്ളൂ; അല്ലാഹുവാകട്ടെ, അതിൽ നിന്ന് സമ്പൂർണ്ണമായും പരിശുദ്ധനാണ്. അതു കൊണ്ടാണ് 'അല്ലാഹുവിൻ്റെ മേൽ നിർബന്ധം ചെലുത്താൻ ആരുമില്ല' എന്ന് നബി -ﷺ- ഹദീഥിൻ്റെ അവസാനത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞത്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, അവൻ നൽകുന്ന എന്തെങ്കിലുമൊരു കാര്യം അവന് ഭീമമായതോ, പ്രയാസകരമോ അസാധ്യമായതോ ആയില്ല. 'നീ ഉദ്ദേശിച്ചാൽ ചെയ്യണം' എന്ന് പറയാൻ പാടില്ലെന്നതിന് ഈയൊരു കാരണവുമുണ്ട്. 'നീ ഉദ്ദേശിച്ചാൽ പൊറുത്തു തരൂ' എന്നു പറയുന്നതിൽ പ്രാർത്ഥിക്കുന്നവന് അല്ലാഹുവിൻ്റെ പാപമോചനം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല എന്ന ധ്വനിയുമുണ്ട്. ഒരു ദുർബലനോടോ, നിനക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാത്ത ഒരുവനോടോ ആയിരുന്നെങ്കിൽ ഈ വാക്കിന് സാംഗത്യമുണ്ടാകുമായിരുന്നു. എന്നാൽ, സർവ്വശക്തനായ അല്ലാഹുവിനോട് എല്ലാ നിലക്കും ആവശ്യക്കാരനായ മനുഷ്യൻ അപ്രകാരം പറയുന്നത് ശരിയല്ല. അവൻ തൻ്റെ തേട്ടം വളരെ ആവശ്യത്തോടെ ചോദിക്കുക തന്നെ വേണം. കഠിനമായ ആവശ്യമുള്ള പരമദരിദ്രനായ ഒരുവൻ്റെ തേട്ടമാണ് അല്ലാഹുവിനോട് അവൻ നടത്തേണ്ടത്. അല്ലാഹുവിലേക്ക് അഭയം തേടാൻ അവൻ എന്തു കൊണ്ടും ആവശ്യക്കാരനാണ്. കാരണം അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനും എല്ലാത്തിനും കഴിവുള്ളവനുമാകുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!"
رواه الترمذي وأحمد'ഒരാളുടെ മൂക്ക് മണ്ണിൽ പുരളട്ടെ' എന്ന് പദാനുപദാർത്ഥം നൽകാവുന്ന വാക്കുകൾ കൊണ്ട് നബി -ﷺ- മൂന്ന് വിഭാഗത്തിനെതിരെ പ്രാർത്ഥിക്കുന്നു. അവർക്ക് നിന്ദ്യതയും നഷ്ടവും അപമാനവും ഉണ്ടാകട്ടെ എന്നാണ് ആ വാക്കിൻ്റെ ഉദ്ദേശ്യം. ഒന്നാമത്തെ വിഭാഗം: തങ്ങൾക്കരികിൽ നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെട്ടതിനു ശേഷം -സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നോ സമാനമായതോ പറഞ്ഞു കൊണ്ട്- അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാത്തവരാണ്. രണ്ടാമത്തെ വിഭാഗം: റമദാൻ മാസം വന്നെത്തുകയും, ആ മാസത്തിൽ നന്മകൾ പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തിയതിനാൽ തിന്മകൾ പൊറുക്കപ്പെടാത്ത വിധത്തിൽ ആ മാസം അവസാനിച്ചു പോവുകയും ചെയ്ത കൂട്ടരാണ്. മൂന്നാമത്തെ വിഭാഗം: വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവരോട് ധിക്കാരം പ്രവർത്തിച്ചതിനാലും അവരോടുള്ള ബാധ്യതകളിൽ കുറവ് വരുത്തിയതിനാലും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാതെ പോയവരാണ്.
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "രണ്ട് മുസ്ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."
رواه أبو داود والترمذي وابن ماجه وأحمدമുസ്ലിമായ രണ്ട് പേർ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടുകയും, അവരിൽ ഒരാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകിക്കൊണ്ട് സലാം പറയുകയും ചെയ്താൽ അവർ പിരിഞ്ഞു പോകുകയോ ഹസ്തദാനത്തിൽ നിന്ന് വിരമിക്കുകയോ ചെയ്യുന്നത് വരെ അവരുടെ തിന്മകൾ അവർക്ക് പൊറുത്തു നൽകപ്പെട്ടു കൊണ്ടിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്ക് ഇടയിലാണ്; ഒരൊറ്റ ഹൃദയം പോലെയാണ് അവയുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവനതിനെ മാറ്റിമറിക്കുന്നു." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ മാറ്റേണമേ!"
رواه مسلمആദം സന്തതികളായ മനുഷ്യരുടെ എല്ലാവരുടെയും ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിൻ്റെ രണ്ട് വിരലുകൾക്കിടയിൽ ഒരൊറ്റ ഹൃദയം പോലെ നിലകൊള്ളുന്നുവെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചതു പോലെ അവൻ അത് മാറ്റിമറിക്കുന്നതാണ്. അവൻ ഉദ്ദേശിക്കുന്നവരെ സത്യപാതയിൽ നേരെനിർത്തുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യത്തിൽ നിന്ന് അവൻ തെറ്റിച്ചു കളയുകയും ചെയ്യുന്നതാണ്. എല്ലാ ഹൃദയങ്ങളെയും ഇപ്രകാരം മാറ്റിമറിക്കുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ഹൃദയത്തെ മാറ്റിമറിക്കുന്നത് പോലെയാണ്. ഒരു കാര്യം മറ്റൊരു കാര്യത്തിൽ നിന്നുള്ള അവൻ്റെ ശ്രദ്ധയെ തെറ്റിക്കുന്നതല്ല. ശേഷം നബി -ﷺ- പ്രാർത്ഥിച്ചു: "അല്ലാഹുവേ! ഹൃദയങ്ങളെ -നന്മയിലേക്കും തിന്മയിലേക്കും, നിന്നെ സ്മരിക്കുന്നതിലേക്കും, അശ്രദ്ധയിലേക്കുമെല്ലാം- മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിൽ നീ ഉറപ്പിച്ചു നിർത്തേണമേ!"
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"
رواه الترمذي وابن ماجه وأحمدനബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുകയും ശേഷം അത് മനപാഠമാക്കുകയും, മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് മുഖപ്രസന്നതയും ചൈതന്യവും ലഭിക്കാനും, സ്വർഗത്തിലെ അനുഗ്രഹങ്ങളിലേക്കും വെളിച്ചത്തിലേക്കും അവനെ അല്ലാഹു നയിക്കാനും വേണ്ടി നബി -ﷺ- പ്രാർത്ഥിക്കുന്നു. നബി -ﷺ- യുടെ വാക്കുകൾ എത്തിച്ചു നൽകുന്ന നിവേദകരേക്കാൾ അതിൽ നിന്ന് ഗുണപാഠങ്ങൾ കണ്ടെത്താനും ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന എത്രയോ പേർ കേൾവിക്കാരിലുണ്ടായേക്കാം. ആദ്യത്തേയാൾ ഹദീഥുകൾ കൃത്യതയോടെ മനപാഠമാക്കുകയും മാറ്റത്തിരുത്തലുകളിൽ നിന്ന് മുക്തമായി അത് എത്തിച്ചു നൽകുകയും ചെയ്തു; രണ്ടാമത്തെയാൾ അത് കൃത്യമായി ഗ്രഹിക്കുകയും അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്തുകയും ചെയ്തു.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല."
متفق عليهസ്വർഗത്തിലെ ചില അനുഗ്രഹങ്ങളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ഉള്ളകം വിശാലമായ, ഒരൊറ്റ മുത്തിൽ നിർമ്മിക്കപ്പെട്ട ഗംഭീരമായ ഒരു കൂടാരം മുഅ്മിനിന് സ്വർഗത്തിൽ ഉണ്ടായിരിക്കുന്നതാണ്. അതിൻ്റെ വിസ്തൃതിയും നീളവും അറുപത് മൈലോളം ഉണ്ടായിരിക്കും. അതിൻ്റെ ഓരോ വശങ്ങളിലും നാല് അതിരുകളിലും അവന് ഇണകളുണ്ടായിരിക്കും. അവർ പരസ്പരം കാണുന്നതല്ല; മുഅ്മിനായ വ്യക്തി അവരെയെല്ലാം സന്ദർശിച്ചു കൊണ്ടേയിരിക്കുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു." അബൂ ഹുറൈറ (رضي الله عنه) പറയുന്നു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ പാരായണം ചെയ്തോളൂ: "കണ്കുളിര്പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്ക്കും അറിയാവുന്നതല്ല." (സജ്ദഃ: 17)
متفق عليهഅല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: എൻ്റെ സച്ചരിതരായ ദാസന്മാർക്കുള്ള ആദരവും ശ്രേഷ്ഠതയുമായി സ്വർഗത്തിൽ ഞാൻ ഒരുക്കി തയ്യാറാക്കി വെച്ചിട്ടുള്ളത് ഒരു കണ്ണും ഇന്നു വരെ ദർശിച്ചിട്ടില്ലാത്തതും, ഒരു ചെവിയിലും വിവരിക്കപ്പെട്ടു കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെ ഹൃദയത്തിലും മിന്നിമറഞ്ഞു പോകാത്ത രൂപത്തിലുള്ളതുമായ അനുഗ്രഹങ്ങളാണ്. ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ (അല്ലാഹുവിൻ്റെ ഈ വചനം അതിനുള്ള തെളിവായി) നിങ്ങൾ പാരായണം ചെയ്തോളൂ: "കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്ക്കും അറിയാവുന്നതല്ല." (സജ്ദ: 17)
അബൂ അബ്ദില്ല അൽജദലി (رحمه الله) നിവേദനം: നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ഞാൻ ആഇശ (رضي الله عنها) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: "അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു."
رواه الترمذي وأحمدമുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: വാക്കുകളിലും പ്രവർത്തികളിലും മ്ലേഛത പ്രകൃതമായുള്ളവരോ, മ്ലേഛതയും വൃത്തികേടും കരുതിക്കൂട്ടി ചെയ്യുന്നവരോ ആയിരുന്നില്ല അവിടുന്ന്. അങ്ങാടികളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ആളുമായിരുന്നില്ല നബി -ﷺ-. തിന്മകൾക്ക് പകരമായി പോലും അവിടുന്ന് തിന്മ ചെയ്തിരുന്നില്ല; മറിച്ച് നന്മ കൊണ്ടായിരുന്നു അവിടുന്ന് അതിനെ നേരിട്ടിരുന്നത്. അതോടൊപ്പം, മനസ്സ് കൊണ്ട് മാപ്പ് നൽകുകയും പ്രവർത്തനം കൊണ്ട് എല്ലാ തരത്തിലും പൊറുത്തു നൽകുകയും ചെയ്യുന്നവരായിരുന്നു അവിടുന്ന്.
ഉഥ്മാൻ (رضي الله عنه) വിൻ്റെ അടിമയായിരുന്ന ഹാനിഅ് (رحمه الله) നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) ഖബ്റിൻ്റെ ചാരെ നിന്നാൽ അദ്ദേഹത്തിൻ്റെ താടിരോമങ്ങൾ നനയുമാറ് കരയുമായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: സ്വർഗവും നരകവും പറയപ്പെടുമ്പോൾ താങ്കൾ കരയുന്നില്ല. എന്നാൽ ഇത് താങ്കളെ കരയിപ്പിക്കുകയും ചെയ്യുന്നു?! അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഖബ്ർ ഒരാളുടെ പരലോകഭവനങ്ങളിൽ ആദ്യത്തെ ഭവനമാകുന്നു. അതിൽ ഒരാൾ രക്ഷപ്പെട്ടാൽ അതിന് ശേഷമുള്ളതെല്ലാം അതിനേക്കാൾ എളുപ്പമുള്ളതാണ്. എന്നാൽ അതിൽ ഒരാൾ രക്ഷപ്പെട്ടില്ലെങ്കിൽ അതിന് ശേഷമുള്ളതെല്ലാം അതിനേക്കാൾ കഠിനമാണ്."
رواه الترمذي وابن ماجهഅമീറുൽ മുഅ്മിനീൻ ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) ഖബ്റിൻ്റെ ചാരെ നിന്നാൽ ധാരാളമായി കരയുകയും, അദ്ദേഹത്തിൻ്റെ താടിരോമങ്ങൾ ആ കണ്ണീരിനാൽ നനയുകയും ചെയ്യുമായിരുന്നു. അപ്പോൾ ചിലർ അദ്ദേഹത്തോട് ചോദിച്ചു: സ്വർഗത്തെയും നരകത്തെയും സ്മരിക്കുമ്പോൾ താങ്കൾ സ്വർഗം ആഗ്രഹിച്ചു കൊണ്ട് കരയുകയോ നരകം ഭയന്നു കൊണ്ട് കരയുകയോ ചെയ്യുന്നത് കാണാറില്ല. എന്നാൽ ഖബ്ർ കാണുമ്പോൾ താങ്കൾ കരയുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- ഖബ്റിനെ കുറിച്ച് അറിയിച്ച ഒരൂ കാര്യമാണ് അതിനുള്ള കാരണം. പരലോകഭവനങ്ങളിൽ ആദ്യത്തെ ഭവനമാണ് ഖബ്ർ എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരാൾ രക്ഷപ്പെടുകയും വിജയിക്കുകയും ചെയ്താൽ അതിന് ശേഷമുള്ള ഭവനങ്ങൾ അതിനേക്കാൾ എളുപ്പമുള്ളതാണ്. എന്നാൽ അതിലെ ശിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടില്ലെങ്കിൽ, ശേഷം വരുന്നത് അതിനേക്കാൾ കഠിനമാണ്.