





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിലായിരിക്കെ ഗ്രാമീണ അറബികളിൽ പെട്ട ഒരാൾ അവിടേക്ക് കയറിവരികയും, മസ്ജിദിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ ആരംഭിക്കുകയും ചെയ്തു! അപ്പോൾ നബി -ﷺ- യുടെ സ്വഹാബികൾ പറഞ്ഞു: "നിർത്തൂ! നിർത്തൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ തടയേണ്ട! അയാളെ വിട്ടേക്കുക." അങ്ങനെ അവർ അയാളെ വിടുകയും, അയാൾ മൂത്രം ഒഴിച്ചു തീരുകയും ചെയ്തു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് അവനോട് പറഞ്ഞു: "തീർച്ചയായും ഈ മസ്ജിദുകൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മാത്രമുള്ളതാണ്." -അല്ലെങ്കിൽ നബി -ﷺ- എപ്രകാരമാണോ പറഞ്ഞത്, അതുപോലെ-. അങ്ങനെ നബി -ﷺ- ജനങ്ങളിൽ ഒരാളോട് കൽപ്പിച്ചതു പ്രകാരം, അയാൾ ഒരു ബക്കറ്റ് വെള്ളവുമായി വന്ന് അതിന്മേൽ ഒഴിച്ചു.
متفق عليهനബി -ﷺ- തന്റെ മസ്ജിദിൽ സ്വഹാബികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ വന്നു, മസ്ജിദിന്റെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാൻ ഇരുന്നു. അപ്പോൾ സ്വഹാബികൾ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു: "നിർത്തൂ! നീ ചെയ്യുന്ന ഈ കാര്യം നിർത്തി വെക്കൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ വിട്ടേക്കുക! അയാൾ മൂത്രമൊഴിക്കുന്നത് ഇടയിൽ വെച്ച് മുറിക്കരുത്." അങ്ങനെ അവർ അയാളെ മൂത്രമൊഴിച്ച് തീരുന്നതു വരെ വിട്ടു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് കൊണ്ട് പറഞ്ഞു: "തീർച്ചയായും ഈ പള്ളികൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മറ്റും മാത്രമുള്ളതാണ്." പിന്നീട് നബി -ﷺ- സ്വഹാബികളിൽ നിന്ന് ഒരാളോട് കൽപ്പിച്ചതു പ്രകാരം, അദ്ദേഹം ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വന്ന് മൂത്രത്തിന്മേൽ ആ വെള്ളം ഒഴിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും ശുദ്ധീകരിക്കുകയില്ല."
رواه الدارقطنيമലമൂത്ര വിസർജനത്തിന് ശേഷം മൃഗങ്ങളുടെ എല്ലുകൾ കൊണ്ടോ ഉണങ്ങിയ ചാണകം കൊണ്ടോ ശുദ്ധീകരണം (ഇസ്തിൻജാഅ്) നടത്തുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "അവ രണ്ടും നജസ് നീക്കം ചെയ്യുകയില്ല. അതിനാൽ അവകൊണ്ട് ശുദ്ധീകരണം സാധ്യമല്ല."
സത്യവിശ്വാസികളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വന്നാൽ 'غُفْرَانَكَ' (അല്ലാഹുവേ! നിന്നോട് ഞാൻ പാപമോചനം തേടുന്നു) എന്ന് പറയുമായിരുന്നു.
رواه أبو داود والترمذي وابن ماجه وأحمدനബി -ﷺ- വിസർജ്ജന സ്ഥലത്ത് നിന്ന് തൻ്റെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച ശേഷം പുറത്തിറങ്ങിയാൽ 'അല്ലാഹുവേ! നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം ഞാൻ നിന്നോട് തേടുന്നു' എന്നർത്ഥം വരുന്ന غُفْرَانَكَ എന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.
സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: മുശ്രിക്കുകൾ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ കൂട്ടുകാരൻ നിങ്ങൾക്ക് (എല്ലാം) പഠിപ്പിച്ചു തരുന്നു; മലമൂത്ര വിസർജന മര്യാദകൾ വരെ അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കുന്നുവല്ലോ?" അപ്പോൾ (സൽമാനുൽ ഫാരിസി) പറഞ്ഞു: "അതെ, തീർച്ചയായും! ഒരാൾ തൻ്റെ വലത് കൈകൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജന വേളയിൽ) ഖിബ്ലയെ അഭിമുഖീകരിക്കുന്നതും, (ശുദ്ധീകരണത്തിനായി) ചാണകം, എല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്." അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്."
رواه مسلمസൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുശ്രിക്കുകൾ പരിഹാസ രൂപത്തിൽ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ നബി നിങ്ങൾക്ക് എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ, മലമൂത്രവിസർജനം എങ്ങനെ ചെയ്യണം എന്ന് പോലും പഠിപ്പിക്കുന്നുണ്ടല്ലോ!" അപ്പോൾ സൽമാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അതെ, നബി -ﷺ- വിസർജന മര്യാദകൾ വരെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ്; വിസർജന ശേഷം വലത് കൈകൊണ്ട് ശുദ്ധീകരിക്കുന്നത് അവിടുന്ന് വിലക്കി എന്നത്; വലത് കരത്തെ നജസിൽ നിന്ന് സംരക്ഷിക്കാനും വലതിനെ ആദരിക്കാനും വേണ്ടിയാണത്. അതുപോലെ, മലമൂത്ര വിസർജന വേളയിൽ കഅ്ബയെ അഭിമുഖീകരിക്കരുതെന്നും, മൃഗങ്ങളുടെ ചാണകം കൊണ്ടോ എല്ലുകൾ കൊണ്ടോ വിസർജന ശേഷം ശുദ്ധീകരിക്കരുതെന്നും, മൂന്ന് കല്ലുകളിൽ കുറഞ്ഞതു കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുതെന്നും അവിടുന്ന് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്."
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സുബഹ് ബാങ്കിന്റെ സമയത്ത് ബാങ്ക് വിളിക്കുന്ന വ്യക്തി "ഹയ്യ അലൽ ഫലാഹ്" (വിജയത്തിലേക്ക് വരൂ) എന്നു പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗം" (നിസ്കാരമാണ് ഉറക്കത്തേക്കാൾ ഉത്തമം) എന്ന് പറയൽ (നബി -ﷺ- യുടെ) സുന്നത്തിൽ പെട്ടതാണ്.
رواه ابن خزيمة والدارقطني والبيهقيഅനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: സുബഹ് ബാങ്ക് വിളിക്കുമ്പോൾ മുഅദ്ദിൻ "ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് പറയൽ നബി -ﷺ- അംഗീകരിച്ച, അവിടുത്തെ സുന്നത്തിൽ പെട്ട കാര്യമാണ്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങള് മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള് സംഭവിക്കുകയില്ല."
رواه أبو داود والنسائي وابن ماجهനബി -ﷺ- അറിയിക്കുന്നു: അന്ത്യനാൾ അടുക്കുന്നതിൻ്റെയും, ദുനിയാവിന്റെ അവസാനം സമീപമായിരിക്കുന്നു എന്നതിൻ്റെയും അടയാളങ്ങളില് പെട്ടതാണ്, ജനങ്ങള് തങ്ങളുടെ മസ്ജിദിൻ്റെ അലങ്കാരങ്ങളെ ചൊല്ലി പരസ്പരം പൊങ്ങച്ചം നടിക്കുക എന്നത്. അല്ലാഹുവിനെ മാത്രം സ്മരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട മസ്ജിദുകളിൽ ദുനിയാവിന്റെ കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം നടിക്കുന്നതാണ് എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി (ﷺ) തക്ബീർ ചൊല്ലിക്കൊണ്ടായിരുന്നു നിസ്കാരം ആരംഭിച്ചിരുന്നത്. 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് (നിസ്കാരത്തിലെ) ഖുർആൻ പാരായണം ആരംഭിച്ചിരുന്നത്. അവിടുന്ന് റുകൂഇലേക്ക് പോകുമ്പോൾ തല ഉയർത്തിപ്പിടിക്കുകയോ, അടിയിലേക്ക് താഴ്ത്തുകയോ ചെയ്യുമായിരുന്നില്ല; മറിച്ച് അതിന് രണ്ടിനുമിടയിലുള്ള നിലയിലായിരുന്നു അവിടുന്നുണ്ടായിരുന്നത്. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ നേരെ നിന്നതിന് ശേഷമല്ലാതെ സുജൂദ് ചെയ്യുമായിരുന്നില്ല. സുജൂദിൽ നിന്ന് തല ഉയർത്തിയാൽ നേരെ ഇരുന്നതിന് ശേഷമല്ലാതെ അടുത്ത സുജൂദ് ചെയ്യുമായിരുന്നില്ല. എല്ലാ രണ്ട് റക്അത്തിലും അവിടുന്ന് അത്തഹിയ്യാത്ത് ഓതുമായിരുന്നു. അവിടുന്ന് ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. 'പിശാചിൻ്റെ ഇരുത്തം' അവിടുന്ന് വിലക്കിയിരുന്നു, അതുപോലെ വന്യമൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ നിസ്കരിക്കുന്നവൻ തൻ്റെ മുഴംകൈ വിരിച്ചു വെക്കുന്നതും അവിടുന്ന് വിലക്കുമായിരുന്നു. സലാം ചൊല്ലിക്കൊണ്ടായിരുന്നു അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്."
رواه مسلمമുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) നബിയുടെ (ﷺ) നിസ്കാരത്തെക്കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. നബി (ﷺ) തക്ബീറത്തുൽ ഇഹ്റാം ചൊല്ലിക്കൊണ്ട് -"അല്ലാഹു അക്ബർ" എന്ന് പറഞ്ഞു കൊണ്ട്- നിസ്കാരം തുടങ്ങുമായിരുന്നു, ഖുർആൻ പാരായണം സൂറത്തുൽ ഫാത്തിഹ കൊണ്ട് -"അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് ഓതിക്കൊണ്ടും- തുടങ്ങുമായിരുന്നു. അവിടുന്ന് നിസ്കാരത്തിലെ നിറുത്തത്തിനുശേഷം റുകൂഇലേക്ക് പോയാൽ, തല ഉയർത്തി പിടിക്കുകയോ താഴ്ത്തിപ്പിടിക്കുകയോ ചെയ്യാതെ നേരെ, നിവർന്ന നിലയിലാക്കുമായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ സുജൂദ് ചെയ്യുന്നതിന് മുമ്പ് നിവർന്നു നിൽക്കുമായിരുന്നു. ആദ്യ സുജൂദിൽ നിന്ന് തല ഉയർത്തിയാൽ, രണ്ടാമത്തെ സുജൂദ് ചെയ്യുന്നതിന് മുമ്പ് അടങ്ങിയിരിക്കുമായിരുന്നു. അവിടുന്ന് എല്ലാ രണ്ട് റക്അത്തിലും തശ്ഹ്ഹുദിനായി ഇരിക്കുകയും, "അത്തഹിയ്യാത്തു ലില്ലാഹി വസ്വലവാത്തു വത്വയ്യിബാത്തു..." എന്ന് തുടങ്ങുന്ന തശഹ്ഹുദിലെ പ്രാർത്ഥന ചൊല്ലുകയും ചെയ്യുമായിരുന്നു. രണ്ട് സുജൂദുകൾക്കിടയിലോ തശഹുദിനോ ഇരിക്കുമ്പോൾ ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. നിസ്കരിക്കുന്നവൻ പിശാചിൻ്റെ ഇരുത്തത്തിന് സമാനമായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിരുന്നു. അതായത്, പാദങ്ങൾ നിലത്ത് വിരിച്ച ശേഷം മടമ്പുകൾക്ക് മേലായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിട്ടുണ്ട്. അതല്ലെങ്കിൽ, പൃഷ്ഠം നിലത്തു വെച്ചു കൊണ്ട്, കാലുകൾ നാട്ടിവെക്കുകയും കൈകൾ നായയെപ്പോലെ നിലത്ത് വെച്ച് ഇരിക്കുകയും ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. അതുപോലെ, മൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ കൈത്തണ്ടകൾ നിലത്ത് വിരിച്ച വിധത്തിൽ സുജൂദ് ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. സലാം ചൊല്ലിക്കൊണ്ടാണ് അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്: വലതുവശത്തേക്ക് ഒരു തവണയും ഇടതുവശത്തേക്ക് ഒരു തവണയും "അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്" എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് സലാം വീട്ടിയിരുന്നത്.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്കാരത്തെക്കുറിച്ച് ചോദിച്ചു: "രാത്രി നിസ്കാരത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വീതം (റക്അത്തുകൾ) ആയിട്ടാണ് (രാത്രി നിസ്കരിക്കേണ്ടത്). സുബ്ഹാകും എന്ന് ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ അതുവരെ നിസ്കരിച്ചതിനെ അത് വിത്ർ (ഒറ്റ) ആക്കിത്തീർക്കും." നബി (ﷺ) പറയുമായിരുന്നു: "നിങ്ങളുടെ നിസ്കാരത്തിൽ അവസാനത്തേത് വിത്ർ ആക്കുക." കാരണം, നബി (ﷺ) അത് കൽപ്പിച്ചിട്ടുണ്ട്.
متفق عليهനബി (ﷺ) മിമ്പറിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രാത്രി നിസ്കാരം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് എന്നെ പഠിപ്പിക്കാമോ?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും നീ സലാം വീട്ടുക. പുലരി ആകുമെന്ന് നീ ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ നീ ഇതു വരെ നിസ്കരിച്ചതിനെ അത് ഒറ്റയാക്കിത്തീർക്കും." നബി (ﷺ) രാത്രിയിലെ നിസ്കാരത്തിൽ അവസാനത്തേത് വിത്ർ (ഒറ്റയാക്കാൻ) ആക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു.
ഇക്രിമ (رحمه الله) നിവേദനം: അലി (رضي الله عنه) ഒരു വിഭാഗം ആളുകളെ തീ കൊണ്ട് കരിച്ചുകളഞ്ഞു. ഈ വിവരം ഇബ്നു അബ്ബാസ് (رضي الله عنهما) അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നെങ്കിൽ അവരെ തീ കൊണ്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "അല്ലാഹുവിന്റെ ശിക്ഷ കൊണ്ട് നിങ്ങൾ ശിക്ഷിക്കരുത്." എന്നാൽ ഞാൻ അവരെ വധിക്കുമായിരുന്നു. കാരണം നബി (ﷺ) പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ നിങ്ങൾ വധിക്കുക."
رواه البخاريഅലി ബിൻ അബീ ത്വാലിബ് (رضي الله عنه) തന്റെ ഇജ്തിഹാദ് (ഗവേഷണം) അനുസരിച്ച് ഇസ്ലാമിൽ നിന്ന് മതം മാറിയ നിരീശ്വരവാദികളായ ഒരു വിഭാഗത്തെ തീയിലിട്ട് ശിക്ഷിച്ചു. അബ്ദുല്ലാഹി ബിൻ അബ്ബാസ് (رضي الله عنهما) ഈ വിവരം അറിഞ്ഞപ്പോൾ, അവരെ വധിച്ചതിനെ അദ്ദേഹം അനുകൂലിച്ചെങ്കിലും തീയിലിട്ട് ശിക്ഷിച്ചതിനെ അദ്ദേഹം എതിർത്തു. അദ്ദേഹം പറഞ്ഞു: "ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ അവരെ തീയിലിട്ട് ശിക്ഷിക്കില്ലായിരുന്നു. കാരണം, അഗ്നിയുടെ രക്ഷിതാവായ അല്ലാഹു മാത്രമാണ് തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയുള്ളവർ എന്ന് നബി (ﷺ) അറിയിച്ചിട്ടുണ്ട്. അവരെ വധിച്ചാൽ മതിയാകുമായിരുന്നു; കാരണം "ആരെങ്കിലും ഇസ്ലാമിൽ നിന്ന് മാറി മറ്റൊരു മതം സ്വീകരിച്ചാൽ അവനെ നിങ്ങൾ വധിക്കുക." എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ട്.