





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ മർഥദ് അൽ ഗനവി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾക്ക് ഖബ്റുകൾക്ക് മുകളിൽ ഇരിക്കരുത്; അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയുമരുത്."
رواه مسلمഖബ്റുകൾക്ക് മേൽ ഇരിക്കുന്നത് നബി -ﷺ- വിലക്കി. അതോടൊപ്പം ഖബ്റുകളിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതും അവിടുന്ന് വിലക്കുന്നു. അതായത് നിസ്കരിക്കുന്ന വ്യക്തിയുടെ മുൻപിൽ -ഖിബ്ലയുടെ ദിശയിൽ- ഖബ്ർ ഉണ്ടാകുന്ന വിധത്തിൽ നിസ്കരിക്കാൻ പാടില്ല. ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നാണത്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."
متفق عليهനബി -ﷺ- യോട് ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- അവർ അബ്സീനിയയിൽ കണ്ട കാഴ്ച്ചകളെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശാ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. മാരിയഃ എന്ന് പേരുള്ള ഒരു ക്രൈസ്തവ ആരാധനാലയം അവർ അവിടെ കാണുകയുണ്ടായി; അതിൽ ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- യെ അത്ഭുതപ്പെടുത്തിയ പലതരം ചിത്രങ്ങളും അലങ്കാരപ്പണികളും രൂപനിർമ്മിതികളുമുണ്ടായിരുന്നു. അപ്പോൾ ഈ ചിത്രങ്ങളുടെയും രൂപങ്ങളുടെയും നിർമ്മിതിക്ക് പിന്നിലുള്ള കാരണം നബി -ﷺ- അവർക്ക് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നീ ഈ പറഞ്ഞ വിഭാഗം ജനങ്ങൾ അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം പണിയുകയും, അവിടെ നമസ്കാരം നിർവ്വഹിക്കുകയും, ഇത്തരം ചിത്രപ്പണികൾ അവിടെ ഉണ്ടാക്കിവെക്കുകയും ചെയ്യുമായിരുന്നു. ഈ പ്രവർത്തി ചെയ്യുന്നവർ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാരായ വിഭാഗമാണ് എന്ന് കൂടി നബി -ﷺ- കൂട്ടിച്ചേർത്തു. കാരണം അത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കും.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഇസ്ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
متفق عليهഅഞ്ച് തൂണുകൾക്ക് മേൽ കൃത്യമായി കെട്ടിയുയർത്തപ്പെട്ട ഒരു ഭവനത്തോട് ഇസ്ലാമിനെ നബി -ﷺ- സാദൃശ്യപ്പെടുത്തുന്നു ഈ ഹദീഥിൽ. ഈ അഞ്ച് കാര്യങ്ങൾക്ക് പുറമെയുള്ള കാര്യങ്ങൾ ഇസ്ലാമിൻ്റെ പൂർത്തീകരണത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. ഒരു കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ പോലെ ഒന്നാമത്തെ സ്തംഭം: രണ്ട് സാക്ഷ്യവചനങ്ങൾ; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന സാക്ഷ്യങ്ങൾ. ഈ രണ്ട് സാക്ഷ്യങ്ങളും ഒരു സ്തംഭമാണ്. അവയിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല. അല്ലാഹുവിൻ്റെ ഏകത്വവും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നതും, അവന് പുറമെയുള്ള ഒരാൾക്കും ആരാധനകൾക്ക് അർഹതയില്ല എന്നുമുള്ള കാര്യം വിശ്വസിച്ചംഗീകരിച്ചു കൊണ്ടും, അതിൻ്റെ താൽപ്പര്യങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ടും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റിക്കൊണ്ടുമാണ് ഈ സാക്ഷ്യവചനങ്ങൾ ഒരാൾ ഉച്ചരിക്കേണ്ടത്. രണ്ടാമത്തെ സ്തംഭം: നിസ്കാരം നിലനിർത്തലാണ്. രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളായ സുബ്ഹ്, ദ്വുഹർ, അസ്വർ, മഗ്രിബ്, ഇശാഅ് എന്നിവ അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ കർമ്മങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. മൂന്നാമത്തെ സ്തംഭം: നിർബന്ധ ദാനമായ സകാത്ത് നൽകൽ. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തുകളിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. ഈ സമ്പത്തിന് അർഹതയുള്ളവർക്കാണ് അത് നൽകേണ്ടത്. നാലാമത്തെ സ്തംഭം: ഹജ്ജ്; അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്ന ഉദ്ദേശ്യത്തോടെ മക്കയെ ലക്ഷ്യം വെച്ചു പുറപ്പെടലാണത്. അഞ്ചാമത്തെ സ്തംഭം: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ. ഭക്ഷണപാനീയങ്ങളിൽ നിന്നും നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളിൽ നിന്നും പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോട് കൂടി വിട്ടുനിൽക്കുകഎന്നതാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ."
رواه مسلمതിന്മകളെ സാധ്യമായ രൂപത്തിൽ തടയേണ്ടതുണ്ട് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവും അവൻ്റെ ദൂതനും വിലക്കിയ എല്ലാ കാര്യങ്ങളും തിന്മയാണ്. ഒരാൾ ഒരു തിന്മ കണ്ടാൽ അതിനെ കൈ കൊണ്ട് തടയാൻ സാധിക്കുമെങ്കിൽ കൈ കൊണ്ട് തടയുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. കൈ കൊണ്ട് തടയാൻ സാധിക്കില്ലെങ്കിൽ തൻ്റെ നാവ് കൊണ്ട് തടയുക; തിന്മ ചെയ്യുന്നവനെ അതിൽ നിന്ന് വിലക്കുകയും, തിന്മയുടെ അപകടം ബോധ്യപ്പെടുത്തി കൊടുക്കുകയും, ഈ തിന്മക്ക് പകരം നന്മയുടെ വഴി ഏതുണ്ട് എന്ന് അവന് അറിയിച്ചു കൊടുക്കുകയും ചെയ്യണം. അതും അവന് സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് ആ തിന്മയെ തടയണം; മനസ്സ് കൊണ്ട് ആ തെറ്റിനെ വെറുക്കുകയും തനിക്ക് സാധിക്കുമായിരുന്നെങ്കിൽ ആ തിന്മയെ താൻ തടയുമായിരുന്നു എന്ന ദൃഢബോധ്യം ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശ്യം. തിന്മകളെ തടയുന്ന വിഷയത്തിൽ ഏറ്റവും ദുർബലമായ പദവിയാണ് ഹൃദയം കൊണ്ട് തിന്മകളെ തടയുക എന്നത്.
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾക്ക് ഞങ്ങൾ ശിക്ഷിക്കപ്പെടുമോ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇസ്ലാമിക ജീവിതത്തിൽ കാര്യങ്ങൾ നന്നാക്കിയാൽ ജാഹിലിയ്യത്തിലുള്ളതിന് അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്ലാമിലും മോശം ചെയ്താൽ അവൻ ആദ്യത്തേതിനും അവസാനത്തേതിനും ശിക്ഷിക്കപ്പെടും."
متفق عليهഇസ്ലാമിൽ പ്രവേശിക്കുന്നതിനുള്ള ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒരാൾ ഇസ്ലാം സ്വീകരിക്കുകയും, ശേഷം അവൻ്റെ ഇസ്ലാമിക ജീവിതം നന്നാവുകയും, അവൻ നിഷ്കളങ്കതയും സത്യസന്ധതയും പാലിക്കുകയും ചെയ്താൽ ജാഹിലിയ്യത്തിൽ ചെയ്ത തിന്മകളുടെ പേരിൽ അവൻ വിചാരണ ചെയ്യപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്ലാം സ്വീകരിച്ചത് കാപട്യത്തോടെയാണെങ്കിൽ... അതല്ലെങ്കിൽ അവൻ ഇസ്ലാം ഉപേക്ഷിക്കുകയാണെങ്കിൽ... മുൻകാലത്ത് നിഷേധിയായിരിക്കെ പ്രവർത്തിച്ചതിനും ഇസ്ലാം സ്വീകരിച്ചതിന് ശേഷം പ്രവർത്തിച്ചതിനും അവൻ വിചാരണ ചെയ്യപ്പെടുന്നതാണ്.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പോകുമോ?!" നബി -ﷺ- പറഞ്ഞു: "അതെ!" അപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! ഞാൻ അതിൽ യാതൊന്നും അധികരിപ്പിക്കുകയില്ല തന്നെ."
رواه مسلمആരെങ്കിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, അതിൽ യാതൊരു സുന്നത്തും അധികരിപ്പിക്കാതിരിക്കുകയും, റമദാൻ മാസം നോമ്പെടുക്കുകയും, യാതൊരു സുന്നത്ത് നോമ്പുകളും എടുക്കാതിരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയ ഹലാലുകളെല്ലാം അനുവദനീയമാണെന്ന് വിശ്വസിക്കുകയും അവ ജീവിതത്തിൽ ഉപയോഗിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ ഹറാമുകളും നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അവ അകറ്റി നിർത്തുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."
رواه مسلمഒരു വ്യക്തിയുടെ പുറമേക്കുള്ള ശുദ്ധി വുദൂഅ് ചെയ്യുന്നതിലൂടെയും കുളിക്കുന്നതിലൂടെയുമാണ് നേടിയെടുക്കുക. നമസ്കാരത്തിൽ ശുദ്ധിയുണ്ടായിരിക്കുക എന്നത് നമസ്കാരം സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ്. "അൽഹംദുലില്ലാഹ്' തുലാസ് നിറക്കുന്നതാണ്." അല്ലാഹുവിനെ സ്തുതിക്കുന്നതും പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കുന്നതുമായ വാക്കാണ് അൽഹംദുലില്ലാഹ് എന്നത്. ഈ വാക്ക് അന്ത്യനാളിൽ തൂക്കപ്പെടുമ്പോൾ കർമങ്ങൾ തൂക്കപ്പെടുന്ന മീസാനിനെ (തുലാസിനെ) അത് മുഴുവനായി നിറക്കുന്നതാണ്. "'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' എന്ന വാക്ക് - അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്." അല്ലാഹുവിനെ എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധപ്പെടുത്തലും അവനെ സ്നേഹിച്ചു കൊണ്ടും അവനോടുള്ള ആദരവ് നിറഞ്ഞ നിലയിലും അവൻ്റെ മഹത്വത്തിന് യോജിച്ച വിധത്തിലുള്ള സമ്പൂർണ്ണത അവനുണ്ടെന്ന് വിശേഷിപ്പിക്കലാണ് ഈ വാക്കിലൂടെ ചെയ്യുന്നത്. "നമസ്കാരം പ്രകാശമാണ്." കാരണം നമസ്കരിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ അത് പ്രകാശം നിറക്കുകയും, അവൻ്റെ മുഖം പ്രകാശിതമാക്കുകയും, ഖബ്റിലും വിചാരണനാളിലും അവനത് പ്രകാശമേകുകയും ചെയ്യുന്നു. "ദാനധർമ്മം തെളിവാണ്." ഒരാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധതക്കുള്ള തെളിവാണ് അവൻ ദാനം നൽകുന്നു എന്നത്. ദാനധർമത്തിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലത്തിൽ വിശ്വസിക്കാത്തതിനാൽ ദാനധർമ്മങ്ങളിൽ നിന്ന് അകലം പാലിക്കുന്ന കപടവിശ്വാസിയിൽ നിന്ന് അവനെ വേറിട്ടു നിർത്തുന്ന കാര്യം കൂടിയാണത്. "ക്ഷമ വെളിച്ചമാണ്." നിരാശയിൽ നിന്നും അരിശം ബാധിച്ചവനാകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണ് ക്ഷമ കൊണ്ട് ഉദ്ദേശം. അതിനെ സൂര്യനിൽ നിന്നുണ്ടാകുന്ന വെളിച്ചത്തോടാണ് നബി -ﷺ- ഉപമിച്ചത്; സൂര്യവെളിച്ചത്തിൽ ചൂടും ഉഷ്ണവും ഉണ്ടായിരിക്കുന്നത് പോലെ ക്ഷമയും പ്രയാസകരമാണ്; സ്വന്തത്തിനെതിരെയുള്ള കടുത്ത പരിശ്രമവും അതിൻ്റെ ആഗ്രഹങ്ങളിൽ നിന്നുള്ള വിടുതലും അതിന് അനിവാര്യവുമാണ്. അതിനാൽ ക്ഷമ പാലിക്കുന്നവൻ എപ്പോഴും പ്രകാശം ലഭിക്കുന്നവനും, സത്യമാർഗത്തിലൂടെ ചരിക്കുന്നവനുമായിരിക്കും. അല്ലാഹുവിനെ അനുസരിക്കുന്നതിലും, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുന്നതിനും ജീവിതത്തിൽ ബാധിക്കുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കാൻ ഒരാൾക്ക് സാധിക്കേണ്ടതുണ്ട്. "ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്." ഖുർആൻ പാരായണം ചെയ്യുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് അനുകൂലമായ തെളിവും, ഖുർആൻ പാരായണം ചെയ്യാതെയും അതിലുള്ളത് പ്രാവർത്തികമാക്കാതെയും ഉപേക്ഷിക്കുന്നവർക്ക് എതിരായ തെളിവുമായിരിക്കും. "ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു." അതായത് ജനങ്ങൾ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും നാടുകളിൽ വ്യാപിക്കുകയും, പിന്നീട് (തിരിച്ചു വന്ന് ഉറങ്ങുകയും) ശേഷം എഴുന്നേറ്റ് വീടുകളിൽ നിന്ന് പുറത്തിറങ്ങി വ്യത്യസ്തങ്ങളായ ജോലികളിൽ വ്യവഹരിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചു നിൽക്കുകയും, അതിലൂടെ നരകത്തിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും തിന്മകളിൽ ആപതിക്കുകയും, അതിലൂടെ സ്വദേഹങ്ങളെ നരകത്തിലേക്ക് ആപതിപ്പിച്ചു കൊണ്ട് നശിപ്പിക്കുകയും ചെയ്യുന്നു.
മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം."
متفق عليهഅല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത പരിപൂർണ്ണ മുവഹ്ഹിദുകളെ (ഏകദൈവാരാധകരെ) ശിക്ഷിക്കാതിരിക്കുക എന്നതാണ് അവൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് ഞാൻ ഈ മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ച് അറിയിച്ചു കൊടുക്കട്ടെയോ?! അവർക്ക് അത് സന്തോഷം പകരുമല്ലോ?!" എന്നാൽ നബി -ﷺ- അദ്ദേഹത്തെ വിലക്കി. ജനങ്ങൾ ഇത് കേട്ടാൽ ഈ ശ്രേഷ്ഠതയിൽ മാത്രം പ്രതീക്ഷവെക്കും (പ്രവർത്തനങ്ങൾ ചെയ്യാത്തവരായി മാറും) എന്ന ഭയമാണതിന് കാരണം.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും."
رواه مسلمനബി -ﷺ- യോട് ഒരാൾ ചോദിച്ചു: സ്വർഗപ്രവേശനം നിർബന്ധമാക്കുന്നതും നരകപ്രവേശനം നിർബന്ധമാക്കുന്നതുമായ രണ്ട് കാര്യങ്ങൾ ഏതെല്ലാമാണ്? അതിനുള്ള മറുപടിയായി നബി -ﷺ- പറഞ്ഞു: "ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനായി, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത വിധത്തിൽ മരണപ്പെടുക എന്നതാണ് സ്വർഗപ്രവേശനം നിർബന്ധമാക്കുന്ന കാര്യം. നരകപ്രവേശനം നിർബന്ധമാക്കുന്ന കാര്യമാകട്ടെ; ഒരാൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവനൊരു പങ്കാളിയെയോ സമനെയോ നിശ്ചയിച്ചു കൊണ്ട് മരിക്കലാണ്. അല്ലാഹുവിന്റെ സൃഷ്ടികർമത്തിലോ കാര്യകർതൃത്വങ്ങളിലോ, ആരാധനക്കുള്ള അവകാശത്തിലോ, നാമഗുണവിശേഷണങ്ങളിലോ പങ്കുചേർക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.