





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനാസ നിങ്ങൾ വേഗതയിലാക്കുക; അത് സൽകർമിയുടേതാണെങ്കിൽ നിങ്ങൾ ഒരു നന്മയാണ് നേരത്തെയാക്കുന്നത്. അതല്ലാത്തതാണെങ്കിൽ, ഒരു തിന്മ നിങ്ങളുടെ പിരടിയിൽ നിന്ന് ഇറക്കിവെക്കുകയുമാണ് ചെയ്യുന്നത്."
متفق عليهമരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾ; കുളിപ്പിക്കലും കഫൻ ചെയ്യലും മയ്യിത്ത് നിസ്കാരവും ഖബ്റടക്കവുമെല്ലാം വേഗത്തിലാക്കാൻ നബി (ﷺ) കൽപ്പിക്കുന്നു. അത് ഒരു സച്ചരിതനായ വ്യക്തിയുടെ മയ്യിത്താണെങ്കിൽ അവന് ഖബ്റിലെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നേരത്തെ എത്തിച്ചു കൊടുക്കാം. അതല്ലാത്ത മറ്റു വല്ലതുമാണ് അവൻ്റെ സ്ഥിതി എങ്കിൽ, നിങ്ങളുടെ പിരടിയിൽ നിന്ന് ആ തിന്മ നിങ്ങൾക്ക് ഇറക്കി വെക്കുകയുമാകാം.
അനസ് ഇബ്നു മാലിക്-رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം, ദാറുൽ ഖദാഇന്റെ ഭാഗത്തുള്ള ഒരു വാതിലിലൂടെ ഒരാൾ മസ്ജിദിലേക്ക് വന്നു. നബി ﷺ എഴുന്നേറ്റു നിന്നു കൊണ്ട് ഖുതുബ നിർവ്വഹിക്കുകയായിരുന്നു അപ്പോൾ. അയാൾ എഴുന്നേറ്റു നിന്ന് നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും, വഴികൾ മുടങ്ങുകയും ചെയ്തിരിക്കുന്നു, അതിനാൽ ഞങ്ങൾക്ക് മഴ നൽകാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ." അനസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം! ആകാശത്ത് ഞങ്ങൾ ഒരു മേഘക്കീറ് പോലും കണ്ടിരുന്നില്ല. ഞങ്ങൾക്കും സൽഅ് മലയ്ക്കും ഇടയിൽ വീടുകളോ കെട്ടിടങ്ങളോ മറയിട്ടിരുന്നുമില്ല." അനസ് (رضي الله عنه) തുടർന്നു: "അപ്പോൾ നബിയുടെ ﷺ പിന്നിൽ നിന്ന് പരിചക്ക് സമാനമായി ഒരു മേഘം ഉയർന്നു വന്നു. അത് ആകാശത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ ആകാശത്ത് വ്യാപിക്കുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു. അല്ലാഹുവാണെ സത്യം! അടുത്ത ആറ് ദിവസങ്ങൾ ഞങ്ങൾ സൂര്യനെ കണ്ടിട്ടില്ല. പിന്നീട്, അടുത്ത വെള്ളിയാഴ്ച അതേ വാതിലിലൂടെ മറ്റൊരാൾ മസ്ജിദിലേക്ക് വന്നു. അപ്പോഴും നബി ﷺ ഖുതുബ നിർവ്വഹിക്കുകയായിരുന്നു. അയാൾ എഴുന്നേറ്റ് നിന്നു നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും ഉപജീവന മാർഗങ്ങൾ തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങളിൽ നിന്ന് മഴ പിടിച്ചു വെക്കാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അനസ് (رضي الله عنه) പറഞ്ഞു: അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ,(മഴയെ) ഞങ്ങൾക്ക് ചുറ്റു ഭാഗങ്ങളിലേക്ക് (നീക്കേണമേ), ഞങ്ങളുടെ മേൽ ആക്കരുതേ. അല്ലാഹുവേ, കുന്നിന്മേലും, ചെറുപർവതങ്ങളിലും, താഴ്വരകളിലും, മരങ്ങൾ വളരുന്ന സ്ഥലങ്ങളിലും (മഴ പെയ്യിക്കേണമേ)." അനസ് (رضي الله عنه) പറഞ്ഞു: അതോടെ മേഘം മാറിപ്പോവുകയും, ഞങ്ങൾ സൂര്യവെളിച്ചത്തിലൂടെ (വീട്ടിലേക്ക് തിരിച്ചു) നടന്നുപോവുകയും ചെയ്തു. (ഹദീഥിൻ്റെ നിവേദകരിൽ പെട്ട) ശരീക് (رحمه الله) അനസ് ഇബ്നു മാലിക്കിനോട് ചോദിച്ചു: : 'ഇത് (മഴ നിറുത്താൻ വേണ്ടി ആവശ്യപ്പെട്ടയാൾ) ആദ്യത്തെ ആളായിരുന്നോ?' അദ്ദേഹം പറഞ്ഞു: "എനിക്കറിയില്ല."
متفق عليهഒരു വെള്ളിയാഴ്ച ദിവസം, ഉമർ ഇബ്നുൽ ഖത്താബിൻ്റെ (رضي الله عنه) വീടിന് അഭിമുഖമായി വരുന്ന, മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാതിലിലൂടെ ഒരു ഗ്രാമീണൻ മസ്ജിദിലേക്ക് വന്നു. നബി ﷺ ആ സമയം എഴുന്നേറ്റ് നിന്നു കൊണ്ട് ഖുതുബ നിർവ്വഹിക്കുകയായിരുന്നു. അയാൾ നബിയെ ﷺ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, കന്നുകാലികൾ നശിച്ചു; ആളുകളെ കൊണ്ടുപോകുന്ന മൃഗങ്ങൾ വിശപ്പ് കാരണം മരിക്കുകയോ ദുർബലരാവുകയോ ചെയ്തതിനാൽ വഴികളും യാത്രകളും മുറിഞ്ഞുപോയി. ഞങ്ങൾക്ക് മഴ നൽകാൻ അല്ലാഹുവോട് പ്രാർത്ഥിക്കേണമേ". അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ, അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ." അനസ് ഇബ്നു മാലിക് (رضي الله عنه) പറഞ്ഞു: അല്ലാഹുവാണെ സത്യം! ആകാശത്ത് ഒരു മേഘക്കീറ് പോലും ഞങ്ങൾ കണ്ടിരുന്നില്ല. മസ്ജിദിലുള്ള ഞങ്ങൾക്കും മസ്ജിദിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള സൽഅ് മലയ്ക്കും ഇടയിൽ മേഘമുണ്ടെങ്കിൽ അത് മറച്ചേക്കാവുന്ന ഒരു വീടോ കെട്ടിടമോ ഉണ്ടായിരുന്നുമില്ല." അനസ് (رضي الله عنه) തുടർന്നു: "പൊടുന്നനെ നബിയുടെ ﷺ പിന്നിൽ നിന്ന് ഒരു പരിചയുടെ വലുപ്പത്തിൽ വൃത്താകൃതിയിലുള്ള ഒരു മേഘം ഉയർന്നു വന്നു. അത് മദീനയുടെ ആകാശത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ ആകാശത്ത് വ്യാപിക്കുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു. അല്ലാഹുവാണെ സത്യം! അടുത്ത വെള്ളിയാഴ്ച വരെ മഴ കാരണം ഞങ്ങൾ സൂര്യനെ കണ്ടിട്ടില്ല. അടുത്ത വെള്ളിയാഴ്ച ആ വ്യക്തി അതേ വാതിലിലൂടെ മസ്ജിദിലേക്ക് വന്നു. നബി ﷺ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അപ്പോഴും. അയാൾ എഴുന്നേറ്റുനിന്ന് നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും വഴികൾ മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. ഞങ്ങളിൽ നിന്ന് മഴ പിടിച്ചു നിറുത്താൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, മഴ ഞങ്ങൾക്ക് ചുറ്റുമായി തിരിച്ചുവിടേണമേ; ഞങ്ങളുടെ മേൽ പെയ്യിക്കരുതേ. അല്ലാഹുവേ! ഉയർന്ന പ്രദേശങ്ങളായ കുന്നുകളുടെയും, ചെറുപർവതങ്ങളുടെയും, താഴ് വരകളുടെയും, മരങ്ങൾ വളരുന്ന സ്ഥലങ്ങളുടെയും മേൽ ഈ മഴ പെയ്യിക്കേണമേ." അനസ് (رضي الله عنه) പറഞ്ഞു: "അതോടെ മേഘം മാറിപ്പോവുകയും, ഞങ്ങൾ വെയിലത്ത് മസ്ജിദിൽ നിന്ന് തിരിച്ചു നടന്നുപോവുകയും ചെയ്തു.
ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: ജനാസകൾ പിന്തുടരുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയുണ്ടായില്ല.
متفق عليهസ്ത്രീകൾ ജനാസഃയോടൊപ്പം നടക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട് എന്ന് അൻസ്വാരീ വനിതയായ ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- പറയുന്നു. ജനാസകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് അവർക്കും മറ്റുള്ളവർക്കും ഫിത്നയായേക്കാം (തിന്മകളിലേക്ക് വാതിൽ തുറന്നേക്കാം) എന്നതു കൊണ്ടും, സ്ത്രീകൾ പൊതുവെ ക്ഷമ കുറവുള്ളവരാണ് എന്നത് കൊണ്ടുമാണ് അവിടുന്ന് അത് വിലക്കിയത്. എന്നാൽ മറ്റു നിഷിദ്ധങ്ങൾ വിലക്കുന്നത് പോലെ, നബി -ﷺ- ഇക്കാര്യം ശക്തമായി വിലക്കിയിട്ടില്ല എന്ന് കൂടെ ഉമ്മു അത്വിയ്യഃ കൂട്ടിച്ചേർക്കുന്നു.
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: എൻ്റെ അടുത്ത് രണ്ട് പെൺകുട്ടികളുമായി ഒരു സ്ത്രീ വന്നു; എന്നാൽ എൻ്റെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ അവൾക്ക് കൊടുത്തപ്പോൾ ആ ഈത്തപ്പഴം രണ്ടായി പകുത്തു കൊണ്ട് അവൾ തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ എഴുന്നേറ്റ് പോയി. ശേഷം നബി -ﷺ- വന്നെത്തിയപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തെ അറിയിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "പെൺമക്കളെ കൊണ്ട് ആരെങ്കിലും ഏതെങ്കിലും വിധത്തിൽ പരീക്ഷിക്കപ്പെടുകയും, അവരോട് അവൻ നന്മയിൽ വർത്തിക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് അവർക്ക് മറയായിരിക്കും ആ പെൺകുട്ടികൾ."
متفق عليهആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ ഒരു സ്ത്രീ തൻ്റെ രണ്ട് പെൺമക്കളുമായി വന്നെത്തുകയും, അവർ ഭക്ഷിക്കാൻ എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്തു; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവർ അത് ആ സ്ത്രീക്ക് നൽകിയപ്പോൾ അവൾ അത് രണ്ടായി പകുത്ത് തൻ്റെ രണ്ട് പെൺമക്കൾക്കും നൽകി; അതിൽ നിന്ന് അവളൊന്നും കഴിച്ചില്ല. പിന്നീട് അവൾ അവിടെ നിന്ന് എഴുന്നേറ്റു പോവുകയും, നബി -ﷺ- വന്നെത്തിയപ്പോൾ നടന്ന കാര്യങ്ങളെല്ലാം ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിക്കുകയും ചെയ്തു; അപ്പോൾ അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഈ പെൺകുട്ടികളുടെ കാര്യത്തിൽ ഏതെങ്കിലും നിലക്ക് പരീക്ഷിക്കപ്പെടുകയും, (ശേഷം) അവരോട് നന്മയിൽ വർത്തിക്കുകയും, അവരെ നല്ല മര്യാദകൾ പഠിപ്പിക്കുകയും, അവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുകയും, അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്താൽ പെൺമക്കൾ അവർക്ക് നരകത്തിൽ നിന്നുള്ള ഒരു മറയും പ്രതിരോധവുമായി തീരുന്നതാണ്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത് നിസ്കാരത്തിനും നബി -ﷺ- ശ്രദ്ധ നൽകിയിരുന്നില്ല.
متفق عليهമുഅ്മിനീങ്ങളുടെ മാതാവ്, ആഇശാ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു: സുബ്ഹ് നിസ്കാരത്തിൻ്റെ തൊട്ടുമുൻപുള്ള രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കുന്നതിൽ നബി -ﷺ- മറ്റൊരു സുന്നത്ത് നിസ്കാരത്തിൻ്റെ കാര്യത്തിലും പുലർത്താത്ത വിധത്തിലുള്ള ശ്രദ്ധയും താൽപ്പര്യവും കാണിച്ചിരുന്നു.
മുആദഃ -رَحِمَهَا اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?" അവർ ചോദിച്ചു: "നീ 'ഹറൂറി'യാണോ?!" ഞാൻ പറഞ്ഞു: "ഞാൻ ഹറൂറിയൊന്നുമല്ല. (അറിയാൻ വേണ്ടി) ചോദിച്ചു വെന്നു മാത്രം." അവർ പറഞ്ഞു: "ഞങ്ങൾക്ക് അപ്രകാരം (ആർത്തവം) സംഭവിക്കാറുണ്ടായിരുന്നു. ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കപ്പെടുമായിരുന്നെങ്കിലും നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നില്ല."
متفق عليهആഇശാ -رَضِيَ اللَّهُ عَنْهَا- യോട് മുആദഃ ഒരിക്കൽ ചോദിച്ചു: എന്തു കൊണ്ടാണ് ആർത്തവകാരി ആർത്തവ വേളയിൽ നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടുന്നുണ്ടെങ്കിലും നഷ്ടമായ നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കാത്തത്?!" അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "ഖവാരിജുകളിൽ പെട്ട ഹറൂറിയ്യഃക്കാരിയാണോ നീ?!" - അവർ അനാവശ്യമായി ചോദ്യങ്ങൾ അധികരിപ്പിക്കുകയും, ദീനിൽ അമിതമായി കാർക്കശ്യം കാണിക്കുന്നവരുമായിരുന്നു. മുആദഃ പറഞ്ഞു: "ഞാൻ ഹറൂറിയല്ല. മറിച്ച് അറിയാൻ വേണ്ടി ചോദിച്ചുവെന്നു മാത്രം." അപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "നബിയുടെ -ﷺ- കാലഘട്ടത്തിൽ ഞങ്ങൾക്ക് ആർത്തവം സംഭവിക്കുകയും നോമ്പുകൾ നഷ്ടമാവുകയും ചെയ്താൽ അവിടുന്ന് അത് നോറ്റുവീട്ടാൻ കൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ഞങ്ങളോട് അവിടുന്ന് കൽപ്പിക്കാറുണ്ടായിരുന്നില്ല."
ഉമ്മുഖൈസ് ബിൻത് മിഹ്സ്വൻ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞുമായി ഒരിക്കൽ അവർ നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) അവരുടെ കുട്ടിയെ തന്റെ മടിയിലിരുത്തിയപ്പോൾ, അവൻ നബി (ﷺ) യുടെ മടിയിൽ മൂത്രമൊഴിച്ചു. അപ്പോൾ നബി (ﷺ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അവിടുന്ന് വെള്ളം (മൂത്രമായ ഭാഗത്ത്) കുടയുക മാത്രമാണ് ചെയ്തത്; കഴുകിയില്ല.
متفق عليهഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞിനെയും കൊണ്ട് ഉമ്മു ഖൈസ് ബിൻത് മിഹ്സൻ (رضي الله عنها) നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) ആ കുട്ടിയെ തന്റെ മടിയിലിരുത്തി. ആ കുട്ടി നബി (ﷺ) യുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. അപ്പോൾ അവിടുന്ന് വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെടുകയും, ആ വെള്ളം തൻ്റെ വസ്ത്രത്തിൽ കുടയുകയും ചെയ്തു; അവിടുന്ന് തൻ്റെ വസ്ത്രം കഴുകിയില്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒരാൾ എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാൽ ഞാൻ എന്തു ചെയ്യണം?" നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് നീ അയാൾക്ക് കൊടുക്കരുത്." അയാൾ ചോദിച്ചു: "അവൻ എന്നോട് അതിന് വേണ്ടി പോരടിച്ചാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീയും അവനോട് പോരടിക്കുക." അയാൾ ചോദിച്ചു: "അയാൾ എന്നെ കൊലപ്പെടുത്തിയാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീ രക്തസാക്ഷിയാകും." അയാൾ ചോദിച്ചു: "ഞാനാണ് അയാളെ കൊലപ്പെടുത്തുന്നതെങ്കിലോ?!" നബി -ﷺ- പറഞ്ഞു: "അവൻ നരകത്തിലായിരിക്കും."
رواه مسلمഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാൾ വന്നെത്തിയാൽ ഞാൻ എന്തു ചെയ്യണം? നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് അയാൾക്ക് നൽകാനോ ഏൽപ്പിക്കാനോ നീ ബാധ്യസ്ഥനല്ല." അയാൾ ചോദിച്ചു: അയാൾ എന്നോട് അതിൻ്റെ പേരിൽ പോരടിക്കുകയാണെങ്കിലോ?! നബി -ﷺ- പറഞ്ഞു: അയാളോട് പോരടിക്കാൻ നിനക്ക് അനുവാദമുണ്ട്. അയാൾ ചോദിച്ചു: അയാൾ എന്നെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: എങ്കിൽ നീ ശഹീദാണ് (രക്തസാക്ഷി). അയാൾ ചോദിച്ചു: ഞാൻ അയാളെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: "എങ്കിൽ അന്ത്യനാളിൽ നരകശിക്ഷക്ക് അർഹനായിരിക്കും അയാൾ."
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മിമ്പറിന് മുകളിൽ നിന്ന് ദാനധർമത്തെയും വിശുദ്ധിയേയും ജനങ്ങളോട് ചോദിക്കുന്നതിനെയുമെല്ലാം പരാമർശിച്ചു കൊണ്ട് പറഞ്ഞു: "മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." മുകളിലുള്ള കയ്യെന്നാൽ ദാനം നൽകുന്ന കയ്യും, താഴെയുള്ള കയ്യെന്നാൽ ചോദിക്കുന്ന കയ്യുമാണ്".
متفق عليهനബി -ﷺ- മിമ്പറിൽ നിന്ന് ഖുതുബ പറയുന്ന വേളയിൽ, ദാനധർമ്മത്തിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ജനങ്ങളോട് ചോദിക്കാതെ വിശുദ്ധി പാലിച്ചു കൊണ്ട് ജീവിക്കുന്നതിനെ കുറിച്ചും പരാമർശിക്കവെ പറഞ്ഞു: ദാനം നൽകുകയും ചെലവഴിക്കുകയും ചെയ്യുന്ന, മുകളിലുള്ള കയ്യാണ് ജനങ്ങളോട് ചോദിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരവും ഉത്തമവുമായിട്ടുള്ളത്.